പേന ഒരു ചെറിയ ഉപകരണമല്ല!
ദുൽക്കർഷാൻ അലനല്ലൂർ
2026 മെയ് 02, 1447 ദുൽഖഅദ് 14

പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് വിലപിടിപ്പുള്ള പേനകളിൽ മുൻനിരയിലുള്ള ‘പാർക്കർ’ പേനയോട് ഇഷ്ടം തോന്നിയത്. അന്ന് പക്ഷേ, ആ പേന കാശ് കൊടുത്തു വാങ്ങാനുള്ള സാമ്പത്തികമൊന്നുമുണ്ടായിരുന്നില്ല. ബുക്ക് സ്റ്റാളിലെ ക്യാഷ് കൗണ്ടറിൽ ഉയർന്ന ദറജയിലങ്ങനെ ഇരിക്കുന്ന ആ പേനയുടെ വില കേട്ട് അത്ഭുതപ്പെട്ടിരുന്നു. ഇത്രയും വിലകൊടുത്ത് ഈ പേന ആരെങ്കിലും വാങ്ങുമോ എന്ന് ചിന്തിച്ചിരുന്നു. പിന്നെ അൽപം കുശുമ്പോടെ ഇതൊന്നും ആരും വാങ്ങില്ല എന്ന് മനസ്സിൽ പറഞ്ഞ് തിരിച്ചു നടക്കും.
എങ്കിലും എപ്പോഴൊക്കെ ആ ഷോപ്പിൽ കയറുന്നുവോ അപ്പോഴൊക്കെ കണ്ണുകൾ ആ പേനകളിൽ ഉടക്കി നിൽക്കും. ഹൈസ്‌കൂളും ഹയർസെക്കന്ററിയുമൊക്കെ കഴിഞ്ഞ് കോളേജിലേക്ക് പോകുന്ന കാലത്ത് കാലങ്ങളോളം മനസ്സിൽ കൊണ്ടു നടന്നിരുന്ന ആഗ്രഹം സഫലമാക്കി. സ്‌കൂൾ അവധിക്കാലത്ത് ചെറിയ ചില്ലറ ജോലികളൊക്കെ ചെയ്ത് കിട്ടിയ പൈസ സ്വരൂപിച്ചായിരുന്നു ആഗ്രഹം സഫലമാക്കിയത്.
പഠനം കഴിഞ്ഞ് കാലം മുന്നോട്ട് പോയി. അങ്ങനെയിരിക്കുമ്പോഴാണ് തൊട്ടടുത്തുള്ള മദ്‌റസയി ൽ അധ്യാപകനായി നിയമിക്കപ്പെട്ടത്. ഒരു ദിവസം എന്റെ ക്ലാസ്സിലെ ഒരു കുട്ടി ഗൾഫിലുള്ള അവളുടെ പിതാവിന്റെ അടുത്തേക്ക് പോയി വന്നപ്പോൾ ഹദ്‌യയായി എന്റെ നേരെ ഒരു ചെറിയ ബോക്‌സ് നീട്ടി. ‘ഇത് ഉപ്പ നിങ്ങൾക്ക് തരാൻ പറഞ്ഞതാണ്’എന്ന് പറഞ്ഞു. ഞാൻ ബോക്‌സ് തുറന്നുനോക്കി. എനിക്കെന്തെന്നില്ലാത്ത സന്തോഷം! ഒരു പാർക്കർ പേനയായിരുന്നു ആ ബോക്‌സിൽ.
