റിലീഫ് കിറ്റ്

വി.ടി അബ്ദുസ്സലാം

2020 മെയ് 16 1441 റമദാന്‍ 23

ലോക്ക്ഡൗണ്‍ കാലത്തെ ഈ ജനലും ചാരിയുള്ള ഇരുത്തവും കിടത്തവുമൊക്കെ എത്ര നാളിങ്ങനെ നീണ്ടുപോകുമാവോ?

ഈ മാസവും തീരാനായി. കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ കാര്യം എന്താണെന്ന് ഒരു നിശ്ചയവും ഇല്ല. കയ്യിലുള്ള കാശും തീര്‍ന്നു തുടങ്ങി. ചിന്തകള്‍ അലഞ്ഞു നടക്കുന്നു.

'കുറിപ്പൈസ ചോയ്ച്ച് താത്ത വന്നീര്ന്നു.'

'ഉം. ന്നിട്ട് യ്യെന്താ പറഞ്ഞെ?'

'ന്ത് പറയാന്‍! ശമ്പളം കിട്ടീല്ലാന്ന് പറഞ്ഞു.'

അതും പറഞ്ഞ് അവള്‍ കട്ടിലിന്റെ അരികില്‍ വന്നിരുന്നു.

'ഈ കൊറോണ കാലത്ത് പ്പൊ എങ്ങനാ കുറിപ്പൈസ കൊടുക്ക്ണത്? സാധനം വാങ്ങാന്‍ തന്നെ പൈസല്ല...' അയാള്‍ ആത്മഗതം ചെയ്തു

അവള്‍ എന്തോ പറയാന്‍ ഭാവിച്ചുവെന്ന് തോന്നി.

വാങ്ങിവച്ച സാധനങ്ങളൊക്കെ കഴിഞ്ഞുതുടങ്ങി എന്ന് സൂചന തന്നിട്ട് രണ്ട് ദിവസമായി, അതായിരിക്കും.

'ഉം.. ന്തേ നീ പറയാന്‍ നിന്നേ?' അയാള്‍ ചോദിച്ചു.

'പിന്നെയ്... നാളെ നോമ്പല്ലേ...? അടിക്കലും തെളിക്കലും ഒക്കെ തീര്‍ത്തു. ന്താ കാട്ട്‌ണേ...? സാധനങ്ങളൊന്നുംല്ല്യ. ആകെക്കൂട്യാല്‍ രണ്ടീസത്തിനുണ്ടാവും. ഗ്യാസും പ്പം കഴിയുംന്നാ തോന്ന്‌ണേ...!'

വിളിച്ചു പറയണങ്കില്‍ പൈസ വേണ്ടേ...? ആരോടേലും ചോദിച്ചാല്‍ കുറച്ച് പൈസ കിട്ടോ ആവോ?' അയാള്‍ അല്‍പ നേരം ഒന്നും പറഞ്ഞില്ല.

ആര് തരാന്‍? ജനല്‍ തിണ്ണയില്‍ ചായ കുടിച്ചുവച്ച ഗ്ലാസ്സില്‍ ചോണനുറുമ്പ് രസം കൊള്ളുകയാണ്.

'ല്ലാട്ത്തും ഉറുമ്പാ'ന്ന് പറഞ്ഞ് അവള്‍ ഗ്ലാസ്സെടുത്ത് കൊണ്ട് പോയി.

ചിന്തകള്‍ വീണ്ടും കാടുകയറി. ജാലകം വഴി പോക്കുവെയില്‍ അകത്തേക്ക് വന്നു. പുറത്ത് ഇലച്ചാര്‍ത്തുലച്ച് ചെറുകാറ്റ് വീശുന്നുണ്ട്.

കണ്ടുമടുത്ത ജാലകക്കാഴ്ചകളിലേക്ക് അയാള്‍ വീണ്ടും വെറുതെനോക്കി നിന്നു. വരാനുള്ള വസന്തത്തിന്റെ വല്ല ഇടിമുഴക്കങ്ങളും കേള്‍ക്കുന്നുണ്ടോ?

'പിന്നെയ്...'

അയാള്‍ തിരിഞ്ഞു നോക്കി.

'കഴിഞ്ഞ നോമ്പിനല്ലേ നമ്മക്ക് റിലീഫിന്റെ അരി കൊണ്ടന്ന് തന്നത്. ഓര്‍മണ്ടോ?'

'ഉം... അന്ന് നമുക്കത് വേണ്ടായിരുന്നു. പാവങ്ങള്‍ക്കുള്ളതല്ലേന്ന് നീ പരിഭവം പറഞ്ഞിരുന്നില്ലേ...?

