ഫിത്‌നകൾ സൂക്ഷിക്കുക

കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ

2023 ജനുവരി 21, 1444 ജുമാദുൽ ഉഖ്റാ 27

ഫിത്‌നയിൽനിന്ന് അകന്നു ജീവിക്കുന്നവർക്കാണ് വിജയമുള്ളത് എന്ന് നബി ﷺ  മൂന്നുവട്ടം ആവർത്തിച്ചു പറഞ്ഞതായി ഹദീസ് ഗ്രന്ഥമായ അബൂദാവൂദിൽ കാണാം. സമൂഹത്തിന്റെ നേരായ അവസ്ഥയിൽ കുഴപ്പമുണ്ടാക്കുക എന്നതാണ് ‘ഫിത്‌ന’ എന്ന പദംകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ജീവിക്കുന്ന കാലമത്രയും നന്മ വർധിപ്പിക്കണമെന്ന ബോധവും പരലോകത്ത് രക്ഷപ്പെടണമെന്ന ചിന്തയുമുള്ളവർ എപ്പോഴും ജാഗ്രത പുലർത്തേണ്ട മഹാവിപത്താണ് ഫിത്‌ന. മതപ്രബോധന പ്രവർത്തനങ്ങൾക്ക് മുന്തിയ പരിഗണന നൽകുന്ന ഏതൊരാളും സമൂഹത്തിലെ ഫിത്‌നകളെ തിരിച്ചറിയുകതന്നെ വേണം.

പുരോഗമനം എന്ന പേരിൽ വിദ്യാഭ്യാസമേഖലയിൽ പുതിയ സമീപനങ്ങൾ അവതരിപ്പിക്കുന്നതിന്റെ പിന്നിൽ ചില ദുഷ്ടലാക്കുകൾ ഉണ്ടെന്ന കാര്യം ചിന്തിക്കുന്നവർ തിരിച്ചറിഞ്ഞതാണല്ലോ. മതം പ്രചരിപ്പിച്ചാൽ ദൈവവിശ്വാസവും അതുവഴി സദാചാരചിന്തയും വളരും. അത് നിരീശ്വര, നിർമത ആദർശങ്ങളുടെ വ്യാപനത്തിനും അധികാര നിലനിൽപിനും സംസ്ഥാപനത്തിനും തടസ്സമാവും എന്ന ചിന്തയാണ് മേൽപറഞ്ഞ പരിഷ്‌ക്കരണ പ്രവർത്തനങ്ങൾക്കു പിന്നിലെ രസതന്ത്രം. മതത്തിനോടുള്ള വിരോധത്തെക്കാൾ അധികാരത്തിൽ പറ്റിക്കൂടാനുള്ള ഭ്രമമാണെന്നർഥം. സമാനമായ ദുഷ്ടലാക്കുകൾ എല്ലാ മേഖലകളിലും സജീവമാണെന്ന് നാം തിരിച്ചറിയണം; വിശിഷ്യാ മതരഗത്തും.

തൽക്കാലം ആളെക്കൂട്ടാനും അധികാരമുറപ്പിക്കാനും സ്വപ്നം കണ്ട് ഇവർ പുതിയ ഇഷ്യൂകൾ സമൂഹചർച്ചയിലേക്ക് ഇറക്കിവിടും. സോഷ്യൽ മീഡിയകൾ ഇത്തരം കൗശലക്കാർക്ക് നല്ലൊരു പ്ലാറ്റ്‌ഫോമാണ്. ജനങ്ങൾ ഇത്തരം എല്ലിൻ കഷ്ണങ്ങളിൽ കടിച്ചുതൂങ്ങുമ്പോൾ തക്കം നോക്കി കാര്യങ്ങൾ നേടുക എന്നതാണ് തന്ത്രം.