പിന്നീട് പല ജോലികളും ചെയ്തു. ഒടുവിൽ വിദേശത്തെത്തി! ഒരു കമ്പനിയിൽ ഓഫീസ് ജോലി ലഭിച്ചു. ഓഫീസ് ആവശ്യങ്ങൾക്കും മറ്റും പുറത്ത് പോകുമ്പോൾ വീണ്ടും ആ പഴയ ആഗ്രഹം മനസ്സിലേക്കോടിവന്നു. പക്ഷേ, നാട്ടിലുള്ള വിലയുടെ ഇരട്ടി നൽകണം. ആഗ്രഹം നീട്ടിനീട്ടി കൊണ്ടുപോയി. പലയിടത്തും ഷോപ്പുകളിൽ കയറി വില ചോദിച്ചു. വിലകേൾക്കുമ്പോൾ പിന്നെയാവാം എന്നു വിചാരിക്കും.
ജിദ്ദയിലെ ശറഫിയ്യയിൽ കൂടുതൽ കച്ചവടക്കാരും മലയാളികളാണ്. വ്യാഴം, വെള്ളി തുടങ്ങിയ ഒഴിവുദിവസങ്ങളിൽ മലയാളികളാൽ നിബിഢമാണ് ശറഫിയ്യ. പരിചയമുള്ള ഒരു ഷോപ്പിൽ കയറി പേനക്ക് വില ചോദിച്ചു. വില കേട്ടപ്പോൾ ഞാൻ കടയിൽനിന്നും പതുക്കെ ഇറങ്ങി നടന്നു. അവരുടെ തന്നെ മറ്റൊരു കടയിൽ കയറി വില ചോദിച്ചു. അവിടെ എന്റെ നാട്ടുകാരനും സുഹൃത്തുമുണ്ട്. ഞാൻ ആദ്യം കയറിയ കടയിലേതിനെക്കാൾ 15 റിയാൽ അധികം കൊടുക്കണം ഇവിടെ. മലയാളികൾ മലയാളികളെതന്നെ ‘ശരിയാക്കുന്ന’ കാഴ്ച! ഒടുവിൽ ഗുലൈൽ എന്ന സ്ഥലത്ത് സ്‌കൂളിനു തൊട്ടടുത്തുള്ള ഒരു ഷോപ്പിൽ ഓഫീസ് ആവശ്യാർഥം കയറിയപ്പോൾ അവിടെയുമതാ ക്യാഷ് കൗണ്ടിറിനുമുകളിൽ നമ്മുടെ കക്ഷി. പോക്കറ്റിനിണങ്ങിയ ഒരു വില പറഞ്ഞപ്പോൾ അതുവാങ്ങി സ്വന്തമാക്കി.
അമേരിക്കയിലെ വിസ്‌കോൺസിനിലെ ഷോൾസ് ബർഗിൽ ജനിച്ച ജോർജ് സാഫോർഡ് പാർക്കർ ആണ് 1888ൽ പാർക്കർ പെൻ കമ്പനി സ്ഥാപിച്ചത്. ടെലിഗ്രാഫി അധ്യാപകനായ അദ്ദേഹം തുടക്കം കുറിച്ച ബിസിനസ്സിന്റെ തുടക്കത്തിൽ ശിഷ്യന്മാർ തന്നെയായിരുന്നു ഉപഭോക്താക്കൾ. പിന്നീട് ലോകത്തെമ്പാടുമുള്ള ഓഫീസ് ജീവനക്കാരുടെയും വിദ്യാർഥികളുടെയും പോക്കറ്റിൽ സ്ഥാനം പിടിക്കാൻ പാർക്കറിന് കഴിഞ്ഞു. ഇന്ന് ആകർഷകമായ അനേകം ഡിസൈനുകളിൽ, വിലകൂടിയതും കുറഞ്ഞതുമായ പേനകൾ ലഭ്യമാണ്.
പേന എന്ന ചെറിയ ഒരു ഉപകരണം ലോകത്തുണ്ടാക്കിയ മാറ്റം ചെറുതല്ല. അല്ലാഹു ആദ്യം സൃഷ്ടിച്ചത് പേനയാണ്. പേനകൊണ്ട് എഴുതാൻ പഠിപ്പിച്ചതും അവനാണ്.
“സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവൻ’’ (ക്വുർആൻ 96:14).

