ലൈംഗിക വളർച്ചയും സംസ്‌കരണവഴികളും

അശ്‌റഫ് എകരൂൽ

2023 മാർച്ച് 11, 1444 ശഅ്ബാൻ 18

കണ്ണുകൾ താഴ്ത്താനും നഗ്‌നത മറയ്ക്കാനും ശീലിപ്പിക്കുക

ശാരീരിക വളർച്ചക്കനുസരിച്ച് വളർന്നുകൊണ്ടിരിക്കുന്ന ലൈംഗികചോദനകളും വികാരങ്ങളും സംസ്‌കരണത്തിന്റെ ശുദ്ധപ്രകൃതിയിൽ നിയന്ത്രിക്കപ്പെടാൻ കഴിയുംവിധം മക്കൾ ജീവിതഘട്ടങ്ങളെ മുറിച്ചുകടക്കേണ്ടതുണ്ട്. അതിന്ന് അവരെ പ്രാപ്തരാക്കുന്ന ഇസ്‌ലാമിക നിർദേശങ്ങളാണ് നമ്മൾ പരിശോധിക്കുന്നത്. അനുവാദം ചോദിച്ചുകൊണ്ട് കിടപ്പുമുറികളിലേക്ക് പ്രവേശിക്കാൻ ശീലിക്കേണ്ടതിന്റെ ആവശ്യകതയും ഉപകാരങ്ങളും നാം മനസ്സിലാക്കുകയുണ്ടായി. ഇതുപോലെ മറ്റു പല പ്രായോഗിക പാഠങ്ങളും ഇസ്‌ലാം നൽകുന്നുണ്ട്. അതിൽ പെട്ടതാണ് കുട്ടിക്കാലം മുതലേ നിഷിദ്ധമായ കാഴ്ചകളിൽനിന്ന് കണ്ണുകൾ താഴ്ത്താനും നഗ്‌നത മറയ്ക്കാനും ശീലിപ്പിക്കുകയെന്നത്. ഒരു മനുഷ്യന്റെ കണ്ണുക ൾ പുറംലോകത്തേക്കുള്ള ജനവാതിലാണ്. കണ്ണിൽപ്പെടുന്ന മിക്കതും ഉടനടി കുട്ടിയുടെ മനസ്സിലും ഓർമയിലും പതിക്കുന്നു എന്ന് മാത്രമല്ല, ചിലപ്പോൾ അത് അവിടെ ഒരിക്കലും മായാത്തവിധം ഒട്ടിപ്പിടിക്കും. അതിനാൽതന്നെ ചെറുപ്പം മുതലേ വീടിനുള്ളിലും പുറത്തും നഗ്‌നതകളിൽനിന്ന് കണ്ണുകൾ താഴ്ത്തുന്ന പതിവ് ജീവിതത്തിന്റെ ഭാഗമാക്കാൻ സാധിച്ച ഒരാൾക്ക് അതുമൂലം ലൈംഗിക സംസ്‌കരണം എളുപ്പമാകുന്നു. എന്നാൽ കുട്ടികളാകുമ്പോൾ മിക്കസമയത്തും അവർ മറന്നുപോയേക്കാം, ആ ശീലം തെറ്റിച്ചേക്കാം. അത്തരം സന്ദർഭങ്ങളിൽ നബി ﷺ ചെയ്തതുപോലെ ഓർമിപ്പിക്കൽ ആവർത്തിക്കുകയാണ് മുതിർന്നവർ ചെയ്യേണ്ടത്.

