ഇസ്‌ലാമും ക്രൈസ്തവതയും - 2
മുസ്ത്വഫ ലുത്വുഫി അൽമൻഫലൂത്വി
2026 ഫെബ്രുവരി 07, 1447 ശഅ്ബാൻ 19

(ഭാഗം: 2)
വിവ: ഇ.യൂസുഫ് സാഹിബ് നദ്‌വി, ഓച്ചിറ
ഇന്ന് യൂറോപ്പിലെ ചില സാധാരണക്കാരുടെ കുടിലുകളിൽ ക്രൈസ്തവതയുടെ എന്തെങ്കിലും അടയാളങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിൽ, അത് നാഗരികത അവരോട് കാണിച്ച ദയ മാത്രമാണ്. അതൊരു വിശുദ്ധ മതമായി ആദരിക്കപ്പെടേണ്ടതാണ് എന്നതുകൊണ്ടല്ല, മറിച്ച് അറിവില്ലാത്തവരുടെ മനസ്സിലെ അക്രമാസക്തതയെ നിയന്ത്രിക്കാൻ സർക്കാരുകൾക്ക് ഉപയോഗിക്കാവുന്ന ഒരു മാനസിക തടസ്സമായി അതിനെ നിലനിർത്തുന്നു എന്ന് മാത്രം. അതിനാൽ പാശ്ചാത്യ നാഗരികതയും ക്രൈസ്തവതയും തമ്മിൽ യാതൊരു ബന്ധവുമില്ല. ഏകദേശം പത്തൊമ്പത് നൂറ്റാണ്ടുകളോളം യൂറോപ്പ് മനുഷ്യബുദ്ധിക്ക് ചിന്തിക്കാൻ കഴിയാത്തവിധം അജ്ഞതയിലും ക്രൂരതയിലും മുങ്ങിക്കിടന്നപ്പോൾ ഈ ക്രൈസ്തവതയോ പുരോഹിത വർഗമോ അവർക്ക് യാതൊരു ഉപകാരവും ചെയ്തില്ലല്ലോ.
എന്നാൽ ഇസ്‌ലാമിക നാഗരികതയാകട്ടെ, ഇസ്‌ലാമിനൊപ്പം ഒരേ ആകാശത്ത് ഒരേ ഉദയസ്ഥാനത്തുനിന്നും ഒരേസമയം ഉദിച്ചുയർന്നതാണ്. അത് ഇസ്‌ലാമിനോടൊപ്പം തോളോടുതോൾ ചേർന്ന് സഞ്ചരിച്ചു. അവ പരസ്പരം നിഷേധിച്ചില്ല. പള്ളിയിൽ ആരാധന നടത്തുന്നവനും, പാഠശാലയിലെ കർമ്മശാസ്ത്ര പണ്ഡിതനും,
ഗ്രന്ഥശാലയിലെ പരിഭാഷകനും, വിദ്യാലയത്തിലെ ഗണിതശാസ്ത്രജ്ഞനും, ലബോറട്ടറിയിലെ രസതന്ത്രജ്ഞനും, കോടതിയിലെ ജഡ്ജിയും, വേദികളിലെ പ്രസംഗകനും, ആസ്‌ട്രോലേബിന് (astrolabe) മുന്നിലെ ജ്യോതിശാസ്ത്രജ്ഞനും, എഴുത്തുകാരനുമെല്ലാം പരസ്പരം സ്‌നേഹിക്കുന്ന സഹോദരങ്ങളായിരുന്നു. അവർ പരസ്പരം കലഹിക്കുകയോ കൊല്ലുകയോ ചെയ്തില്ല. ഒരാൾ മറ്റൊരാളെ കാഫിർ (അവിശ്വാസി) എന്ന് വിളിച്ചില്ല. ആരും ആരെയും അടിച്ചമർത്തിയതുമില്ല.
