ഇസ്‌ലാമും ക്രൈസ്തവതയും
മുസ്ത്വഫ ലുത്വുഫി അൽമൻഫലൂത്വി
2026 ജനുവരി 31, 1447 ശഅ്ബാൻ 12
വിവ: ഇ.യൂസുഫ് സാഹിബ് നദ്‌വി, ഓച്ചിറ

ഇസ്‌ലാമിനെക്കുറിച്ച് ലോർഡ് ക്രോമർ എഴുതിയ കാര്യങ്ങൾ കണ്ട് ഇത്രയധികം അത്ഭുതപ്പെടുന്ന ആളുകളെ കാണുന്നതിലപ്പുറം മറ്റൊരു അത്ഭുതവും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ഇസ്‌ലാമിതര മതവിശ്വാസിയായ, തന്റെ ആത്മാവിനെക്കാളും സമ്പത്തിനെക്കാളും തന്റെ മതത്തെ മുറുകെപ്പിടിക്കുന്ന ഒരാൾ, ഇസ്‌ലാമിലെ ഏകദൈവ വിശ്വാസത്തെ അംഗീകരിക്കുമെന്നോ മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെ സത്യപ്പെടുത്തുമെന്നോ നിസ്‌കാരം നിലനിർത്തുകയും സകാത്ത് നൽകുകയും സാധ്യമെങ്കിൽ ഹജ്ജ് കർമം നിർവഹിക്കുകയും ചെയ്യുമെന്നോ ഇവർ പ്രതീക്ഷിച്ചിരുന്നോ?
യേശുക്രിസ്തുവിന്റെ മാർഗത്തിൽ ഉറച്ചുനിൽക്കുന്ന ഏതൊരു ക്രിസ്ത്യാനിയെയും പോലെ ലോർഡ് ക്രോമറും വിശ്വസിക്കുന്നത്, ഇസ്‌ലാം എന്നത് ഒരു മനുഷ്യനിർമിത മതമാണെന്നാണ്. ജീവിതത്തിൽ ഒരു പത്രം പോലും വായിച്ചിട്ടില്ലാത്ത, ഒരു വിദ്യാലയത്തിലും പോയിട്ടില്ലാത്ത, ഗ്രീക്ക് തത്ത്വചിന്തകൾ കേട്ടിട്ടില്ലാത്ത, റോമൻ നാഗരികത കണ്ടിട്ടില്ലാത്ത, നിയമസംഹിതകളോ സാമൂഹിക ശാസ്ത്രമോ അഭ്യസിച്ചിട്ടില്ലാത്ത ഒരു അക്ഷരജ്ഞാനമില്ലാത്ത അറേബ്യൻ മരുഭൂവാസി ചമച്ചുണ്ടാക്കിയ ഒന്നാണ് ഈ മതം എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.
ഇതാണ് അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ആഴമെങ്കിൽ, താൻ നിർമിച്ചെടുത്ത നിയമങ്ങളിലും വിധികൾക്കുമപ്പുറം ഇസ്‌ലാമിനെ ചർച്ച ചെയ്യാനോ സംവദിക്കാനോ തിരുത്താനോ താൻ അശക്തനാണെന്ന് അദ്ദേഹം എങ്ങനെ കരുതും? അല്ലാഹുവിങ്കൽനിന്നുള്ള വഹ്‌യ് (ദിവ്യബോധനം) ലഭിക്കുന്ന, മുന്നിലൂടെയോ പിന്നിലൂടെയോ യാതൊരുവിധ അസത്യവും കടന്നുകൂടാത്ത വിശുദ്ധ ഗ്രന്ഥം ലഭിച്ച പ്രവാചകനായി ഒരു മുസ്‌ലിം ഇസ്‌ലാമിനെ കാണുന്ന അതേ കണ്ണിലൂടെ വീക്ഷിക്കാൻ അദ്ദേഹത്തിന് എങ്ങനെ സാധിക്കും?