'ശര്യാ.'

'ഇത്തവണ നമ്മക്ക് കിറ്റ് കിട്ടോ ആവോ?' എന്തോ മറന്നെടുത്ത പോലെ അയാള്‍ പറഞ്ഞു.

ഫോണ്‍ സൈലന്റായിരുന്നു. വൈബ്രേഷന്‍ മൂളുന്ന ശബ്ദം കേട്ടാണ് ഫോണെടുത്തത്

'ഹലോ... അതെ! ഉം, ഞാന്‍ നോക്കട്ടെ...പുതിയതായി ആരും ന്റെ അറിവിലിപ്പോഴില്ല. ഓകെ.'

'ആരാ വിളിച്ചേ?'അവള്‍ അടുക്കളയില്‍ നിന്നും ധൃതിയില്‍ വന്നു.

'റിലീഫ് കമ്മിറ്റിയിലെ സമദാണ്. നമ്മുടെ ഏരിയയില്‍ പാവപ്പെട്ടവരുടെ പുതിയ കണക്കിനാണ്. പുതിയതായി ആരെയെങ്കിലും ചേര്‍ക്കാനുണ്ടോന്ന്...'

അവള്‍ ഒന്നും മറുപടി പറഞ്ഞില്ല. മേശവലിപ്പിലെ ചില്ലറകളൊക്കെ എണ്ണി നോക്കുമ്പോഴാണ് പഴയ ഒരു പോക്കറ്റ് ബുക്കില്‍ വെച്ച ഒരഞ്ഞൂറ് രൂപ അയാള്‍ ഓര്‍മിച്ചത്.

'അതെടുത്താണ് ന്നലെ പാലും പൈസ കൊടുത്തത്.'

'ഓ... സമാധാനമായി. ഞാനതു പോയെന്ന് കരുതി. അതെങ്കിലും നടക്കട്ടെ' അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

മുറ്റത്ത് വണ്ടിയുടെ ശബ്ദം കേട്ടു.

'സമദായാരിക്കും' അയാള്‍ പറഞ്ഞു.

അവള്‍ വാതില്‍ തുറന്നു. ഒരു ആപെ ഗുഡ്‌സ് നിറയെ സാധനങ്ങളുണ്ട്. അവന്‍ ഒരു കിറ്റ് എടുത്ത് തിണ്ണയില്‍ വെച്ചു.

'ഇത് പോക്കര്‍ക്കാക്കുള്ളതാണ്. നീ പിന്നെ കൊടുത്താല്‍ മതി. പ്പോ നീ വാ, നമുക്കിത് കൊടുത്തു തീര്‍ക്കണ്ടേ? വണ്ടിയില്‍ കയറ്' സമദ് പറഞ്ഞു.

അയാള്‍ ഷര്‍ട്ടു മാറ്റി വന്നു. അര്‍ഹരെയും തേടി കൂടെപ്പോയി...

'ശമ്പളക്കാര്‍ക്കൊന്നും കിറ്റ് കൊടുക്കണ്ടെന്നാണ് തീരുമാനം' സമദ് പറഞ്ഞു.

'അതു ശരി!' അയാള്‍ പിന്നെ ഒന്നും പറഞ്ഞില്ല.

തിരികെ വരുമ്പോള്‍ കിറ്റ് തിണ്ണയില്‍ തന്നെയുണ്ട്. കിറ്റ് ചുമലില്‍വച്ച് അയാള്‍ പോക്കര്‍ക്കയുടെ വീട്ടിലേക്ക് നടന്നു. നിറഞ്ഞ ചിരിയുമായി പോക്കര്‍ക്ക പുറത്തേക്ക് വന്നു.

'റിലീഫിന്റെ കിറ്റാണ്.'

'ഉം...ജമീലാ...'പോക്കര്‍ക്ക ഭാര്യയെ വിളിച്ചു.

'ഈ കാലത്ത് കേറി ഇരിക്കാനൊന്നും പറയണ്ടല്ലോ' പോക്കര്‍ക്ക പറഞ്ഞു.

'അതെ!' അയാള്‍ പുഞ്ചിരിച്ചു.

'കൊറോണക്കാലായോണ്ട് അന്നത്തിനിഞ്ഞാര്‍ക്കും മുട്ട് വരില്ല. എല്ലാരെ വകീണ്ട്. ഇതിപ്പം നിക്ക് അഞ്ചാമത്തെ കിറ്റാണ്.നോമ്പും പെരുന്നാളും ഒക്കെ കഴിഞ്ഞാലും ബാക്കിണ്ടാവും.'