ഹേ, ചരിത്ര തത്ത്വചിന്തകാ! ഫലത്തെ നോക്കിയാണ് കാരണത്തെ വിലയിരുത്തേണ്ടതെങ്കിൽ, ഇന്നത്തെ പാശ്ചാത്യ നാഗരികത എന്നത് ഇന്നലത്തെ ഇസ്‌ലാമിന്റെ ഫലമാണ്. ഇന്നത്തെ മുസ്‌ലിംകളുടെ അധഃപതനമാകട്ടെ ക്രൈസ്തവത ആദ്യമേൽപിച്ച ആഘാതങ്ങളുടെ ഫലവുമാണ്. അതിന്റെ വിശദീകരണം താഴെ നൽകുന്നു:
മനുഷ്യവംശത്തിന് അവരുടെ ഐഹികവും പാരത്രികവുമായ ജീവിതത്തിന്, വ്യക്തിപരമായോ സാമൂഹികമായോ ആവശ്യമായ സകല കാര്യങ്ങളും ഇസ്‌ലാം നൽകി. ബഹുദൈവാരാധനയാലും ശിലകളെ വണങ്ങുന്നതിനാലും മതമേധാവികൾക്ക് മുന്നിൽ തലകുനിക്കുന്നതിനാലും ദുഷിച്ചുപോയ മനുഷ്യന്റെ വിശ്വാസത്തെ അത് സംസ്‌കരിച്ചു. പങ്കുകാരില്ലാത്ത ഏകദൈവത്തിലുള്ള വിശ്വാസത്തിലേക്ക് അത് അവനെ നയിച്ചു. പ്രപഞ്ചത്തിന്റെ യാഥാർഥ്യങ്ങൾ മനസ്സിലാക്കാനും ദൈവത്തിന്റെ കഴിവിനെയും സൃഷ്ടിവൈഭവത്തെയും തിരിച്ചറിഞ്ഞ് വിശ്വാസം വർധിപ്പിക്കാനും തന്റെ ബുദ്ധിയെയും ദർശനത്തെയും പ്രപഞ്ചത്തിലേക്ക് തിരിച്ചുവിടാനും അത് നിർദേശിച്ചു. ഇത് കേവലം അന്ധമായ അനുകരണമല്ല, മറിച്ച് ഹൃദയത്തിൽ തട്ടുന്ന ബോധ്യമായിരിക്കണം എന്ന് അത് നിഷ്‌കർഷിച്ചു.
തിന്മകളെ അകറ്റാനും ദൈവത്തെ സ്മരിക്കാനുമായി ആരാധനാകർമങ്ങൾ നിശ്ചയിച്ചു നൽകി. വാക്കിനും പ്രവൃത്തിക്കും അത് സ്വാതന്ത്ര്യം നൽകി. ദൈവത്തിൽ പങ്കുചേർക്കുന്നതിനും മറ്റുള്ളവരെ ദ്രോഹിക്കുന്നതിനും മാത്രമാണ് അത് വിലക്കേർപ്പെടുത്തിയത്. അതുവരെ തനിക്ക് അന്യമായിരുന്ന സ്വന്തം വ്യക്തിത്വത്തിന്റെ വില അത് മനുഷ്യനെ പഠിപ്പിച്ചു. മനുഷ്യത്വത്തിൽ ദരിദ്രനെന്നും ധനികനെന്നും താഴ്ന്നവനെന്നും ഉയർന്നവനെന്നും വ്യത്യാസമില്ലെന്ന് അത് പഠിപ്പിച്ചു. രാജാവും പ്രജയും, കുലീനനായ ഹാഷിമിയും കറുത്ത വർഗക്കാരനായ അടിമയും ദൈവത്തിന് മുന്നിലും സത്യത്തിന് മുന്നിലും സമന്മാരാണ്. ആജ്ഞാപിക്കുന്നതും നിരോധിക്കുന്നതും, അനുവദിക്കുന്നതും വിലക്കുന്നതും, ഉപകാരവും ഉപദ്രവവും, പ്രതിഫലവും ശിക്ഷയും, കരുണയും മാപ്പും നൽകുന്നതെല്ലാം അല്ലാഹുവിന്റെ മാത്രം അധികാരമാണ്. പ്രവാചകന്മാർക്കോ മലക്കുകൾക്കോ അതിൽ പങ്കില്ല.
