വിപ്ലവത്തിന്റെ കിനാവ്

ആശിക്ക് മുഹമ്മദ് ലബ്ബ, എരുമേലി

2020 ഫെബ്രുവരി 08 1441 ജുമാദല്‍ ആഖിറ 09

''വലിയ ക്യൂവായിരുന്നു ഐഷ. ഓരോരുത്തരുടെയും മുഖത്ത് വല്ലാത്തൊരു ഭീതിയും ഭയവും. ഓഫീസില്‍ നിന്ന് പലരും ഹൃദയം പൊട്ടിയാണ് ഇറങ്ങിവന്നത്. ചിലരുടെ മുഖത്ത് മാത്രം ഏതോ കഠിന പരീക്ഷ വിജയിച്ചത് പോലുള്ള ആനന്ദം. പക്ഷേ, ആ സന്തോഷവും അവര്‍ക്ക് അധികനേരം നീണ്ടു നില്‍ക്കുന്നില്ല. ഉറ്റവര്‍ ആരുടെയെങ്കിലും പേര് പട്ടികയിലില്ലെന്ന വാര്‍ത്ത അപ്പോള്‍ വന്നിട്ടുണ്ടാവും...''

''നമ്മുടെ കാര്യമെന്തായി?'' ഐഷ ഇടക്ക് കയറി ചോദിച്ചു.

''നമ്മള്‍ രണ്ടും പട്ടികയിലുണ്ട്. പക്ഷേ, നമ്മുടെ കുഞ്ഞുമകള്‍ കന്‍സയുടെ പേരില്ല.''

അയാള്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി. പെട്ടെന്ന് ഐഷക്ക് ഹൃദയം നിശ്ചലമാകുന്നത് പോലെ തോന്നി. അയാള്‍ അവളെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു. നിലാവില്‍ പൊതിഞ്ഞ് രണ്ടാളുമിരുന്നു.

അഷ്‌റഫ് ഹംസ. സൈക്കിള്‍ റിക്ഷ ചവിട്ടി ജീവിക്കുന്ന ഒരു പാവം മനുഷ്യന്‍. സദാ പുഞ്ചിരിക്കുന്ന മുഖം. ഇന്ന് ഏറെ വൈകിയാണയാള്‍ വീട്ടിലെത്തിയത്. മുഖത്ത് നഷ്ടമായ പുഞ്ചിരി ഭാര്യ ശ്രദ്ധിച്ചു കാണും. അതാണവള്‍ നിര്‍ത്താതെ ചോദിച്ചുകൊണ്ടേയിരുന്നത്.

''എങ്കിലും നമ്മുടെ മോളുടെ പേരെന്താ പട്ടികയിലില്ലാതെ പോയത്?'' നിശ്ശബ്ദതയെ കീറിമുറിച്ച് കൊണ്ട് വീണ്ടും ഐഷയുടെ ചോദ്യം.

അഷ്‌റഫ് ഐഷയുടെ കൈ പിടിച്ച് മെല്ലെ പറയാന്‍ തുടങ്ങി:

''കന്‍സാ അഷ്‌റഫ്. അതായത് അഷ്‌റഫിന്റെ നിധി. ഉപ്പുപ്പായല്ലേ നമ്മുടെ മകള്‍ക്കാ പേരിട്ടത്...? നമ്മളാ പേരിന്റെ ഭംഗി മാത്രമെ നോക്കിയിരുന്നുള്ളൂ... അക്ഷരങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല... മോള്‍ടെ ജനന സര്‍ട്ടിഫിക്കറ്റിലുള്ള എന്റെ പേരില്‍ അക്ഷരത്തെറ്റുണ്ടെന്ന കാര്യം. അതുകൊണ്ട്, ഞാന്‍ അവളുടെ ഉപ്പയാണെന്ന് എങ്ങനെ രേഖാമൂലം പറയാനാവുമെന്ന്...!''

അയാളുടെ കണ്ണുകള്‍ കണ്ണുനീര്‍ പൊടിച്ചു. പ്രിയപ്പെട്ടവന്റെ കണ്ണുനിറയുന്നത് കണ്ട്, ഐഷ മറ്റെന്തൊക്കെയോ പറയാന്‍ തുടങ്ങി:

''കന്‍സ കുറെ നേരം നിങ്ങളെ നോക്കിയിരുന്നു. കാത്തിരുന്ന് ക്ഷീണിച്ചാണ് കിടന്നുറങ്ങിയത്.''

''ഞാനങ്ങനെ ഉറങ്ങുമോ ഉമ്മാ...?'' കന്‍സയുടെ കിളിക്കൊഞ്ചല്‍.

അവള്‍ ഓടിവന്ന് അഷ്‌റഫിന്റെ തോളില്‍ ചാടിക്കയറി.

