റോമൻ പടയാളിയായ ജുർജയുടെ മനംമാറ്റത്തിന്റെ കഥ

നൂറുദ്ദീൻ സ്വലാഹി, വെട്ടത്തൂർ

2023 സെപ്തംബർ 30 , 1445 റ.അവ്വൽ 15

ഹിജ്‌റ വർഷം പതിമൂന്നിൽ രണ്ട് ലക്ഷത്തിലധികം വരുന്ന റോമൻ സൈന്യത്തോട് ഏറ്റുമുട്ടാൻ ഖാലിദ് ബിൻ വലീദി(റ)ന്റെ നേതൃത്വത്തിലുള്ള കൊച്ചുസംഘം വിശ്വാസത്തിന്റെ ശക്തികൊണ്ട് യർമൂക്കിന്റെ രണഭൂമിയിൽ തമ്പടിച്ചിരിക്കുകയാണ്.

പാരാവാരം പോലെ പരന്നുനിൽക്കുന്ന ബയ്‌സന്റിയൻ പടയാളികളിൽനിന്ന് ജൂർജ എന്ന പോരാളി ഖാലിദ് ബിൻ വലീദി(റ)ന്റെ അരികിലെത്തി  പറഞ്ഞു: ‘നിങ്ങളെന്നെ വിശ്വസിക്കണം. ഞാൻ നിങ്ങളോട് കളവുപറഞ്ഞ് ചിതിക്കാൻ വന്നതല്ല...’

അവർ സംസാരിച്ചു തുടങ്ങി. അദ്ദേഹം ചോദിച്ചു: ‘എനിക്കൊരു കാര്യമറിയണം, അല്ലാഹു നിങ്ങളുടെ പ്രവാചകന് ആകാശത്തുനിന്ന് ഒരു വാൾ ഇറക്കിക്കൊടുത്ത് അദ്ദേഹം അത് താങ്കൾക്ക് നൽകുകയും അതുമായി പോരാടുന്നവരെയൊക്കെ പരാജയപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കുകയും ചെയ്യുമോ?’

ഖാലിദ്(റ) പറഞ്ഞു: ‘ഇല്ല, അങ്ങനെയില്ല.’

ജുർജ: ‘പിന്നെ എങ്ങനെയാണ്

നിങ്ങൾക്ക് സൈഫുല്ലാഹ് (അല്ലാഹുവിന്റെ വാൾ) എന്ന നാമം ലഭിച്ചത്?’

ഖാലിദ്(റ): ‘അല്ലാഹു ഞങ്ങളിലേക്ക് പ്രവാചകനെ നിയോഗിച്ചു. അദ്ദേഹം ഞങ്ങളെയെല്ലാം ദീനിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. ഞങ്ങൾ നബിയെ കളവാക്കുകയും അകറ്റിനിർത്തുകയും ചെയ്തു. എന്നാൽ ചിലരാവട്ടെ  സത്യപ്പെടുത്തുകയും പിൻപറ്റുകയും ചെയ്തു. പക്ഷേ, അപ്പോഴൊക്കെ ഞാൻ ശക്തമായി അദ്ദേഹത്തിൽ അവിശ്വസിക്കുകയും അദ്ദേഹത്തിനെതിരിൽ പോരാടുകയുമായിരുന്നു. പിന്നീട് അല്ലാഹു എനിക്ക് ഹിദായത്തിന്റെ വെളിച്ചം നൽകി. അപ്പോൾ പ്രവാചകൻ ﷺ എന്നോട് പറഞ്ഞു: ‘നിങ്ങൾ അല്ലാഹുവിന്റെ വാളുകളിൽ പെട്ട ഒരു വാളാണ്.’ തുടർന്ന് എനിക്കുവേണ്ടി അദ്ദേഹം പ്രാർഥിച്ചു. അങ്ങനെയാണ് എനിക്ക് ഈ പേര് കിട്ടിയത്.

ജുർജ: ‘ഖാലിദ്! ഏത് ആദർശത്തിലേക്കാണ് പ്രവാചകൻ നിങ്ങളെ ക്ഷണിക്കുന്നത്?’

ഖാലിദ്(റ): ‘അല്ലാഹു അല്ലാതെ ആരാധനക്ക് അർഹനല്ലന്നും മുഹമ്മദ്ﷺ അവന്റെ ദൂതനാണെന്നും വിശ്വസിക്കുകയും അല്ലാഹുവിന്റെ കൽപനകൾ പൂർണമായും അനുസരിക്കുകയും ചെയ്യണം എന്നതിലേക്കാണ് പ്രവാചകൻ ഞങ്ങളെ ക്ഷണിക്കുന്നത്.’

ജുർജ: ‘ഖാലിദ്! ഇന്ന് ഇസ്‌ലാം ആശ്ലേഷിക്കുന്നവന് നിങ്ങൾക്ക് ലഭിക്കുന്നതു പോലുള്ള പ്രതിഫലം ലഭിക്കുമോ?’

ഖാലിദ്(റ): ‘അതെ, അതിലേറെ ലഭിക്കും!’

