തീവ്രവാദം

എ.എ.ഹമീദ്, കൊച്ചി

2020 ഫെബ്രുവരി 01 1441 ജുമാദല്‍ ആഖിറ 02
(മൂര്‍ച്ചയുള്ള തൂലികയുടെ ഉടമയായിരുന്നു എ.എ.ഹമീദ് കൊച്ചി. കെ.ഉമര്‍ മൗലവിയുടെ സന്തത സഹചാരിയായിരുന്ന അദ്ദേഹം സല്‍സബീലിന്റെ പേജുകളിലൂടെ ആദര്‍ശത്തിന്റെ രജതരേഖ ഉയര്‍ത്തിക്കാട്ടി. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അദ്ദേഹം എഴുതിയ 'തീവ്രവാദം' എന്ന ലേഖനം സമകാലിക സാഹചര്യത്തില്‍ പ്രസക്തമാണെന്നു തോന്നുന്നതിനാല്‍ പുനഃപ്രസിദ്ധീകരിക്കുകയാണ്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളോടും ചിന്തകളോടും വായനക്കാര്‍ക്ക് യോജിപ്പുണ്ടാകാം, വിയോജിപ്പുണ്ടാകാം).

'മതമൗലികവാദം' പോലെ ഏറെ പീഡനങ്ങളേറ്റ് അവശതയിലായ ഒരു പദപ്രയോഗമാണ് 'തീവ്രവാദം.' രാഷ്ട്രീയ ശത്രുവിന്നെതിരിലും സദ്ഗുണ സാമൂഹിക ചിന്തകളെ തകര്‍ക്കുന്നതിനും മര്‍ദിതന്റെ വിലാപങ്ങളെ വികൃതമാക്കാനും ഈ പദം ഉപയോഗിക്കപ്പെട്ടു. 'തീവ്രവാദം' ഇല്ലാതെ പത്രകോളങ്ങള്‍ സമ്പന്നമാകുകയില്ലെന്ന ധാരണ പരന്നു.

എന്താണ് 'തീവ്രവാദം?' തീക്ഷ്ണമായ, കടുപ്പമേറിയ, ഭയാനകമായ വാദഗതികളെയാണ് ഇത് കൊണ്ട് അര്‍ഥമാക്കുന്നത്. സാമാന്യമായി പറഞ്ഞാല്‍ അതിരുവിട്ടതും അപകടകരവുമായ ന്യായങ്ങള്‍. ആവര്‍ത്തനങ്ങളിലൂടെ ഇത് തീവ്രവാദമായിത്തീരും. കഴിവും സ്വാധീനവും സമന്വയിച്ചാല്‍ ഭീകര-ഭയാനകമായ രൂപാന്തരങ്ങളില്‍ കലാശിക്കുകയും ചെയ്യും. ആദര്‍ശവീഥിയിലും സാമൂഹിക തലത്തിലും വിദൂര ദോഷഫലങ്ങള്‍ സൃഷ്ടിച്ച് നൂറ്റാണ്ടുകള്‍ പിന്നിട്ടാലും മുറിവുകള്‍ ഉണങ്ങാത്ത ഭീകരത ഇതുമൂലം ഉളവാകുന്നു.

മതങ്ങള്‍ തീവ്രവാദത്തിന്റെ അറകളാണെന്ന് ഭൗതികന്മാര്‍ ആവലാതിപ്പെടുന്നു. മതത്തിന്റെ തണലില്‍ രൂപംകൊള്ളുന്ന വര്‍ഗീയതയാണ് ഇതിനു തെളിവ്. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സാഹചര്യങ്ങളില്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ക്കെതിരായി പല നാടുകളിലും ഉയര്‍ന്നുവന്ന 'ജിഹാദ്' ക്രമേണ ഗ്രൂപ്പുകളായി വേര്‍പിരിഞ്ഞും പോരടിച്ചും കൊന്നുതീര്‍ക്കുന്ന തീവ്രതയിലാണ് പരിണമിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ സമീപകാല ഉദാഹരണം തന്നെ.

