അമ്മാറുബ്‌നു യാസിർ(റ)

സി.പി യാസിർ സ്വലാഹി

2023 ഏപ്രിൽ 29, 1444 ശവ്വാൽ 08

സ്വഹാബിമാരുടെ ചരിത്രം വിശ്വാസിക്ക് വലിയ അനുഭൂതിയും പ്രചോദനവുമാണ്. അത് വായിക്കുമ്പോൾ റബ്ബിന്റെ തൃപ്തി ലഭിച്ച ആ മഹാൻമാരെ കൂടെ ചേരാൻ കൊതി തോന്നും.

മഹാനായ അമ്മാറുബ്‌നു യാസിറി(റ)ന്റെയും കുടുംബത്തിന്റെയും ചരിത്രം വിശ്വാസത്തിന്റെ കരുത്ത് എത്രമാത്രം ശക്തമാണെന്ന് തെളിയിക്കുന്നതാണ്. അദ്ദേഹത്തിന്റെ പിതാവ് യാസിർ(റ), മാതാവ് സുമയ്യ(റ) എന്നിവർ മക്കയുടെ പുറത്തുനിന്ന് അടിമകളായി എത്തിയതാണ്. നാടും വീടും കൂടും കുടുംബവുമൊന്നുമില്ല. നന്നായി അടിമപ്പണി ചെയ്യുന്നതിനാൽ അബൂജഹ്ൽ അവർക്ക് വിവാഹം ചെയ്യാനും ഒരുമിച്ച് താമസിക്കാനും സൗകര്യം ചെയ്തു കൊടുത്തു. അതിലൊരു മകൻ പിറന്നു; ചരിത്ര പുരുഷൻ അമ്മാർ!

അമ്മാർ നാൽപത് വയസ്സ് പിന്നിടുമ്പോഴാണ് നബി ﷺ ക്ക് നുബുവ്വത്ത് കിട്ടി രഹസ്യ പ്രബോധനം ആരംഭിക്കുന്നത്. നബി ﷺ യും അബൂബക്‌റും(റ) വളരെ രഹസ്യമായി അർക്വമുബ്‌നു അർക്വമി(റ)ന്റെ വീട്ടിൽ ഒരുമിച്ചുകൂടുന്ന കാലം. ഒരു ദിവസം പുലർച്ചെ അബൂബക്‌റി(റ)നെ കണ്ട അമ്മാർ കാര്യമന്വേഷിച്ചു. അദ്ദേഹം സത്യം പറഞ്ഞു. അമ്മാറിന്റെ മനസ്സിൽ ജിജ്ഞാസ വർധിച്ചു.

ഭയമേതുമില്ലാതെ അമ്മാർ അക്ഷമയോടെ കാത്ത് നിന്നു; രാത്രിയാകാൻ! നബി ﷺ യെ കാണാൻ ആ കണ്ണുകൾ തുടിച്ചുകൊണ്ടിരുന്നു. രാത്രി ഏറെ വൈകിയപ്പോൾ ആരുമറിയാതെ അമ്മാർ(റ) പുറപ്പെട്ടു. വാതിൽക്കലാരു മുട്ടു കേട്ട അർഖക്വം(റ) ഭയപ്പെട്ടു. ശാന്തനായി നബി ﷺ വാതിൽ തുറക്കാൻ പറഞ്ഞു. പുറത്തതാ, കൂരിരുട്ടിൽ മനസ്സിലാകാത്ത വിധം അമ്മാർ നിന്ന് പരുങ്ങുന്നു!

‘വരൂ അമ്മാർ!’ സ്‌നേഹമസൃണമായ ആ വാക്കുകൾ അദ്ദേഹത്തിന്റെ ഉള്ളം നിറച്ചു. നിറഞ്ഞ സന്തോഷത്തോടെ അദ്ദേഹം അർക്വമി(റ)ന്റെ വീട്ടിൽ പ്രവേശിച്ചു.

പാതിരയോടടുത്ത സമയം! നബി ﷺ സഹചാരികൾക്ക് ക്വുർആൻ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അമ്മാർ ശഹാദത്ത് ചൊല്ലി ഇസ്‌ലാം സ്വീകരിച്ചത്.

