നോമ്പ്; ചില ഫത്‌വകൾ

ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ലാഹ് ബിൻ ബാസ്(റഹ്)

2023 മാർച്ച് 25, 1444 റമദാൻ 2

? : ആർത്തവകാരികളും പ്രസവിച്ചുകിടക്കുന്നവരും നോമ്പനുഷ്ഠിക്കേണ്ടതുണ്ടോ? അടുത്ത റമദാൻവരെ നോമ്പ് നോറ്റുവീട്ടാതിരുന്നാലുള്ള പ്രായച്ഛിത്തമെന്താണ്?

!: ആർത്തവകാലത്തും പ്രസവാനന്തരവും നോമ്പും നമസ്‌കാരവും നിഷിദ്ധവും സാധുതയില്ലാത്തതുമാണ്. നോമ്പ് പിന്നീട് നോറ്റുവീട്ടണം. എന്നാൽ നമസ്‌കാരം വീട്ടേണ്ടതില്ല. ആർത്തവകാരികൾ നമസ്‌കാരവും നോമ്പും മറ്റു സമയങ്ങളിൽ വീട്ടേണ്ടതുണ്ടോ എന്ന് ആഇശ(റ)യോട് ചോദിച്ചു. അവർ പറഞ്ഞു: ‘നോമ്പ് നോറ്റുവീട്ടാൻ ഞങ്ങളോട് നബി ﷺ കൽപിച്ചിരുന്നു. എന്നാൽ നമസ്‌കാരം വീട്ടുന്നതിനു കൽപിച്ചിരുന്നില്ല.’

ആയിശ(റ)യുടെ ഈ പ്രസ്താവനയെ സംബന്ധിച്ച് പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്. ദിനേന അഞ്ച് തവണ ആവർത്തിക്കപ്പെടുന്ന നമസ്‌കാരം പിന്നീട് നിർവഹിക്കുക പ്രയാസകരമാണ്. എന്നാൽ വർഷത്തിൽ ഒരിക്കൽ മാത്രമുള്ള നോമ്പ് നോറ്റുവീട്ടുക താരതമ്യേന എളുപ്പമാണ്. അല്ലാഹു സ്ത്രീകൾക്കു നൽകിയ ഈ ഇളവ് അവന്റെ അപാരമായ ഒരനുഗ്രഹമാണ്. ന്യായമായ കാരണം കൂടാതെ അടുത്ത റമദാൻ വരെ നോമ്പ് നോറ്റുവീട്ടുന്നതിൽ വീഴ്ച വരുത്തുന്നവർ പശ്ചാത്തപിക്കുകയും ഓരോ നോമ്പിനും ഒരഗതിക്ക് എന്ന കണക്കിൽ ആഹാരം നൽകുകയും നോറ്റുവീട്ടുകയും വേണം. യാത്രക്കാരനും രോഗിക്കും ഈ വിധി ബാധകമാണ്. യാത്ര അടുത്ത റമദാൻവരെ നീണ്ടുപോവുകയോ രോഗം തുടരുകയോ ചെയ്താൽ നഷ്ടപ്പെട്ട നോമ്പ് നോറ്റുവീട്ടിയാൽ മതി. പ്രായശ്ചിത്തം ആവശ്യമില്ല.

? : രോഗം മൂലം റമദാനിൽ നോമ്പനുഷ്ഠിക്കാൻ കഴിയാതെ വരികയും റമദാൻ മാസം കഴിഞ്ഞു മരണപ്പെടുകയും ചെയ്ത വ്യക്തിക്കു വേണ്ടി മറ്റുള്ളവർ നോമ്പ് നോറ്റുവീട്ടുകയോ, അഗതികൾക്ക് ആഹാരം നൽകുകയോ എന്താണ് വേണ്ടത്?

! : റമദാൻ കഴിഞ്ഞു രോഗാവസ്ഥയിൽതന്നെ മരണപ്പെട്ടയാൾക്കു വേണ്ടി മറ്റാരും നോമ്പ് നോറ്റുവീട്ടുകയോ അല്ലെങ്കിൽ അഗതികൾക്ക് ആഹാരം നൽകുകയോ ചെയ്യേണ്ടതില്ല. ന്യായമായ കാരണത്താലാണല്ലോ അയാൾ നോമ്പുപേക്ഷിച്ചത്. യാത്രയിലോ യാത്ര അവസാനിച്ചയുടനെയോ മരണപ്പെട്ട യാത്രക്കാരന്റെ വിധിയും ഇതുതന്നെ. രോഗശമനം ലഭിച്ചിട്ടും നോറ്റുവീട്ടുന്നതിൽ ഉദാസീനത കാട്ടിയവനും യാത്ര കഴിഞ്ഞിട്ടും അശ്രദ്ധമായി നീട്ടിക്കൊണ്ടു പോയവനും മരണപ്പെട്ടാൽ അവർക്കുവേണ്ടി അവരുടെ അടുത്ത ബന്ധുക്കൾ നോമ്പെടുക്കണം.

നബി ﷺ പറയുന്നു: “നോമ്പ് നോറ്റുവീട്ടാനുള്ളവൻ മരണപ്പെട്ടാൽ അവന്റെ ഏറ്റവും അടുത്ത ബന്ധു അവനുവേണ്ടി നോമ്പനുഷ്ഠിക്കണം.’’

ഇനി അടുത്ത ബന്ധുവിനു നോമ്പനുഷ്ഠിക്കാൻ കഴിയില്ലെങ്കിൽ മരണപ്പെട്ടവരുടെ അനന്തരസ്വത്തുപയോഗിച്ച് ഓരോ നോമ്പിനും ഏകദേശം ഒന്നര കിലോഗ്രാം ഒരഗതിക്ക് എന്ന കണക്കിൽ ആഹാരം നൽകേണ്ടതാണ്. രോഗശമനത്തിനു സാധ്യതയില്ലാത്ത രോഗികളും പ്രായം ചെന്നവരും പ്രായച്ഛിത്തം നൽകണംഎന്നാൽ മരണപ്പെട്ടയാൾക്കു സ്വന്തമായ സ്വത്തില്ലെങ്കിൽ പ്രായച്ഛിത്തം ആവശ്യമില്ല.

“അല്ലാഹു ഒരാളോടും അയാളുടെ കഴിവിൽ പെട്ടതല്ലാതെ ചെയ്യാൻ നിർബന്ധിക്കുകയില്ല’’ (ക്വുർആൻ 2: 286).

“അതിനാൽ നിങ്ങൾക്ക് സാധ്യമായവിധം അല്ലാഹുവെ നിങ്ങൾ സൂ ക്ഷിക്കുക’’ (ക്വുർആൻ 64:16).