പാശ്ചാത്യരായ ചില ക്രിസ്ത്യൻ പണ്ഡിതർ ഇസ്‌ലാമിനെ മനോഹരമായി വർണിക്കുന്നതോ അതിന്റെ നിയമങ്ങളെ പുകഴ്ത്തുന്നതോ നാം കാണാറുണ്ട്. അവർ ചരിത്രത്തോട് നീതിയും സത്യസന്ധതയും പുലർത്തിയ ചരിത്രകാരന്മാരായതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. മതപരമായ അന്ധമായ പക്ഷപാതിത്വം അവരുടെ എഴുത്തുകളെ സ്വാധീനിച്ചിട്ടില്ല. ക്രിസ്തീയ ആവേശം അവരുടെ തൂലികകളെ വഴിതെറ്റിച്ചിട്ടുമില്ല. എന്നാൽ ലോർഡ് ക്രോമർ അക്കൂട്ടത്തിൽ പെട്ടവനല്ല എന്നതിൽ സംശയമില്ല. അദ്ദേഹത്തിന്റെ ‘മോഡേൺ ഈജിപ്ത്’ (Modern Egypt)എന്ന പുസ്തകം വായിക്കുന്നവർക്ക് തോന്നും, തന്റെ തൊപ്പിയും വസ്ത്രവും ധരിച്ച്, അരപ്പട്ടയിൽ കുരിശും തൂക്കി മഠത്തിനുള്ളിലിരുന്ന് സംസാരിക്കുന്ന ഒരു പുരോഹിതന്റെ ശബ്ദമാണ് തങ്ങൾ കേൾക്കുന്നതെന്ന്.
അങ്ങനെയൊരാൾ, ഇസ്‌ലാമിനെയും അതിന്റെ വിശ്വാസങ്ങളെയും നിയമങ്ങളെയും ഇവാഞ്ചലിക്കൽ മിഷണറിമാരുടെ പുസ്തകങ്ങളിലും മാസികകളിലും കാണാറുള്ളതുപോലെ ആക്ഷേപിക്കുന്നത് കണ്ട് ഏതെങ്കിലും മുസ്‌ലിം അത്ഭുതപ്പെടുന്നതിൽ അർഥമുണ്ടോ?
ക്വുർആൻ ഏറ്റവും ശുദ്ധമായ അറബി ഭാഷയിലാണെന്നും അത് സംസാരിച്ചത് അറബികളിലെ ഏറ്റവും വലിയ വാഗ്മിയാണെന്നും സമ്മതിക്കുമ്പോൾ തന്നെ, ക്വുർആനിൽ വ്യാകരണപ്പിശകുണ്ടെന്ന് വിധിക്കാൻ മാത്രം ഈ മിഷണറിമാരുടെ മതഭ്രാന്ത് വളർന്നിരിക്കുന്നു. വാസ്തവത്തിൽ വ്യാകരണവും പിശകും എന്നത് കേവലമായ ഒരു യുക്തിചിന്തയല്ല. മറിച്ച്, അറബികൾ എങ്ങനെ സംസാരിച്ചു എന്നതാണ് അതിന്റെ മാനദണ്ഡം. അവർ കർതൃപദത്തിന് (Subject)‘നസ്ബും’ (Accusative) കർമപദത്തിന് ((Object)‘റഫ്ഉം’ (Nominative) ആണ് നിശ്ചയിച്ചിരുന്നതെങ്കിൽ അതിന്റെ വിപരീതം പിശകായേനെ. എന്നാൽ അറിവില്ലാത്ത ഈ മിഷണറിമാർ ഇത്തരം അടിസ്ഥാന കാര്യങ്ങൾ ഗ്രഹിക്കുന്നില്ല.
അറബി ഭാഷാ പണ്ഡിതർ ക്വുർആനിലെ പ്രയോഗങ്ങളും ശൈലികളും അപഗ്രഥിച്ചാണ് വ്യാകരണ നിയമങ്ങൾ തന്നെ ക്രോഡീകരിച്ചത്. അവിടെ ക്വുർആനാണ് വ്യാകരണത്തിന് പ്രമാണം, അല്ലാതെ വ്യാകരണമല്ല ക്വുർആന് പ്രമാണം. ക്വുർആനിലെ ഏതെങ്കിലും പ്രയോഗം വ്യാകരണ നിയമങ്ങൾക്ക് വിരുദ്ധമായി കണ്ടാൽ, ആ നിയമങ്ങൾ ക്രോഡീകരിച്ചവർക്ക് അറബി ഭാഷാ പ്രയോഗങ്ങൾ പൂർണമായി മനസ്സിലാക്കുന്നതിൽ വീഴ്ചപറ്റി എന്നേ അർഥമുള്ളൂ. എന്നാൽ പണ്ഡിതന്മാർ അങ്ങനെയൊന്നും വിട്ടുകളഞ്ഞിട്ടില്ല, അപൂർവമായ പ്രയോഗങ്ങൾ പോലും അവർ രേഖപ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തിൽ, ക്വുർആനിൽ പിശകുകളില്ല, പണ്ഡിതന്മാർക്ക് വീഴ്ച പറ്റിയിട്ടുമില്ല, മറിച്ച് മിഷണറിമാർ വിവരമില്ലാത്തവരാണ് എന്നു മാത്രം. ഇത്രയും പരിഹാസ്യമായ വിടുവായത്തങ്ങൾ പറയാൻ മതഭ്രാന്ത് അവരെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ, അവരെപ്പോലെ ചമഞ്ഞുനടക്കുന്ന ഈ മനുഷ്യൻ ഇസ്‌ലാമിക നിയമങ്ങളെ അധിക്ഷേപിക്കുന്നതിൽ ഒട്ടും അത്ഭുതപ്പെടാനില്ല.