'പോരാത്തേയ്‌ന് റേഷന്‍ പീടീന്നും ണ്ടല്ലോ!'

'റേഷന്‍ പീടിലെ അരേ്യാണ്ട് ചോറ് വെച്ചാല്‍ ഒരു കൊണം പോരാ.'

'എന്നാ ഞാന്‍ പോട്ടെ.'

'ശരി.'

'ആ റേഷനരി ഞ്ഞ്യാര്‍ക്കേലും മാണാവോ? ബടെ ബെര്‍തെ കെടന്നിട്ടെന്താ...'

തിരികെ നടക്കുമ്പോള്‍ ജമീലാത്തയുടെ വാക്കുകള്‍ അയാളുടെ ചെവിയില്‍ വട്ടം പിടിച്ചു നിന്നു. അപ്പോഴാണ് റേഷന്‍ കാര്‍ഡിന്റെ കാര്യം ഓര്‍മയില്‍ വന്നത്.

നടക്കുമ്പോള്‍ കാല് കല്ലില്‍ കുത്തി ചെറുതായി ചോരപൊടിഞ്ഞോ എന്നൊരു സംശയം.

പുതിയ കാര്‍ഡ് കിട്ടാന്‍ അപേക്ഷയുമായി അവള്‍ കുറെ നടന്നതാ. ഒടുവില്‍ കിട്ടിയതോ വിഐപി വെള്ളക്കാര്‍ഡ്! പിന്നെ അത് മാറ്റാനുളള പാച്ചില്‍. നീലയെങ്കിലും ആക്കിക്കിട്ടാന്‍. അപേക്ഷയൊക്കെ മേശപ്പുറത്തുണ്ടാവും.

എതായും ഉള്ള കാര്‍ഡിന് കിട്ടിയ അല്‍പം അരിയുള്ളോണ്ട്...

വീട്ടിലെത്തിയപ്പോള്‍ അടുക്കളയില്‍ പാത്രങ്ങള്‍ തട്ടിയുരസുന്ന ശബ്ദം കേള്‍ക്കുന്നുണ്ട് അയാള്‍. ചുമരുചാരിയിട്ട ഒരു കസേരയില്‍ ചെന്നിരുന്നു. നേരിയ കിതപ്പുണ്ട്.

'വന്ന് കഞ്ഞി കുടിച്ചോൡ' ഭാര്യയുടെ സ്വരം.

അവള്‍ ഒരു പിഞ്ഞാണത്തില്‍ കഞ്ഞി വിളമ്പി വച്ചിട്ടുണ്ട് അത് വലിയ രുചിയോടെ കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അയാള്‍ പട്ടിണിയെയും പട്ടിണിക്കാരെയും കുറിച്ചോര്‍ത്തു.

ഇതൊന്നും ഓര്‍മിക്കാന്‍ നേരമില്ലാത്ത, രുചി പരീക്ഷണങ്ങളുടെ പഴയ നാളുകള്‍ മനസ്സില്‍ തികട്ടിവന്നു. കൂട്ടുകാരോടൊപ്പം മാറിമാറിക്കയറിയ ഹോട്ടലുകള്‍... സ്‌പെഷ്യല്‍ തട്ടുകടകള്‍... ഷവര്‍മ, ഷവായ, തന്തൂരി, കുഴിമന്തി... മണവും രുചിയും വറ്റാത്ത നാളുകള്‍!

'നമ്മക്ക് കൊറച്ച് പൈസ കര്തി വെച്ചാല്‍ മത്യാര്ന്നു' അവള്‍ പറഞ്ഞു.

'അതിനല്ലേ കുറിയില്‍ കൂടിയത്?'

ഇനിപ്പോ കുറിയുടെ കാരെ്യാക്കെ ന്താണാവോ? അയാള്‍ സ്വയം പറഞ്ഞു.

'അല്ലെങ്കിലും നമ്മള്‍ അന്നാന്നത്തേക്കുള്ളത് നോക്കിവച്ചാ മതിന്നാ ന്റെ ഒരു ഇത്...പക്ഷികളൊക്കെ ജീവിക്കുന്നത് കണ്ടില്ലേ...?'

'അയ്‌ന് പക്ഷികള്‍ക്ക് ലോക്ഡൗണ്‍ ഒന്നും ല്ലല്ലോ! എവിടേം പൊകാലോ' അവള്‍ പ്രതികരിച്ചു.