മനുഷ്യചരിത്രം ആരംഭിക്കുന്നതു തന്നെ തീവ്രവാദത്തിലാണ്. ആദമിന്റെ ഒരു മകന്‍ സ്വസഹോദരനെ അന്യായമായി വധിച്ചു. മനുഷ്യര്‍ക്ക് നേര്‍വഴി കാണിക്കുവാന്‍ വന്ന സത്യസമ്പൂര്‍ണരും മിതവാദികളുമായ ദൈവദൂതന്മാര്‍ കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തു. യുഗങ്ങളൂടെ ചരിത്രം പരതിയാല്‍ ബഹുദൈവത്വവാദം പോലെ തീക്ഷ്ണമായ തീവ്രവാദം വേറെ ഇല്ലെന്നു തന്നെ പറയാം. അന്ധവിശ്വാസങ്ങളുടെ കലവറയും ദുരാചാരങ്ങളുടെ വിളഭൂമിയുമാണ് ബഹുദൈവവാദം.

സത്യം ഒന്നു മാത്രം. ലളിതവും ന്യായവുമാണത്. ലോകസ്രഷ്ടാവ് ഏകന്‍ മാത്രം. അതിനാല്‍ ദൈവമാകാന്‍(ആരാധ്യന്‍) അര്‍ഹനായത് അവന്‍ മാത്രം. സുന്ദര സമ്പൂര്‍ണമായ ഈ പരമസത്യത്തിലേക്ക് മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കുന്ന ദൗത്യവുമായിട്ടാണ് ദൈവദൂതന്മാര്‍ വന്നത്. നിസ്വാര്‍ഥരും സദ്ഗുണ സമ്പന്നരുമായിരുന്നു അവര്‍. പക്ഷേ, ചരിത്രത്തിലേറ്റവും ക്ലേശമനുഭവിച്ചവരും പീഡനങ്ങള്‍ക്കിരയായവരും അവര്‍ തന്നെ!

സത്യമതത്തില്‍നിന്നുള്ള വ്യതിചലനങ്ങളാണ് മതങ്ങളുടെ ആധിക്യത്തിന് ഹേതു. മതങ്ങളുടെ വര്‍ധനവുകള്‍ വര്‍ഗീയതക്ക് നിമിത്തമായി. വര്‍ഗീയത ഭയാനകമായ തീവ്രവാദമാണ്. വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും രാഷ്ട്രങ്ങളും തമ്മിലുണ്ടായ സംഘട്ടനങ്ങളുടെ ചരിത്രം ഇതിന് സാക്ഷിയാണ്.

പൗരോഹിത്യം വര്‍ഗീയതയുടെ പിതൃത്വം വഹിക്കുന്നു. മനുഷ്യകുലത്തിന്റെ നിത്യശാപവും തീവ്രവാദവുമാണ് പൗരോഹിത്യം. യുഗാന്തരങ്ങളിലൂടെ ഈ ശാപം മനുഷ്യനെ പിന്തുടരുന്നു. അഥവാ മനുഷ്യന്‍ അതിനെ പിന്തുടരുന്നു.

ഭരണാധിപന്മാര്‍ക്ക് ദിവ്യത്വത്തിന്റെ പരിവേഷം ചാര്‍ത്തിയത് പൗരോഹിത്യത്തിന്റെ കുത്സിതമായ കെണിയായിരുന്നു. ആ കെണിയില്‍ സമൂഹം കുടുങ്ങി. ഇരുവിഭാഗവും കൂട്ടുചേര്‍ന്ന് അന്ധവിശ്വാസികളായ ജനത്തെ അടിമകളാക്കി. ഈ അടിമത്തം മോക്ഷത്തിന്റെ മാര്‍ഗമായി ജനം ഏറ്റുവാങ്ങി. ഈ ദുഷ്ടമുന്നണിയുടെ പരിണാമം ചിലപ്പോഴെങ്കിലും ദുരന്തപൂര്‍ണമായ പാടുകള്‍ സൃഷ്ടിച്ചു. ഫ്രഞ്ച് വിപ്ലവം ഒരു രേഖയാണ്. പതിനായിരക്കണക്കിന് പുരോഹിതന്മാരെ ജനം ക്രൂരമായി കൊന്നൊടുക്കിയ ഒരു കാലം വേറെയുണ്ടാവില്ല. ചക്രവര്‍ത്തിയുടെയും രാജ്ഞിയുടെയും പുരോഹിതവര്‍ഗത്തിന്റെയും രക്തം ഫ്രാന്‍സിന്റെ തെരുവുകളില്‍ ചാലുകള്‍ സൃഷ്ടിച്ചു.

