മതസ്വാതന്ത്ര്യം

അഹ്‌മദ് അമീൻ

2024 ഡിസംബർ 07, 1446 ജു. ഉഖ്റാ 06

ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനും അതനുസരിച്ചു ജീവിക്കാനും അത് പഠിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമാണ് മതസ്വാതന്ത്ര്യം. ആരാധനയ്ക്കുള്ള അവകാശം, മതസ്ഥാപനങ്ങൾ ഉണ്ടാക്കാനും സ്ഥാവര-ജംഗമ സ്വത്തുക്കൾ ആർജിക്കാനുമുള്ള അവകാശം എന്നിവക്കൊപ്പം ഒരാളുടെ മതമോ വിശ്വാസങ്ങളോ മാറ്റാനോ ഉപേക്ഷിക്കാനോ ഉള്ള അവകാശം, ഏതെങ്കിലും മതമോ വിശ്വാസമോ പ്രകടിപ്പിക്കാതിരിക്കാനുള്ള അവകാശം എന്നിവയെല്ലാം മതസ്വാതന്ത്ര്യത്തിൽ ഉൾപ്പെടുന്നു. മതസ്വാതന്ത്ര്യത്തെ മിക്ക രാജ്യങ്ങളും മൗലിക മനുഷ്യാവകാശമായി കണക്കാക്കുന്നു.

1993ൽ യുഎന്നിന്റെ മനുഷ്യാവകാശ സമിതി സിവിൽ, രാഷ്ട്രീയ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയുടെ ആർട്ടിക്കിൾ 18ൽ ‘ദൈവശാസ്ത്രപരവും ദൈവശാസ്ത്രപരമല്ലാത്തതും നിരീശ്വരവാദ പരവുമായ വിശ്വാസങ്ങളെയും ഒപ്പം ഒരു മതത്തിലും വിശ്വാസിക്കാതിരിക്കാനുള്ള അവകാശത്തെയും സംരക്ഷിക്കുന്നു’ എന്ന് പ്രഖ്യാപിച്ചു. ‘ഒരു മതം അല്ലെങ്കിൽ വിശ്വാസം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം’ എന്നത് ഒരു മതം അല്ലെങ്കിൽ വിശ്വാസം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തോടൊപ്പം ഒരാളുടെ നിലവിലെ മതം അല്ലെങ്കിൽ വിശ്വാസത്തെ മറ്റൊന്നിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള അവകാശവും നിരീശ്വരവാദ വീക്ഷണങ്ങൾ സ്വീകരിക്കുവാനുള്ള അവകാശവും ഉൾപ്പെടുന്നുവെന്ന് വ്യക്തമാക്കി.

ആധുനിക ഇന്ത്യയിൽ മതസ്വാതന്ത്ര്യം എന്നത് രാജ്യത്തിന്റെ ഭരണഘടനയുടെ മൂന്നാം ഭാഗം 25ാം അനുഛേദപ്രകാരം ഓരോ പൗരന്റെയും മൗലികാവകാശമായി അംഗീകരിച്ച ഒന്നാണ്. അതനുസരിച്ച്, ഇന്ത്യയിലെ ഓരോ പൗരനും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്.

അനുച്ഛേദം 25: മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, മതാചാരങ്ങൾ പാലിക്കാനുമുള്ള സ്വാതന്ത്ര്യം.

1) ക്രമസമാധാനം, ധാർമികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമർശങ്ങൾ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഏല്ലാവർക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആശയങ്ങൾ പ്രചരിപ്പി ക്കാനും അവകാശമുണ്ട്.

2) a. ഈ വകുപ്പ് മതപരമായ അനുഷ്ഠാനങ്ങളോടനുബന്ധിച്ച സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ മതേതരമായ മറ്റെന്തെങ്കിലോ കാര്യങ്ങളെ നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ വേണ്ടിയിട്ടു ള്ളതോ,

b. സാമൂഹിക ഉന്നമനത്തിനു വേണ്ടിയോ പൊതുസ്വഭാവമുള്ള ഹിന്ദുസ്ഥാപനങ്ങൾ ഹിന്ദുമതത്തിലെ എല്ലാവിഭാഗങ്ങൾക്കുമായി തുറന്നുകൊടുക്കുന്നതിനു വേണ്ടിയിട്ടൂള്ളതോ ആയ ഏതെങ്കിലും നിയമനിർമാണത്തെ തടസ്സപ്പെടുത്തുന്നില്ല.

വിശദീകരണം 1: കൃപാൺ ധരിക്കുന്നത് സിഖ് മതവിശ്വാസത്തിന്റെ ഭാഗമായി കരുതപ്പെടുന്നു.

വിശദീകരണം 2: 2(b) യിലെ ഹിന്ദുമതത്തെക്കുറിച്ചുള്ള പരാമർശം ബുദ്ധ, ജൈന, സിഖ് മതങ്ങൾക്കും ബാധകമാണ്.

എന്നാൽ സമകാലീന സാഹചര്യങ്ങളിൽ ഇന്ത്യയിൽ മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും സ്വതന്ത്രമാധ്യമ പ്രവർത്തനങ്ങളുമെല്ലാം നിഷേധിക്കപ്പെടുന്നതായി അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. ഈ വിഷയത്തിൽ അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ (യുഎസ്‌സിഐആർഎഫ്) റിപ്പോർട്ട് പുറത്തു വന്നിരുന്നു. റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള അംബാസഡർ സാമുവൽ ബ്രൗൺ ബാക്ക് ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.