പുലരുന്നതിന് മുമ്പ് എല്ലാവരും പിരിഞ്ഞുപോയി. ആരാണ് എല്ലാവരും? വെറും അഞ്ച് പേർ മാത്രം! നബി ﷺ , അബൂബക്ർ(റ), അമ്മാർ(റ), ബിലാൽ(റ), മിക്വ‌്ാദ്(റ)!

വീട്ടിലെത്തിയ അമ്മാർ(റ) പതുങ്ങി കയറുമ്പോൾ ഒരു വിളി കേട്ടു: ‘അമ്മാർ, നീ എവിടെയായിരുന്നു?’

പിതാവ് യാസിറിന്റെ ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ അമ്മാർ(റ) ഭയന്ന് നിന്നു: ‘ഞാൻ... ഞാൻ...’

വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. എന്ത് പറയും? സത്യം പറയാൻ പറ്റുമോ? കളവ് പറയാമോ?

‘നീ ഇടയ്ക്കിടക്ക് രാത്രിയിൽ എവിടെ പോകുന്നു?’ പിതാവിന്റെ ചോദ്യമുയർന്നു. മൗനമല്ലാതെ മറ്റൊരു വഴിയും അദ്ദേഹം കണ്ടില്ല.

‘നിന്നിൽ പുതിയ ചില മാറ്റങ്ങൾ കാണുന്നുണ്ടല്ലോ? എന്ത് പറ്റി മോനേ നിനക്ക്?’

വുദ്ധനായ ആ പിതാവിന് താങ്ങും തണലുമായിരുന്നു അമ്മാർ(റ).

‘നീ മുഹമ്മദിനെ കാണാറുണ്ടെന്ന് പറയുന്നത് ശരിയാണോ?’

പിതാവിന്റെ ചോദ്യത്തിന്റെ മുമ്പിൽ ഒട്ടും പതറാതെ പറഞ്ഞു:

‘ശരിയാണ്, ഞാനദ്ദേഹത്തെ കാണാറുണ്ട്, സംസാരിക്കാറുണ്ട്.’

മക‌െൻറ സ്ഫുടമായ മറുപടി കേട്ട പിതാവ് സ്തബ്ധനായി.

‘ഏതായാലും ഇനി മുഹമ്മദിനെ കാണരുത്. അവനൊരു പുതിയ മതവുമായി വന്നിരിക്കുകയാണ്. നമ്മുടെ ദൈവങ്ങളെയെല്ലാം അവൻ ഒറ്റ ദൈവമാക്കി.’

‘പ്രിയപ്പെട്ട ഉപ്പാ, അദ്ദേഹം പറയുന്നത് ഈ ലോകത്തിന് ഒരു സ്രഷ്ടാവ് മാത്രമേയുള്ളൂ. ബാക്കിയുള്ളവരെല്ലാം അവന്റെ സൃഷ്ടികളാണ്. അവനെ മാത്രം ആരാധിക്കണമെന്നാണ്. ഇത് തന്നെയാണ് ശരി.’

അമ്മാറി(റ)ന്റെ വാക്കുകൾ പിതാവ് യാസിറിൽ പരിവർത്തനമുണ്ടാക്കി.

‘ശരിയാണ് മോനേ നീ പറയുന്നത്. എന്നാലും അടിമകളായ നാം ഉടമകൾക്കെതിര് നിൽക്കുകയോ ?’

‘നമ്മുടെ യഥാർഥ ഉടമ രക്ഷിതാവായ അല്ലാഹു മാത്രമാണ്. അവന്റെ മുമ്പിൽ മാത്രം നാം ഭയഭക്തി കാണിച്ചാൽ മതി. മറ്റുള്ളവരെല്ലാം നമ്മെപ്പോലെ മനുഷ്യർ മാത്രമാണ്.’

അമ്മാറി(റ)ന്റെ വാക്കുകൾ പിതാവിന് ഒരു പ്രഹരമേറ്റപോലെയായി.

‘എന്താ മോനേ നീ പറയുന്നത്? നമ്മളും യജമാനൻമാരും ഒരുപോലെയാണെന്നോ? ഒരിക്കലുമല്ല!’