ഭയാനകമായ പാഠങ്ങള്‍, പൗരോഹിത്യ ബന്ധങ്ങളില്‍നിന്നും രാഷ്ട്രീയത്തെ മോചിപ്പിക്കുവാന്‍ ബുദ്ധിജീവികളെ നിര്‍ബന്ധിതരാക്കി. മതവും രാഷ്ട്രവും യൂറോപ്പില്‍ രണ്ടായി. രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ മതം ഇടപെടരുതെന്നുള്ളതീരുമാനത്താലാണ് ബ്രീട്ടീഷ് രാജത്വം അധികാരമില്ലാത്ത അലങ്കാരമായി ഭവിച്ചതും ചര്‍ച്ചും പാര്‍ലമെന്റും രണ്ടായി വേര്‍പിരിഞ്ഞതും.

പക്ഷേ, മറ്റൊരു തീവ്രവാദത്തിന്റെ തുടക്കം കുറിക്കലായിരുന്നു ഇത്. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്!' സാഹചര്യ തെളിവുകളുടെ പിന്‍ബലത്തില്‍ മാര്‍ക്‌സിസവും അതിന്നാധാരമായ വൈരുധ്യാധിഷ്ഠിത ഭൗതികവാദവും ഉയര്‍ന്നുവന്നു. രാജ-പൗരോഹിത്യം വളര്‍ത്തിയ തീവ്രതയുടെ ദുഷ്ഫലമായിരുന്നു ഇത്. വര്‍ഗസംഘട്ടനങ്ങളുടെ സാങ്കല്‍പിക പ്രമാണങ്ങളിലൂടെ 'ഉള്ളവനെ' ഉന്മൂലനം ചെയ്യാന്‍ 'ഇല്ലാത്തവനെ' ആവേശംകൊള്ളിച്ച വാദം. സാമ്പത്തിക ഉച്ചനീചത്വത്തില്‍നിന്നും സ്ഥിതിസമത്വത്തിലേക്ക് സമൂഹത്തെ പരിവര്‍ത്തിപ്പിക്കാമെന്ന വ്യാമോഹം! ലക്ഷങ്ങളെ നിഷ്‌കരുണം കൊന്നൊടുക്കി. കോടാനുകോടികള്‍ ത്യാഗപൂര്‍വം പണിയെടുത്തു. അഥവാ പണിയെടുപ്പിച്ചു. കേവല ഭൗതിക സുഖം മാത്രം പ്രചരിപ്പിച്ച നിരീശ്വരത്വം 'മരണശേഷം ശൂന്യത' എന്ന ദൈവനിഷേധം പ്രകടമാക്കി.

എല്ലാം തകര്‍ന്നു. പണിതുയര്‍ത്തിയ രാഷ്ട്രങ്ങള്‍ വീണുടഞ്ഞ ചഷകം പോലെ ചിന്നിച്ചിതറി. ദുന്‍യാവും ആഖിറവും നഷ്ടപ്പെട്ട യാഥാര്‍ഥ്യം അനുഭവിച്ചറിഞ്ഞ ജനത കാലം വൈകിയതോര്‍ത്ത് കണ്ണീര്‍ പൊഴിച്ചു. തകര്‍ന്നു ചിതറിയ ഭൂമിയിലെ 'സ്വര്‍ഗങ്ങള്‍' ഭയാനകമായ തീവ്രവാദത്തിന്റെ ചരമക്കുറിപ്പുകളാണ്.

ആര്യവര്‍ഗത്തിന്റെ ആധിപത്യമെന്ന വര്‍ഗീയതയില്‍നിന്നാണ് ഫാസിസം ഉല്‍ഭവിച്ചത്. 1930കളില്‍ ഈ തീവ്രവാദം യൂറോപ്പില്‍ വളര്‍ന്നു. പിന്നീട് ലോകാധിപത്യം എന്ന അത്യാഗ്രഹത്തിലേക്ക് അതുയര്‍ന്നു. ഇറ്റലിയില്‍ മുസോളിനിയും ജര്‍മനിയില്‍ ഹിറ്റ്‌ലറും ചേര്‍ന്നുണ്ടായ ഫാസിസ്റ്റ് മുന്നണി ലോകമാകെ നാശംവിതറി. ലക്ഷക്കണക്കിനു യഹൂദരെ അത് ഉന്മൂലനം ചെയ്തു. ചരിത്രത്തിന് മറക്കാനും തിരുത്താനും കഴിയാത്ത ഒരു ലോകമഹായുദ്ധം അതില്‍നിന്നുണ്ടായി. അനേകലക്ഷം നിരപരാധികള്‍ കൊല്ലപ്പെട്ടു. കോടാനുകോടി മനുഷ്യര്‍ ബഹുവിധ യാതനകള്‍ക്കിരയായി. ജപ്പാനിലെ വ്യവസായ നഗരങ്ങളായ ഹിരോഷിമയും നാഗസാക്കിയും ആറ്റംബോംബിന്റെ കൊടും നശീകരണത്തിനു വിധേയമായി. തലമുറകള്‍ മാറിനിന്നപ്പോഴും അണുബാധയുടെ തിക്തഫലങ്ങള്‍ മനുഷ്യര്‍ അവിടെ ഏറ്റുവാങ്ങുകയാണ്. ഫാസിസം എന്ന തീവ്രവാദം വരുത്തിയ വിന ഇനിയും എത്രകാലം ലോകം പേറേണ്ടിവരും!

