വിശപ്പ്

ഉസ്മാന്‍ പി.എച്ച്

2020 നവംബര്‍ 14 1442 റബിഉല്‍ അവ്വല്‍ 27

ദൂരെ എവിടെയോനിന്ന് മഗ്‌രിബ് ബാങ്ക് മുഴങ്ങി. വൃദ്ധന്‍ പുറംവരാന്തയില്‍നിന്നും എഴുന്നേറ്റു. പക്ഷികള്‍ ചുവന്ന ചക്രവാളത്തിലേക്ക് കൂട്ടത്തോടെ പറക്കുന്ന ദൃശ്യത്തിനൊപ്പം ബാങ്കിന്റെ ശബ്ദം ഏറെ മനോഹരമായി തോന്നി. മീനച്ചൂടില്‍ പൊള്ളിയ മുറ്റത്തിന്റെ ചൂട് കുറഞ്ഞുവരുന്നു.

വൃദ്ധന്‍ പുറത്തിറങ്ങി. വുദൂഅ് ചെയ്യുമ്പോള്‍ പടികടന്നു വരുന്നത് മകനാണെന്ന് കാല്‍പ്പെരുമാറ്റത്തില്‍ നിന്നു തന്നെ അയാള്‍ക്ക് മനസ്സിലായി.

'ഉപ്പാക്ക് ഒരു കത്തുണ്ട്' മകന്‍ പറഞ്ഞു.

'കത്തോ? എനിക്കോ!' വുദൂഅ് പൂര്‍ത്തിയാക്കി തിരിഞ്ഞ വൃദ്ധന്‍ അത്ഭുതത്തോടെ ചോദിച്ചു.

തനിക്കാരു കത്തയക്കാന്‍! എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് കിട്ടിയതാണ് ഒരു കത്ത്. അത് നാട് വിട്ടുപോയ അനുജന്റെ മേല്‍വിലസമില്ലാത്ത കത്തായിരുന്നു. തനിക്ക് സുഖമില്ലെന്നും ഇനി തമ്മില്‍ കണ്ടേക്കില്ലെന്നും കത്തില്‍ അനുജന്‍ എഴുതിയതു വായിച്ച് അന്ന് ആ കത്ത് അയാളുടെ കയ്യിലിരുന്ന് വിറച്ചു. അനുജന്റെ കത്ത് അയാള്‍ കുറെനാള്‍ സൂക്ഷിച്ചുവച്ചു. അവനെ ഓര്‍ക്കുമ്പോഴൊക്കെ ആ കത്തെടുത്ത് അതിലേക്ക് നോക്കി ഇരിക്കുമായിരുന്നു. കാലപ്രവാഹത്തില്‍ അനുജനും അയാള്‍ അയച്ച കത്തും മറവിയില്‍ ആണ്ടുപോയി.

എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുന്ന ഈ സമയത്ത് വന്ന കത്ത് അവന്റെതായിരിക്കുമോ? പരിചയത്തിലുള്ള പല മുഖങ്ങളെയും പരതി. വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക് ഓര്‍ത്ത് നോക്കി. ഇല്ല, അങ്ങനെ ആരും തനിക്ക് കത്തയക്കാനില്ല.

വൃദ്ധന്‍ നമസ്‌കരിച്ചു കഴിഞ്ഞപ്പോള്‍ കത്തുമായി അരികില്‍ നില്‍ക്കുന്ന പേരക്കുട്ടിയെ കണ്ടു.

 ''ഇതാ ഉപ്പുപ്പാക്കുള്ള കത്ത്.''

അയാള്‍ക്ക് കുറച്ചു കാലമായി കണ്ണ് പിടിക്കാറില്ല. തിമിരത്തിന്റ ഓപ്പറേഷന്‍ രണ്ടു കണ്ണിനും ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞതാണ്. ചെയ്തിട്ടില്ല. ഈ വീടിന്റെ അകത്തും മുറ്റത്തും നടക്കാന്‍ ഈ കാഴ്ച മതി എന്ന് ഓപ്പറേഷനു നിര്‍ബന്ധിക്കുന്ന മകനോട് അയാള്‍ പറഞ്ഞൊഴിയും.  

''മോന്‍ അത് പൊട്ടിച്ച് വായിക്ക്'' അയാള്‍ പേരക്കുട്ടിയോടു പറഞ്ഞു.

''മോനേ ഇത് പോസ്റ്റ്മാന്‍ തന്നതാണോ'' എന്ന് അയാള്‍ അകത്തേക്ക് വിളിച്ചു ചോദിച്ചു.

