ലൂസ് ജീന്‍സ്

ഇബ്‌നു അലി എടത്തനാട്ടുകര

2020 ഡിസംബര്‍ 19 1442 ജുമാദല്‍ അവ്വല്‍ 04

മാറ്റിവച്ച ജീന്‍സ് അന്ന് ധരിച്ചു. അരവണ്ണം കൂടിയതുകൊണ്ട് മാറ്റിവച്ചിരുന്നതാണ്. ഇപ്പോള്‍ വയര്‍ ഇത്തിരി കൂടി. ബെല്‍റ്റും കൂടി കെട്ടിയാല്‍ ആ ജീന്‍സ് ധരിക്കാവുന്ന തരത്തിലായി.

ആ ജീന്‍സ് കൊല്ലങ്ങള്‍ക്കുമുമ്പ് വാങ്ങിയതാണ്. ഒരു കച്ചവടക്കാരന്‍ സുഹൃത്തിന്റെ നിര്‍ബന്ധം കാരണം.

നികുതി അടച്ചുതീര്‍ക്കാന്‍ സാവകാശം തേടി എത്തിയ അന്നാണ് ആദ്യമായി അയാളെ കണ്ടത്. സംസ്ഥാനത്തിന്റെ പുറത്തുനിന്ന് പാന്റ്‌സ്, ജീന്‍സ് എന്നിവ വാങ്ങി കടകള്‍ക്ക് വില്‍ക്കുന്ന ഒരു സംരംഭം.

 ഹോള്‍സെയില്‍ കച്ചവടം നടത്തുന്ന ഒരാളെ അയാളുടെ ശരീരഭാഷയില്‍നിന്ന് വായിക്കാന്‍ പറ്റിയില്ല. ഒരു സാധാരണക്കാരന്‍. ഉയരം കുറഞ്ഞ് ഇത്തിരി തടിയുള്ള, ഇരുനിറമുള്ള ചെറുപ്പക്കാരന്‍. അടക്കാനുള്ളത് വലിയ തുകയല്ലെങ്കിലും അയാള്‍ക്കത് ചില്ലറസംഖ്യ ആയിരുന്നില്ല. തവണകളായി അടക്കാന്‍ അനുമതികൊടുത്തു. അടച്ചുതീര്‍ക്കുകയും ചെയ്തു.

കടയില്‍ ചെല്ലാന്‍ പല തവണ ക്ഷണിച്ചിരുന്നു. അങ്ങനെ ഒരു തവണ ചെന്നു. ബസ് സ്റ്റാന്‍ഡിന് അടുത്ത് ഉയരമുള്ള ഒരു കെട്ടിടത്തില്‍. കൂടുതല്‍ സ്‌റ്റോക്ക് ഒന്നുമില്ല. പാന്റ്‌സും ജീന്‍സും റാക്കുകളില്‍ സൈസ് അനുസരിച്ച് അടുക്കിപ്പെറുക്കിവെച്ചിരിക്കുന്നു.

എന്റെ മക്കളെക്കുറിച്ച് അന്വേഷിച്ചു. പ്രായം ചോദിച്ചു. അവര്‍ക്ക് യോജിക്കുന്ന പാന്റ്‌സോ ജീന്‍സോ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. എന്റെ സൈസ് കണക്കാക്കി ഒരു റാക്കില്‍നിന്ന് ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കാനും പറഞ്ഞു.

അതിനിടെ അയാള്‍ ബിസിനസ്സ് കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി. റെഡിമെയ്ഡ് ഇനങ്ങള്‍ക്ക് പ്രസിദ്ധി നേടിയ ഒരു നഗരത്തില്‍നിന്ന് ചരക്കുകള്‍ വാങ്ങി കടകളില്‍ വില്‍പന തുടങ്ങി. തുടക്കത്തില്‍ കുഴപ്പമില്ലാതെ നീങ്ങി. പിന്നീട് ജീന്‍സ് ഒരു ബ്രാന്‍ഡ് ആക്കി ഇറക്കി. അതിന്റെ കച്ചവടവും തരക്കേടില്ലാതെ നടന്നു. കടകളില്‍ സ്‌റ്റോക്ക് കടമായി കൊടുക്കണം. കുറച്ച് പണം കിട്ടും. ആ തുകയെക്കാള്‍ കൂടുതല്‍ തുകയ്ക്ക് പിന്നെയും വാങ്ങും. എപ്പോഴും കടകളില്‍നിന്ന് കാശ് കിട്ടാന്‍ ബാക്കിയായിരിക്കും. കച്ചവടം തുടരണമെങ്കില്‍ പിന്നെയും ചരക്ക് കൊടുക്കണം. അതിന് കൂടുതല്‍ കാശ് ഇറക്കണം. ചരക്ക് കൊടുക്കുന്നത് നിര്‍ത്തിയാല്‍ കിട്ടാനുള്ള കാശ് തീരെ കിട്ടാതെപോകും. വലിയ ബിസിനസ്സുകാര്‍ പോലും ബാക്കി കാശ് കൊടുക്കുന്നില്ല. കച്ചവടം നിര്‍ത്തി എന്നറിഞ്ഞാല്‍ കടക്കാര്‍ ബാക്കി കാശ് തീരെ കൊടുക്കില്ല. അതിനാല്‍ നിര്‍ത്താതെ പേരിന് നടത്തിക്കൊണ്ടുപോകുന്നു. ലക്ഷങ്ങള്‍ കിട്ടാനുണ്ട്.