ഫാസിസം വിവിധ നാമത്തിലും വര്‍ണത്തിലും ഇന്ത്യയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. മത വിശ്വാസത്തിന്റെ മറവില്‍ ആവിഷ്‌കരിച്ച വര്‍ണാശ്രമ വ്യവസ്ഥ ഫാസിസത്തിനു പുതിയ രൂപത്തില്‍ തണലേകുന്നു. ആര്യവര്‍ഗത്തിന്റെ സാമൂഹികാധിപത്യം രാഷ്ട്ര സംവിധാനത്തില്‍ സ്ഥിരപ്പെടുത്താന്‍ മെനഞ്ഞെടുത്ത ചാതുര്‍വര്‍ണ്യനിയമത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മനുഷ്യകോടികള്‍ തലമുറകളായി ഇതുമൂലം നരകയാതന അനുഭവിച്ചുവരികയാണ്.

ജന്തുമൃഗാദികള്‍ക്ക് വിഹരിക്കാന്‍ സ്വാതന്ത്ര്യമുള്ളേടത്തു പോലും മനുഷ്യന് പ്രവേശനം നിരോധിക്കപ്പെട്ട ആദര്‍ശ വൈകൃതമാണ് ചാതുര്‍വര്‍ണ്യം. ദൈവവിശ്വാസത്തിന്റെ പേരില്‍ കെട്ടിവെച്ച ഈ തീവ്രവാദം ആര്യന്‍മാരുടെ സ്വാര്‍ഥമോഹങ്ങളുടെ ജാരസന്തതിയാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ പടിപ്പുരയില്‍ ശാസ്ത്ര-സാങ്കേതിക വിജ്ഞാനത്തിന്റെ അഹന്തയുമായി ലോകം നില്‍ക്കുമ്പോഴും ഇന്ത്യയിലെ വര്‍ഗങ്ങള്‍ സവര്‍ണ ഫാസിസത്തിന്റെ ദ്രംഷ്ടകളില്‍നിന്നും മോചനത്തിനായി കേഴുന്നു.

നൂറ്റാണ്ടുകള്‍ അടിച്ചമര്‍ത്തപ്പെട്ട വര്‍ഗങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പുവരുത്താന്‍ നടപ്പാക്കിയ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ തങ്ങളുടെ ആധിപത്യ പാരമ്പര്യത്തിന് കടുത്ത ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ ഫാസിസ്റ്റുകള്‍ അത് നടപ്പിലാക്കിയ ധീരനായ ഭരണാധിപനെ തട്ടിവീഴ്ത്തി മൂലയിലൊതുക്കിയിട്ടും അടങ്ങിയില്ല. വിവിധ വേഷങ്ങളണിഞ്ഞ് ഫാസിസം ഭാരതഭൂമിയുടെ പൂര്‍വകാല അവസ്ഥ വീണ്ടെടുക്കാന്‍ ശ്രമം തുടരുന്നു. ആര്‍.എസ്.എസ് എന്ന തീവ്രവാദ പ്രസ്ഥാനത്തിന്റെ ആഗ്രഹ സഫലീകരണത്തിന്നു വെമ്പുന്ന ഘടകങ്ങള്‍ ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഉദ്യോഗ മണ്ഡലങ്ങളിലും സുരക്ഷാസംവിധാനങ്ങളിലും ചേക്കേറിയിട്ടുണ്ട്.