''ഉപ്പാന്റെ മോള് ഉറങ്ങിയില്ലാര്‍ന്നോ...?''

''ഇല്ലുപ്പാ.. ഉപ്പയെ കാത്ത് വെറുതെ കണ്ണടച്ച് കിടന്നതാണ്.''

അഷ്‌റഫ് വെറുതെയൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

''ഉപ്പാ... ഇന്നെന്റെ പരീക്ഷ പേപ്പര്‍ കിട്ടി. ഉപ്പയെ അതൊന്ന് കാണിക്കാന്‍ എത്ര നേരമായിട്ട് ഞാന്‍ നോക്കിയിരിക്കുവാണെന്നറിയുവോ...''അവള്‍ വര്‍ണക്കടലാസു കൊണ്ട് പൊതിഞ്ഞ പാഠപുസ്തകം അഷ്‌റഫിന്റെ കയ്യില്‍ വച്ചു കൊടുത്തു.

നല്ല മാര്‍ക്കുണ്ടാവും. പരീക്ഷക്ക് നല്ല മാര്‍ക്ക് കിട്ടുമ്പോഴൊക്കെ അവളിങ്ങനെയാണ്. പരീക്ഷാപേപ്പേര്‍ പുസ്തകത്തിനുള്ളിലാക്കി  കയ്യില്‍ തരും, ഒരു സമ്മാനപ്പൊതി പോലെ. പുസ്‌കത്തിനിടയില്‍ നിന്ന് പേപ്പറെടുത്ത് നോക്കണം. മാര്‍ക്കില്ലാത്ത ദിവസങ്ങളിലൊക്കെ പേപ്പര്‍ തന്നിട്ടൊരോട്ടമാണ്. വഴക്ക് കേള്‍ക്കാതിരിക്കാന്‍... മൂന്നാം ക്ലാസ്സുകാരിയുടെ കുസൃതി! മനസ്സിന് ഇടക്കെങ്കിലും കുറച്ച് സന്തോഷം തരുന്നത് ഇതൊക്കെയാണ്.

അഷ്‌റഫ് എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് അവളുടെ പുസ്തകം തുറന്നു.

ആദ്യപേജില്‍ കണ്ടത് പ്രതിജ്ഞയാണ്.

അയാള്‍ ഉറക്കെ, ആവേശത്തോടെ അത് വായിക്കാന്‍ തുടങ്ങി: ''ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്. ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു...''

''ഉപ്പാ.. എന്താ ഈ ചെയ്യുന്നേ? എന്റെ പേപ്പര്‍ നോക്കുന്നില്ലേ?'' കന്‍സ അത്ഭുതത്തോടെയാണത് ചോദിച്ചത്.

അഷ്‌റഫിന്, താന്‍ എന്താണ് ചെയ്യുന്നയതെന്ന് നിശ്ചയമുണ്ടായിരുന്നില്ല. പുറത്ത് എന്തൊക്കെയോ ശബ്ദം കേള്‍ക്കുന്നു. ഐഷ ജനല്‍പ്പാളി തുറന്നു. തെരുവില്‍ ഒരു സമുദ്രം രൂപപ്പെടുന്നത് പോലെ അവള്‍ക്ക് തോന്നി. സ്ത്രീകളടക്കം രോഷത്തോടെ ഇന്‍ക്വിലാബ് വിളിക്കുന്നു. മുദ്രവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ പ്രകമ്പനം കൊള്ളുന്നു.

''തെരുവിന് ജീവന്‍ വെച്ചിരിക്കുന്നു ഐഷാ...''

ഇപ്പോള്‍ അഷ്‌റഫിന് ഒരു പോരാളിയുടെ ശബ്ദം. അയാള്‍ ജനക്കൂട്ടത്തിനിടയിലേക്ക് കുതിച്ചു.

''എന്റെ കൂടെ കുറച്ചു നേരം കിടന്നിട്ട് പൊയ്ക്കൂടേ ഉപ്പാ...? ഉറക്കം വരാഞ്ഞിട്ടാണ്'' വാതില്‍പ്പടിയില്‍ നിന്ന് കന്‍സയുടെ നിഷ്‌കളങ്കമായ ചോദ്യം.

അയാളെന്തോ പറയാനൊരുങ്ങും മുന്നേ മനസ്സില്‍, ഷൗഖി അബിഷകറയുടെ കവിതയിലെ ചില വരികള്‍ ചിറകടിച്ചെത്തി:

''നമ്മള്‍ കാറ്റു പോലെയിറങ്ങുക

വിപ്ലവത്തിന്റെ കിനാവ്...

ഭൂമിയിലെ ഒഴിവുദിനങ്ങള്‍ ഒടുങ്ങിയിരിക്കുന്നു...''