ഹുദൈഫതുബ്‌നുൽ യമാൻ(റ)

അജ്മൽ ഫൗസാൻ

2023 മാർച്ച് 11, 1444 ശഅ്ബാൻ 18

ഭാഗം 2

എങ്ങും മണൽക്കുന്നുകൾ അതിരിട്ട് നിൽക്കുന്ന മരുഭൂമിയിലൂടെ അബ്‌സ് ഗോത്രക്കാരനായ ഹുസൈലു ബ്‌നു ജാബിർ യാത്ര തുടരുകയാണ്. തന്റെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു അയാൾ. സ്വന്തം ഗോത്രത്തിലെതന്നെ ഒരാളെ കൊന്നുപോയതിന്റെ പേരിലാണ് തനിക്കിപ്പോൾ നാടുവിടേണ്ടി വന്നിട്ടുള്ളത്. ഇനി യസ്‌രിബിൽ ചെന്ന് പുതിയൊരു ജീവിതം കെട്ടിപ്പടുക്കണം.

യസ്‌രിബിലെത്തിയ ഹുസൈൽ ബനൂ അബ്ദിൽ അശ്ഹൽ ഗോത്രത്തിന് സമീപം താമസമാക്കി. അവരുമായി സഖ്യത്തിലേർപ്പെട്ടു. ഒരു അശ്ഹലി പെണ്ണിനെ വിവാഹം കഴിച്ചു.

പൂർവപിതാക്കന്മാരിലൊരാളുടെ പേര് യമാൻ എന്നായതിനാൽ യസ്‌രിബുകാർ അയാളെ യമാൻ എന്ന് വിളിച്ചു. പുതിയ പേരും ഭാര്യയും മക്കളുമടങ്ങുന്ന പുതിയ കുടുംബവുമൊത്ത് യമാൻ യസ്‌രിബിൽ ജീവിതം പടുത്തുയർത്തി.

കാലം കടന്നുപോയി. മക്കയിൽനിന്ന് അന്ത്യപ്രവാചകത്വത്തിന്റെ പ്രകാശം ഒഴുകിപ്പരന്നു. യമാൻ മുസ്‌ലിമായി; കൂടെ കുടുംബവും. പിൽക്കാലത്ത് യമാന്റെ മകൻ ഹുദൈഫ പ്രവാചകന്റെ നിഴലായി മാറി.

അസാധാരണത്വം നിറഞ്ഞതാണ് ഹുദൈഫയുടെ ജീവിതം. ഇസ്‌ലാമിലെ അതിനിർണായകമായ ബദ്ർ യുദ്ധത്തിൽ പങ്കെടുക്കാൻ ഹുദൈഫക്കും പിതാവിനും കഴിഞ്ഞില്ല. ഹുദൈഫയും പിതാ വും മദീനയുടെ പുറത്തായിരുന്നു അന്ന്. വഴിക്കു വെച്ച് അവരെ ക്വുറൈശികൾ പിടികൂടി. ‘ഞങ്ങൾക്കെതിരെ യുദ്ധം ചെയ്യാൻ മുഹമ്മദിനോടൊപ്പം ചേരാനാണല്ലേ പോകുന്നത്’ എന്ന അവരുടെ ചോദ്യത്തിന് ‘അല്ല, ഞങ്ങൾ മദീനയിലേക്കാണ് പോകുന്നത്’ എന്ന് പിതാവും മകനും മറുപടി നൽകി.

‘എന്നാൽ മദീനയിലേക്ക് പൊയ്‌ക്കോളൂ മുഹമ്മദിനോടൊപ്പം ചേർന്ന് യുദ്ധം ചെയ്യരുത് എന്ന് അല്ലാഹുവിന്റെ പേരിൽ കരാർ ചെയ്യണം’ ക്വുറൈശികൾ ആവശ്യപ്പെട്ടു. അങ്ങനെ കരാർ ചെയ്ത് അവർ മദീനയിലെത്തി.