തിരക്കുപിടിച്ച ഹജ്ജ് വേളയിൽ നബി ﷺ യോടൊപ്പം സഞ്ചരിക്കുന്ന ഒരു കുട്ടിയുടെ കഥ നോക്കുക: ഇമാം തിർമിദി, ഇമാം ബുഖാരി എന്നിവർ അബ്ദുല്ലാഹിബ്‌നു അബ്ബാസി(റ)ൽനിന്ന് ഉദ്ധരിക്കുന്നു: ‘ഫദ്ൽ ഇബ്‌നു അബ്ബാസ്(റ) നബി ﷺ യോടൊപ്പം തന്റെ സഹയാത്രികനായി ഉണ്ടായിരുന്നു. അപ്പോൾ ഖസ്ആം ഗോത്രത്തിൽപെട്ട ഒരു സ്ത്രീ നബി ﷺ യോട് മതപരമായ ഒരു വിഷയത്തിൽ ഫത്‌വ ചോദിക്കുവാൻ വന്നു. കുട്ടിയായ ഫദ്ൽ ആ സ്ത്രീയെയും ആ സ്ത്രീ ഫദ്‌ലിനെയും നോക്കുന്നത് കണ്ട നബി ﷺ അവരുടെ മുഖം മറുപക്ഷത്തേക്ക് പിടിച്ചുതിരിച്ചു.’

ഇമാം അഹ്‌മദിന്റെ റിപ്പോർട്ടിൽ, ഒരിക്കൽ നബിയുടെ അടുത്തു വന്ന ഒരു ഗ്രാമീണന്റെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയെ ഞാൻ നോക്കിയെന്നും അപ്പോഴല്ലാം നബി ﷺ എന്റെ മുഖം മറുഭാഗത്തേക്ക് പിടിച്ചു തിരിച്ചെന്നും ഞാൻ നോട്ടം ആവർത്തിച്ചപ്പോഴല്ലാം നബി ﷺ അതുതന്നെ ആവർത്തിച്ചെന്നും ഫദ്ൽ(റ) തന്നെ ഉദ്ധരിക്കുന്നുണ്ട്. ഇബ്‌നു ഖുസൈമ(റ) ഉദ്ധരിക്കുന്ന ഹദീസിൽ നബി ﷺ ഇങ്ങനെ ഉപദേശിക്കുന്നതായി വന്നിട്ടുണ്ട്: ‘എന്റെ സഹോദര പുത്രാ, ഈ ദിവസം (ഹജ്ജ് ദിനങ്ങൾ) ആരെങ്കിലും തന്റെ കണ്ണുകൾ താഴ്ത്തുകയും ഗുഹ്യാവയവത്തെയും നാവിനെയും (ഹറാമിൽ)നിന്ന് സംരക്ഷിക്കുകയും ചെയ്താൽ അവന് അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്’ (അബൂ യഅ്‌ല). ‘എന്തിനായിരുന്നു എന്റെ മകന്റെ മുഖം പിടിച്ചു തിരിച്ചതെ’ന്ന് പിതാവ് അബ്ബാസ്(റ) നബി ﷺ യോട് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞത് വളരെ ചിന്തനീയമാണ്. നബി ﷺ മറുപടി പറഞ്ഞു: ‘വളർന്നു വരുന്ന ഒരു പെൺകുട്ടി, വളർന്നു വരുന്ന ഒരു ആൺകുട്ടി, അതുകൊണ്ട്തന്നെ അവർ ഇരുവർക്കുമിടയിൽ പിശാച് പ്രവേശിക്കുന്നതിനെ ഞാൻ ഭയപ്പെട്ടു. അതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്.’ വരും വരായ്കകളെ കുറിച്ച് വേണ്ടത്ര ബോധം എത്തിയിട്ടില്ലാത്ത കുട്ടികൾക്കിടയിൽ നടക്കുന്ന അനഭിലഷ ണീയമായ സംഭാഷണങ്ങളും നോട്ടങ്ങളും ആംഗ്യവിക്ഷേപങ്ങളുമെല്ലാം മുതിർന്നവരുടെ കണ്ണുകളിൽ പെട്ടാൽ ഉചിതമായ നിലയ്ക്ക് അവ തിരുത്തുകയും തത്സമയ അധ്യാപനങ്ങൾ നൽകി കുട്ടികളെ വഴിനടത്തുകയും ചെയ്യേണ്ടതുണ്ടന്ന വലിയ പാഠമാണ് ഈ ഹദീസുകൾ നമുക്ക് നൽകുന്നത്. അല്ലാത്ത പക്ഷം ലൈംഗിക ചോദനകളുടെ സമയമെത്തും മുമ്പേയുള്ള വളർച്ചമൂലം സ്വഭാവത്തിലും മാനസിക, ശാരീരിക തലത്തിലും ഉപദ്രവങ്ങൾ വിളിച്ചുവരുത്തും. ഭൗതികമായ ഒരു ലൈംഗിക വിദ്യാഭ്യാസത്തിലും അഭ്യസിപ്പിക്കാത്ത സുരക്ഷയുടെ അടിസ്ഥാനപാഠങ്ങളാണ് ഈ രംഗത്ത് ഇസ്‌ലാം മനുഷ്യരാശിക്ക് നൽകിയിട്ടുള്ളത്.

