‘വെളുക്കാൻ തേച്ചത്...’

കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ

2023 ജനുവരി 14, 1444 ജുമാദുൽ ഉഖ്റാ 20

വെളുക്കാൻ തേച്ചത് പാ ണ്ടായി’ എന്നൊരു ചൊ ല്ലുണ്ട്. ഇത് ഇക്കാലത്ത് നാമെല്ലാവരും ശ്രദ്ധിക്കേണ്ടതാണ് എന്ന് ഓർമിപ്പിക്കാനാണ് ഈ കുറിപ്പ്. ഇസ്‌ലാംമത വിശ്വാസികളും അവർ ഉൾക്കൊള്ളുന്ന വിവിധ കൂട്ടായ്മകളും എന്ത് അഭിപ്രായഭിന്നതകളുണ്ടെങ്കിലും ഒരേയൊരു ലക്ഷ്യത്തിനു വേണ്ടിയാണ് ജീവിക്കേണ്ടതും പ്രവർത്തിക്കേണ്ടതും. ഈ ലോകത്ത് അല്ലാഹു തൃപ്തിപ്പെട്ടുതന്നവിധം ജീവിക്കുക, പരലോക ജീവിതം സുരക്ഷിതമാക്കുക ഇതാണാ പ്രഖ്യാപിത ലക്ഷ്യം. ഒരാൾക്കും മറ്റൊരാളെ രക്ഷിക്കാൻ കഴിയാത്തതും അവനവന്റെ ചെയ്തികളുടെ മാത്രം ഗുണദോഷങ്ങൾ സ്വയം അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന പരലോകത്തിൽ വിശ്വസിക്കുന്നവരാണ് ഇപ്പറഞ്ഞവരെല്ലാം. അതുകൊണ്ട്തന്നെ, തന്റെ ആത്മമോചനത്തിനു വേണ്ടി ഓരോരുത്തരും തെരഞ്ഞെടുക്കുന്ന വഴി നേരിന്റെതു തന്നെയാണെന്ന് സ്വയം ബോധ്യപ്പെടുകതന്നെ വേണം.

സ്വർഗത്തിന്റെ കവാടം മനുഷ്യനു മുമ്പിൽ കാരുണ്യവാനായ അല്ലാഹു തുറന്നുവച്ചിട്ടുണ്ട്. മനുഷ്യ ജീവിതത്തിന്റെ കുറഞ്ഞ ആയുസ്സിനിടയിൽ, റബ്ബിന്റെ നിയമനിബന്ധനകൾ പാലിച്ചു നേർവരിയിൽ നിന്നാലേ സ്വർഗത്തിലെത്തൂ. മരണത്തോടെ ആ വാതിൽ അടയ്ക്കപ്പെടും. പിന്നെ അല്ലാഹുവിന്റെ കാരുണ്യം മാത്രമാണ് ശരണം. ജീവിതകാലത്ത് ധിക്കാരവും താൻപോരിമയും കിടമത്സരവും അപരവൈരവും കാണിച്ചു ജീവിച്ചാൽ ആ കാരുണ്യം ലഭിക്കുകയില്ല എന്നുതന്നെയാണ് മതം മനുഷ്യനെ പഠിപ്പിക്കുന്നത്. മാത്രമല്ല അവർക്ക് മുന്നിൽ സ്വർഗവാതിൽ അവൻ അടക്കുകയും ചെയ്യും.

