ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ അവസാന നാളുകൾ

നൂറുദ്ദീൻ സ്വലാഹി വെട്ടത്തൂർ

2023 ഡിസംബർ 30 , 1445 ജു.ഉഖ്റാ 17

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹ്), അഹ്‌ലുസ്സുന്നയുടെ നിലപാടിൽ അടിയുറച്ചു നിന്നതിന്റെ പേരിൽ ഏഴുതവണ ജയിൽവാസം വിധിക്കപ്പെട്ട മഹാപണ്ഡിതൻ. ഹിജ്‌റ 728ൽ ഡമസ്‌കസിലെ ജയിലിൽവച്ചുതന്നെയാണ് അദ്ദേഹം മരണപ്പെടുന്നതും.

ശാഫിഈ പണ്ഡിതനും പ്രമുഖക്വുർആൻ വ്യാഖ്യാതാവുമായ ഇബ്‌നു കസീർ(റഹ്) ‘അൽബിദായ’യിൽ തന്റെ ഉസ്താദായ ഇബ്‌നു തൈമിയ്യയുടെ അവസാന നിമിഷങ്ങൾ വിവരിക്കുന്നുണ്ട്:

“ഡമസ്‌കസിലെ ജയിലിൽ വിശുദ്ധ ക്വുർആനുമായി സമയം കഴിച്ചുകൂട്ടുകയായിരുന്നു അദ്ദേഹവും സഹോദരനും... ക്വുർആൻ പാരായണം ചെയ്യുന്നതിനിടയിൽ സൂറത്തുൽ ക്വമറിലെ ‘തീർച്ചയായും ധർമനിഷ്ഠ പാലിച്ചവർ ഉദ്യാനങ്ങളിലും അരുവികളിലുമായിരിക്കും’ എന്ന സൂക്തം എത്തിയപ്പോൾ ഇമാം ഇഹലോകവാസം വെടിഞ്ഞു. മരണവാർത്തയറിഞ്ഞ് നാനാഭാഗത്തുനിന്നും ജനങ്ങൾ തടിച്ചുകൂടി. തിക്കും തിരക്കും കാരണം പലർക്കും അവരുടെ ചെരിപ്പും തൊപ്പിയുമെല്ലാം നഷ്ടമായി. ജനാസ നമസ്‌കാരം ദ്വുഹ്‌റിന് മുമ്പ് നിർവഹിക്കാനാണ് കരുതിയിരുന്നതെങ്കിലും അസ്വ്‌റിന് ശേഷമാണ് മറവ് ചെയ്യാനായത്.

ഇത്രമേൽ ജനസാന്നിധ്യമുള്ള ഒരു ജനാസ നമസ്‌കാരത്തിന് ഇതിനു മുമ്പ് ഡമസ്‌കസ് പട്ടണം സാക്ഷ്യം വഹിച്ചിട്ടില്ല. ഒരു ലക്ഷത്തോളം വരുന്ന പുരുഷന്മാരും പതിനയ്യായിരത്തോളം വരുന്ന സ്ത്രീകളും അവിടെ തടിച്ചുകൂടി. തിരക്കു കാരണം പട്ടണത്തിലെ പല കടകളും ആ ദിവസം അടഞ്ഞുകിടക്കുകയായിരുന്നു. പലരും ഭക്ഷണം പാകംചെയ്തിരുന്നില്ല. ഭക്ഷണം കഴിക്കാൻ സമയം കിട്ടാത്തതുകാരണം പലരും നോമ്പിലായിരുന്നു. (നാട്ടിലെ) മൂന്നു പണ്ഡിതന്മാർ ഒഴിച്ച് എല്ലാവരും അദ്ദേഹത്തിന്റെ ജനാസക്ക് സാക്ഷികളായായിരുന്നു. ആ മൂന്നുപേരും അദ്ദേഹത്തിന്റെ ശത്രുക്കളായതുകൊണ്ട് ജനങ്ങൾ അവരെ വല്ലതും ചെയ്യുമോ എന്ന് ഭയപ്പെട്ട് അവർ മാറി നിന്നു. ജനസഞ്ചയത്തിനിടയിലൂടെ ആ ജനാസ അകലുമ്പോൾ ഒരാൾ വിളിച്ചുപറഞ്ഞു: ‘ഇപ്രകാരമായിരിക്കും അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ ജനാസ...’ ഇതുകേട്ട് ആളുകളെല്ലാം വിങ്ങിപ്പൊട്ടി’’ (അൽബിദായ വന്നിഹായ).