അല്ലാഹു പറഞ്ഞു: “പ്രവാചകരെ, നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവർക്ക് എറേ പരിശുദ്ധമായിട്ടുള്ളത്. തീർച്ചയായും അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും അവരുടെ ഭംഗിയിൽനിന്ന് പ്രത്യക്ഷമായതൊഴികെ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക...’’ (ക്വുർആൻ: 24: 30, 31).

അതുപോലെ നഗ്‌നതാബോധവും നഗ്‌നത മറയ്ക്കലും കുട്ടിക്കാലം മുതൽ മക്കളിൽ സന്നിവേശിപ്പിക്കപ്പെടേണ്ടതുണ്ട്. നമസ്‌കാരത്തിന്റെ തുടക്കകാലം മുതൽ അഥവാ ഏഴ് വയസ്സുമുതൽ തന്നെ ആൺകുട്ടിയും പെൺകുട്ടിയും നിഷ്‌കർഷിക്കപ്പെട്ട ഭാഗങ്ങൾ മറച്ചു തുടങ്ങണം. അത് അവരുടെ നമസ്‌കാരം സ്വീകാര്യമാകാൻ അനിവാര്യമാണെന്ന് അവർ മനസ്സിലാക്കണം. നഗ്‌നത മറ്റുള്ളവരുടെ മുമ്പിൽ മറയ്ക്കപ്പെടേണ്ടതാണെന്ന് അവർ സ്വയം ഉൾകൊള്ളുന്ന തരത്തിൽ അത് അവരുടെ ജീവിത ചര്യയാക്കി മാറ്റണം. അപ്പോൾ മക്കളിൽ ലൈംഗിക സംസ്‌കാരത്തിന്റെ അടിയുറച്ച വേരുകൾ മുളച്ചു തുടങ്ങും. എന്നും എവിടെയും നഗ്‌നത മറയ്ക്കാനും, അന്യരുടെ മറയ്ക്കപ്പെടേണ്ട ഭാഗങ്ങളിലേക്ക് നോക്കുന്നത് തെറ്റാണെന്ന് അവരുടെ മനസ്സുതന്നെ മന്ത്രിക്കുന്ന തലത്തിലേക്ക് അവർ സ്വയം ഉയർന്നുവരാനും ഇതുകൊണ്ട് സാധിക്കും. മനുഷ്യന്റെ വളരെ എണ്ണപ്പെട്ട പ്രത്യേകതകളിൽ പെട്ടതാണ്, കുട്ടിക്കാലം മുതൽ മറച്ചുവരുന്ന ശരീരഭാഗങ്ങൾ മുതിർന്നു കഴിഞ്ഞാൽ എളുപ്പം വെളിപ്പെടുത്താൻ ഒരുമ്പെടുകയില്ലെന്ന വസ്തുത. മാന്യമായി വസ്ത്രം ധരിക്കുന്ന ഒരു സാമൂഹ്യ പരിസരം സൃഷ്ടിക്കെപ്പട്ടാൽ അവിടെ വളരുന്ന കുട്ടികൾ നഗ്‌നത കണ്ടു വഴിതെറ്റുന്ന സാഹചര്യം ഇല്ലാതായിത്തീരും.

