ഉദ്ദേശ്യങ്ങളും കർമങ്ങളും

ശൈഖ് നാസ്വിറുദ്ദീൻ അൽബാനി

2023 ജൂൺ 17 , 1444 ദുൽഖഅ്ദ 28

(വിവ: മുഹമ്മദ് സിയാദ് കണ്ണൂർ)

“എന്നാൽ അത് അവർ ഗ്രഹിക്കാത്തവിധം അവരുടെ ഹൃദയങ്ങളിന്മേൽ നാം മൂടികൾ ഇടുകയും അവരുടെ കാതുകളിൽ അടപ്പ് വെക്കുകയും ചെയ്തിരിക്കുന്നു’’ (സൂറഃ അൽഅൻആം 25). ഈ വചനത്തിൽ (അല്ലാഹുവിന്റെ ഭാഗത്തുനിന്നും) ഒരു ബലപ്രയോഗത്തിന്റെ സൂചനയുള്ളതായി ചിലർ മനസ്സിലാക്കുന്നു. അതിൽ താങ്കളുടെ അഭിപ്രായമെന്താണ്?

ഉപര്യുക്തവചനത്തിൽ പരാമർശിച്ച ‘വയ്ക്കുക,’ ‘ഇടുക’ എന്നിവ പ്രാപഞ്ചിക (കൗനീ) രൂപത്തിലുള്ളതാണ്. ഇത് മനസ്സിലാക്കാൻ, ദൈവികോദ്ദേശ്യത്തിന്റെ (അൽഇറാദതുൽ ഇലാഹിയ്യ) അർഥം വിദീകരിക്കേണ്ടതുണ്ട്. ദൈവികോദ്ദേശ്യം രണ്ടായി തരംതിരിക്കപ്പെട്ടിരിക്കുന്നു: മതപരമായ ഉദ്ദേശ്യം (ഇറാദത്തുശ്ശറഈ), പ്രാപഞ്ചിക ഉദ്ദേശ്യം (ഇറാദതുൽ കൗനീ).

ശറഈ (മതപരം) ആയ ഉദ്ദേശ്യം എന്നത് അല്ലാഹു തന്റെ ദാസന്ന് നിയമമാക്കി നിശ്ചയിച്ച എല്ലാ കാര്യങ്ങളുമാണ്. നിർബന്ധം, ഐച്ഛികം എന്ന വ്യത്യാസമില്ലാതെ എല്ലാ ആരാധനാകർമങ്ങളും ആജ്ഞാനുവർത്തിത്വങ്ങളും അതിൽപ്പെടും. ഈ ആജ്ഞാനുവർത്തിത്വങ്ങളും ആരാധനാകർമങ്ങളും അല്ലാഹു ഉദ്ദേശിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു.

പ്രാപഞ്ചിക ഉദ്ദേശ്യം എന്നത് ചിലപ്പോൾ അല്ലാഹു നിയമമാക്കാത്തതാകാം. എന്നാൽ അവൻ കണക്കാക്കിയതാണത്. ഈ ഉദ്ദേശ്യത്തെ(ഇറാദത്ത്)യാണ് പ്രാപഞ്ചികോദ്ദേശ്യം എന്ന് പറയുന്നത്. ഈ സംജ്ഞ ഉടലെടുത്തത് താഴെ കാണുന്ന അല്ലാഹുവിന്റെ വചനത്തിൽനിന്നാണ്:

“താൻ ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് ‘ഉണ്ടാകൂ’ എന്ന് പറയുകമാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു’’ (സൂറഃ യാസീൻ:82).

ഇവിടെ ‘ഒരു കാര്യം’ (ശൈഅൻ) എന്നത് അപരിമിത നാമമാണ്. എല്ലാ കാര്യങ്ങളും അതിലുൾപ്പെടും. അത് അനുസരണയായാലും അനുസരണക്കേടായാലും സമമാണ്. അത്തരം കാര്യങ്ങൾ നിലവിൽ വരുന്നത് ‘ഉണ്ടാകൂ’ എന്ന് അല്ലാഹു അതിനോട് പറയുന്നത് കൊണ്ടാണ്. അതായത് അവന്റെ ഉദ്ദേശ്യവും വ്യവസ്ഥയും തീരുമാനവുമനുസരിച്ച്. അപ്പോൾ അനുസരണമെന്നോ, അനുസരണക്കേടെന്നോ വ്യത്യാസമില്ലാതെ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്ന ഈ പ്രപഞ്ചികോദ്ദേശ്യത്തോടെ മനസ്സിലാക്കിക്കഴിഞ്ഞാൽ, അത് ക്വദാ-ക്വദ്‌റിന്റെ വിഷയത്തിലേക്ക് നമ്മെ അനിവാര്യമായും ചെന്നെത്തിക്കും. കാരണം അല്ലാഹു പറഞ്ഞു: “താൻ ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് ‘ഉണ്ടാകൂ’ എന്ന് പറയുക മാത്രമാകുന്നു. അവന്റെ കാര്യം അപ്പോഴതാ അതുണ്ടാകുന്നു. അതിന്റെയർഥം; അവൻ ‘ഉണ്ടാകൂ’ എന്ന് പറഞ്ഞ വസ്തു അവന്റെ തീരുമാനമനുസരിച്ച് അനിവാര്യമായും ഉണ്ടാകും.

എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ തീരുമാനമനുസരിച്ചുള്ളതാണ്. അതിൽ നന്മയും തിന്മയുമെ ല്ലാം ഉൾക്കൊള്ളുന്നു. എന്നാൽ അല്ലാഹുവിന്റെ കൽപനകൾക്കും നിർബന്ധബാധ്യതകൾക്കും വിധേയരായ മനുഷ്യരും ജിന്നുകളുമടങ്ങുന്ന രണ്ട് സമൂഹങ്ങളുടെ മേലുള്ള ബാധ്യത നാം നിലകൊള്ളുന്നതിനെക്കുറിച്ച് ചിന്തിക്കുക എന്നതാണ്. നാം നിലകൊള്ളുന്നത് ഒന്നുകിൽ ശുദ്ധമായ നമ്മുടെ ഉദ്ദേശ്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. അല്ലെങ്കിൽ നമ്മുടെ ഇച്ഛകൾക്കനുസരിച്ചായിരിക്കും. ഈ രണ്ടാമത്തെ വിഭാഗം അനുസരണയും അനുസരണക്കേടുമായി ബന്ധപ്പെട്ടതല്ല. അതിന്റെ പര്യവസാനം സ്വർഗനരകങ്ങളുമല്ല. മതപരമായ വിധികൾ മുഴുവൻ ഈ ഒന്നാമത്തെ വിഭാഗത്തിന് ചുറ്റിലുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരാൾക്ക് സ്വർഗം ലഭിക്കുന്നതും നരകം ലഭിക്കുന്നതും. അതായത്, ഒരു മനുഷ്യൻ തന്റെ ഉദ്ദേശ്യത്തിന്നനുസരിച്ച് പ്രവർത്തിക്കുന്നതും തന്റെ കഴിവും സ്വാതന്ത്ര്യവുമനുസരിച്ച് അതിലേക്ക് പരിശ്രമിക്കുന്നതുമായ കാര്യങ്ങൾക്കാണ് അവൻ കണക്ക് ബോധിപ്പിക്കേണ്ടി വരിക. അത് നന്മയാണെങ്കിൽ അവന്ന് നന്മയുണ്ടാകും. അത് തിന്മയാണെങ്കിൽ അവന്ന് തിന്മയുണ്ടാകും.

ഒരു മനുഷ്യന് തന്റെ ഭൂരിഭാഗം കർമങ്ങൾക്കും പ്രവർത്തന സ്വാതന്ത്ര്യമുണ്ട് എന്നതുകൊണ്ട് മതപരമായും ബുദ്ധിപരമായും അതിൽ തർക്കിക്കാൻ അവകാശമില്ല എന്നതാണ് യാഥാർഥ്യം. മതപരമായി കൽപിക്കപ്പെട്ടത് ചെയ്യാനും വിരോധിക്കപ്പെട്ടത് വെടിയാനും ഒരു മനുഷ്യന് സാധിക്കുമെന്ന് വ്യക്തമാക്കുന്ന ക്വുർആനിലെയും സുന്നത്തിലെയും ധാരാളം ഉദ്ധരണികളുണ്ട്. ഇവിടെ പരാമർശിക്കാൻ സാധിക്കാത്തത്രയും കൂടുതലാണ് അത്.