ആര്‍.എസ്.എസിന്റെ ജനയിതാവ് ഡോ.ഹെഗ്‌ഡെവാര്‍ ഉയര്‍ത്തിവിട്ട വര്‍ഗീയ വികാരം പരസ്യമായി ചുമലിലേറ്റിയ ജനസംഘം ഇപ്പോള്‍ ഭാരതീയ ജനതാ പാര്‍ട്ടിയെന്ന പേരില്‍ രൂപാന്തരപ്പെട്ടു. മറാഠി വര്‍ഗീയത ഇളക്കിയുയര്‍ത്തി ഫാസിസത്തിന്റെ ഭീകരരൂപം പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു സംഘമാണ് ബല്‍താക്കറെയുടെ ശിവസേന. ബി.ജെ.പി, ശിവസേനാ അവിശുദ്ധബന്ധം 'ഗെയ്റ്റ് വേ ഓഫ് ഇന്ത്യ'യുടെ ആസ്ഥാനം അടക്കി വാഴുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുളള ബാബരി മസ്ജിദ് അധികാരിവര്‍ഗത്തിന്റെ പിന്തുണയോടെ തല്ലിത്തകര്‍ക്കാനും നാടൊട്ടുക്കും മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാനും അവരുടെ സമ്പത്തുക്കള്‍ നശിപ്പിക്കാനും ഫാസിസ്റ്റുകള്‍ക്ക് ഒരു പ്രയാസവും നേരിടേണ്ടിവന്നില്ല. ഈ ഭീകരതക്ക് തണല്‍ നല്‍കിയ ഭരണാധിപന്മാര്‍ മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞു ഡോ.ഹെഗ്‌ഡെവാറിന്റെ സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ പ്രയാണമാരംഭിച്ചുകഴിഞ്ഞു.

'പരമപൂജനീയ ഹെഗ്‌ഡെവാര്‍' (പ്രസാധകന്‍ പി.എം.കെ. രാജ, കോഴിക്കോട്, 1958) എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ''ഹിന്ദുത്വം മാത്രമാണ് ഭാരതത്തിലെ യഥാര്‍ഥ രാഷ്ട്രീയതത്ത്വം എന്ന സിദ്ധാന്തം അദ്ദേഹത്തിന്റെ ചിന്താഗതിയില്‍ സ്ഥാനം നേടിയിരുന്നു..... ഓരോ ഹിന്ദുവിന്റെയും ഹൃദയത്തില്‍ മഹത്തായ ഹിന്ദുരാഷ്ട്രത്തിന്റെ ഘടകമാണ് ഞാന്‍ എന്ന ഭാവന ഉണര്‍ത്തണം എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം'' (പേജ് 17).

ഈ ഭാവന ഉണര്‍ത്തുകയാണ് ബി.ജെ.പിയും ശിവസേനയും. ഈ അഭിലാഷം സാക്ഷാത്കരിക്കുകയാണ് ഭരണമണ്ഡലങ്ങളില്‍ ചേക്കേറിയ കപടഗാന്ധിയന്മാര്‍. മസ്ജിദ് തകര്‍ത്ത് പകരം രാമക്ഷേത്രം കെട്ടിയുയര്‍ത്തി ഹെഗ്‌ഡെവാറിന്റെ ഭാവനയ്ക്ക് യാഥാര്‍ഥ്യത്തിന്റെ ചിറകുകള്‍ നല്‍കിക്കഴിഞ്ഞു. ഹിന്ദുക്കളായ പട്ടാളക്കാരെ തെരഞ്ഞെടുത്ത് 'രാമസ്ഥാന്‍' സംരക്ഷിച്ചുവരുന്ന ഭരണകൂടത്തിന്മേല്‍ ഹെഗ്‌ഡെവാറിന്റെ 'പ്രേതം' ആവാഹിച്ചുകഴിഞ്ഞു. തീവ്രവാദത്തിന്റെ തീനാമ്പുകള്‍ മതേതര ഭാരതത്തിന്റെ അവയവങ്ങളെ വേവിച്ചുകൊണ്ടിരിക്കുന്നു. 'വിശാലഹിന്ദു ഐക്യം' ഒരു മധുരം കലക്കിയ വിഷശബ്ദമാണ്. അധഃസ്ഥിത വര്‍ഗത്തെ തലോടിയും ആലിംഗനം ചെയ്തും വിനഷ്ടമായ സര്‍വാധിപത്യത്തിന്റെ സംസ്ഥാപനത്തിനു വേണ്ടി ഫാസിസം പുതിയ വേഷങ്ങള്‍ അണിയുന്നു. ഫാസിസം ഉഗ്രവിഷം പേറുന്ന തീവ്രവാദം തന്നെ!