കുട്ടികളെ വിരിപ്പിൽ വേർപെടുത്തൽ

ലൈംഗികമായ സംസ്‌കരണത്തിന് വളരെ അനിവാര്യമായ മറ്റൊരു ഇസ്‌ലാമിക മാർഗദർശനമാണ് കുട്ടികളെ ചെറുപ്പം മുതലേ ഒരേ വിരിപ്പിൽ, ഒരു പുതപ്പിൽ കിടന്നുറങ്ങാൻ അനുവദിക്കാതിരിക്കൽ. പ്രവാചകാധ്യാപനങ്ങളിലല്ലാതെ മറ്റൊരു ദർശനത്തിലും കാണാത്ത വിലപ്പെട്ട പാഠങ്ങളാണ് ഇതെല്ലാം. ലൈംഗികവളർച്ച നടന്നുകൊണ്ടിരിക്കുന്ന കാലം മുതൽ തന്നെ, കുട്ടികളിൽ തെറ്റായ രീതിയിൽ ലൈംഗിക ഉത്തേജനങ്ങളും തന്മൂലമുണ്ടാകാൻ സാധ്യതയുള്ള ലൈംഗിക വൈകൃതങ്ങളും തെറ്റായ ഇടപെടലുകളും അവരറിയാതെ തന്നെ സംഭവിച്ചുപോകാൻ സാധ്യതയുള്ള ഇടങ്ങളാണ് ഉറക്കപ്പായകൾ.അവിടങ്ങളിൽ മുൻകരുതലുകളെടുക്കാൻ ഇസ്‌ലാം നമ്മെ ഉൽബോധിപ്പിക്കുന്നു. നബി ﷺ പറഞ്ഞൂ: “നിങ്ങളുടെ കുട്ടികൾക്ക് ഏഴു വയസ്സായാൽ അവരോട് നമസ്‌കാരം നിർവഹിക്കാൻ കൽപിക്കണം. അവർക്ക് പത്തു വയസ്സായാൽ അവരെ (ആ വിഷയത്തിൽ വീഴ്ച വരുത്തിയാൽ) അടിക്കണം. അവരെ നിങ്ങൾ വിരിപ്പിൽ വേർപെടുത്തുകയും ചെയ്യുക.’’ ഇമാം ഹാകിം ഉദ്ധരിക്കുന്ന ഹദീസിലുള്ളത് ‘അവർക്ക് ഏഴു വയസ്സായാൽ അവരുടെ വിരിപ്പിൽ വേർപെടുത്തൽ നടത്തണം’ എന്നാണ്.

‘വിരിപ്പിൽ വേർപെടുത്തുക’ എന്നാൽ ഒരു പുതപ്പിനുള്ളിൽ ഒന്നിലധികം കുട്ടികൾ ഉറങ്ങാൻ അനുവദിക്കാതിരിക്കുക എന്നാണ്. രണ്ടു പുതപ്പിനുള്ളിലായി ഒരു കട്ടിലിൽതന്നെ കിടക്കുന്നതിന്ന് വിരോധമില്ലെങ്കിലും സൂക്ഷ്മത പാലിക്കുന്നതാണ് കൂടുതൽ സുരക്ഷയെന്നാണ് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുള്ളത്. ഷാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി പറയുന്നു: ‘തീർച്ചയായും വിരിപ്പിൽ വേർപെടുത്തുകയെന്ന കാര്യം-അവരുടെ കൗമാരം മൊട്ടിട്ടു വളരുന്ന ദിനങ്ങളല്ലേ-വിരിപ്പിൽ ഉറക്കസമയത്തുള്ള തിരിഞ്ഞും മറിഞ്ഞുമുള്ള അവരുടെ ഇളക്കങ്ങൾ വൈകാരിക ബന്ധങ്ങളിലേക്ക് അവരെ എത്തിച്ചേക്കും. അതിനാൽ കുഴപ്പങ്ങൾ സംഭവിക്കുന്ന വഴികൾ തടയുകയെന്നതാണ് അഭിലഷണീയം’ (ഹുജ്ജത്തുല്ലാഹിൽ ബാലിഗ).