ബുദ്ധിപരമായി ഒരാൾ സംസാരിക്കുമ്പോഴും നടക്കുമ്പോഴും തിന്നുമ്പോഴും കുടിക്കുമ്പോഴും തന്റെ സ്വാതന്ത്ര്യത്തിനനുസരിച്ചുള്ള ഏതൊരു പ്രവൃത്തി ചെയ്യുമ്പോഴും മറ്റുള്ളവരുടെ ബലപ്രയോഗമില്ലാതെ അവൻ ആ കർമം സ്വയം തെരഞ്ഞെടുക്കുന്നതാണ്. ഇച്ഛകൾക്കും ചാപല്യങ്ങൾക്കും അടിപ്പെട്ടിട്ടില്ലാത്ത ഏതൊരാൾക്കും വ്യക്തമാകുന്ന സംഗതിയാണിത്. ഞാൻ ഇപ്പോൾ സംസാരിക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ സ്വാഭാവികമായും എന്നിൽ അത് അടിച്ചേൽപിക്കാൻ ആരുമില്ല. എങ്കിലും (എന്റെ) ഈ സംസാരം (മുൻകൂട്ടി) വിധിക്കപ്പെട്ടതാണ്. മുൻകൂട്ടി തീരുമാനിക്കപ്പെട്ടിട്ടും ഞാനിത് സംസാരിക്കുന്നു എന്നതിന്റെയർഥം എനിക്ക് പറയുകയും സംസാരിക്കുകയും ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യവും അതോടൊപ്പം തീരുമാനിക്കപ്പെട്ടിട്ടുണ്ട് എന്നാണ്. എന്നാൽ, ഞാൻ പറയുന്നതിൽ സംശയമുള്ളവർക്ക് ഈ സംസാരത്തിന്റെ വിഷയത്തിൽ എനിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് തെളിയിക്കുന്നതിന് വേണ്ടി നിശ്ശബ്ദനായിരിക്കുവാനും എനിക്ക് സാധിക്കും.

അതിനാൽ, ഏത് സമയത്തും മനുഷ്യന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന വസ്തുത എതിർക്കപ്പെടാനും തർക്കിക്കാനും സാധിക്കാത്ത ഒന്നാണ്. ഈ വസ്തുതക്കെതിരിൽ തർക്കിക്കുന്നവൻ വിതണ്ഡവാദങ്ങളുന്നയിക്കുയും അംഗീകൃ തത്ത്വത്തിൽ സന്ദേഹങ്ങളുണ്ടാക്കുന്നവനുമാണ്. ഒരാൾ ഈയൊരവസ്ഥയിലെത്തിയാൽ അവനോടുള്ള സംസാരം നിർത്തണം. അതിനാൽ മനുഷ്യരുടെ കർമങ്ങൾ രണ്ടായി തിരിച്ചിരിക്കുന്നു:

1. അവന്റെ സ്വാതന്ത്ര്യത്തിനനുസരിച്ച് ചെയ്യുന്നത്.

2. നിർബന്ധത്തിന്റെ ഫലമായി ചെയ്യുന്നത്.

നിർബന്ധത്തിന്റെ ഫലമായി ചെയ്യുന്ന കർമങ്ങളെ കുറിച്ച് നമുക്കൊന്നും പറയാനില്ല. മതപരമായോ ഭൗതികപരമായോ സ്വാതന്ത്ര്യമുള്ള മേഖലയെക്കുറിച്ച് മാത്രമാണ് മതത്തിന് ഉത്കണ്ഠയുള്ളത്. ഇതാണ് വസ്തുത. ഇത് നമ്മുടെ മനസ്സിൽ നട്ടുപിടിപ്പിച്ചാൽ മുമ്പ് പറഞ്ഞ ആയത്ത് വേഗം മനസ്സിലാക്കാൻ സാധിക്കും; ‘അവരുടെ ഹൃദയങ്ങളിന്മേൽ നാം ഒരു മൂടി ഇടുകയും’ എന്ന ആയത്ത്. ഇവിടെ ‘ഇടുക’ എന്നുള്ളത് പ്രാപഞ്ചികമാണ്. മുമ്പ് പറഞ്ഞ ഒരു വചനം നാം പരാമർശിക്കൽ അനിവാര്യമാണ്. ‘താൻ ഒരു കാര്യം ഉദ്ദേശിച്ചാൽ...’ ഇവിടെയുള്ള ‘ഉദ്ദേശ്യം’ പ്രാപഞ്ചികമായ ഉദ്ദേശ്യമാണ്. എന്നാൽ അല്ലാഹു ഹൃദയങ്ങളിന്മേൽ മൂടിയിട്ട ആളുകളുടെ ഇച്ഛകൾക്ക് എതിരായിട്ടല്ല ഇത് ചെയ്യുന്നത്.