മതപ്രബോധനം അതിന്റെ തനിമയിൽ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ ജാഗ്രത പുലർത്തേണ്ട സന്ദർഭമാണിത്. പ്രബോധനരംഗം അവിടെയും ഇവിടെയും തട്ടിത്തടഞ്ഞ് നിലച്ചുകൂടാ. നേരെ ചൊവ്വെ ഗുണകാംക്ഷയോടെ വിശ്വാസവും സംസ്‌കാരവും സമൂഹത്തെ ബോധ്യപ്പെടുത്തിയാൽ, അത് കേൾക്കാനാഗ്രഹിക്കുന്ന, ജീവിതം നല്ല വഴിയിലേക്ക് തിരിച്ചുവിടാനാഗ്രഹിക്കുന്ന എത്രയോ മനുഷ്യർ പ്രബോധന വഴിയിൽ കാതുതിരിച്ചിരിക്കുന്നുണ്ട്. ആ വഴിയിൽ യുക്തിഭദ്രമായി, സദ്‌വിചാരത്തോടെ മുന്നോട്ടു പോകുന്നതിന് പകരം കണ്ടതിനും കേട്ടതിനും പ്രതികരിച്ച് മതരംഗം കലുഷിതമാക്കിയാൽ ആയുഷ്‌കാലം നഷ്ടപ്പെടുമെന്ന് മാത്രമല്ല, ഏറ്റെടുത്ത ബാധ്യതയിൽ വീഴ്ച വരുത്തുക മൂലം ശപിക്കപ്പെട്ട ജന്മമായി മാറുകയും ചെയ്യും. ഭിന്നതകളേറെയുണ്ട് നാട്ടിൽ. അത് വലുതാവുകയേയുള്ളൂ. ആ ചളിക്കുഴിയിൽ വീണ് സ്വയം നശിച്ച പാഴ്ജീവിതങ്ങൾ ചിന്തിക്കുന്നവർക്ക് പാഠമാവണം. എല്ലാവരും നന്മ സ്വീകരിക്കണം എന്ന ഗുണകാംക്ഷയാണ് പ്രബോധനത്തിന്റെ കാതൽ. സത്യസന്ധമായ പ്രബോധന വീഥിയിൽ വരുന്ന എതിർപ്പുകളെ ആൾബലംകൊണ്ടോ, അധികാരശക്തികൊണ്ടോ നേരിടാൻ വിശ്വാസികൾക്ക് ബാധ്യതയില്ല. പ്രമാണബദ്ധമായ സംവേദനങ്ങളിൽ കൂടി, ഗുണകാംക്ഷ നിറഞ്ഞ സദുപദേശങ്ങളിൽ കൂടി വേണം നമുക്ക് ലക്ഷ്യത്തിലെത്താൻ. ചെയ്തത് വേണ്ടായിരുന്നു എന്ന് മരണ നേരത്തെങ്കിലും ഖേദിക്കേണ്ടി വരുന്ന ഒരവസ്ഥ വരാതിരിക്കാൻ, എന്തു കാര്യമായാലും ചെയ്യുന്നതിന്റെയു പറയുന്നതിന്റെയും മുമ്പ് നൂറുവട്ടം ആലോചിക്കണം നമ്മൾ. ബുദ്ധിയുള്ളവന്റെ നാവ് ഹൃദയത്തിന്റെ പിന്നിലും, വിഡ്ഢിയുടെ നാവ് ഹൃദയത്തിന്റെ മുന്നിലും നടക്കുമെന്ന പഴമൊഴി അർഥവത്താണ്.

പ്രബോധനകൂട്ടായ്മയിൽ പ്രവർത്തനങ്ങൾ തുടരുന്നവരും തുടങ്ങുന്നവരും നല്ല സൂക്ഷ്മതയും ജാഗ്രതയും പുലർത്തേണ്ട ഘട്ടങ്ങളിൽ കൂടിയാണ് നാം കടന്നുപോകുന്നത്. മതം മുറുകെപിടിച്ചു ജീവിക്കുന്നവർക്ക് തീക്കനൽ പിടിക്കുന്ന അനുഭവങ്ങളുണ്ടാവുമെന്ന നബിവചനം മറക്കാതിരിക്കുക. നേരിന്റെ വഴിയിൽ സ്രഷ്ടാവിന്റെ അനുഗ്രഹം ഉണ്ടാകുമെന്നുറപ്പാണ്.