കോവിഡുകാലത്തെ ഗള്‍ഫുകാരന്റെ വീട്

ഉസ്മാന്‍ പാലക്കാഴി

2020 ജൂലൈ 04 1441 ദുല്‍ക്വഅദ് 13

''ഉമ്മാ, ഇന്നും നാലുമണിച്ചായക്ക് കടി അരിവറുത്തതാണോ?'' എട്ടുവയസ്സുകാരിയായ മകള്‍ സഹ്‌ല അത് ചോദിച്ചപ്പോഴേക്കും 'എന്നും ഒരു അരിവറുത്തത്' എന്നു പറഞ്ഞ് അഞ്ചുവയസ്സുള്ള മകന്‍ സദീദ് തന്റെ മുന്നിലെത്തിയ പാത്രം തട്ടിത്തെറിപ്പിച്ചിരുന്നു.

മറുത്തൊന്നും പറയാതെ ഡൈനിംഗ് ടേബിളില്‍ ചിതറിക്കിടക്കുന്ന അരിമണികള്‍ സഫിയ പെറുക്കിയെടുത്തുകൊണ്ടിരുന്നു. തങ്ങളുടെ ഉപ്പ കോവിഡ് ബാധിച്ച് ഷാര്‍ജയിലെ ആശുപത്രയില്‍ കിടക്കുകയാണെന്നും തന്റെ പക്കല്‍ നയാപൈസയില്ലെന്നും പാവം കുട്ടികള്‍ക്കറിയില്ലല്ലോ.

'ഉപ്പ ഇപ്പോള്‍ വിളിക്കാറുമില്ല. ഇനി വിളിച്ചാല്‍ എന്നും കഞ്ഞിയും ചമ്മന്തിയും ചായയും അരിവറുത്തതും മാത്രമെ ഉമ്മ തരാറുള്ളൂ എന്ന് ഞാന്‍ പറയും' മകന്‍ സങ്കടത്തോടെ അത് പറയുമ്പോള്‍ സഫിയ കരച്ചിലടക്കാന്‍ പാടുപെട്ടു.

ഗെയ്റ്റിനു പുറത്ത് ഒരു വാഹനം വന്നുനില്‍ക്കുന്ന ശബ്ദം കേട്ട് സഫിയ ജനല്‍കര്‍ട്ടന്‍ നീട്ടി. സഹായ വിതരണക്കാരാണ്. ഒരു കിറ്റ് കിട്ടിയാല്‍ മതിയായിരുന്നു. ഒന്നോ രണ്ടോ ദിവസത്തിനുള്ള അരിയും ചെറുപയറും മാത്രമെ വീട്ടില്‍ ബാക്കിയുള്ളൂ.

'ഈ വീട്ടില്‍ കൊടുക്കണോ?' വണ്ടിയില്‍നിന്നൊരാള്‍ കൂടെയുള്ളവനോട്.

'ഹേയ് ഇത് ഗള്‍ഫുകാരന്റെ വീടാ. ഇവര്‍ക്കതിന്റെ ആവശ്യമുണ്ടാകില്ല' എന്നു പറഞ്ഞുകൊണ്ട് തൊട്ടപ്പുറത്തുള അറവുകാരന്‍ മമ്മദിന്റെ വീട്ടിലേക്ക് അയാള്‍ കിറ്റുമായി നടന്നു. ആ വീട്ടില്‍നിന്ന് അപ്പോള്‍ ബിരിയാണി പാകം ചെയ്യുന്നതിന്റെ മണം ഉയരുന്നുണ്ടായിരുന്നു. മക്കള്‍ ബിരിയാണിയുടെ മണം അറിയാതിരിക്കാന്‍ ജനല്‍പാളികളെല്ലാം അടച്ച് ഉള്ളില്‍നിന്നുയര്‍ന്ന ഒരു തേങ്ങലോടെ സഫിയ തളര്‍ന്നിരുന്നു.

അന്നേരമാണ് മൊബൈല്‍ ശബ്ദിച്ചത്.

''ഉമ്മാ, ഇതാ ഫോണ്‍...വല്ലിപ്പയാ'' മകള്‍ നല്‍കിയ ഫോണ്‍ സഫിയ വാങ്ങി.

''മോളേ...കുട്ടികള്‍ എവിടെയാ?''

''അവര്‍ അപ്പുറത്തുണ്ട് ഉപ്പാ.''

''ആരെങ്കിലും അങ്ങോട്ട് വിളിച്ചിരുന്നോ?''

''ഇല്ലല്ലോ ഉപ്പാ, എന്താ കാര്യം...?''

''അത്...അത്... ഞാന്‍ പിന്നെ വിളിക്കാം മോളേ...'' ഉപ്പ ഫോണ്‍ വെച്ചപ്പോള്‍ ശബ്ദം ഇടറിയിരുന്നുവോ? എന്തോ പറയാനുള്ളതു പോലെ!

കോളിംഗ് ബെല്ലടിയൊച്ചയാണ് സഫിയയെ ചിന്തയില്‍നിന്നുണര്‍ത്തിയത്. അവള്‍ കതകു തുറന്നു. വാര്‍ഡ് മെമ്പറാണ്. ഗെയ്റ്റിനടുത്ത് അയല്‍ക്കാരായ രണ്ടുപേര്‍ മാറിനില്‍ക്കുന്നു.

''എന്താണ് മെമ്പറേ?'' സഫിയ തലയിലെ തട്ടം ശരിയാക്കിക്കൊണ്ട് ചോദിച്ചു.

''ഷാര്‍ജയില്‍നിന്നും സുബൈറിന്റെ സുഹൃത്തുക്കള്‍ വിളിച്ചിരുന്നു. സുബൈറിന്റെ സ്ഥിതി അല്‍പം ഗുരുതരമാണെന്ന് പറഞ്ഞു...''

അപ്പോഴേക്കും അയല്‍വാസികളായ രണ്ടു സ്ത്രീകള്‍ അവിടെയെത്തി.

'ആയിഷത്താ, നിങ്ങള്‍ സഫിയാനെ കാര്യം പറഞ്ഞു മനസ്സിലാക്കൂ' എന്നു പറഞ്ഞ് മെമ്പര്‍ മുറ്റത്തേക്കിറങ്ങി.

'ഒക്കെ പടച്ചവന്റെ വിധിയാ മോളേ' എന്നു പറഞ്ഞ് അയല്‍ക്കാരികള്‍ സഫിയയെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ അവളുടെ ഹൃദയമൊന്ന് പിടഞ്ഞു. എല്ലാവരും പറയാന്‍ മടിക്കുന്നതെന്താണെന്ന് അവള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

'എന്റെ ഇക്കാ' എന്ന വിളിയോടെ അവള്‍ നിലത്തു വീണു.

അരി വറുത്തത് വേണ്ടെന്നു പറഞ്ഞ് തട്ടിക്കളഞ്ഞെങ്കിലും വീണ്ടും അതെടുത്ത് തിന്നുകൊണ്ടിരിക്കുകയായിരുന്ന സഹ്‌ലയും സദീദും അതുകേട്ട് ഓടിവന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ പകച്ചു നില്‍ക്കുന്ന കുട്ടികളോട് എന്താണ് പറയേണ്ടതെന്നറിയാതെ അയല്‍ക്കാരികള്‍ കണ്ണുതുടച്ചു.