കിടക്കുന്ന രീതി പഠിപ്പിക്കുക

വലതുഭാഗത്തേക്ക് ചെരിഞ്ഞു കിടക്കാൻ പ്രേരിപ്പിക്കുകയും കമിഴ്ന്നു കിടന്ന് ഉറങ്ങുന്നത് (പ്രത്യേകിച്ച് ആൺകുട്ടികളെ) നിരുത്സാഹപ്പെടുത്തുകയും ചെയ്യുക. ഇസ്‌ലാം പഠിപ്പിച്ച ഉറക്കിന്റെ മര്യാദകളിൽ പെട്ടതാണ് വലതുവശം ചെരിഞ്ഞു കിടക്കൽ. ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം: “നബി ﷺ പറഞ്ഞു: നിങ്ങൾ ഉറങ്ങാനായി വിരിപ്പിലേക്ക് വരുമ്പോൾ നമസ്‌കാരത്തിന് വുദൂഅ് ചെയ്യുന്നത് പോലെ വുദൂഅ് ചെയ്യുകയും വലതുഭാഗത്തേക്ക് ചെരിഞ്ഞു കിടക്കുകയും ചെയ്യുക.’’

ഉറക്കിന്റെ മറ്റൊരു ഇസ്‌ലാമിക മര്യാദകളിൽ പെട്ടതാണ് കമിഴ്ന്ന് വയറിന്മേൽ ആവുംവിധം ഉറങ്ങാതിരിക്കുകയെന്നതും. ശൈഖ് അൽബാനി(റഹി) സ്വഹീഹാണെന്നു സ്ഥിരപ്പെടുത്തിയ, ഇബ്‌നു മാജ അബൂദർറുൽ ഗിഫ്ഫാരി(റ)യിൽനിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ കാണാം: ‘ഞാൻ ഒരിക്കൽ പള്ളിയിൽ കമിഴ്ന്നുകിടന്ന് ഉറങ്ങുന്നത് നബി ﷺ യുടെ ശ്രദ്ധയിൽ പെട്ടു. അപ്പോൾ നബി ﷺ തന്റെ കാലുകൊണ്ട് തട്ടി എന്നെ ഉണർത്തി. എന്നിട്ട് പറഞ്ഞു: ‘...തീർച്ചയായും ഇത് നരകക്കാരുടെ ഉറക്കിന്റെ രീതിയാണ്.’ മറ്റൊരു റിപ്പോർട്ടിൽ: ‘നിനക്ക് എന്തു പറ്റി ഇങ്ങനെ ഉറങ്ങാൻ? ഇത് അല്ലാഹുവിന്നു വെറുപ്പുള്ള-അല്ലെങ്കിൽ അല്ലാഹുവിന്നു കോപമുണ്ടാക്കുന്ന- ഉറക്കമാണ്’ എന്നു പറഞ്ഞതായി കാണാം.

അതിനാൽതന്നെ ഈ ഉറക്ക രീതി അനഭിലഷണീയമാണെന്നു മാത്രമല്ല, കുട്ടികൾ കൗമാരത്തിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്ന നേരത്ത് ഇത്തരം ഉറക്ക ശീലങ്ങൾക്കിടയിൽ അവരുടെ ലൈംഗികാവയവങ്ങൾക്ക് ലൈംഗിക ഉദ്ദീപനമുണ്ടാകുകയും തന്മൂലം അവ നിലനിർത്താനും പൂർത്തീകരിക്കാനും അവർ അധാർമികമായ ലൈംഗിക വൈകൃത രീതികൾ അവലംബിക്കാനും സാധ്യത വളരെ കൂടുതലാണ്.

മറ്റു ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നതുകൂടിയായ ഇസ്‌ലാമിന്റെ ഉറക്ക രീതികളും മര്യാദകളും മക്കളെ ശീലിപ്പിക്കുന്നതിലൂടെ അവരുടെ ലൈംഗിക സംസ്‌കാരങ്ങളും സാധ്യമാവുന്നുവെന്നർഥം.

(തുടരും)