മനുഷ്യന്റെ സ്വഭാവഗുണങ്ങളെ അത് നന്നാക്കിത്തീർത്തു. തിന്മകളിൽനിന്ന് അവനെ തടഞ്ഞു. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ഉറങ്ങാനും നടക്കാനും ഇരിക്കാനും സംസാരിക്കാനും സലാം പറയാനുമുള്ള മര്യാദകൾ പോലും അത് പഠിപ്പിച്ചു. കുടുംബജീവിതത്തിൽ മകൻ അച്ഛനോടും, അച്ഛൻ മകനോടും, സഹോദരൻ സഹോദരിയോടും എങ്ങനെ പെരുമാറണമെന്നും ഭാര്യയും ഭർത്താവും തമ്മിലുള്ള സ്‌നേഹവും കടമകളും എന്താണെന്നും അത് വിശദീകരിച്ചു.
സാമൂഹിക കാര്യങ്ങളിൽ സകാത്ത് നിർബന്ധമാക്കി. അത് കൃത്യമായി ശേഖരിച്ച് വിതരണം ചെയ്യുകയാണെങ്കിൽ ലോകത്ത് ഒരു ദരിദ്രൻ പോലും ഉണ്ടാകുമായിരുന്നില്ല. ദാനധർമങ്ങൾക്കും അശരണരെ സഹായിക്കാനും അത് പ്രോത്സാഹിപ്പിച്ചു. ക്രയവിക്രയങ്ങൾ, കച്ചവടം, പാട്ടം, വസ്തു കൈമാറ്റം, ദാനം, വസ്വിയ്യത്ത്, അനന്തരാവകാശം തുടങ്ങിയ ഐഹിക ഇടപാടുകൾക്കായി നിയമങ്ങൾ നിർമിച്ചു. ഇതിലൂടെ ഓരോരുത്തർക്കും അവരവരുടെ അവകാശങ്ങൾ ലഭിക്കാനും ആരും വഞ്ചിക്കപ്പെടാതിരിക്കാനും അത് വഴിയൊരുക്കി. കുറ്റകൃത്യങ്ങൾ തടയാൻ കർക്കശമായ ശിക്ഷാവിധികൾ നടപ്പിലാക്കി. രാഷ്ട്രീയ കാര്യങ്ങളിൽ ഖിലാഫത്ത്, നീതിന്യായ വ്യവസ്ഥ, ഭരണാധികാരത്തിന്റെ പരിധികൾ എന്നിവ നിശ്ചയിച്ചു. ഇതര മതസ്ഥരോടുള്ള പെരുമാറ്റം, യുദ്ധം, സമാധാനം എന്നിവയുടെ നിയമങ്ങളും അത് വ്യക്തമാക്കി.
ചുരുക്കത്തിൽ, ചെറുതും വലുതുമായ ഒരു കാര്യവും വിട്ടുകളയാതെ കൃത്യമായി ഇസ്‌ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ജീവിതമാകുന്ന പോർക്കളത്തിൽ, തൊട്ടിൽ മുതൽ ചുടലവരെ മനുഷ്യന്റെ ഓരോ ചുവടിലും ആ മതം അവന് കൈത്താങ്ങാവുകയും, അവന്റെ പാതകളിൽ വെളിച്ചം പകരുകയും, നേർവഴിയിലേക്ക് അവനെ നയിക്കുകയും ചെയ്തിട്ടുണ്ട്.
ഈ ഉദയസൂര്യൻ അറേബ്യൻ മണ്ണിൽ ഉദിച്ചുയർന്നപ്പോൾ പ്രപഞ്ചമാകെ പ്രകാശപൂരിതമായി. ആ പ്രകാശത്തെ അംഗീകരിക്കുന്നവരും അതിന്റെ നിലനിൽപ്പിനെ നിഷേധിക്കുന്നവരും എന്നിങ്ങനെ ജനങ്ങൾ രണ്ട് പക്ഷത്തായി. എങ്കിലും, ആ വെളിച്ചത്തിൽനിന്ന് ഗുണങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ അവരെല്ലാം ഒരുപോലെയായിരുന്നു. എന്നാൽ ആ പ്രകാശത്തിന്റെ സ്വീകാര്യതയിലും പ്രയോഗത്തിലും അവർക്കിടയിൽ വ്യത്യാസങ്ങളുണ്ടായിരുന്നു എന്ന് മാത്രം.
