ആപൽക്കരമായ കുതർക്കങ്ങൾ

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2023 ഫെബ്രുവരി 11, 1444 റജബ് 19

തിന്മകളെ നിരാകരിച്ചുകൊണ്ടാണ് നബിമാരെല്ലാം സത്യവിശ്വാസത്തിലേക്ക് പ്രബോധനം ചെയ്തത്. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതാണല്ലോ എല്ലാ കാലത്തും പ്രവാചകൻമാർ ആദ്യമായി ജനങ്ങളോടു പറഞ്ഞത്. ഇതിലെ ‘ലാ’ എന്നതിന്റെ അർഥം ‘ഇല്ല’ എന്നാണ്. ഓരോ സമൂഹത്തിലും തലമുറകളായി നിലനിന്നിരുന്ന വികല വിശ്വാസങ്ങളെ നിരാകരിക്കുകയാണ് ഈ പ്രഥമവാക്യം. പിന്നീട് പ്രവാചക മാതൃക പിന്തുടർന്നവരും നിലവിലുള്ള തിന്മകളെ എതിർത്തുകൊണ്ടു തന്നെയാണ് പ്രബോധനം തുടങ്ങിയത്. കേരളത്തിൽ ഒരു നൂറ്റാണ്ടു മുമ്പ് സംഘടിതമായ നവോത്ഥാന പ്രബോധനം ഇതേ മാതൃകയിൽ തന്നെയാണ് തുടക്കം കുറിച്ചത്. നിലവിലുള്ള സമൂഹത്തിൽ രൂഢമൂലമായ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശക്തമായി എതിർത്തപ്പോൾ സമൂഹത്തിൽനിന്ന് തിരിച്ചും എതിർപ്പുകളുണ്ടായി. അത് ഇന്നും നിലനിൽക്കുകയും ചെയ്യുന്നു.

ആദ്യകാല നവോത്ഥാന പണ്ഡിതൻമാർ തിന്മകൾക്കെതിരെ ശക്തമായി എതിർത്തു ശബ്ദിക്കുമ്പോഴും അതിൽ ഗുണകാംക്ഷയുണ്ടായിരുന്നു. പ്രമാണങ്ങളുടെ പിൻബലമുണ്ടായിരുന്നു. അതുകൊണ്ടാണ് അന്നത്തെ ഒറ്റപ്പെട്ട ശബ്ദങ്ങൾ പിന്നീട് സമൂഹം അംഗീകരിച്ചത്. അവരുടെ ആ ഗുണകാംക്ഷയും പ്രമാണബദ്ധതയും കാരണമാണ് തലമുറകളായി ആചരിച്ചനുഭവിച്ചു വന്നിരുന്ന തെറ്റായ സമ്പ്രദായങ്ങളെ വലിച്ചെറിഞ്ഞ് ഇസ്‌ലാമിന്റെ വെളിച്ചത്തിലേക്ക് ജനങ്ങൾ ആകൃഷ്ടരായത്. മുജാഹിദുകൾ പറയുന്ന ആശയങ്ങൾ സ്വീകരിക്കുന്നത് അഭിമാനവും ഉയർന്ന മൂല്യബോധത്തിന്റെ അടയാളവുമായി മാറിയതും ഈ പ്രമാണബദ്ധതയും ഗുണകാംക്ഷയും കാരണമായിരുന്നു.

ഈ പ്രബോധന ചരിത്രമറിയാത്ത ഒരു പിൻമുറ പ്രസ്ഥാനത്തിൽ എത്തിപ്പെടുന്നത് നാം കരുതലോടെ കാണണം. എതിർപ്പിന്റെ ശൈലിയിലാണ് പ്രസ്ഥാനം വളർന്നുവന്നതെന്ന് ആരോ പറഞ്ഞു കേട്ട് പ്രസ്ഥാനത്തിലെത്തിയ പുതുതലമുറയിലെ ചിലർ ന്യായാന്യായം നോക്കാതെ മറ്റുള്ളവരെ എതിർക്കലാണ് ദീനീ സേവനമെന്ന് ധരിച്ചുവശായ പോലെയാണ് തോന്നുന്നത്. ഈ പ്രവണത എല്ലാ സംഘടനകളിലുമുള്ള പുതുതലമുറയിലും കണ്ടുവരുന്നു. ആദ്യം സംഘടനാപരമായ പ്രതിയോഗിയെ കണ്ടെത്തുക, പിന്നീട് പിന്നും മുന്നും നോക്കാതെ എതിർത്തു തോൽപിക്കുക, ശരിതെറ്റുകളുടെ വേർതിരിവോ സംവേദന മര്യാദകളോ പരിസരബോധമോ ഇത്തരം പ്രബോധനത്തൊഴിലാളികൾ കാണിക്കാറില്ല.