'ടെറസിന്റെ മുകളില്‍ കുറച്ച് പച്ചക്കറി നടാമെന്ന് കരുതീട്ട് എത്ര ദിവസായി. ഇത് വരെ നടന്നില്ല. ഇപ്പോ ഒരു വിത്തും കിട്ടൂല' അവള്‍ എങ്ങോ കണ്ണുനട്ട് പരിതപിച്ചു.

'കഴിയാതെ പോയതിനെപ്പറ്റിയന്തിനാ വെറ്‌തെ ആവലാതിപ്പെടുന്നത്? ന്തെങ്കിലും ഒക്കെ വഴിണ്ടാകും' അയാള്‍ ആശ്വാസംകൊണ്ടു.

വൈകുന്നേരം നല്ല മഴ പെയ്തിരുന്നു. തണുത്ത കാറ്റുവന്ന് ഉമ്മവച്ചു പോകുന്നു.

അസ്തമയം മണ്ണിന്റെ നിറം മാറ്റുന്നത് അയാള്‍ നോക്കി നിന്നു. ഇരുട്ട് വന്ന് മരങ്ങളില്‍ പുതച്ചു.

'നാളെ അത്താഴത്തിന് എണീക്കണ്ടതല്ലേ? നേരത്തെ കിടന്നാലോ?' അവള്‍ ചോദിച്ചു

'ഉം.'

പുറത്ത് കാല്‍ പെരുമാറ്റം കേട്ട് അവള്‍ ജാലകം വഴി നോക്കി. പോക്കര്‍ക്കാന്റെ വീട്ടിലേക്കാണെന്ന് തോന്നുന്നു... ആരോ? റിലീഫ് കിറ്റുമായിട്ടായിരിക്കും. അവള്‍ ഊഹിച്ചു

അയാള്‍ക്ക് ചിരി വന്നു

'ന്തേ?'

'ഒന്നൂല്ല.'

അവള്‍ കണ്ണു തുടച്ചു. അയാള്‍ വെറുതെ കണ്ണടച്ചു കിടന്നു.

കഴിഞ്ഞ വര്‍ഷത്തെ നോമ്പുതല ഓര്‍ത്തു പോയി. പിന്നെ ഒന്നും ഓര്‍മയില്‍ വന്നില്ല. ഇരുട്ട് മാത്രം!

***

റിലീഫ് കിറ്റുമായി താഴേക്കിറങ്ങിപ്പോകുന്നവരുടെ നിര... പോക്കര്‍ക്ക ഉറങ്ങാതെ മുറ്റത്ത് തന്നെയുണ്ട്; കാത്തിരിക്കുകയാണ് ഓരോ വരവും. അകത്ത് സാധനങ്ങള്‍ നിറഞ്ഞു കവിഞ്ഞു മിച്ചംവരുന്നത് മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്നു. മുറ്റം തികയാതെ വന്നപ്പോള്‍ അപ്പൂപ്പന്‍ താടി പോലെ കിറ്റുകള്‍ പൊങ്ങി നീങ്ങുന്നു...പാറിപ്പാറി നടക്കുന്നു... ഒരു ചെറുകാറ്റ് അടച്ചിരുന്നെങ്കില്‍! ഇതു വഴിയെങ്ങാനും ഒരു കിറ്റ് പാറി വന്നിരുന്നെങ്കില്‍.. എന്നവള്‍ കൊതിച്ചു.

പ്രതീക്ഷ പോലെ ഒരു കിറ്റ് പതിയെ പാറി പാറി വന്ന് അടുക്കള വാതിലില്‍ വന്ന് മുട്ടി നിന്നു.

'റിലീഫ് കിറ്റ് കിട്ടി.... റിലീഫ് കിറ്റ് കിട്ടി.'

ശബ്ദം കേട്ട് അയാള്‍ ഞെട്ടിയുണര്‍ന്നു. അവളും ഉണര്‍ന്നിട്ടുണ്ട്. ജാലകം വഴി അവള്‍ പുറത്തേക്ക് നോക്കി. അപ്പോഴും ചെറുതായി ഇടി മിന്നുന്നുണ്ട്. മഴ പെയ്യാന്‍ മറന്ന പോലെ നില്‍ക്കുകയാണ്.

'അത്താഴത്തിനായോ?' അയാള്‍ ചോദിച്ചു.

'ഉം... ആവാറായി.'

'നീ എന്താ സ്വപ്‌നം കണ്ടോ?'

'ഉം...'

'സമദ് ബാക്കി വന്ന കിറ്റു കൊണ്ടുവരുന്നത് ഞാനും സ്വപ്‌നം കണ്ടു' അയാള്‍ പറഞ്ഞു.

അതു കേട്ട് അവള്‍ക്ക് ചിരി വന്നു.