പ്രവാചകനോട് ഈ കരാറിനെ സംബന്ധിച്ച് സൂചിപ്പിച്ചു. ആ കരാർ ലംഘിക്കരുത് എന്നാണ് പ്രവാചകൻ ﷺ പറഞ്ഞത്. ‘ഞങ്ങൾ അവരോടുള്ള കരാർ പാലിക്കുന്നു. അവർക്കെതിരെ അല്ലാഹുവിനോട് സഹായം തേടുകയും ചെയ്യുന്നു’ എന്നായിരുന്നു പ്രവാചകന്റെ മറുപടി.

അങ്ങനെയാണ് ബദ്‌റിലെ സുവർണാവസരം ആ പിതാവിൽനിന്നും മകനിൽനിന്നും വഴിമാറിപ്പോകുന്നത്. ബദ്‌റിന്റെ സൗഭാഗ്യം തങ്ങളിൽനിന്ന് വഴുതിപ്പോയത് കണ്ട ഹുദൈഫയും പിതാവും ഉഹ്ദിന്റെ രണഭേരി മുഴങ്ങിയപ്പോൾ അമാന്തിച്ചു നിന്നില്ല. ഉഹ്ദിലാണ് യമാനി(റ)ന്റെ പ്രാണത്യാഗമുണ്ടായത്. ആളറിയാതെ മുസ്‌ലിംകൾ തന്നെയാണ് അദ്ദേഹത്തെ വധിച്ചത്. ശത്രുവാണെന്ന് തെറ്റിദ്ധരിച്ച് മുസ്‌ലിംകൾ അദ്ദേഹത്തെ വധിക്കാനൊരുങ്ങുമ്പോൾ മകൻ ഹുദൈഫ ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു, എന്റെ ഉപ്പ...എന്റെ ഉപ്പ എന്ന്.

രണഭൂമിയിലെ പോർവിളികൾക്കും വാൾത്തലപ്പുകളുടെ ഭീകരാലിംഗനങ്ങൾക്കുമിടയിൽ പക്ഷേ ആ ശബ്ദം വളരെ നേർത്തുപോയി. അല്ലാഹുവിന്റെ അലംഘനീയമായ വിധിയെ തടുക്കാൻ ആർക്ക് കഴിയും? യമാൻ(റ) ശഹാദത്ത് പുൽകി .

യുദ്ധാനന്തരം പ്രവാചകൻ ﷺ ഉപ്പയുടെ മരണത്തിനു പകരമായി ഹുദൈഫക്ക് ദിയത്ത് (നഷ്ടപരിഹാര ധനം) നൽകുകയുണ്ടായി. ആ ധനം മുഴുവൻ അദ്ദേഹം മുസ്‌ലിംകൾക്കായി ദാനം ചെയ്തു.

ഹിജ്‌റ അഞ്ചാം വർഷം ഖൻദഖ് യുദ്ധം നടന്നു. ക്വുറൈശികളും ഗത്ഫാനികളും അവരുടെ സഖ്യകക്ഷികളും ബനൂ ക്വുറൈദ്വയിലെ ജൂതന്മാരുമെല്ലാം ഒന്നുചേർന്ന് മദീനയെ തകർക്കാൻ ഒരുമ്പെട്ട യുദ്ധം. തങ്ങൾക്കും ശത്രുക്കൾക്കുമിടയിൽ കിടങ്ങ് കുഴിച്ച് മുസ്‌ലിംകൾ ജാഗരൂകരായിരിക്കുന്ന ഒരു രാത്രി പ്രവാചകന്റെ ശബ്ദം സ്വഹാബികൾ കേട്ടു.

‘ശത്രുപാളയത്തിൽ നുഴഞ്ഞുകയറി അവരുടെ കാര്യങ്ങളറിഞ്ഞ് നമുക്കെത്തിച്ചു തരാൻ ആരുണ്ട്? ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അല്ലാഹു അവന് എന്റെ സാമീപ്യം നൽകും.’