പിതാവിന്റെയും മകന്റെയും സംസാരം ശ്രദ്ധിച്ച മാതാവ് സുമയ്യ മകനെ പിന്താങ്ങി.

‘അമ്മാർ പറയുന്നതാണ് ശരി. അതിലൊരു തെറ്റും പറയാനില്ല.’

യാസിർ ഇരുവരെയും ദയനീയ നോക്കിക്കൊണ്ട് പറഞ്ഞു: ‘മോനേ, ഈ പാവം വൃദ്ധനെ നീ പ്രയാസപ്പെടുത്തരുത്. ഞാനും നിന്റെ ഉമ്മയും വെറും അടിമകളായി നാട് ചുറ്റി, എങ്ങുനിന്നോ ഇവിടെ മക്കയിൽ അബൂഹുദൈഫയുടെ കൈകളിലെത്തി. അദ്ദേഹത്തിന്റെ കാരുണ്യം കൊണ്ടാണ് ഞാനും നിന്റെ ഉമ്മയും വിവാഹിതരായത്. അങ്ങനെ നമുക്കൊരു കൂര തന്നു. നമുക്കൊരു കുടുംബമുണ്ടായി. മോനേ, നിന്റെ പുതിയ മതത്തിന് വേണ്ടി അതൊന്നും നീ വേണ്ടെന്ന് വെക്കരുത്. നന്ദികേടാകും. ഈ പാവത്തിന് ഇനി ഒന്നിനുമാവില്ല...’

പുലർച്ചെ നല്ല തണുപ്പുണ്ടായിട്ടും ആ കൊച്ചു കൂരയിലുള്ളവരുടെ ചിന്തക്കും ശരീരങ്ങൾക്കും ചൂട് പിടിച്ചു. എന്ത് ചെയ്യണമെന്നറിയാതെ മൂവരും പരസ്പരം നോക്കിയിരുന്നു.

രണ്ടും കൽപിച്ചുകൊണ്ട് സുമയ്യ(റ) എഴുന്നേറ്റു: ‘മുഹമ്മദ് സത്യസന്ധനും വിശ്വസ്തനുമാണ്. അദ്ദേഹം ഒരിക്കലും സത്യമല്ലാതെ ഒന്നും പറയില്ല. എനിക്കദ്ദേഹത്തെ വിശ്വാസമാണ്.’

സന്തോഷംകൊണ്ട് അമ്മാറി(റ)ന്റെ മനസ്സ് നിറഞ്ഞു: ‘അൽ ഹംദുലില്ലാഹ്. ഉമ്മാ, അല്ലാഹു നിങ്ങൾക്ക് അനുഗ്രഹം ചൊരിയട്ടെ.’

എന്തു പറയണമെന്നറിയാതെ യാസിർ(റ) മിഴിച്ച് നിന്നു. ആ വൃദ്ധമനസ്സ് കലുഷിതമായിരുന്നു.

അമ്മാറി(റ)ന്റെ ഇസ്‌ലാം സ്വീകരണ വാർത്ത ക്വുറൈശികൾക്കിടയിലെത്തി. അവർ രോഷംകൊണ്ടു. അബൂഹുദൈഫ മൂന്നുപേരെയും വിളിച്ചു ചോദ്യം ചെയ്തു. മുശ്‌രിക്കുകൾ ചുറ്റും കൂടി നിന്ന് ആക്രോശിച്ചു.

എന്തു പറയണമെന്നറിയാതെ പാവം വൃദ്ധനായ യാസിർ തരിച്ച് നിന്നു. അബൂഹുദൈഫയുടെ ശബ്ദമുയർന്നു: ‘ആരാണ് നിങ്ങൾക്ക് മക്കയിൽ അഭയം നൽകിയത്? മുഹമ്മദോ അതോ ഞാനോ?’

വിറയാർന്ന ശബ്ദത്തിൽ യാസിർ പറഞ്ഞു: ‘അങ്ങ് തന്നെ.’

‘പിന്നെന്തിന് എന്റെ അനുവാദമില്ലാതെ അമ്മാർ പുതിയ മതം സ്വീകരിച്ചു?’ അയാളുടെ ശബ്ദമുയരാൻ തുടങ്ങി.

