രുചികരമായ ചമ്മന്തികൾ

സലീന ബിൻത് മുഹമ്മദലി

2023 ജനുവരി 07, 1444 ജുമാദുൽ ഉഖ്റാ 13

ഉള്ളിച്ചമ്മന്തി

ചമ്മന്തി ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ചിലർക്ക് നല്ല എരിവുള്ള ചമ്മന്തിയായിരിക്കും ഇഷ്ടം. ചിലർക്ക് എരിവു കുറഞ്ഞതും. മറ്റു ചിലർക്ക് പുളിയുള്ളതിനോടായിരിക്കും താൽപര്യം. ദോശ, ഇഡ്ഡലി, ചോറ് എന്നിവയുടെ കൂടെയെല്ലാം ഉപയോഗിക്കാവുന്ന ഉള്ളിച്ചമ്മന്തി എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമായവ:

ചെറിയ ഉള്ളി: 1 കപ്പ് (സവാളകൊണ്ടും ചെയ്യാം).

വറ്റൽ മുളക്: 6-7 (പിരിയൻ മുളക് കൂടി എടുത്താൽ നല്ല നിറവും കിട്ടും).

കറിവേപ്പില: 2 തണ്ട്

പുളി: (നിർബന്ധമില്ല) ആവശ്യത്തിന്.

ഉപ്പ്, എണ്ണ: പാകത്തിന്.

പാൻ ചൂടാക്കി കുറച്ച് എണ്ണയൊഴിച്ച് ചെറിയ ഉള്ളി വറ്റൽമുളക്, 1 തണ്ട് കറിവേപ്പില എന്നിവ നന്നായി വഴറ്റുക. പാകത്തിന് ഉപ്പ് ചേർക്കുക. ഉള്ളി നല്ല ബ്രൗൺ നിറം ആകും വരെ വഴറ്റുക.ശേഷം ചൂടാറാൻ വെക്കുക.

ചൂടാറിയ ശേഷം (പുളി ചേർക്കുന്നുണ്ടെങ്കിൽ അതും കൂടി ചേർത്ത്) ഈ കൂട്ട് അരച്ചെടുക്കുക. അൽപം വെള്ളം ചേർത്ത് നന്നായി ഇളക്കുക. പിന്നീട് പാൻ ചൂടാക്കി എണ്ണയൊഴിച്ച് കടുക്, കറിവേപ്പില എന്നിവയിട്ട് മൂപ്പിച്ച് അരച്ചുവെച്ചിരിക്കുന്ന കൂട്ട് അതിൽ ചേർത്ത് ഇളക്കുക. ചെറുതായി ചൂടായ ശേഷം തീ ഓഫ് ചെയ്യാം. ഉള്ളിച്ചമ്മന്തി റെഡി.


ഉണക്കച്ചെമ്മീൻ ചമ്മന്തി

 

ആവശ്യമായവ:

ഉണക്കച്ചെമ്മീൻ: 50 ഗ്രാം.

തേങ്ങ: അര മുറി.

ചെറിയ ഉള്ളി: 10 എണ്ണം

വെള്ളുത്തുള്ളി: 3 അല്ലി (നിർബന്ധമില്ല).

ഉണക്ക മുളക്: 5 എണ്ണം. (എരിവിനനുസരിച്ച് എണ്ണം കൂട്ടാം, കുറക്കാം).

കറിവേപ്പില: 1 തണ്ട്.

വാളൻപുളി: ഒരു ചെറിയ നെല്ലിക്ക വലുപ്പം.

ഉപ്പ്: പാകത്തിന്.

ഉണക്കച്ചെമ്മീൻ കഴുകി വൃത്തിയാക്കി ഒരു ചട്ടിയിലിട്ട് നല്ല പൊടിയുന്ന പരുവം വരെ ചൂടാക്കുക. കൂടെ ഉണക്കമുളക്, വെള്ളുത്തുള്ളി എന്നിവയും ചൂടാക്കുക.

ചൂടാറിയ ശേഷം ഇവയും തേങ്ങ, പുളി, ചെറിയ ഉള്ളി, കറിവേപ്പില, പാകത്തിന് ഉപ്പ് എന്നിവയുംവെള്ളം ചേർക്കാതെ അരച്ചെടുക്കുക. രുചികരമായ ഉണക്കച്ചെമ്മീൻ ചമ്മന്തി റെഡി.