ലോർഡ് ക്രോമറോടും അദ്ദേഹത്തെപ്പോലെ ഇസ്‌ലാമിനെ ആക്ഷേപിക്കുന്നവരോടും അവരുടെ വിശ്വാസത്തിന്റെ കാര്യത്തിൽ ഞങ്ങൾ തർക്കത്തിനില്ല. എന്നാൽ ഞങ്ങളുടെ വിശ്വാസത്തിന്റെ കാര്യത്തിൽ അവർ ഞങ്ങളോട് തർക്കിക്കരുതെന്നും അവർക്ക് അവർ നൽകുന്ന അത്രയും സ്വാതന്ത്ര്യം ഞങ്ങൾക്കും നൽകണമെന്നും മാത്രമെ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളൂ.
ലോർഡ് ക്രോമർ പറയുന്നു: ‘ഇസ്‌ലാം മതം നിശ്ചലമാണ്, അതിന് മാനുഷിക നാഗരികതയെ ഉൾക്കൊള്ളാൻ കഴിയില്ല, അത് സാമൂഹിക വ്യവസ്ഥിതിക്ക് അനുയോജ്യമല്ല.’ അദ്ദേഹം വീണ്ടും പറയുന്നു: ‘ഇസ്‌ലാമിന് യോജിച്ചതെല്ലാം ക്രിസ്തീയതയ്ക്കും യോജിക്കും.’ മുസ്‌ലിംകളെ നോക്കി ഇസ്‌ലാമിനെയും ക്രിസ്ത്യാനികളെ നോക്കി ക്രിസ്തീയതയെയും വിലയിരുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.
ഹേ, ചരിത്ര തത്ത്വചിന്തകാ! ക്രിസ്തുമതം എപ്പോഴാണ് ശാസ്ത്രത്തിന്റെയും അറിവിന്റെയും നാഗരികതയുടെയും ഉറവിടമായി മാറിയത്? ഓർത്തഡോക്‌സുകാരും കത്തോലിക്കരും തമ്മിലും, കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലും മനുഷ്യത്വം നടുങ്ങുന്ന രീതിയിൽ രക്തരൂക്ഷിതമായ യുദ്ധങ്ങൾ നടന്ന കാലത്തോ? അതോ, അറിവില്ലാത്ത ഒരു പുരോഹിതന്റെ ഇച്ഛയ്ക്കനുസരിച്ച് ഒരു ക്രിസ്ത്യാനിയുടെ ചിന്തകൾ അടിമപ്പെട്ട കാലത്തോ? അന്ന് പുരോഹിതൻ പഠിപ്പിക്കുന്നത് മാത്രമായിരുന്നു അറിവ്. താൻ വിശ്വാസിയാണോ അവിശ്വാസിയാണോ, മനുഷ്യനാണോ മൃഗമാണോ എന്ന് സ്വയം തീരുമാനിക്കാൻ പോലും അന്ന് വിശ്വാസിക്ക് അനുവാദമില്ലായിരുന്നു. പുരോഹിതൻ ഒരാളോട് ‘നീ ഒരു നായയാണ്’ എന്ന് പറഞ്ഞാൽ, തനിക്ക് വാലും നീളമുള്ള മൂക്കുമുണ്ടെന്നും താൻ നാലുകാലിലാണ് നടക്കുന്നതെന്നും അയാൾക്ക് തോന്നുന്നത്ര കഷ്ടമായിരുന്നു അക്കാലത്തെ അവസ്ഥ.
