‘പ്രിയദർശിനി’ സൗജന്യ യാത്ര; ചില യാഥാർഥ്യങ്ങൾ
നുബ്ല എം
2026 സെപ്തംബർ 26, 1448 റബീഉൽ ആഖിർ 15

കേരളത്തിന്റെ പൊതുഗതാഗത സംവിധാനത്തിൽ കെഎസ്ആർടിസി ബസുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. സ്ത്രീശാക്തീകരണത്തിന്റെയും സാമൂഹിക ക്ഷേമത്തിന്റെയും ഭാഗമായി സ്ത്രീകൾക്കായി നടപ്പിലാക്കുന്ന സൗജന്യ യാത്രാപദ്ധതിയായ ‘പ്രിയദർശിനി’ സാധാരണക്കാർക്ക് വലിയൊരു ആശ്വാ സമാണ്. കുറഞ്ഞ വരുമാനക്കാർക്കും ജോലിക്കു പോകുന്ന സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും ഇത് സാമ്പത്തിക ഭാരം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. എന്നാൽ, ഈ അനുകൂല്യത്തിന്റെ വശങ്ങൾ പരിശോധിക്കുമ്പോൾ ചില പ്രായോഗിക ബുദ്ധിമുട്ടുകളും ചർച്ചചെയ്യപ്പെടേണ്ടതുണ്ട്.
ഇന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആവശ്യത്തിന് കെ.എസ്.ആർ.ടി.സി. സർവീസുകൾ ലഭ്യമല്ല; പ്രത്യേകിച്ച് മലബാർ മേഖലയിൽ. ഈ സാഹചര്യത്തിൽ, നിലവിലുള്ള ബസ്സുകളിൽ യാത്ര ക്കാരുടെ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കെഎസ്ആർടിസിക്ക് സംസ്ഥാനത്താകെ 3125 ഓർഡിനറി ബസ്സുകളാണ് ഉള്ളത്. അതിൽ 881 മാത്രമാണ് കാസർകോടു മുതൽ പാലക്കാടു വരെയുള്ള ജില്ലകളിൽ ഉള്ളത്. ബാക്കി 2244 ബസുകളും തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലാണ്. തിരുവനന്തപുരം ജില്ലയിൽ മാത്രം 687 ബസ്സുകളും കൊല്ലത്ത് 415 ബസ്സുകളും സർവീസ് നടത്തുന്നുണ്ട്. തെക്കൻ ജില്ലകൾക്കാണ് ഈ സൗജന്യ യാത്രയുടെ ഗുണഫലം ഏറ്റവും കൂടുതൽ ലഭിക്കുന്നത് എന്ന വസ്തുത ഈ കണക്കുകളിൽനിന്നു വ്യക്തമാണ്.
‘സൗജന്യമാണ്’ എന്ന ഒറ്റക്കാരണം കൊണ്ടുമാത്രം അടിയന്തര പ്രാധാന്യമില്ലാത്ത യാത്രകൾക്കായി പലരും ഈ സൗകര്യം ഉപയോഗിക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. ഇത് അത്യാവശ്യക്കാരായ യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്നു; ഗതാഗത വകുപ്പ് മന്ത്രിക്കു പോലും ഈ സാഹചര്യത്തെ കുറിച്ച് തുറന്ന് പറയേണ്ടിവന്നു.
ജോലിസ്ഥലങ്ങളിലേക്കും സ്കൂളുകളിലേക്കും സമയം വൈകാതെ എത്തേണ്ടവർ, വയോധികർ, രോഗികൾ തുടങ്ങിയവർക്ക് വലിയ തിരക്കു കാരണം ബസിൽ കയറാനോ സുരക്ഷിതമായി യാത്ര ചെയ്യാനോ സാധിക്കാത്ത അവസ്ഥയുണ്ടാകുന്നു. ‘സൗജന്യം’ എന്നതിനെ വ്യക്തിഗത സൗകര്യമായി മാത്രം കാണാതെ, അർഹരായവർക്ക് അതു തടസ്സമില്ലാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണ്. ഇതിന് പ്രധാനമായും വേണ്ടത് പൊതുജനങ്ങളുടെ സ്വയം നിയന്ത്രണവും ഉത്തരവാദിത്തമുള്ള പെരുമാറ്റവുമാണ്.
അത്യാവശ്യത്തിനല്ലാത്ത യാത്രകൾ രാവിലെയും വൈകുന്നേരവുമുള്ള ഓഫീസ്/സ്കൂൾ സമയങ്ങളിൽ ഒഴിവാക്കുന്നത് തിരക്കു കുറയ്ക്കാൻ സഹായിക്കും. അമിതമായ തിരക്ക് ബസിനുള്ളിലെ യാത്രക്കാരുടെ, പ്രത്യേകിച്ച് ഗർഭിണികളുടെയും കുട്ടികളുമായി യാത്ര ചെയ്യുന്നവരുടെയും സുരക്ഷിതത്വത്തെ ബാധിക്കുന്നു. പ്രായാധിക്യമുള്ളവർക്കോ ആരോഗ്യപ്രശ്നങ്ങളുള്ളവർക്കോ മുൻഗണന നൽ കാനും ആവശ്യമെങ്കിൽ വഴിമാറിക്കൊടുക്കാനും യാത്രക്കാർ തയ്യാറാകണം.
ഈ സാഹചര്യത്തെ തരണം ചെയ്യാൻ കെഎസ്ആർടിസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട ഏറ്റവും പ്രധാന നടപടി സർവീസ് വർധിപ്പിക്കുക എന്നതാണ്. കെഎസ്ആർടിസി ബസ്സുകൾ കുറവുള്ള മലബാർ മേഖലയിൽ കൂടുതൽ ബസുകൾ ലഭ്യമാക്കണം. തിരക്കുള്ള റൂട്ടുകളിൽ അതനുസരിച്ച് സർവീസുകൾ ആരംഭിക്കുവാനുള്ള നടപടി സ്വീകരിക്കണം.
ഏതൊരു സാമൂഹിക ക്ഷേമ പദ്ധതിയുടെയും വിജയം സർക്കാരിന്റെ നയങ്ങളിൽ മാത്രമല്ല, അത് ഉപയോഗിക്കുന്ന പൊതുജനങ്ങളുടെ വിവേകപൂർണമായ ഇടപെടലുകളിലുമാണ് അധിഷ്ഠിതമായിരിക്കുന്നത്. ആനുകൂല്യങ്ങൾ ആവശ്യക്കാർക്ക് ലഭിക്കുന്നതിൽ ഞാൻ തടസ്സമാകില്ല എന്ന് ഓരോ വ്യക്തിയും തീരുമാനിക്കണം.