നിലവിലുള്ള ശത്രു ആരാണോ അവനെ പരാചയപ്പെടുത്തുകയാണ് അവരുടെ മിനിമം ലക്ഷ്യം. തന്റെ ന്യായം സ്ഥാപിക്കാൻ പ്രമാണങ്ങളെ അവൻ വളച്ചൊടിക്കും. ജനങ്ങളിൽ മൽസരബുദ്ധി വളർത്തുകയും തെറ്റുധരിപ്പിക്കുകയും ചെയ്യും. നേരെ ചൊവ്വെ ജീവിക്കാനാഗ്രഹിക്കുന്നവരിൽ വിരസതയും മടുപ്പുമുണ്ടാക്കും. കുത്തുവാക്കുകളും അപമര്യാദകളുംകൊണ്ട് പ്രബോധനരംഗം മലീമസമാക്കും. ഇവയൊക്കെയാണ് ഈ കുതർക്കംകൊണ്ട് കിട്ടുന്ന നേട്ടം. ഇത്തരം കുതർക്കികളുടെ നാൾവഴികൾ നോക്കിയാലറിയാം; ഇന്നലെയും മിനിഞ്ഞാന്നും ഇന്നും പറഞ്ഞുവരുന്നത് പരസ്പര വിരുദ്ധങ്ങളായിരിക്കും. ആർക്കോ വേണ്ടി ജനങ്ങളെ വേട്ടയാടുന്ന ഈ അപകടകാരികളാണ് ഏതൊരു സമൂഹത്തിന്റെയും ശാപം. അല്ലാഹു പറയുന്നു: “യാതൊരു അറിവോ, മാർഗദർശനമോ, വെളിച്ചം നൽകുന്ന ഗ്രന്ഥമോ ഇല്ലാതെ, അല്ലാഹുവിന്റെ കാര്യത്തിൽ തർക്കിക്കുന്നവനും മനുഷ്യരുടെ കൂട്ടത്തിലുണ്ട’’(ഹജ്ജ്: 8).

അന്യായമായ തർക്കമനോഭാവമാണ് മാർഗദർശനം ലഭിച്ച ഒരു ജനവിഭാഗത്തിന്റെ പിഴവിന്ന് കാരണമായിത്തീരുന്നത് എന്ന് നബി ﷺ പറഞ്ഞതായി തുർമുദി ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. ആശയസംവാദങ്ങളാവട്ടെ, പ്രഭാഷണങ്ങളാവട്ടെ ഗുണകാംക്ഷയും മര്യാദയും പാലിച്ചുകൊണ്ടായിരിക്കണം നാം നിർവഹിക്കേണ്ടത്. താൽക്കാലികമായി മുന്നിൽ കാണുന്നതോ മനസ്സിൽ നിനക്കുന്നതോ ആയ ‘പ്രതിയോഗികളെ’ ഏതു തന്ത്രമുപയോഗിച്ചും ഇരുത്താൻ ശ്രമിക്കുക എന്ന ശൈലി സ്വീകരിച്ചാൽ വെളിവില്ലാത്ത കുറെ ആവേശക്കാർക്ക് അരിശം തീരുമെന്നല്ലാതെ വഴിതെറ്റിയ മനുഷ്യരെ സന്മാർഗത്തിലേക്ക് നയിക്കാനോ അറിവില്ലാത്ത മനുഷ്യർക്ക് നല്ലതെന്തെങ്കിലും മനസ്സിലാക്കിക്കൊടുക്കാനോ അത് ഉപകരിക്കുകയില്ല. മറിച്ച് മതമേ വേണ്ട എന്ന് പറയുന്നവർക്ക് നോക്കിച്ചിരിക്കാനും സത്യാന്വേഷണത്തോടെ മതവിശ്വാസത്തെ സ്വീകരിക്കാനാഗ്രഹിക്കുന്നവർക്ക് മതത്തിൽനിന്ന് അകലാനും ഈ കുതർക്കങ്ങൾ കാരണമാവുകയും ചെയ്യും. നബിമാരുടെ ശൈലിയാണ് പ്രബോധകന്റെ മാതൃക.