പാവയ്ക്കാ തോരൻ

സലീന ബിൻത് മുഹമ്മദലി

2023 ജനുവരി 28, 1444 റജബ് 5

കൈപ്പു കാരണം പലർക്കും ഇഷ്ടമില്ലാത്ത ഒരു പച്ചക്കറിയാണ് പാവയ്ക്ക. എന്നാൽ ഇത് ഏറെ ഗുണങ്ങളുള്ള ഒന്നാണ്. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ പൊട്ടാസ്യം, വിറ്റാമിൻ സി, മഗ്‌നീഷ്യം, സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതിനും കരളിന്റെയും കണ്ണിന്റെയും ആരോഗ്യത്തിനും രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിനും കയ്പക്ക അഥവാ പാവയ്ക്ക സഹായിക്കും. പാവയ്ക്കയിൽ നാരുകൾ അഥവാ ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാൽ ഇത് മലബന്ധത്തിന് പരിഹാരമാണ്. അതുകൊണ്ടുതന്നെ മലബന്ധ പ്രശ്‌നമുള്ളവർ പതിവായി പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്. പാവയ്ക്കകൊണ്ടുള്ള ഒരു വിഭവമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

ആവശ്യമായവ:

പാവയ്ക്ക: 2 എണ്ണം (ചെറുതായി കൊത്തിയരിഞ്ഞത്).

തേങ്ങ ചിരകിയത്: 1 കപ്പ്.

തേങ്ങ കനം കുറഞ്ഞ കഷ്ണങ്ങളാക്കിയത്: കാൽ കപ്പ്.

സവാള: 1 എണ്ണം (ചെറുതായി കൊത്തിയരിഞ്ഞത്).

പച്ചമുളക്: 6 എണ്ണം (ചെറുതായി വട്ടത്തിൽ അരിഞ്ഞത്).

മഞ്ഞൾപൊടി: കാൽ ടീ സ്പൂൺ.

വെളിച്ചെണ്ണ: ആവശ്യത്തിന്.

അരി: ഒരു ടീ സ്പൂൺ.

കടുക്: അര ടീ സ്പൂൺ.

വറ്റൽ മുളക്: 3 എണ്ണം.

കറിവേപ്പില: ഒരു തണ്ട്.

ഉപ്പ്: പാകത്തിന്.

തയ്യാറാക്കുന്ന വിധം:

ഒരു പാനിൽ എണ്ണ ചൂടാക്കുക. കഷണങ്ങളാക്കിയ തേങ്ങ വറുത്തു മാറ്റുക. ശേഷം കടുകും വറ്റൽമുളകും ഇട്ട് വറക്കുക. കടുക് പൊട്ടിക്കഴിയുമ്പോൾ അരി വറക്കുക. അരി ചുവന്നു തുടങ്ങുമ്പോൾ സവാള, പച്ചമുളക് എന്നിവ ചേർക്കുക.

സവാളയുടെ നിറം മാറിത്തുടങ്ങുമ്പോൾ പാവയ്ക്ക അരിഞ്ഞത് ചേർക്കുക. ആവശ്യമായ ഉപ്പു ചേർത്ത് കുറച്ചു അൽപം വെള്ളം ഒഴിച്ച് (വെള്ളം കൂടിപ്പോകരുത്) പാവയ്ക്ക വേവിക്കുക. ഇടയ്ക്ക് അടപ്പ് മാറ്റി ചിരകിയ തേങ്ങ ചേർക്കുക. ഇതിനുശേഷം നല്ലതുപോലെ ഇളക്കി വെള്ളം വറ്റുന്നതുവരെ വേവിക്കുക. കറിവേപ്പിലയും മാറ്റിവെച്ച വറുത്ത തേങ്ങക്കഷണങ്ങളും ചേർത്ത ശേഷം തീ അണക്കുക. (കൂടുതൽ തേങ്ങ ചിരകിയത് ചേർത്താൽ പാവക്കയുടെ കൈപ്പ് അത്ര അറിയില്ല).