ഭൂമിയില്‍ മനുഷ്യന്‍ ജീവിതം ആരംഭിച്ചതു മുതല്‍ ഇസ്‌ലാം അവനോടൊത്തുണ്ട്. അവിവേകികളായ മനുഷ്യര്‍ അതിര്‍വരമ്പുകള്‍ ഭേദിക്കുമ്പോഴൊക്കെയും ദൈവദൂതന്മാര്‍ അവരെ ചൊവ്വായ പാതയിലേക്ക് ക്ഷണിച്ചു. ആ പാതയാണ് ഇസ്‌ലാം. അതിലൂടെ നടന്നുപോയവര്‍ക്ക് വിജയം. അതിര്‍വിട്ടവര്‍ക്ക് നാശവും. സുഖങ്ങള്‍ ആസ്വദിക്കാം. അതിര്‍കവിയരുത്. ക്ലേശങ്ങളില്‍ സഹനം പാലിക്കണം. ക്ഷമകേട് കാണിച്ച് അവിടെയും അതിരു വിടരുത്. തീവ്രത വെടിഞ്ഞു മധ്യമനില അവലംബിക്കണം. അധികാരത്തിലായാലും അധീനതയിലായാലും മധ്യമ സമുദായമാകുക. ക്വുര്‍ആന്‍ പറഞ്ഞു: ''നിങ്ങളെ നാം ഒരു മധ്യമ സമുദായമാക്കിയിരിക്കുന്നു'' (2:143). ''മതവിഷയങ്ങളില്‍ അതിര്‍ കവിയരുത്'' (4:171).

പ്രവാചക ശൃംഖല മുഹമ്മദ് നബി ﷺ യില്‍ അവസാനിച്ചു. പക്ഷേ, നബിചര്യ സമഗ്രമായി രേഖപ്പെട്ടിരിക്കുന്നു. സര്‍വത്ര സമഗ്രതയില്‍ സ്ഥിരപ്പെട്ട മറ്റൊരു മനുഷ്യന്റെയും ചരിത്രം ലോകത്ത് വേറെയില്ല. പ്രാചീനരോ ആധുനികരോ ഇങ്ങനെ സ്മരിക്കപ്പെടുന്നില്ല. അപ്പോള്‍ ഇനിയൊരു പ്രവാചകന്റെ ആവശ്യം ഉദിക്കുന്നില്ല. വിശുദ്ധ ക്വുര്‍ആന്‍ തനിമ നഷ്ടപ്പെടാതെ സുരക്ഷിതമാണ്. സര്‍വത്ര വിപ്ലവങ്ങളും തിരുത്തല്‍വാദങ്ങളും ക്വുര്‍ആന്‍ അതിജീവിച്ചു. കയ്യെഴുത്തിലൂടെ, അച്ചടിയിലൂടെ, മനുഷ്യഹൃദയങ്ങളിലൂടെ അത് ഭദ്രമാണ്. ലോകചരിത്രത്തില്‍ ഇങ്ങെന നിലനില്‍ക്കുന്ന മറ്റൊരു ഗ്രന്ഥമില്ല. അപ്പോള്‍ ഇനിയൊരു ഗ്രന്ഥത്തിന്റെ ആവശ്യമെന്ത്?

പക്ഷേ, സ്വാര്‍ഥത മനുഷ്യന്റെ കൂടപ്പിറപ്പാണല്ലോ! പിശാച് അവര്‍ക്ക് വഴിയൊരുക്കും. പുതിയ വാദങ്ങള്‍ ഉയര്‍ന്നു. രാഷ്ട്രീയ സ്വാര്‍ഥതയില്‍നിന്നാണ് മതരംഗത്ത് കുഴപ്പമാരംഭിച്ചത്. പല ന്യായവാദങ്ങളും തീവ്രവാദങ്ങളായി പരിണമിച്ചു.

