‘ഇന്റർനെറ്റ്’ വലയിൽ കുരുങ്ങിയ കൗമാരം

ഹാരിസ് ബിന്‍ സലീം

2024 സെപ്തംബർ 07, 1446 റ. അവ്വൽ 04

ചോദ്യം: പതിനാറ് വയസ്സുള്ള എന്റെ മകൻ പത്താം ക്ലാസ് കഴിഞ്ഞതോടെ സ്‌കൂൾ പഠനം നിറുത്തിയിരിക്കുകയാണ്. തീരെ അനുസരണയില്ല. ഇന്റർനെറ്റില്ലാതെ അവന് ജീവിക്കാൻ കഴിയില്ല. ഏത് സമയത്തും ഗെയിമിന്റെ ലോകത്താണ്. പിതാവ് ഗൾഫിലായതിനാൽ ആരെയും ഭയമില്ല. ആവശ്യപ്പെട്ടത് കിട്ടിയില്ലെങ്കിൽ അക്രമകാരിയാകും. സൈക്കോളജിസ്റ്റിനെ കാണിച്ചിട്ടും ഫലമൊന്നുമുണ്ടായില്ല. ഇസ്‌ലാമിക ബോധം തീരെയില്ല. ഇവനെ മാറ്റിയെടുക്കുവാൻ എന്താണ് ചെയ്യേണ്ടത്?

ഉത്തരം: ഒരു മാതാവ് അയച്ച ദീർഘമായ കത്തിലെ പ്രസക്ത ഭാഗങ്ങളാണ് മുകളിൽ കൊടുത്തിട്ടുള്ളത്. കുട്ടികളെ മാതാപിതാക്കളുടെ നിയന്ത്രണത്തിൽ കിട്ടാതെ വരുന്ന അവസ്ഥ അങ്ങേയറ്റം ഭയാനകമാണ്. ഈ സഹോദരിയുടെ ചോദ്യത്തിൽ അത്തരം ഒരു സാഹചര്യം ഉള്ളതുപോലെ തോന്നുന്നു. മനുഷ്യൻ ചില മൂല്യങ്ങളിൽ വിശ്വസിക്കുന്നതു കൊണ്ടാണ് അവന് അവനെത്തന്നെ നിയന്ത്രിക്കാൻ കഴിയുന്നത് . ഈ മൂല്യങ്ങൾ കൈവിട്ടുപോയാൽ അവനെക്കാളും അപകടകാരിയല്ല മറ്റൊന്നും. ഇവിടെ രണ്ടുവശങ്ങൾ പഠനവിധേയമാക്കേണ്ടതുണ്ട്. ഒന്നാമതായി എന്തുകൊണ്ട് ഈ കൂട്ടി ഇങ്ങനെ ആയിത്തീർന്നു എന്നതാണ്

എല്ലാ കുട്ടികളും ശുദ്ധ പ്രകൃതിയോടെയാണ് ജനിക്കുന്നത്. മാതാപിതാക്കൾ തന്നെയാണ് അവരെ നന്മയിലും തിന്മയിലും എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ഒരു രക്ഷിതാവും തന്റെ കുട്ടിയെ ബോധപൂർവം തിന്മയിലേക്ക് നയിക്കില്ലെന്നുറപ്പാണ്. എന്നാൽ നന്നാക്കാനുള്ള നമ്മുടെ ശ്രമങ്ങൾ വിപരീത ഫലങ്ങൾ ഉണ്ടാക്കുമോ എന്ന് നാം ഭയപ്പെടണം. ഒരു കാരണവശാലും അവരെ നന്മയിലേക്ക് നയിക്കുവാനുള്ള ശ്രമങ്ങിൽനിന്ന് നാം പിൻവാങ്ങരുത്. കാരണം അത് നമ്മുടെ ബാധ്യതയാണ്.

ഇവിടെ പറയപ്പെട്ട കുട്ടിയുടെ കാര്യത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ നിർദേശിക്കട്ടെ. സ്‌കൂൾ പഠനം നിറുത്തി എന്ന് പറയുമ്പോൾ തികച്ചും നിരുത്തരവാദപരമായാണ് അവന്റെ കാര്യം മുന്നോട്ടു പോകുന്നത് എന്നു വ്യക്തം. ദുശ്ശീലങ്ങൾ തുടരുവാൻ എന്തു വഴി സ്വീകരിക്കുവാനും അവന് മടിയില്ല എന്നാണ് മനസ്സിലാകുന്നത്. മാതാപിതാക്കളെ പൂർണമായും ധിക്കരിക്കുന്ന ഒരു നിലപാടാണ് അവനിൽ കാണുന്നത്.

1. അവന് ആദരവും ബഹുമാനവുമുള്ള ഗുരുനാഥന്മാരോ വ്യക്തികളോ അവനെ ഉപദേശിക്കുക എന്നത് അവന്റെ മനസ്സ് മാറ്റാൻ സഹായകമാകും

2. ഇത്തരം ഒരു കുട്ടിയോട് പെരുമാറുമ്പോൾ സ്‌നേഹപൂർവമായ സമീപനം പ്രയാസകരമായിരിക്കും.അതിലുള്ള മാറ്റം അവനെ ചിന്തിപ്പിച്ചേക്കാം.

3. നിലവിലുള്ള കൂട്ടുകാരിൽനിന്ന് മാറ്റി പുതിയവരും നല്ലവരുമായ ഒരു കൂട്ടുകെട്ടിലേക്ക് എത്തിക്കുന്നതും മാറ്റത്തിന് സഹായകരമാണ.്

4. ചില കാര്യങ്ങൾ വിരോധിക്കുന്നത് കൂടുതൽ കുഴപ്പങ്ങളിലേക്ക് നയിക്കുമെങ്കിൽ ശ്രദ്ധിച്ച് വേണം അത് ചെയ്യാൻ.

5. തന്റെ നിലപാട് തുടരുന്നത് ചില വിഷമങ്ങൾ തനിക്കുണ്ടാക്കുമെന്ന് അവനെ ബോധ്യപ്പെടുത്തുക. ശിക്ഷകൾ അതിന് സഹായകരമാണ്. വളരെ ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യമാണിത്.

6. പ്രാർഥന എത് കാര്യത്തിനും പരിഹാരമാണല്ലോ. പ്രത്യേകിച്ച് മാതാപിതാക്കൾ മക്കൾക്ക് വേണ്ടി പ്രാർഥിക്കുന്നത്.

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരിൽനിന്നും സന്തതികളിൽനിന്നും ഞങ്ങൾക്ക് നീ കൺകുളിർമ നൽകുകയും ധർമനിഷ്ഠ പാലിക്കുന്നവർക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവർ’’ (ക്വുർആൻ 25:74).