ഈ ഉദയസൂര്യൻ ഉദിച്ചുയരുകയും അതിന്റെ വെള്ളിരശ്മികൾ സ്‌പെയിൻ, ദക്ഷിണ ഇറ്റലി, ഫ്രാൻസ് എന്നിവ വഴി യൂറോപ്പിലേക്ക് പടരുകയും ചെയ്തു. ബുദ്ധിമാന്മാരായ ഏതാനും ചില പാശ്ചാത്യർ ആ വെളിച്ചം കാണുകയും തങ്ങളുടെ ദീർഘനിദ്രയിൽനിന്ന് ഉണരുകയും ചെയ്തു. ഇസ്‌ലാമിക ദർശനങ്ങളുടെ സൗന്ദര്യവും, പ്രപഞ്ച നിയമങ്ങളും, സാമൂഹിക ക്രമങ്ങളും, സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും തത്ത്വങ്ങളും കണ്ടപ്പോൾ, തളർന്നു കിടക്കുന്ന പാശ്ചാത്യ സമൂഹവും ഉണർന്നു പ്രവർത്തിക്കുന്ന പൗരസ്ത്യ സമൂഹവും തമ്മിലുള്ള താരതമ്യം അവരെ ഇരുത്തിച്ചിന്തിപ്പിച്ചു. അവർ സ്വയം ചോദിച്ചു: ‘ഒരു രാജാവിനും അടിമപ്പെടാതെ, ഒരു പുരോഹിതനും കീഴ്‌പ്പെടാതെ ഈ ഭൂമിയിൽ മനുഷ്യന് സ്വതന്ത്രനായി ജീവിക്കാൻ കഴിയുമോ? പീഡനയന്ത്രങ്ങളെയോ ആരാച്ചാരുടെ വാളിനെയോ ഭയക്കാതെ, ഒരു രാത്രിയെങ്കിലും സമാധാനമായി ഉറങ്ങാൻ മനുഷ്യന് സാധിക്കുമോ? പ്രപഞ്ച വ്യവസ്ഥയെക്കുറിച്ച് ചിന്തിക്കാനും ശാസ്ത്രപഠനങ്ങളിൽ ഏർപ്പെടാനും മനുഷ്യന്റെ ആത്മാവിന് സ്വാതന്ത്ര്യം ലഭിക്കുമോ? ഇസ്‌ലാമിക നാഗരികതയുടെ ഈ ഉദയം ഈ പാശ്ചാത്യ സമൂഹത്തിന് മേൽ പതിക്കുമോ? ദീർഘകാലത്തെ അന്ധകാരം കാരണം കാഴ്ച മങ്ങിപ്പോയ, പരസ്പരം കാണാൻ കഴിയാത്ത ഈ ഇരുട്ടിനെ അത് മായ്ച്ചുകളയുമോ?’
ആ ബുദ്ധിമാന്മാരുടെ മനസ്സിൽ ഉദിച്ച ഈ ചിന്തകളാണ് യൂറോപ്പ് നാഗരികതയുടെ പാതയിൽ വെച്ച ആദ്യ ചുവടുകൾ. യൂറോപ്പിലെ മുസ്‌ലിംകളുമായുള്ള സമ്പർക്കത്തിലൂടെയും അവരുടെ ഗ്രന്ഥങ്ങൾ വായിച്ചും അവരുടെ നാഗരികതയെ അടുത്തറിഞ്ഞും മനസ്സിലാക്കിയ ഇസ്‌ലാമിക നിയമങ്ങളുടെ ഗുണഫലമായിരുന്നു അത്. പിന്നീട് അവർ ഈ ആശയങ്ങൾ രഹസ്യമായി ജനങ്ങളെ പഠിപ്പിക്കുകയും തങ്ങളുടെ ശിഷ്യന്മാരിലേക്ക് പകരുകയും ചെയ്തു. ഇതിനായി അവർക്ക് വലിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു. അറിവും അജ്ഞതയും തമ്മിലുള്ള ഈ പോരാട്ടം നൂറ്റാണ്ടുകളോളം തുടർന്നു; ഒടുവിൽ ഫ്രഞ്ച് വിപ്ലവത്തിലൂടെയാണ് പഴയകാലത്തെ ആ കാടത്തത്തിനും ക്രൂരതയ്ക്കും അന്ത്യം കുറിച്ചത്.