''പോസ്റ്റലായി വന്നതല്ല. പള്ളിയില്‍വച്ച് നമ്മുടെ അന്ത്രുക്ക തന്നതാണ്'' എന്ന് മകന്‍ മറുപടി പറഞ്ഞു.

ഒരു ചെറുപ്പക്കാരന്‍ ഇന്ന് ഉച്ചക്ക് പള്ളിയിലെത്തി അന്ത്രുക്കയെ ഏല്‍പിച്ചതാണ്. ഉപ്പ പണ്ട് ചായക്കട നടത്തിയിരുന്ന സ്ഥലത്ത് അയാള്‍ അന്വേഷിച്ചു ചേന്നത്രെ. ആ പഴയ കെട്ടിടം പൊളിച്ച് അവിടെ പുതിയ കോംപ്ലക്‌സ് കെട്ടിടം വന്നല്ലോ. അവിടെ മെഡിക്കല്‍ സ്‌റ്റോര്‍ നടത്തുന്ന ബദറുവാണത്രെ അയാളെ പള്ളിയിലേക്ക് പറഞ്ഞുവിട്ടത്.

ഇതു കേട്ടപ്പോള്‍ അനേകം ചോദ്യങ്ങള്‍ വൃദ്ധന്റെ ഉള്ളിലുണ്ടായി. ചിന്തകള്‍ ആ പഴയ കച്ചവടസ്ഥലത്തേക്ക് അയാളെ കൂട്ടിക്കൊണ്ടു പോയി.

പേരക്കുട്ടി കവര്‍ പൊട്ടിക്കവെ കുറെ നോട്ടുകള്‍ അയാളുടെ മുന്നിലേക്ക് ചിതറി വീണു. അയാള്‍ക്ക്  ഒന്നും മനസ്സിലായില്ല. കുട്ടി എല്ലാം പെറുക്കിയെടുത്ത് എണ്ണി നോക്കി.

''ഇത് കുറെ രൂപയുണ്ടല്ലോ ഉപ്പുപ്പാ. ആരാപ്പൊ ഇങ്ങനെ കവറിലാക്കി പണം തരാന്‍?'' അവന്‍ ചോദിച്ചു.

വൃദ്ധന്റെ അതു കണ്ട് സ്തബ്ധനായി നില്‍ക്കുകയായിരുന്നു. കവറിലുണ്ടായിരുന്ന കടലാസ് നിവര്‍ത്തി കുട്ടി വായിക്കാന്‍ തുടങ്ങി.

പ്രിയപ്പെട്ട അബ്ദുക്കാ,

എന്റെ പേര് പറയുന്നതില്‍ അര്‍ഥമില്ല. ഞാന്‍ പണ്ട് നിങ്ങള്‍ ചായക്കട നടത്തിയിരുന്ന കവലക്കടുത്തുള്ള സ്‌കൂളില്‍ പഠിച്ചിരുന്നു. അനാഥാലയത്തില്‍നിന്ന് സ്‌കൂളിലേക്കുള്ള വഴിയില്‍ നിങ്ങളുടെ കടയിലെ ചില്ലുകൂട്ടില്‍ വെച്ച പലഹാരങ്ങള്‍ ഞാന്‍ എന്നും കൊതിയോടെ നോക്കി നില്‍ക്കുമായിരുന്നു. അനാഥാലയത്തില്‍നിന്നു കിട്ടുന്ന പാതിവയര്‍ മാത്രം നിറയുന്ന കഞ്ഞി സ്‌കൂളിലെത്തും മുമ്പ് ദഹിച്ചുപോകും. ഞാനന്ന് പത്താം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. എനിക്കാണെങ്കില്‍ എപ്പോഴും വിശപ്പായിരുന്നു. ഇന്നത്തെ പോലെയല്ല, അന്നൊക്കെ അനാഥശാലകളുടെ അവസ്ഥ വളര പരിതാപകരമായിരുന്നു. വിശപ്പ് ബാധിച്ചു വിളറിയ ഒരു ഇന്റര്‍വെല്‍ സമയത്താണ് ഒപ്പമുള്ള ഒരു സുഹൃത്ത് എന്നോട് ഒരു കാര്യം പറയുന്നത്.

'അബ്ദുക്കാന്റെ കടയില്‍ ഈ നേരത്ത് നല്ല തിരക്കാണ്. ഭക്ഷണം കൊടുക്കാനും മേശ തുടക്കാനും പാത്രം തിരിച്ചെടുക്കാനും പൈസ മേടിക്കാനും എല്ലാം കൂടി രണ്ടു പേര്‍ മാത്രം.