ഇബ്‌നു കസീർ(റഹ്) ശൈഖുൽ ഇസ്‌ലാമിന്റെ ജനാസയുടെ അരികിലെത്തി. ആ നെറ്റിയിൽ ഒരു ചുംബനം നൽകിയശേഷം പറഞ്ഞു: ‘തനിക്കുവേണ്ടി പ്രാർഥിക്കാൻ അദ്ദേഹത്തിന് ഒരു മകൻ ഉണ്ടായില്ലെങ്കിലും എന്നും തനിക്കായി പ്രാർഥിക്കുന്ന ഒരു വലിയ ജനസഞ്ചയത്തെ വിട്ടേച്ചുകൊണ്ടാണ് അദ്ദേഹം യാത്രപോയത്.’

ശൈഖുൽ ഇസ്‌ലാം വായിക്കുന്നവർക്ക് വലിയൊരു പാഠപുസ്തകമാണ്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽ അദ്ദേഹത്തിന്റെ മഷിപുരളാത്ത ഒരു മേഖലയുമില്ലെന്നു പറയാം. ശത്രുക്കൾക്ക് അദ്ദേഹം എന്നും തലവേദനയായിരുന്നു. പ്രമാണങ്ങൾക്ക് മുമ്പിൽ പ്രലോഭനങ്ങൾക്ക് വിധേയനാകാത്ത അദ്ദേഹത്തിന് അതുകൊണ്ടുതന്നെ അവർ നൽകിയത് കരാഗ്രഹമായിരുന്നു. ജയിലിൽവച്ച് ഇമാം പറഞ്ഞ ഒരു വാചകം ചരിത്രത്തിൽ മായാതെ കിടക്കുന്നുണ്ട്: ‘ശത്രുക്കൾക്ക് എന്നെ എന്തു ചെയ്യാൻ സാധിക്കും? എന്റെ ആസ്വാദനങ്ങളുടെ പൂന്തോപ്പ് എന്റെ ഹൃദയത്തിലാണ്. ഞാൻ എങ്ങോട്ടു പോയാലും അതെന്റെ കൂടെയുണ്ടല്ലോ. തടവറ എനിക്ക് ശാന്തിനിറഞ്ഞ ഏകാന്തതയാണ്. അവരെന്നെ വധിച്ചാൽ അതെനിക്ക് രക്തസാക്ഷ്യമാണ്. അവരെന്നെ നാടുകടത്തിയാൽ അതൊരു വിനോദയാത്രയായിട്ടേ ഞാൻ കാണുന്നൊള്ളൂ.’

ശൈഖിന്റെ ശിഷ്യനായിരുന്ന ഇബ്‌നുൽ ക്വയ്യിമിന്(റഹ്), ജയിൽവാസത്തിനിടയിൽ അദ്ദേഹം എഴുതിയ കത്തിൽ ഇപ്രകാരം പറയുന്നുണ്ട്: ‘അല്ലാഹുവാണെ സത്യം! എന്നെ ഇവിടെ തടവിലാക്കിയവർക്ക് ഈ കോട്ട നിറയെ സ്വർണം നൽകിയാലും അവരോടുള്ള എന്റെ ബാധ്യത തീരില്ല. കാരണം ക്വുർആനിക വിജ്ഞാനങ്ങളിൽ വലിയ പല പണ്ഡിതന്മാരും ആഗ്രഹിക്കുന്ന പലതും അല്ലാഹു എനിക്ക് ഇവിടെവച്ച് തുറന്നുതന്നു.’