ഫലസ്തീന്‍ ക്വാറന്റൈന്‍

ആഷിക്ക് മുഹമ്മദ് ലബ്ബ, എരുമേലി

2020 ജൂണ്‍ 20 1441 ശവ്വാല്‍ 28

'മുഹ്‌സിനേ, വാതില്‍ തുറക്ക്...'

'ഉപ്പാ, ഇക്കാക്ക വന്നെന്ന് തോന്നുന്നു.'

മുഹ്‌സിന്‍ മേശക്കടിയില്‍ നിന്നും ധൃതിയില്‍ എണീറ്റ് വാതില്‍ തുറന്നു.

പ്രഭാതസൂര്യന്റെ വെള്ളിവെളിച്ചം വാതിലിനിടയിലൂടെ അരിച്ചു കയറി.

'എന്തായിരുന്നു, ഉപ്പയും മോനും പരിപാടി...?' മുഹ്‌സിന്റെ കവിളില്‍ നുള്ളിക്കൊണ്ട് മുറാദിന്റ ചോദ്യം.

'ഞാനും ഉപ്പയും ഹൈഡ് ആന്റ് സീക്ക് കളിക്കുവാരുന്നു. ഉപ്പ ബോംബിടും, ഞാന്‍ ഒളിച്ചിരിക്കും. ഞാനാണ് എപ്പോഴും ഫസ്റ്റ്...' അവന്‍ തന്റെ കുഞ്ഞിപ്പല്ലുകള്‍ കാട്ടി ഉറക്കെ ചിരിക്കാന്‍ തുടങ്ങി.

മുറാദ് അവനെ നോക്കി നിര്‍വികാരനായി നിന്നു.

എനിക്കറിയാം; ഇതത്ര ചിരിക്കാനുള്ള കളിയൊന്നുമല്ല. ഫലസ്തീനിലെ ഓരോ കുട്ടിക്കും ഈ കളിയറിയാം. നടക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ഉമ്മമാര്‍ അവരെ മേശക്കടിയിലും കസേരക്ക് പിറകിലുമൊക്കെ ഒളിച്ചിരിക്കാന്‍ പഠിപ്പിച്ചു തുടങ്ങും!

മുഹ്‌സിന്റെ പ്രായത്തില്‍ ഞാനും ഇത് കുറെ കളിച്ചതാണ്. പക്ഷേ, അന്നാണറിഞ്ഞത്... ഇതൊന്നും വെറും കളികളല്ലെന്ന്... ഞാനും ഉമ്മയും ഒലിവ് ചെടി നടാന്‍ പുറത്തിറങ്ങിയ ദിവസം. അന്ന് വലിയൊരു ശബ്ദം കേട്ട് ഞാന്‍ പേടിച്ച് വിറച്ചുപോയി. ഉമ്മ എന്നെ കെട്ടിപ്പിടിച്ചു പൊതിഞ്ഞിരുന്നു.

ആകെ പൊടിയായിരുന്നവിടെ. എന്റെ കണ്ണിലും പൊടി കയറി. ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ആരൊക്കെയോ ഉറക്കെ നിലവിളിക്കുന്നുണ്ട്. എനിക്കൊന്നും കാണാന്‍ കഴിഞ്ഞില്ല. ഉമ്മ എന്നെ അത്രമേല്‍ ചേര്‍ത്ത് പിടിച്ചിരുന്നു.

ഉപ്പയെന്നെ കരഞ്ഞുകൊണ്ട് വാരിയെടുത്തോടുന്നതോര്‍ക്കുന്നുണ്ട്. പൊളിഞ്ഞുവീണ കെട്ടിടങ്ങള്‍ക്കിടയിലൂടെ... കരിഞ്ഞു പോയ ജഡങ്ങള്‍ക്കരികിലൂടെ. ഉമ്മ കരിക്കട്ടയായി മാറിയിരുന്നു...!

'മുറാദ്.. പോയിട്ടെന്തായി?' യാസറിന്റെ ശബ്ദം.