അതോ, ഒരു ധനികൻ സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണെന്ന് ക്രിസ്ത്യാനികൾ വിശ്വസിച്ചിരുന്ന കാലത്തോ? അതോ, ബൈബിളല്ലാതെ മറ്റൊരു പുസ്തകവും വായിക്കരുതെന്നും ചർച്ച് സ്‌കൂളുകളല്ലാതെ മറ്റൊരു വിദ്യാലയത്തിലും പഠിക്കരുതെന്നും മാർപ്പാപ്പ വിലക്കിയ കാലത്തോ? വാലുള്ള ഒരു നക്ഷത്രം (ധൂമകേതു) പ്രത്യക്ഷപ്പെട്ടപ്പോൾ ചകിതരായ ക്രിസ്ത്യാനികൾ മാർപ്പാപ്പയോട് പരാതിപ്പെടുകയും അദ്ദേഹം അതിനെ ആകാശത്തുനിന്ന് ആട്ടിയോടിച്ചുവെന്ന് വിശ്വസിക്കുകയും ചെയ്ത കാലത്തോ?
അതോ, ഹാറൂൺ അൽറഷീദ് ചക്രവർത്തി ഷാർലമെയ്ൻ രാജാവിന് ഒരു ക്ലോക്ക് സമ്മാനമായി നൽകിയപ്പോൾ, അതിന്റെ ശബ്ദം കേട്ട് അതിനുള്ളിൽ ജിന്നും പിശാചുമാണെന്ന് കരുതി ക്രിസ്തീയ ജനത പേടിച്ചോടിയ കാലത്തോ? അതോ, ശാസ്ത്ര ഗവേഷണങ്ങളിൽ ഏർപ്പെടുന്നവരെ വിചാരണ ചെയ്യാൻ ‘ഇൻക്വിസിഷൻ’ കോടതികൾ സ്ഥാപിക്കുകയും ചുരുങ്ങിയ കാലയളവിനുള്ളിൽ മൂന്ന് ലക്ഷത്തിനാൽപതിനായിരത്തോളം പേ രെ ജീവനോടെ ചുട്ടുകൊല്ലുകയും കുരിശിലേറ്റുകയും ചെയ്ത കാലത്തോ? ഗണിതവും തത്ത്വചിന്തയും അഭ്യസിച്ചു എന്ന കാരണത്താൽ ഒരു സുന്ദരിയായ യുവതിയുടെ മാംസം അസ്ഥിയിൽനിന്ന് വേർപെടുത്തി ക്രിസ്തീയ ജനത അവളെ ചുട്ടുകൊന്ന കാലത്തോ?
ഹേ, ചരിത്ര തത്ത്വചിന്തകാ! ക്രൈസ്തവ കാലഘട്ടങ്ങളിലെ അറിവിനെയും സംസ്‌കാരത്തെയും നാഗരികതയെയും കുറിച്ചുള്ള ചരിത്രത്തിൽനിന്ന് ഞങ്ങൾക്ക് അറിയാവുന്നത് ഇത്രയുമാണ്. ഇങ്ങനെയൊക്കെയായിരുന്ന, ഇത്രമാത്രം ഇടുങ്ങിയ ചിന്താഗതി വെച്ചുപുലർത്തിയിരുന്ന ആ ക്രൈസ്തവത താങ്കളുടെ കാഴ്ചപ്പാടിൽ ശരിയാണോ തെറ്റാണോ എന്ന് ഞങ്ങൾക്ക് അറിയില്ല.
താങ്കൾ ഇസ്‌ലാമിനെക്കുറിച്ച് ശരിയായ അറിവില്ലാതെ, മുസ്‌ലിംകളെ നോക്കി ഇസ്‌ലാമിനെ വിലയിരുത്തിയതുപോലെ, ക്രൈസ്തവതയുടെ യാഥാർഥ്യം ഞങ്ങൾക്ക് അന്യമാണെങ്കിലും ക്രിസ്ത്യാനികളെ നോക്കി ഞങ്ങൾ ആ മതത്തെ വിലയിരുത്തുകയാണ്. എന്നാൽ ഞങ്ങളുടെ വിലയിരുത്തൽ ശരിയും താങ്കളുടെത് തെറ്റുമാണ്. കാരണം, യൂറോപ്പിൽ ആധുനിക നാഗരികത പ്രവേശിച്ചത് അവിടെനിന്ന് ക്രൈസ്തവതയെ നീക്കം ചെയ്തതിന് ശേഷമാണ്. ഒരു ഗ്ലാസ്സിലെ വായുവിനെ പുറന്തള്ളിയാലല്ലാതെ അതിൽ വെള്ളത്തിന് പ്രവേശിക്കാൻ കഴിയില്ലല്ലോ. ഇവ രണ്ടും ഒരേസമയം ഒരിടത്ത് സമ്മേളിക്കുകയില്ല.
(തുടരും)

