ഒളിച്ചുകടത്തപ്പെടുന്ന ശീഈ ആശയങ്ങൾ
സി.പി സലീം
2024 ജൂലായ് 13, 1446 മുഹർറം 07

വിശുദ്ധ ക്വുർആനിൽ 17,000 ആയത്തുകളുണ്ടെന്ന് (അഥവാ നമ്മുടെ കയ്യിലുള്ള ക്വുർആൻ പൂർണമല്ലെന്ന്) വിശ്വസിക്കുന്ന, ആദ്യത്തെ മൂന്ന് ഖലീഫമാരും മുർത്തദ്ദുകളും കാഫിറുകളുമാണെന്ന് വിശ്വസിച്ച് അവരുടെമേൽ ശാപപ്രാർഥന നടത്തുന്ന വിഭാഗമാണ് ശീഈകൾ (ശിയാക്കൾ). പല ശീഈ ആശയങ്ങളും മലയാളത്തിൽ പ്രചരിപ്പിച്ച ഔസാഫ് അഹ്‌സന്റെ നേതൃത്വത്തിൽ ഈയിടെ ഒരു ഇസ്‌ലാം അവഹേളന നിക്കാഹ് നടക്കുകയുണ്ടായി. സ്വന്തം മഹല്ലും മുസ്‌ലിം സമൂഹം ഒന്നടങ്കവും ഇതിനെ ചോദ്യം ചെയ്തതുവഴി താൻ ഒറ്റപ്പെട്ടപ്പോൾ സമസ്തയെ പറ്റിച്ച് ദാറുൽ ഹുദയിൽ ക്ലാസെടുത്ത ഫോട്ടോ ഔസാഫ് അഹ്‌സൻ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ട് മുഖം മിനുക്കാൻ ശ്രമിക്കുകയുണ്ടായി.
വരനെയും വധുവിനെയും വേദിയിലിരുത്തി ഇസ്‌ലാമിക ആചാരങ്ങൾ കാറ്റിൽ പറത്തി കൂക്കുവിളികളുടെ അകമ്പടിയോടെ ഇയാൾ നേതൃത്വം നൽകി നടത്തിയ നിക്കാഹിനെ സമസ്തയോ സമസ്തയിലെ ഏതെങ്കിലും ഒരു പണ്ഡിതനോ, സാധാരണക്കാരൻ പോലുമോ ന്യായീകരിച്ചതായി കണ്ടില്ല. മറ്റൊരു മുസ്‌ലിം സംഘടനയും അതിനെ ന്യായീകരിച്ചിട്ടില്ല.
ആ ഇസ്‌ലാം അവഹേളന നിക്കാഹിൽ സന്തോഷിക്കുന്ന ചിലരുണ്ടാകാം. ഇത്തരം കോപ്രായ വിവാഹങ്ങൾക്ക് ചേന്ദമംഗല്ലൂരിനടുത്തും പിന്നീട് കുറ്റ്യാടി ഭാഗത്തും തുടക്കം കുറിച്ച ശീഈ പ്രചാരകൻ മുസ്തഫയും, ആലപ്പുഴയിൽ നടന്ന സമസ്ത സംസ്ഥാന സമ്മേളനത്തിൽ ആദർശ സെഷനിൽ നുഴഞ്ഞുകയറി വിഷയം അവതരിപ്പിച്ചു പ്രസംഗിച്ച സി. ഹംസയും, പരിശുദ്ധ മക്കയെ മണ്ണും കല്ലുമെന്ന് പറഞ്ഞ് അവഹേളിച്ച ശീഈ-തീജാനി ത്വരീഖത്തുകാരനും എന്നാൽ സമസ്തയുടെ പ്രഭാഷകനുമായി തുടരുന്ന റഹ്‌മത്തുല്ലാ ഖാസിമിയും ഇവരുടെയൊക്കെ ഒറ്റപ്പെട്ട അനുയായികളും മാത്രമായിരിക്കും അത്.
ഇസ്‌ലാമിനെ അവഹേളിച്ച് ഒറ്റപ്പെട്ടപ്പോൾ ഔസാഫ് അഹ്‌സൻ സമസ്തയുടെ സ്ഥാപനത്തിൽ മുമ്പ് ക്ലാസെടുത്ത ഫോട്ടോ എഫ്ബിയിൽ പോസ്റ്റ് ചെയ്ത് മുഖം മിനുക്കാൻ ശ്രമിച്ചതിന് സമസ്തയാണ് മറുപടി പറയേണ്ടത്.
ഇസ്‌ലാമിലെ നികാഹ് ഒരു സുദൃഢമായ കരാറാണ്. വധുവിന്റെയും വരന്റെയും സമ്മതം നേരത്തെ ഉറപ്പുവരുത്തുകയും വധു നിശ്ചയിക്കുന്ന മഹ്ർ തീരുമാനിക്കുകയും ചെയ്തശേഷം വധുവിന്റെ രക്ഷിതാവ് വരന് സംരക്ഷണ ച്ചുമതല കൈമാറുന്നതാണ് ഇസ്‌ലാമിലെ നികാഹ്. അതിന്റെ രൂപവും രീതിയും പ്രമാണങ്ങളിൽ കൃത്യമായി വന്നിട്ടുണ്ട്.