മുഹ്‌സിനൊപ്പം കളിച്ച്, വിയര്‍ത്തുകുളിച്ച് നില്‍ക്കുകയാണയാള്‍.

'ഒന്നുല്ലുപ്പാ... വരുന്നവഴി അലിക്കായെ കണ്ടിരുന്നു. ഒരു വൈറസ് ഇറങ്ങിയിട്ടുണ്ടെന്നും കുറെ പേര്‍മരിച്ചു വീഴുന്നുണ്ടെന്നും പറഞ്ഞു. നമ്മള്‍ വീട്ടിനുള്ളില്‍ തന്നെയിരിക്കുന്നതാണ് സുരക്ഷിതമെന്നും.'

'വീട്ടിനുള്ളിലോ മേശക്കടിയിലോ...?' യാസറിന്റെ ചോദ്യത്തിന് പരിഹാസത്തിന്റെ സ്വരം.

അയാളുടെ വെളുത്ത മുഖത്ത് രക്തം ഇരച്ചുകയറി.

'മോനേ... ഫലസ്തീനികള്‍ ഒരിക്കലും വീട്ടിനുള്ളില്‍ സുരക്ഷിതരല്ല. നമുക്ക് സമാധാനം കിട്ടാനാണ് നമ്മുടെയീ പോരാട്ടമെല്ലാം. ഒന്നുകില്‍ പടച്ചവന്റെ വിധി വരെ. അല്ലെങ്കില്‍ അവന്റെ മുന്നിലെത്തുന്നത് വരെ. സ്വര്‍ഗത്തില്‍...'

മുഹ്‌സിന്റെ മുഖത്ത് വല്ലാത്ത തിളക്കം

'ഈ സ്വര്‍ഗത്തില്‍ നമ്മള്‍ ചോദിക്കുന്നതെന്തും കിട്ടുമോ ഉപ്പാ...?'

'ഒന്നും ചോദിക്കേണ്ടെടാ, എല്ലാം അവിടെയുണ്ടാകും. നിന്റുമ്മ നമ്മളെ കാത്തിരിപ്പുണ്ടാവും.'

യാസര്‍ കണ്ണുകളടച്ച് ഭിത്തിയില്‍ ചാരിയിരുന്നു. അയാളുടെ മുഖത്ത് എന്തെക്കൊയോ ഭാവഭേദങ്ങള്‍ മിന്നിമറയുന്നു.

ഉപ്പയെന്തായിരിക്കും സ്വപ്‌നം കാണുന്നത്? ഫലസ്തീനോ സ്വര്‍ഗമോ? അതോ ഉമ്മയെയോ?

മുറാദ് ഉപ്പയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. അന്തരീക്ഷത്തിന് ചൂട് കൂടുന്നത് പോലെ അവന് തോന്നി.

ഏറെ അകലെയല്ലാതെ വെടിയൊച്ചകള്‍ കേള്‍ക്കുന്നു. യാസര്‍ അപ്പോഴും കണ്ണടച്ച് തന്നെയിരുന്നു. വെടിയൊച്ചകള്‍ ഇപ്പോള്‍ അടുത്ത് കേള്‍ക്കാം..

'ഇക്കാക്കാ, ഓടിവാ...'

മുഹ്‌സിന്‍ ചെവി പൊത്തിക്കൊണ്ട് മേശക്കടിയിലേക്ക് പാഞ്ഞു. മുറാദ് ഓടിവന്ന് അവനെ പൊതിഞ്ഞു. യാസിറിന്റെ ചുണ്ടില്‍ ഒരു ഒലിവ് വിരിഞ്ഞു. അയാള്‍ കണ്ണുതുറന്ന് അഭിമാനത്തോടെ ശബ്ദിച്ചു: 'മുഹ്‌സിന്‍, നീയിപ്പോള്‍ കളിക്കാന്‍ പഠിച്ചിരിക്കുന്നു. നിങ്ങളിപ്പോള്‍ പോരാളികളായി മാറിയിരിക്കുന്നു. ഫലസ്തീന്‍ പോരാളികള്‍...'