മക്കള്‍ക്ക് രണ്ടുജോഡി വീതം എടുത്തു. എനിക്ക് ഒരു വെള്ള പാന്റ്‌സ് എടുത്തു. ഇപ്പോഴും അത് എന്റെ പ്രിയപ്പെട്ടതില്‍ ഒന്നാണ്.

എനിക്ക് കടുംനീല നിറമുള്ള ഒരു ജീന്‍സ് അയാള്‍ എടുത്തുതന്നു. നല്ല തുണിയാണ്, എടുത്തോളൂ എന്ന് നിര്‍ബന്ധിച്ചു. എനിക്കത് അരവണ്ണം കൂടുതലായിരുന്നു. എന്നാലും അത് അഡ്ജസ്റ്റ് ചെയ്ത് ധരിയ്ക്കാം, എടുത്തോളൂ എന്ന് തുടര്‍ച്ചയായ നിര്‍ബന്ധം. ധരിക്കാന്‍ പറ്റില്ല എന്നറിഞ്ഞും ഞാനത് മടക്കിയില്ല. വേണ്ട എന്ന് പറയാന്‍ തോന്നിയില്ല.

കുറഞ്ഞ മൊത്തവില നിരക്കാണ് എന്നില്‍നിന്ന് ഈടാക്കിയത്. അത്ഭുതപ്പെടുത്തുന്നത്ര കുറവായിരുന്നു അത്. വിലക്കുറവ് സൂചിപ്പിച്ചപ്പോള്‍ അതേ വിലക്കാണ് കടകളില്‍ കൊടുക്കുന്നത് എന്നും അതിന്റെ കാശ് കിട്ടാന്‍ പിന്നെയും വൈകുമെന്നും റെഡിപൈസ കിട്ടുമെന്നതിനാല്‍ എനിക്ക് വില്‍ക്കുന്നത് ലാഭമാണെന്നും അയാള്‍ പറഞ്ഞു. മക്കള്‍ക്കും ജീന്‍സ് ഇഷ്ടമായി.

പിന്നീട് ബസ് സ്റ്റാന്‍ഡില്‍ പോകുമ്പോള്‍ ആ കട നോക്കും. പലപ്പോഴും തുറന്നുകാണാറില്ല. പിന്നെ കടയുടെ ബോര്‍ഡും കാണാതായി. കടപൂട്ടി എന്ന് സാരം. ഞാനും അയാളെ മറന്നു. വര്‍ഷങ്ങള്‍ കടന്നു പോയി.

ഒരുനാള്‍ കുടുംബവുമൊത്ത് ടൗണിലെത്തിയപ്പോള്‍ എന്തോ, എനിക്കയാളെ ഓര്‍മ വന്നു. നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു. ആദ്യം അയാള്‍ക്ക് എന്നെ മനസ്സിലായില്ല. തിരിച്ചറിഞ്ഞപ്പോള്‍ ഒരു തേങ്ങലാണ് കേട്ടത്. അടുപ്പം കാണിച്ചിരുന്ന പലരും അകന്നപ്പോള്‍ ഞാന്‍ അയാളെ മറന്നില്ലല്ലോ, എന്ന സന്തോഷത്തിലാണ് അയാള്‍ സങ്കടപ്പെട്ടത്. കട പൂട്ടി. ജീവിക്കാന്‍ ടൗണില്‍ ഓട്ടോറിക്ഷ ഓടിക്കുന്നു. നേരില്‍ കാണണം. ഒരു ദിവസം എന്തായാലും ഓഫീസില്‍ വരാമെന്നു പറഞ്ഞാണ് അയാള്‍ ഫോണ്‍ വെച്ചത്.

അയാളുടെ പേര് എനിക്ക് ഓര്‍മയില്ല; സ്ഥാപനത്തിന്റെ പേരാണ് ഓര്‍മ. ഇതുവരെ ഓഫീസില്‍ വന്നിട്ടില്ല അയാള്‍. വരാതിരിക്കട്ടെ എന്നാണ് എന്റെയും തേട്ടം.

വ്യാപാരിയായി വാഹനത്തില്‍ തിരക്കോഴിയാതെ സഞ്ചരിച്ചിരുന്നയാള്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഓഫീസില്‍ എത്തിയാല്‍ എത്രത്തോളം വൈകാരികമായി പ്രതികരിക്കും എന്ന ആശങ്കതന്നെ കാരണം.

ജീവിതയാത്രയിലെ കയറ്റിറക്കങ്ങള്‍  എത്രമേല്‍ അപ്രതീക്ഷിതമാണ്!

അല്ലെങ്കിലും മനുഷ്യരായ നമുക്ക് ഇതിലൊക്കെ എന്തു പങ്കാണുള്ളത്! എല്ലാം സര്‍വശക്തനായ സ്രഷ്ടാവിന്റെ ഇംഗിതം പോലെ നടക്കുന്നു.

''അവന്‍ തന്നെയാണ് ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തത്'' (ക്വുര്‍ആന്‍ 53:43).

''ഐശ്വര്യം നല്‍കുകയും സംതൃപ്തി വരുത്തുകയും ചെയ്തത് അവന്‍ തന്നെയാണ്'' (ക്വുര്‍ആന്‍ 53:48).