ഇതിന് വിരുദ്ധമായ ആചാരാനുഷ്ഠാനങ്ങൾ ചെയ്യുന്ന ഔസാഫുമാർക്കും സി.എച്ച്.മുസ്തഫമാർക്കും അതാവാം. പക്ഷേ, അത് ‘ഇസ്‌ലാമികമാണ്’ എന്നവകാശപ്പെടുന്നെങ്കിൽ അതിനുള്ള തെളിവ് ഹാജരാക്കണം. ഇസ്‌ലാമിൽനിന്ന് ബഹുദൂരം അകന്നുപോയ ശിയാക്കളുടെയോ മതത്തെ തോന്നിയതു പോലെ വ്യാഖ്യാനിക്കുന്ന ലിബറൽ ഇമാമുരുടെയോ ജൽപനങ്ങളല്ല, ആധികാരികമായ അഹ്‌ലുസ്സുന്നയുടെ തെളിവുകളാണ് ഹാജരാക്കേണ്ടത്.
ശീഈ ഒളിച്ചുകടത്ത് അഹ്‌ലുസ്സുന്നയുടെ സമൂഹം തിരിച്ചറിയാതിരിക്കില്ല. സ്വഹാബികളെ ദുഷ്ടൻമാർ എന്നും മഹാനായ ഉസ്മാൻ(റ)വിനെ ജാഹിലിയ്യത്തിലേക്കുള്ള ഇടക്കണ്ണി എന്നും വിളിച്ച ഡോ. അലി ശരീഅത്തി എന്ന ശീഈ ചിന്തകന്റെ ‘രക്തസാക്ഷ്യം’ എന്ന പുസ്തകം വിവർത്തനം ചെയ്ത് മലയാളികൾക്ക് നൽകിയ സി. ഹംസ സഖലൈൻ ഫൗണ്ടേഷൻ എന്ന, കേരളത്തിലെ ശീഈ സംഘടനയുടെ സ്ഥാപകനാണ്. പൊന്നാനിയിൽ വിളിച്ചുചേർത്ത ശീഈ രഹസ്യയോഗത്തിൽ പ്രവാചക പത്‌നിമാർ അഹ്‌ലു ബൈത്തല്ല എന്ന് വാദിച്ചയാളാണ് സി. ഹംസ (തെളിവ് കൈവശമുണ്ട്).
റസൂൽﷺ ‘വിശ്വാസികളുടെ മാതുലൻ’ എന്നു വിശേഷിപ്പിച്ച, വഹ്‌യ് എഴുത്തുകാരനായ മഹാനായ മുആവിയ(റ)യെ കണ്ണൂർ-ചക്കരക്കലിലെ ജമാഅത്തെ ഇസ്‌ലാമിയുടെ പള്ളി മിമ്പറിൽ വെച്ച് ചീത്ത പറഞ്ഞ് ശീഈ പ്രചാരണം തുടങ്ങിയ വ്യക്തിയാണ് സി.എച്ച് മുസ്തഫ. (ജമാഅത്തെ ഇസ്‌ലാമി മുസ്തഫയെ പിന്നീട് തള്ളിപ്പറയുകയുണ്ടായി-അൽഹംദുലില്ലാഹ്). അന്ന് അതിന് അഞ്ചരക്കണ്ടി സലഫി മസ്ജിദ് മിമ്പറിൽ മറുപടി പറയാൻ ഈയുള്ളവന് അവസരം ലഭിക്കുകയുണ്ടായി.
മുസ്തഫ ഇപ്പോൾ ചേകനൂരിന്റെ സർവമത സത്യവാദത്തിന്റെ പ്രചാരകനാണ്! ഉദുഹിയ്യത്ത് കർമം (ബലിയറുക്കൽ) മൃഗങ്ങളോടുള്ള ക്രൂരതയാണെന്നും ഏഴുപേർ ചേർന്ന് ബലിയറുക്കുന്നതിനു പകരം പാവപ്പെട്ടവർക്ക് കട്ടിലോ മറ്റോ വാങ്ങിക്കൊടുക്കുകയാണ് വേണ്ടതെന്നുമാണ് ഇദ്ദേഹത്തിെൻറ ഇപ്പോഴത്തെ വാദം.
ഇസ്‌ലാം ഒരു സമ്പൂർണ ജീവിതദർശനമാണ്. ജീവിതത്തിന്റെ സകല മേഖലയിലും എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്ന് കൃത്യമായി പഠിപ്പിച്ചു തന്ന ദൈവികദർശനം. അതിന് കീഴൊതുങ്ങി ജീവിക്കുന്നവരാണ് മുസ്‌ലിംകൾ.
ഇസ്‌ലാമിക അധ്യാപനങ്ങളിൽനിന്ന് വഴിമാറി സഞ്ചരിക്കാനും മറ്റ് ആശയങ്ങൾ സ്വീകരിക്കാനോ സ്വന്തം ഇച്ഛകൾക്കനുസരിച്ച് ജീവിക്കാനോ ഒക്കെ ഓരോരുത്തർക്കും ജനാധിപത്യ-മതനിരപേക്ഷ രാജ്യമായ ഇന്ത്യയിൽ സ്വാതന്ത്ര്യമുണ്ട്. എന്നാൽ പ്രമാണങ്ങളിൽ പറഞ്ഞതിന് വിരുദ്ധമായി ചെയ്യുകയും അതോടൊപ്പം തങ്ങൾ ചെയ്തുകൂട്ടുന്നത് ഇസ്‌ലാമികമാണെന്ന് അവകാശപ്പെടുകയും ചെയ്യുമ്പോൾ മുസ്‌ലിം സമൂഹം അതിനെ ചോദ്യം ചെയ്യുകതന്നെ ചെയ്യും.