ഇതില്‍ ഏറ്റവും ഗുരുതരമായിരുന്നു 'ശിയാഇസം'. പ്രവാചക വിയോഗത്തിനു ശേഷം മുസ്‌ലിംകള്‍ കൂടിയാലോചിച്ച് പുതിയ നേതാവിനെ നിയോഗിച്ചു. അബൂബക്കര്‍(റ) മതനേതാവും ഭരണാധിപനുമായി. ഇസ്‌ലാമിന്റെ ബദ്ധവൈരികളായ യഹൂദികള്‍ക്ക് ഈ ഐക്യദാര്‍ഢ്യം അസഹ്യമായി. അബ്ദുല്ലാഹിബ്‌നു സബഅ് എന്ന ജൂതന്‍ മുസ്‌ലിം വേഷത്തില്‍ കടന്നുകൂടി പ്രവാചകന്റെ പേരില്‍ നുണ പ്രചരിപ്പിച്ചു.

''എല്ലാ നബിമാര്‍ക്കും അനന്തരാവകാശികളുണ്ട്. എന്റെ പിന്‍ഗാമി അലിയ്യ് ആകുന്നു''- ഇങ്ങനെ നബി ﷺ യുടെ പേരില്‍ വ്യാജവാക്കുകള്‍ ഇയാള്‍ പ്രചരിപ്പിച്ചു. പ്രവാചക കുടുംബത്തോടുള്ള സമൂഹത്തിന്റെ അദമ്യമായ സ്‌നേഹം വിദഗ്ധമായി ചൂഷണം ചെയ്യപ്പെട്ടു. ചുണ്ടുകളിലും കാതുകളിലുമായി ഈ കളവ് പരന്നു. ശുദ്ധാത്മാക്കളായ കുറെ പേര്‍ ചതിയില്‍ വീണു. അതിര്‍വിട്ട വാദം ക്രമേണ ഒരു പ്രസ്ഥാനമായി വളര്‍ന്നു. അസഹ്യമായ തീവ്രവാദമായി പരിണമിച്ചു. മൂന്നാം ഖലീഫ ഉസ്മാന്‍(റ)വിന്റെ ക്രൂരമായ വധത്തോടെ ഈ തീവ്രവാദത്തിന്റെ ഭീകരരൂപം വെളിപ്പെട്ടു. തുടര്‍ന്ന് അലി(റ) ഏറ്റെടുത്ത നേതൃത്വം അംഗീകരിക്കാന്‍ ഒരു വിഭാഗം തയ്യാറായില്ല. അങ്ങനെ മുആവിയയും ഭരണാധിപനായി. ഇതോടെ ഇസ്‌ലാമിക സമൂഹത്തിന്റെ നേതൃത്വം രണ്ടായി. പിന്നീട് ഒരിക്കലും അത് 'ഒന്നി'ലേക്ക് തിരിച്ചുവന്നിട്ടില്ല.

തീവ്രവാദം എത്ര ഭീകരമാണ്! ശാഖോപശാഖകളായി അത് വളര്‍ന്നു. അലി(റ)വിനോടുള്ള സ്‌നേഹാദരവുകള്‍ വഴിതെറ്റി നേതൃത്വം, പ്രവാചകത്വം, ദിവ്യത്വം... ഇങ്ങനെ അപഥസഞ്ചാരത്തിലൂടെ നീങ്ങി. ഒടുവില്‍ അലി(റ)വിനെ അവതാരമായി വാഴ്ത്തുന്ന ഭയങ്കരമായ ശിര്‍ക്കിലും കുഫ്‌റിലും അതകപ്പെട്ടു. 'ശീഅത്തു അലി' (അലി കക്ഷി) ഓരോ വാദമുഖങ്ങളുമായി ഭിന്നിച്ചു. പല അവാന്തര വിഭാഗങ്ങളായി. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഖലീഫമാരും പ്രവാചന്റെ മഹിത ശിഷ്യന്‍മാരുമായ അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരുടെ മേല്‍ ശാപവാക്കകള്‍ ചൊരിയുന്നത് ശിയാക്കളുടെ മതചടങ്ങായി ഭവിച്ചു. വീരാരാധനയില്‍നിന്നുത്ഭവിച്ച അതിര്‍ലംഘനം തിരിച്ചുവരാന്‍ കഴിയാത്തത്ര വിദൂരതയിലേക്ക് അതിശീഘ്രം പാഞ്ഞുപോയി. തീവ്രവാദം അതിഭീകരവും ആദ്യന്തം അപകടകരവുമാണ.് (അപൂര്‍ണം).