ഭൗതിക കാഴ്ചപ്പാടിലൂടെയുള്ള ഒരുദാഹരണം കാണുക: ഒരു മനുഷ്യൻ സൃഷ്ടിക്കപ്പെടുമ്പോൾ അവന്റെ മാംസം മൃദുവും ബലഹീനവുമായ അവസ്ഥയിലാണ്. പിന്നീട്, പ്രായമാകുന്തോറും മാംസം കടുത്തതാവുകയും എല്ലുകൾ ശക്തമാവുകയും ചെയ്യും. എന്നാൽ എല്ലാ മനുഷ്യരും ഇതേ രൂപത്തിലല്ല. ഉദാഹരണത്തിന്, ഒരു വ്യക്തി ശാസ്ത്രത്തിൽ, അല്ലെങ്കിൽ വിജ്ഞാനത്തിന്റെ ഏതെങ്കിലും ഒരു ശാഖയിൽ മുഴുകാൻ തീരുമാനിച്ചു. അവനിൽ ഏത് ഭാഗമാണ് ശക്തിപ്പെട്ടുവരിക? അവന്റെ ബുദ്ധിയാണ് ശക്തിപ്പെട്ടുവരിക. അവൻ ഏത് മേഖലയിൽ മുഴുകുന്നുവോ ആ മേഖലയിൽ അവന്റെ മനസ്സ് ശക്തിപ്പെട്ടുവരും. അവന്റെ പരിശ്രമം മുഴുവൻ അതിന് വേണ്ടിയാക്കുകയും ചെയ്യും. ശാരീരികമായി നോക്കുമ്പോൾ, അവന്റെ ശരീരം ശക്തിപ്പെടുകയില്ല. മാംസപേശികൾ പുഷ്ടിപ്പെടുകയുമില്ല.

ഇതിന്റെ നേർവിപരീതവും സത്യമാണ്. ശരീരം നന്നായി ശ്രദ്ധിക്കുന്ന ഒരു വ്യക്തിയുണ്ടാകാം. അവൻ എല്ലാ ദിവസവും വ്യായാമങ്ങളിലും ശാരീരികപരിശീലനങ്ങളിലും മുഴുകും; ഇന്ന് നാം പറയാറുള്ളത് പോലെത്തന്നെ. അങ്ങനെയുള്ള ഒരുവന്റെ മാംസപേശികൾ പുഷ്ടിപ്പെടുകയും ശരീരം ബലവത്താകുകയും ചെയ്യും. നാമിന്ന് ചിലപ്പോഴൊക്കെ കാണാറുള്ളത് പോലെയുള്ള ഒരു രൂപലാവണ്യം അവനിൽ ആർജിച്ചുവരും. ചിലപ്പോൾ ചിത്രങ്ങളിൽ കാണാറുള്ളത് പോലെ ശരീരം മുഴുവൻ പേശികളായിത്തീരും. ഈ വ്യക്തി ഈ രൂപത്തിലാണോ സൃഷ്ടിക്കപ്പെട്ടത്? അതല്ല, മാംസപേശികൾ കൊണ്ട് നിറഞ്ഞ ആ ബലവത്തായ ശരീരം അവൻ പിന്നീട് അവന്റെ പരിശ്രമഫലമായി ആർജിച്ചെടുത്തതാണോ? ഇത് അവന്ന് സ്വന്തം പരിശ്രമത്തിന്റെയും പ്രവർത്തന സ്വാതന്ത്ര്യത്തിന്റെയും ഫലമായി ലഭിച്ച ഒരു കാര്യമാണ്.

ഇതുതന്നെയാണ് വഴികേടിലും നിരാസത്തിലും അവിശ്വാസത്തിലും നിഷേധത്തിലും അകപ്പെട്ട മനുഷ്യന്റെ ഉദാഹരണവും. അവന്റെ ഹൃദയങ്ങളിന്മേൽ മൂടി ഇടേണ്ട അവസ്ഥ അവന്ന് വരും. അല്ലാഹു അടിച്ചേൽപിച്ചതുകൊണ്ടോ, ബലം പ്രയോഗിച്ചതുകൊണ്ടോ അല്ല. മറിച്ച്, അവന്റെ കർമങ്ങളുടെയും പ്രവർത്തന സ്വാതന്ത്ര്യത്തിന്റെയും ഫലമായി മാത്രം.

അപ്പോൾ, ഇതാണ് അവിശ്വാസികളായ ഈ ആളുകൾ സമ്പാദിച്ച പ്രാപഞ്ചികമായ ‘വെക്കൽ.’ അവർ സ്വയം ഈ അവസ്ഥയിലെത്തിയതാണ്. അവർ അടിച്ചേൽപിക്കപ്പെട്ടതാണെന്ന് വിവരമില്ലാത്തവർ ധരിക്കുന്നു. എന്നാൽ യഥാർഥത്തിൽ അത് അവരുടെമേൽ അടിച്ചേൽപിക്കപ്പെട്ടതല്ല. മറിച്ച്, അവരുടെ കൈകൾ സമ്പാദിച്ചത് നിമിത്തമാണ്. അല്ലാഹു അടിമകളോട് അനീതി കാണിക്കുന്നവനല്ല.