ഇപ്പറഞ്ഞ ഇഹപര വിജയം സ്വയം നേടാനും മറ്റുള്ളവർക്ക് നേടിക്കൊടുക്കാനുമാണ് നബിമാർ ശ്രമിച്ചത്. അതിനാണവർ പലതും ത്യജിച്ചത്. ആ വഴിയുടെ പിന്തുടർച്ചക്കാരാവണം മതകൂട്ടായ്മയിൽ കഴിയുന്നവരെല്ലാം. അതായിരിക്കണം എല്ലാവരുടെയും ലക്ഷ്യവും മാർഗവും. മതകൂട്ടായ്മകളുടെ മഹാസംഗമങ്ങൾ അരങ്ങേറുന്ന സീസനാണ് കേരളത്തിൽ. വ്യത്യസ്ത ലേബലുകളും വിവിധ രീതികളും തന്ത്രങ്ങളും തങ്ങളുടെ കൂട്ടായ്മയിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാനും പേരും പെരുമയും നേടാനും ശക്തി പ്രകടിപ്പിക്കാനും എല്ലാവരും ഉപയോഗിക്കുമെന്നത് സ്വഭാവികമാണ്. അത് പക്ഷേ, വെളുക്കാൻ തേച്ചത് പാണ്ടായി പോകാതിരിക്കാൻ ശ്രദ്ധിക്കണം.

ഇത്തരം മഹാസംഗമങ്ങൾ ആരു നടത്തിയാലും, അതിന് പണം നൽകുന്നവരും കഠിനമായ മനുഷ്യാധ്വാനം ചെലവഴിക്കുന്നവരുമായ പൊതുജനങ്ങൾ ആ ത്യാഗത്തിന് മുതിരുന്നത് നേതാക്കളുടെയും പണ്ഡിത വരേണ്യരുടെയും ആത്മാർഥതയിൽ വിശ്വാസമർപ്പിച്ചുകൊണ്ടും നാളെ പരലോകത്തേക്ക് മുതൽക്കൂട്ടാവട്ടെ എന്ന് പ്രതീക്ഷിച്ചുകൊണ്ടുമാണെന്നും മറക്കരുത്. അല്ലാഹുവിനെക്കുറിച്ചുള്ള ബോധവും ഇസ്‌ലാമിക സംസ്‌കാരവും ആത്മവിശുദ്ധിയും നഷ്ടപ്പെടുന്ന ഇക്കാലത്ത് ഒരു വിശ്വാസിസമൂഹത്തിന് അതിജീവിക്കാനുള്ള ഒരൊറ്റ മാർഗം ജീവിത വിശുദ്ധിയും ആത്മീയ ചിന്തയും വീണ്ടെടുക്കുക എന്നത് തന്നെയാണ്. അത് ഒരു പരിധിവരെ നാം സാക്ഷാത്കരിക്കുമ്പോൾ മാത്രമെ മനുഷ്യരുടെ പണവും അധ്വാനവും പരലോക നന്മക്ക് ഉപകരിക്കുകയുള്ളൂ.

ഇസ്‌ലാമിനെ തെറ്റിദ്ധരിച്ചവർക്ക് ആയതു തിരുത്തുവാനും അറിവില്ലായ്മയും അശ്രദ്ധയും മൂലം വഴിവിട്ട് ജീവിക്കുന്നവരെ തിരിച്ചുവിളിക്കുവാനും വിശ്വാസികളുടെ മനസ്സിൽ അറിവും ഭക്തിയും നിറക്കുവാനും പൊതുജന മനസ്സുകളിൽ മതത്തിന്റെ പ്രതാപം വർധിപ്പിക്കുവാനുമല്ല കോടികൾ മുടക്കിയ മഹാസംഗമങ്ങൾ തീർത്ത് ശക്തി പ്രകടിപ്പിക്കുന്നതെങ്കിൽ, കുടിലതകൾക്ക് വളമിട്ട് കൊടുക്കുവാനാണ് പണിയെടുക്കുന്നതെങ്കിൽ, ഇസ്‌ലാമിനെ കളിയാക്കിച്ചിരിക്കുവാനുള്ള വഴി വെച്ചുകൊടുക്കാനാണ് തന്ത്രങ്ങൾ മെനയുന്നതെങ്കിൽ, കാത്തിരിക്കുക; പരമകാരുണികനായ റബ്ബിന്റെ കോപം അകലെയല്ല.