ഹേ, ചരിത്ര തത്ത്വചിന്തകാ! താങ്കൾക്ക് ഇക്കാര്യങ്ങൾ തീർച്ചയായും അറിയാമായിരിക്കും. കാരണം ഒരു ചരിത്രകാരൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങളാണിവ. ഇസ്‌ലാമിക നാഗരികതയ്ക്ക് മറ്റുള്ളവരെ ഉൾക്കൊള്ളാൻ കഴിയുമെങ്കിൽ, അതിന് സ്വന്തം അനുയായികളെ ഉൾക്കൊള്ളാൻ കഴിയില്ലേ? പക്ഷേ, താങ്കളുടെ മതഭ്രാന്ത് അത്രമേൽ വർധിച്ചിരിക്കുന്നു. താങ്കളോട് ഉപകാരം ചെയ്തവന്റെ നന്ദി നിഷേധിച്ചത് പോരാഞ്ഞിട്ട്, അവന് അവനോടുതന്നെയുള്ള സദ്ഗുണങ്ങളെപ്പോലും താങ്കൾ നിഷേധിക്കുകയാണോ?
ഇസ്‌ലാമിക നാഗരികതയെക്കുറിച്ച് താങ്കൾക്ക് വിവരിച്ചുതരേണ്ട കാര്യമില്ല. ഭൗതികശാസ്ത്രം, രസതന്ത്രം, ജ്യോതിശാസ്ത്രം, സസ്യശാസ്ത്രം, ജീവശാസ്ത്രം, വൈദ്യശാസ്ത്രം, തത്ത്വചിന്ത, നൈതികത, സാമൂഹികശാസ്ത്രം എന്നിവയിൽ മുസ്‌ലിം പണ്ഡിതന്മാരും ദാർശനികരും രചിച്ച ഗ്രന്ഥങ്ങളോ അവരുടെ പേരുകളോ ഞാൻ എണ്ണിപ്പറയേണ്ടതില്ല. കിഴക്കും പടിഞ്ഞാറുമുള്ള വിദ്യാലയങ്ങളെയും നക്ഷത്രബംഗ്ലാവുകളെയും (Observatories)കുറിച്ചോ, ആഡംബരപൂർണമായ നഗരങ്ങളെയും അന്നത്തെ സമൃദ്ധിയെയും പ്രതാപത്തെയും കുറിച്ചോ താങ്കളോട് പറയേണ്ടതില്ല. താങ്കൾ അവകാശപ്പെടുന്നതുപോലെ ഒരു ചരിത്രകാരനാണെങ്കിൽ ഇതെല്ലാം താങ്കൾക്ക് അറിയാവുന്നതാണ്.
