തക്കാളി സോസ്

സലീന ബിൻത് മുഹമ്മദലി

2023 ജനുവരി 21, 1444 ജുമാദുൽ ഉഖ്റാ 27

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു വിഭവമാണ് തക്കാളി സോസ്. കടകളിൽനിന്ന് വാങ്ങാൻ കിട്ടുമെങ്കിലും കേടുവരാതിരിക്കാൻ അതിൽ പ്രിസർവേറ്റീവ്‌സ് ചേർത്തിട്ടുണ്ടാകുമെന്നതിനാൽ അത് ഉപയോഗിക്കുന്നത് അത്ര നന്നല്ല. വീട്ടിൽ നമുക്കുതന്നെ സോസ് ഉണ്ടാക്കിയാൽ ധൈര്യമായി ഉപയോഗിക്കാം. ഇപ്പോൾ തക്കാളിക്ക് വില വളരെ കുറവാണ്. ഇതുതന്നെ സോസ് ഉണ്ടാക്കുവാനുള്ള അവസരം. കടയിൽനിന്നു ലഭിക്കുന്നതിനെക്കാൾ രുചികരവും ഹെൽത്തിയുമായ സോസ് നമുക്കൊന്ന് ഉണ്ടാക്കി നോക്കിയാലോ?

ആവശ്യമായവ:

തക്കാളി : 1 കിലോ.

വിനാഗിരി : 1/3 കപ്പ്.

പഞ്ചസാര : 1/2 കപ്പ്.

പച്ചമുളക് /

ഉണക്കമുളക് : 4 എണ്ണം.

ഉപ്പ് പാകത്തിന്.

ഏലക്ക : 4 എണ്ണം.

ഗ്രാമ്പൂ : 5 എണ്ണം.

കറുവപ്പട്ട : 1 മീഡിയം കഷ്ണം.

പെരുംജീരകം : 1/2 റ്റീസ്പൂൺ.

ചെറിയ ജീരകം: 1/2 റ്റീസ്പൂൺ.

ഇഞ്ചി-വെള്ളുത്തുള്ളി

പേസ്റ്റ് : 1.5 റ്റീസ്പൂൺ

സവാള : 1 എണ്ണം.

 

ഉണ്ടാക്കുംവിധം:

ആദ്യമായി തക്കാളി നല്ലവണ്ണം കഴുകി വൃത്തിയാക്കി വയ്ക്കണം. ഒരു പാത്രത്തിൽ ആവശ്യത്തിനു വെള്ളം ഒഴിച്ച് അതിൽ തക്കാളിയിട്ട് തിളപ്പിക്കുക. നന്നായി തിളച്ച് തൊലി അടർന്നു വരുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യാം. ശേഷം തക്കാളി അതിൽനിന്നെടുത്ത് തണുത്ത വെള്ളതിൽ ഇട്ടുവയ്ക്കുക. ചൂട് നന്നായി പോയ ശേഷം തക്കാളിയുടെ തൊലി മുഴൂവനായും അടർത്തിക്കളഞ്ഞ് മിക്‌സിയിലിട്ട് നല്ലവണ്ണം പേസ്റ്റ് ആക്കിയെടുക്കുക.

ഗ്രാമ്പൂ, കറുകപ്പട്ട, മുളക്, സവാള, ഏലക്ക, പെരുംജീരകം, ചെറിയജീരകം തുടങ്ങിയ ചേരുവകൾ ചെറുതായി ചതച്ച് ഇഞ്ചി, വെള്ളുത്തുള്ളി പേസ്റ്റും കൂടെ ചേർത്ത് ഒരു വൃത്തിയുള്ള തുണിയിൽ കിഴി കെട്ടി എടുക്കുക. അടികട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് തക്കാളി പേസ്റ്റ് ഒഴിച്ച് ഇളക്കുക. ഉണ്ടാക്കിവച്ച കിഴി കൂടി അതിൽ ഇട്ട് ഇളക്കി ചൂടാക്കുക. നന്നായി ചൂടായി കുറുകാൻ തുടങ്ങുമ്പോൾ വിനാഗിരി, പഞ്ചസാര, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി തിളച്ച് കുറുകുന്നതുവരെ ഇളക്കുക. ശേഷം കിഴി പുറത്തെടുത്ത് തക്കാളിച്ചാറിലേക്ക് നന്നായി പിഴിഞ്ഞ് അതിലെ സത്ത് മുഴുവൻ ഇറങ്ങാൻ അനുവദിക്കുക. നന്നായി ഇളക്കിക്കൊണ്ടിരിക്കണം

20-25 മിനുട്ടിനു ശേഷം തീ ഓഫ് ചെയ്യാം. തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കൂടുതൽ ദിവസം കേടുകൂടാതെയിരിക്കും.