നോമ്പ്; ചില ഫത്‌വകൾ - 02

ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ലാഹ് ബിൻ ബാസ്(റഹ്)

2023 ഏപ്രിൽ 01, 1444 റമദാൻ 10

?: യാത്രക്കാരന് നോമ്പ് അനുഷ്ഠിക്കലോ ഉപേക്ഷിക്കലോ ഏതാണ് ഉത്തമം? വിശിഷ്യാ, വിമാനങ്ങളോ മറ്റു പ്രയാസരഹിതമായ ആധുനിക യാത്രാ മാർഗങ്ങളോ സ്വീകരിക്കുന്നവർക്ക്?

! : യാത്രക്കാരന് നോമ്പ് ഉപേക്ഷിക്കുന്നതാണ് ഉത്തമമെങ്കിലും നോമ്പനുഷ്ഠിക്കുന്നതിൽ തെറ്റില്ല. രണ്ട് രൂപവും നബി ﷺ യും സ്വഹാബിമാരും സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, അത്യുഷ്ണവും ക്ലേശവും അനുഭവപ്പെടുന്ന യാത്രയാണെങ്കിൽ നോമ്പ് ഉപേക്ഷിക്കുക തന്നെയാണ് വേണ്ടത്. ഇത്തരം സാഹചര്യത്തിൽ നോമ്പ് അനഭിലഷണീയമാണ്. യാത്രയിൽ ഒരു നോമ്പുകാരൻ അത്യുഷ്ണം നിമിത്തം തണലിലിരിക്കുന്നതായി പ്രവാചകൻ ﷺ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ‘യാത്രയിൽ നോമ്പനുഷ്ഠിക്കൽ പുണ്യമല്ല.’ മറ്റൊരിക്കൽ നബി ﷺ പറഞ്ഞു: ‘നിശ്ചയം, നിരോധിക്കപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത് അല്ലാഹു വെറുക്കുന്നപോലെ തന്നെ, അനുവദിക്കപ്പെട്ട ഇളവുകൾ ഉപയോഗപ്പെടുത്തുന്നത് അല്ലാഹു ഇഷ്ടപ്പെടുകയും ചെയ്യുന്നു.’ ‘ഖണ്ഡിത നിയമങ്ങൾ പ്രാവർത്തികമാക്കുന്നത് ഇഷ്ടപ്പെടുന്നത് പോലെ’ എന്നും റിപ്പോർട്ടുണ്ട്. ഒട്ടകം, ബോട്ട്, കപ്പൽ, മറ്റു മോട്ടോർ വാഹനങ്ങൾ തുടങ്ങിയവയോ, വിമാനം പോലുള്ള മറ്റു വേഗതയേറിയ യാത്രാ സൗകര്യങ്ങളോ ഉപയോഗിച്ചാലും ഈ യാത്രാ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താ വുന്നതാണ്. യാത്രക്കാർക്കും അല്ലാത്തവർക്കും വേണ്ടി കൽപിക്കപ്പെട്ട നിയമങ്ങളും നിർദേശങ്ങളും പ്രവാചകന്റെ സമകാലീനർക്കും ലോകാന്ത്യം വരെയുള്ള എല്ലാവർക്കും ഒരുപോലെ ബാധകമാണ്. മാറിവരുന്ന സാഹചര്യങ്ങളെ പറ്റിയും യാത്രോപാധികളുടെ വൈവിധ്യങ്ങളെകുറിച്ചും നന്നായി അറിയുന്നവനാണല്ലോ അല്ലാഹു. വിധി വ്യത്യസ്തമാണെങ്കിൽ അല്ലാഹു അത് ഉണർത്തുമായിരുന്നു.

അല്ലാഹു പറയുന്നു: “എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാർഗദർശനവും കാരുണ്യവും കീഴ്‌പെട്ട് ജീവിക്കുന്നവർക്ക് സന്തോഷവാർത്തയായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്’’ (ക്വുർആൻ 16: 89).

അല്ലാഹു വീണ്ടും പറയുന്നു: “കുതിരകളെയും കോവർകഴുതകളെയും കഴുതകളെയും (അവൻ സൃഷ്ടിച്ചിരിക്കുന്നു) അവയെ നിങ്ങൾക്ക് വാഹനമായി ഉപയോഗിക്കുവാനും അലങ്കാരത്തിന് വേണ്ടിയും. നിങ്ങൾക്കറിവില്ലാത്തതും അവൻ സൃഷ്ടിച്ചിരിക്കുന്നു’’ (ക്വുർആൻ 16: 8).

?: ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും നോമ്പ് ഉപേക്ഷിക്കാമോ? ഉപേക്ഷിച്ച നോമ്പ് പിന്നീട് നോറ്റുവീട്ടേണ്ടതുണ്ടോ? പ്രായച്ഛിത്തം നിർബന്ധമുണ്ടോ?

! : ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും രോഗികളെപ്പോലെയാണ്. നോമ്പെടുക്കുന്നതിനു പ്രയാസമുണ്ടെങ്കിൽ ഉപേക്ഷിക്കാം. പിന്നീട് കഴിയുന്ന സമയത്ത് നോറ്റുവീട്ടണം. നഷ്ടപ്പെട്ട ഓരോ നോമ്പിനും ഓരോ അഗതിക്കു ഭക്ഷണം നൽകിയാൽ മതിയെന്ന ചില പണ്ഡിതന്മാരുടെ അഭിപ്രായം ദുർബലമാണ്. രോഗികൾ, യാത്രക്കാർ എന്നിവരെപ്പോലെ ഇവർക്കും നോറ്റുവീട്ടൽ നിർബന്ധമാണ്. ഇതാണ് ശരിയായ വീക്ഷണം അല്ലാഹു പറയുന്നു:

“നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്)’’ (ക്വുർആൻ 2:184).

നബി ﷺ പറഞ്ഞു: “നിശ്ചയം അല്ലാഹു യാത്രക്കാരന് നമസ്‌കാരം ചുരുക്കി നിർവഹിക്കാനും നോമ്പ് ഉപേക്ഷിക്കാനും അനുവാദം നൽകിയിരിക്കുന്നു; ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീക്കും നോമ്പ് ഉപേക്ഷിക്കാനും.’’

?: നോമ്പുകാരൻ ദന്തഡോക്ടറെ സമീപിച്ചു പല്ല് ക്ലീൻ ചെയ്യുകയോ ദ്വാരംഅടക്കുകയോ പല്ലെടുക്കുകയോ ചെയ്താൽ അത് നോമ്പിനെ പ്രതികൂലമായി ബാധിക്കുമോ? പല്ല് തരിപ്പിക്കാൻ കുത്തിവെച്ചാൽ നോമ്പ് മുറിയുമോ?

! : ചോദ്യത്തിൽ പരാമർശിക്കപ്പെട്ട കാര്യങ്ങൾ നോമ്പിനെ അസാധുവാക്കുകയില്ല. അവയിൽ ഇളവ് അനുവദിക്കപ്പെട്ടിട്ടുണ്ട്. മരുന്നോ രക്തമോ വിഴുങ്ങുന്നത് സൂക്ഷിക്കണമെന്ന് മാത്രം. തരിപ്പിക്കാൻ കുത്തിവെക്കുന്നതും നോമ്പിനു ദോഷം വരുത്തുകയില്ല. ഇവയൊന്നും ആഹാര പാനീയങ്ങളായി കണക്കാക്കപ്പെടുന്നവയല്ലല്ലോ.