എങ്കിലും, കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി മുസ്‌ലിംകൾക്ക് സംഭവിച്ച ദൗർബല്യത്തെയും തളർച്ചയെയും അവരുടെ ഐക്യം തകർന്നതിനെയും ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ, താങ്കൾ തെറ്റിദ്ധരിച്ചതുപോലെ അതിന് കാരണം ഇസ്‌ലാമല്ല. മറിച്ച്, മുസ്‌ലിം വേഷധാരികളായ ചിലർ വഴി ക്രിസ്തീയതയിൽനിന്നുള്ള ചില പ്രവണതകൾ അവരിലേക്ക് പടർന്നതാണ് അതിന് കാരണം. അവർ ഇസ്‌ലാമിന്റെ വേഷം ധരിച്ച് മുസ്‌ലിം നാടുകളിൽ പ്രവേശിക്കുകയും അവിടുത്തെ ദുർബലരായ രാജാക്കന്മാരെയും വിവരമില്ലാത്ത അമീറുമാരെയും സ്വാധീനിക്കുകയും ചെയ്തു. തങ്ങളുടെ തെറ്റായ ആശയങ്ങളും അന്ധവിശ്വാസങ്ങളും മുസ്‌ലിംകൾക്കിടയിൽ പ്രചരിപ്പിക്കാൻ അവർ ആ അധികാരം ഉപയോഗിച്ചു. അങ്ങനെ അവർ വിശ്വാസങ്ങളെ മലിനമാക്കുകയും അവർക്കിടയിൽ ഭിന്നതയുണ്ടാക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ യഥാർഥ കരുത്തിൽനിന്നും ചൈതന്യത്തിൽനിന്നും അവർ മുസ്‌ലിംകളെ അകറ്റിക്കളഞ്ഞു. അതിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന അവസ്ഥ.
വിധിവിശ്വാസത്തിലും (ക്വദ്ർ), തവക്കുലിലും (ദൈവത്തിലുള്ള ഭരമേല്പിക്കൽ) മുസ്‌ലിംകൾക്കിടയിൽ ഇന്ന് കാണുന്ന ആശയക്കുഴപ്പങ്ങൾ, ക്വബ്‌റുകൾ കെട്ടിപ്പൊക്കുന്നതും അവ അലങ്കരിക്കുന്നതും അവിടെ പോയി മുഖംകുത്തി വീഴുന്നതും, ആരാധനകളുടെ അന്തഃസത്തയെ വിസ്മരിച്ച് കേവല രൂപങ്ങൾക്ക് പ്രാധാന്യം നൽകുന്നതും, മതനേതാക്കൾക്ക് ലാഭനഷ്ടങ്ങൾ വരുത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നതുമെല്ലാം പൗരാണിക ക്രൈസ്തവതയുടെ സ്വാധീനമാണ്, അല്ലാതെ ഇസ്‌ലാമിന്റെതല്ല.
ഹേ, ചരിത്ര തത്ത്വചിന്തകാ! ഞങ്ങളെ മതഭ്രാന്തന്മാർ എന്ന് വിളിക്കരുത്. താങ്കൾ ഞങ്ങളെയും ഞങ്ങളുടെ മതത്തെയും അധിക്ഷേപിച്ചപ്പോൾ, സത്യം വിളിച്ചുപറഞ്ഞുകൊണ്ട് അതിനെ പ്രതിരോധിക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റു വഴികളില്ലായിരുന്നു. ഇതിൽ ഞങ്ങൾക്ക് യാതൊരു ലജ്ജയുമില്ല. ശത്രുക്കളിൽനിന്ന് തങ്ങളെത്തന്നെ സംരക്ഷിക്കാനും, തങ്ങളുടെ സമൂഹത്തെ കാത്തുസൂക്ഷിക്കാനും, മതം അല്ലാഹുവിന്റെത് മാത്രമാകുന്നത് വരെ അതിന്റെ പ്രതാപം ഉയർത്താനും മുസ്‌ലിംകൾ കൈകോർക്കുന്നതിനെയാണോ നിങ്ങൾ മതഭ്രാന്ത് എന്ന് വിളിക്കുന്നത്?
‘ആലു മുഹമ്മദിനെ (പ്രവാചക കുടുംബത്തെ) സ്‌നേഹിക്കുന്നത് ഒരു കുറ്റമാണെങ്കിൽ,
ഞാൻ അത്തരമൊരു കുറ്റവാളിയാണെന്ന് ലോകം മുഴുവൻ സാക്ഷ്യം വഹിക്കട്ടെ’
(ഇമാം ശാഫിഈയുടെ വരികൾ ഉദ്ധരിച്ചുകൊണ്ട് മൻഫലൂത്വി തന്റെ ലേഖനം അവസാനിപ്പിക്കുന്നു).