‘അമ്മാർ ആർക്കും പ്രയാസമുണ്ടാക്കുന്നില്ലല്ലോ? പിന്നെന്തിന് ഞങ്ങളെ ഉപദ്രവിക്കണം?’ ആ വാക്കുകൾ മുശ്‌രിക്കുകളെ ദേഷ്യം പിടിപ്പിച്ചു.

‘നമ്മുടെ ദൈവങ്ങളെയെല്ലാം മുഹമ്മദ് തള്ളിപ്പറയുന്നു. എന്നിട്ട് ഒറ്റ ദൈവമാണെന്നവൻ പറയുന്നു. അത് എന്റെ അടിമ പിൻപറ്റുകയോ? പറ്റില്ല!’

ഇതുകൂടി കേട്ടപ്പോൾ യാ സിർ(റ) തിരിച്ചടിച്ചു: ‘മുഹമ്മദ് പറഞ്ഞതിലെന്താണ് തെറ്റ്? ഈ ലോകത്ത് മഴ നൽകുന്ന അല്ലാഹു മാത്രമെ ദൈവമായുള്ളൂ എന്ന് പറയുന്നത് തന്നെയാണ് ശരി.’

അബൂഹുദൈഫയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. യാസിറിന് നേരെ അക്രമണമാരംഭിച്ചു. മനസ്സുകൊണ്ട് യാസിറും മുസ്‌ലിമായിരുന്നു. പിന്നെ അവിടെ നടന്നത് കൂട്ട മർദനമാണ്. യാസിർകുടുംബത്തെ ഒന്നടങ്കം നശിപ്പിക്കാൻ അബൂഹുദൈഫ തിട്ടൂരം നൽകി. ക്രൂരമായ മർദ്ദനമുറകളാണ് പിന്നീട് നടന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ വേദനിക്കുന്ന ഒരേട്.

അബൂജഹ്ൽ വന്ന് സുമയ്യ(റ)യെ ക്രൂരമായി മർദിച്ചു. അവരുടെ മുൻദ്വാരത്തിലൂടെ കുന്തം കുത്തിയിറക്കി. ആ മഹാവ്യക്തിത്വം പിടഞ്ഞ് പിടഞ്ഞ് ഇസ്‌ലാമിന് വേണ്ടി ആദ്യത്തെ രക്തസാക്ഷിയായി. മകനും ഭർത്താവും നോക്കിനിൽക്കെ!

തുടർന്ന് തടയാൻ ചെന്ന യാസിറി(റ)നെയും അമ്മാറി(റ)നെയും ക്രൂരമായി മർദിച്ചു. വയറിനേറ്റ വെട്ട് കാരണം വൃദ്ധനായ ആ പിതാവും ഭാര്യയുടെ പുറകെ ഇസ്‌ലാമിന് വേണ്ടി ശഹീദായി. മാതാവും പിതാവും ക്രൂരമായി കൊല്ലപ്പെട്ട കാഴ്ച കണ്ട് മരവിച്ച് നിൽക്കുന്ന അമ്മാറി(റ)നോട് നബി തിരുമേനി ﷺ പറഞ്ഞു: ‘യാസിർ കുടുംബമേ ക്ഷമിക്കുക, സ്വർഗമുണ്ട് നിങ്ങൾക്ക്...’

ജീവഛവമായ അമ്മാർ(റ) ദീർഘകാലം ജീവിച്ചു. അലി(റ)യുടെ ഖിലാഫത്ത് കാലത്താണ് അദ്ദേഹം മരണപ്പെട്ടത്. ബദ്ർ ദിനത്തിൽ നബി ﷺ അമ്മാറി(റ)ന്റെ അടുക്കൽ ചെന്ന് പറഞ്ഞു:

‘അമ്മാർ, താങ്കളുടെ മാതാ വിനെ കൊന്നവനെ അല്ലാഹു കൊന്നു.’

അബൂജഹ്‌ലിന്റെ കൊലയെ പറ്റി നബി ﷺ തന്നെ നേരിട്ട് ചെന്ന് അറിയിക്കുകയായിരുന്നു. അമ്മാർ(റ) അനുഭവിച്ച ത്യാഗം നമുക്കെല്ലാം മാതൃകയാണ്.