ജുർജ: ‘അതെങ്ങനെ ഖാലിദ്? നിങ്ങൾ ഒരുപാട് മുൻകടന്നുവരല്ലേ?’

ഖാലിദ്(റ): ‘ഞങ്ങൾ പ്രവാചകന്റെ കൂടെ ജീവിച്ച് അവിടത്തെ മുഅ്ജിസത്തുകളെ നേരിൽ കണ്ടും വഹ്‌യിനെ നേരിൽ അനുഭവിച്ചും അദ്ദേഹത്തിൽ വിശ്വസിച്ചവരാണ്. എന്നാൽ അതെല്ലാം കേട്ടറിഞ്ഞ് മാത്രം അതിൽ വിശ്വസിക്കുന്ന നിങ്ങൾ സദുദ്ദേശ്യത്തോടെയാണെങ്കിൽ എത്രയോ ഉത്തമരാണ്.’

ജുർജയുടെ മനസ്സിൽ പുതിയ വെളിച്ചം വീശിത്തുടങ്ങി. ധൃതിയിൽ അദ്ദേഹം ഖാലിദി(റ)നോട് പറഞ്ഞു: ‘ഖാലിദ്! നിങ്ങൾ എനിക്ക് ഇസ്‌ലാമിനെ അറിയിച്ചുതരൂ.’

ഖാലിദ്(റ) പറഞ്ഞു: ‘നിങ്ങൾ അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ് എന്നുരുവിട്ട് ഇസ്‌ലാമിലേക്ക് വന്നോളൂ.’

അദ്ദേഹം വേഗത്തിൽ അപ്രകാരം ചെയ്തു. സൈന്യങ്ങൾ സർവസജ്ജരായി നിൽക്കുന്ന രണഭൂമിയിലെ പോരാട്ടത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിലാണ് ഇതെല്ലാം സംഭവിക്കുന്നത്. ഇനി മറ്റൊന്നിനും സമയമില്ല. കിട്ടിയ വിശ്വാസത്തിന്റെ തെളിച്ചത്തിൽ അദ്ദേഹം രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിച്ചു. ശേഷം പോരാട്ട ഭൂമിയിലിറങ്ങി. യുദ്ധം കൊടുമ്പിരികൊണ്ടു. ആയിരങ്ങൾക്ക് മുമ്പിൽ ലക്ഷങ്ങൾ വരുന്ന  ബയ്‌സന്റിയൻ പട പരാജയപ്പെട്ടു. സിറിയൻ മണ്ണിൽനിന്ന് അവർ തുടച്ചുനീക്കപ്പെട്ടു

രക്തസാക്ഷികളായ മുസ്‌ലിം സൈനികരുടെ കൂട്ടത്തിൽ അന്ന് വിശ്വാസിസമൂഹം ജുർജയെയും കണ്ടു. അൽപം മുമ്പുവരെ അവിശ്വാസിയായിരുന്ന അദ്ദേഹത്തെ അവർ വിശ്വാസികളിലെ ശുഹദാക്കളുടെ കൂടെ മറവു ചെയ്തു. വിശ്വാസത്തിന്റെയും ശഹാദത്തിന്റെയും ഇടയിൽ അദ്ദേഹത്തിന് ലഭിച്ചത് രണ്ടു റക്അത്ത് നമസ്‌കരിക്കാനുള്ള സമയം മാത്രമായിരുന്നു...’’ (ഇബ്‌നുകസീർ-ബിദായ, താരീഖു ത്വബ് രി).

എത്രകാലം ജീവിച്ചു എന്നതല്ല, ജീവിതകാലത്തെ എങ്ങനെ ചെലവഴിച്ചു എന്നതും നമ്മുടെ അന്ത്യം എപ്രകാരമാവണമെന്നതുമാണ് ഈ ചരിത്രം നമുക്ക് നൽകുന്ന പാഠം. വിശ്വാസികളായി ജീവിച്ച് പിന്നീട് പാടെ അകന്നു പോയവരും തെറ്റുകളിലും തെമ്മാടിത്തരങ്ങളിലും ദൈവനിഷേധത്തിലും മുങ്ങിക്കുളിച്ച് എവിടെനിന്നോ ലഭിച്ച  ഒരു സ്പാർക്കിൽ ജീവിതം  പ്രശോഭിതമായ എത്രയോ ആളുകളും നമുക്കിടയിൽ ജീവിക്കുന്നുണ്ട്.

യൂസുഫ് നബി(അ)യുടെ പ്രാർഥന ക്വർആൻ വിവരിച്ചുതന്നത്  നമുക്കും പ്രവർത്തികമാക്കാൻ വേണ്ടിയാണ്. ‘...എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സൽവൃത്തരുടെ കൂടെ ചേർക്കുകയും ചെയ്യണമേ.’ അല്ലാഹു അനുഗ്രഹമായി നൽകിയ വിശ്വാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതിൽ നിലനിൽക്കാൻ വേണ്ടി സദാ പ്രാർഥിച്ചുകൊണ്ടിരിക്കാം.