പുറത്ത് മരം കോച്ചുന്ന ശീതക്കാറ്റ് യാതൊരു ദാക്ഷിണ്യവുമില്ലാതെ വാശിയുണ്ടെന്ന പോലെ വീശി. പ്രവാചകൻ ﷺ ചോദ്യം മൂന്ന് പ്രാവശ്യം ആവർത്തിച്ചു. മറുപടിയില്ല! സ്വഹാബികൾക്കിടയിൽ നിശ്ശബ്ദത തളംകെട്ടിനിന്നു.

ഈ രാത്രിയിലെ ഏറ്റവും പ്രധാന ദൗത്യം ഏറ്റെടുക്കാനുള്ള ധീരൻ ആരാണ്. പ്രവാചകൻ ﷺ ഹുദൈഫ(റ)യെ നോക്കി. ‘ഹുദൈഫാ! എഴുന്നേൽക്കൂ, പോയി ശത്രുവിന്റെ വിവരങ്ങളറിഞ്ഞു വരൂ.’

കണ്ടാൽ കടിച്ചുകീറാൻ തയ്യാറായി നിൽക്കുന്ന ശത്രുക്കളുടെ പാളയത്തിലേക്ക് ഒറ്റയ്ക്ക് ചെല്ലാൻ കരൾക്കരുത്തുള്ള വീരൻ; ഹുദൈഫതുബ്‌നുൽ യമാൻ! അസ്ഥികളിലേൽക്കുന്ന ഹിമപാതം വകവയ്ക്കാതെ ഹുദൈഫ നടന്നു; പ്രവാചക കൽപന ശിരസ്സാ വഹിക്കുന്ന ഒറ്റയാൾ പോരാളിയായി. പ്രവാചക കൽപന അനുസരിച്ച് ഇറങ്ങിത്തിരിച്ച അദ്ദേഹത്തിന് ഒട്ടും തണുപ്പ് ഏശിയില്ല എന്നതാണ് വാസ്തവം. അദ്ദേഹംതന്നെ അത് പറയുന്നുണ്ട്. പ്രവാചകൻ അദ്ദേഹത്തിന്റെ സംരക്ഷണത്തിനായി പ്രാർഥിക്കുകയുമുണ്ടായി.

ശത്രുപാളയത്തിൽ എത്തിയപ്പോൾ അതാ പ്രവാചകന്റെ ബദ്ധവൈരിയും സൈന്യാധിപതിയുമായ അബൂ സുഫ്‌യാൻ ഇരുന്ന് തീ കായുന്നു! ഹുദൈഫ എന്ന ധീരന് വേണമെങ്കിൽ തൽക്ഷണം അബൂ സുഫ്‌യാന്റെ നെഞ്ചിന് തുളയിടാമായിരുന്നു. മദീനക്കെതിരെ ആളെക്കൂട്ടിയിറങ്ങിയ ശത്രുനേതാവിനെ കൊല്ലാമായിരുന്നു. വില്ലു കുലച്ച് ഉന്നംവെച്ചതുമാണ്. അപ്പോഴാണ് പ്രവാചക നിർദേശം മനസ്സിൽ മുഴങ്ങിയത്. ആയുധം മാറ്റിവെച്ച് ഹുദൈഫ ശതുക്കൾക്കിടയിലേക്കിറങ്ങി. ശത്രുക്കൾ ഒരുമിച്ചുകൂടി. അബൂസുഫ്‌യാൻ എഴുന്നേറ്റ് സംസാരമാരംഭിച്ചു:

‘നമ്മുടെ കൂട്ടത്തിലേക്ക് ആരെങ്കിലും നുഴഞ്ഞുകയറിയോ എന്ന് സംശയമുണ്ട്. ഓരോരുത്തരും അവരവരുടെ സമീപത്തുള്ളവരുടെ പേരുകൾ ചോദിച്ചറിയൂ.’ അബൂസുഫ്‌യാന്റെ നിർദേശം കേട്ട ഹുദൈഫ (റ)യിലെ ബുദ്ധിയും കൗശലവും ഉണർന്നു പ്രവർത്തിച്ചു. തന്റെ അടുത്തുള്ള ശത്രു തന്നോട് ചോദിക്കുന്നതിന് മുൻപേ ക്ഷണനേരം കൊണ്ട് അയാളുടെ കൈപിടിച്ച് ആരാണ് താങ്കൾ എന്ന് ഹുദൈഫ (റ) ചോദിച്ചു. ഇന്നയാളെന്ന് മറുപടി. അബൂസുഫ്‌യാൻ സംസാരം തുടർന്നു. ശക്തമായ കാറ്റിൽ തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ കാരണം എല്ലാം നിർത്തി തിരിച്ചു പോകാനായിരുന്നു ആ നിസ്സഹായനായ സേനാനായകൻ പറഞ്ഞത്. കാര്യങ്ങളെല്ലാം വേണ്ടവിധം അറിഞ്ഞ് ഹുദൈഫ തിരിച്ചു നടന്നു; പ്രവാചക സവിധത്തിലേക്ക്. താൻ നമസ്‌കരിക്കുന്ന പുതപ്പിന്റെ അറ്റം ഹുദൈഫക്ക് പുതക്കാൻ കൊടുത്തു അല്ലാഹുവിന്റെ റസൂൽ ﷺ . ഹുദൈഫ(റ) കാര്യങ്ങളെല്ലാം വള്ളിപുള്ളി വിടാതെ റസൂലിനോട് പറഞ്ഞു. ഉദ്വേഗജനകമായ ആ സാഹസികരാത്രിയിൽ ഹുദൈഫ(റ) അവിടെത്തന്നെ കിടന്ന് ഉറങ്ങിപ്പോയി.

‘ഏയ് ഉറക്കക്കാരാ, എഴുന്നേല്ക്കൂ’ എന്ന തിരുദൂതരുടെ വിളിയാണ് പുലർച്ചെ ഹുദൈഫയെ ഉറക്കത്തിൽനിന്ന് എഴുന്നേൽപിച്ചത്.

വർഷങ്ങൾ കടന്നുപോയി. ഹുദൈഫയുടെ ജീവിതത്തിലെ അസാധാരണത്വങ്ങൾ പക്ഷേ നിലച്ചില്ല. ഹിജ്‌റ 9ൽ തബൂക്ക് യുദ്ധം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന റസൂലിനെ കൊല്ലാൻ മുഖം മറച്ച് വന്ന ചില കപടവിശ്വാസികൾ ശ്രമിച്ചു. റസൂലിന്റെ കൂടെ രണ്ടുപേർ മാത്രം. മുന്നിൽ കടിഞ്ഞാണുമേന്തി ഹുദൈഫ. പിന്നിൽ ഒട്ടകത്തെ തെളിച്ച് അമ്മാർ(റ). കപടന്മാരുടെ കുടിലചിന്ത വിജയിച്ചില്ല. അവസാനം ഇളിഭ്യരായ അവർ സ്ഥലം വിട്ടു. പക്ഷേ, ആ മുനാഫിക്വുകൾ ആരാണെന്ന് വ്യക്തമായി നബി ﷺ ഹുദൈഫ(റ)ക്ക് പറഞ്ഞുകൊടുത്തു. അല്ലാഹുവിന്റെ റസൂൽ ﷺ ഹുദൈഫയുടെ ചെവിയിൽ മാത്രം മന്ത്രിച്ച രഹസ്യം. മരണംവരെ ഹുദൈഫ(റ) തന്റെയുള്ളിൽ കാത്തുസൂക്ഷിച്ച രഹസ്യം. ഹുദൈഫ ചരിത്രത്തിൽ അറിയപ്പെട്ടത് ഈ രഹസ്യത്തിന്റെ പേരിലാണ്. ‘പ്രവാചകന്റെ രഹസ്യ സൂക്ഷിപ്പുകാരൻ!’

ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ രണ്ടാം ഖലീഫയായ ഉമറുബ്‌നുൽ ഖത്ത്വാബ്(റ) ഹുദൈഫയോട് ആ മുനാഫിക്വുകളുടെ പട്ടികയിൽ തന്റെ പേരുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്! ആരെങ്കിലും മരണപ്പെട്ടാൽ ഉമർ(റ) നോക്കും; ഹുദൈഫ(റ) ജനാസ നമസ്‌കാരത്തിനെത്തിയിട്ടുണ്ടോ എന്ന്. ഹുദൈഫയില്ലെങ്കിൽ ഉമർ(റ) ആ ജനാസ നമസ്‌കാരത്തിൽ പങ്കെടുക്കില്ല!

എല്ലാവരും പ്രവാചകനിൽനിന്ന് നന്മകളെക്കുറിച്ച് ചോദിച്ചു പഠിച്ചപ്പോൾ ഹുദൈഫയുടെ താൽപര്യം തിന്മകളെക്കുറിച്ച് ചോദിക്കുന്നതിലായിരുന്നു. അതിനാൽതന്നെ അന്ത്യനാളിന് മുൻപുണ്ടാകുന്ന ഫിത്‌നകളെക്കുറിച്ചും അടയാളങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു.

പ്രവാചകന്റെ വഫാത്തിന് ശേഷം ഖുലഫാഉർറാശിദുകളുടെ കാലത്ത് ഹുദൈഫ(റ) അവരുടെ ഉപദേശകനായി വർത്തിച്ചു. ഉമർ(റ) അദ്ദേഹത്തെ പല സുപ്രധാന ചുമതലകളിലും നിയോഗിച്ചു. കുറെക്കാലം ഉമറി(റ)ന്റെ മദാഇനിലെ ഗവർണറായിരുന്നു അദ്ദേഹം.

മൂന്നാം ഖലീഫ ഉസ്മാന്റെ(റ) ഭരണകാലം. ഒരു പോരാളി ഖലീഫയെ കാണാനെത്തി. വിവിധ നാടുകളിലേക്ക് ഇസ്‌ലാം പരന്നപ്പോൾ വിശുദ്ധ ക്വുർആൻ പാരായണം ആളുകൾക്കിടയിൽ ഭിന്നരൂപത്തിലായതിന്റെ മനോവിഷമം ബോധിപ്പിക്കാനെത്തിയതാണയാൾ.

‘അല്ലയോ അമീറുൽ മുഅ്മിനീൻ, യഹൂദന്മാരും നസ്വാറാക്കളും ഭിന്നിച്ചതുപോലെ ഈ സമുദായം ക്വുർആനിന്റെ വിഷയത്തിൽ ഭിന്നിക്കുന്നതിന് മുമ്പ് താങ്കൾ അവരെ പിടിച്ചു നിർത്തുക.’

നിശ്ചയ ദാർഢ്യത്തോടെയും ദീർഘവീക്ഷണത്തോടെയുമുള്ള ആ വാക്കുകളുടെ പ്രതിഫലനമായിരുന്നു ഉസ്്മാന്റെ(റ) കാലത്ത് നടന്ന മുസ്ഹഫ് ഏകീകരണം. പ്രവാചകപത്‌നി ഹഫ്‌സ്വ(റ)യുടെ കൈവശം സൂക്ഷിച്ചിരുന്ന, അബൂബക്ർ സ്വിദ്ദീഖി(റ)ന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട മുസ്ഹഫ്പ്രതി പ്രകാരം അന്ന് ഉസ്മാൻ(റ) ക്വുർആൻ പകർത്തിയെഴുതിപ്പിച്ച് വിവിധ നാടുകളിലേക്ക് അയക്കുകയുണ്ടായി.

ആ പോരാളിയുടെ പേര് ചരിത്രം തങ്കലിപികളാൽ ഇങ്ങനെ രേഖപ്പെടുത്തുന്നു: ‘അല്ലാഹുവിന്റെ റസൂലിന്റെ രഹസ്യ സൂക്ഷിപ്പുകാരൻ, ഹുദൈഫത്തുബ്‌നുൽ യമാൻ(റ)!’