ലൈംഗിക വളർച്ചയും സംസ്‌കരണവഴികളും

അശ്‌റഫ് എകരൂൽ

2023 മാർച്ച് 18, 1444 ശഅ്ബാൻ 25

ഭാഗം : 5

ചോദ്യങ്ങളെ നേരിടുക

ഇലക്ട്രോണിക് മാധ്യമങ്ങളുടെ അപരിമിതമായ മഞ്ഞലോകവും പ്രത്യാഘതങ്ങളെ ഒട്ടും പരിഗണിക്കാത്ത ലിബറലിസത്തിന്റെ വ്യാപനവും തീർക്കുന്ന പരിസരങ്ങളിൽ വളർച്ചനേടുന്ന പുതിയ തലമുറ നേരത്തെതന്നെ ലൈംഗികമായ ബോധ്യങ്ങൾ ആർജിക്കുന്നുവെന്ന സത്യം മാതാപിതാക്കൾ മറന്നുകൂടാത്തതാണ്. മാത്രമല്ല, അവയൊന്നും മാതാപിതാക്കളടക്കമുള്ള മുതിർന്നവരുടെ മുമ്പിലും മറ്റുള്ളവരുടെ സാന്നിധ്യത്തിലും പ്രകടമാക്കാവതല്ലാത്ത സ്വകാര്യതകളാണെന്ന് പുതിയ തലമുറയിൽ പലരും കരുതുന്നേയില്ല! അതിനാൽതന്നെ ക്യാമ്പസുകളിലെയും സാമൂഹ്യമാധ്യമങ്ങളിലെയും ക്ലാസ്സ് മുറികളിലെയും ചർച്ചകളുടെയും ദൃശ്യാനുഭവങ്ങളുടെയും ബഹിർസ്ഫുരണങ്ങൾ വീട്ടിലും മതാധ്യാപകരുടെ മുമ്പിലും പ്രകടമാവുക ഇന്ന് സ്വാഭാവികമാണ്.

ലൈംഗിക വിഷയത്തിലുള്ള സംശയങ്ങൾ, അത് എത്ര അപക്വമാണെങ്കിലും ശരി, അവയെ അവധാനതയോടെ നേരിടുകയെന്ന ഒരു പുതുദൗത്യംകൂടി ഇന്ന് രക്ഷിതാക്കൾക്കും മതാധ്യാപകർക്കുമുണ്ട്. അത്തരം ചോദ്യങ്ങളെ അത്ഭുതങ്ങളില്ലാതെ നേരിടാൻ രക്ഷിതാക്കൾ പാകപ്പെടേണ്ടതുണ്ട്. എന്റെ ശരീരവും സ്വത്വബോധവും തമ്മിൽ വൈരുധ്യം തോന്നിത്തുടങ്ങുന്നുണ്ടെന്നും അതിനാൽ ലിംഗമാറ്റ വിദഗ്ധനായ ഒരു ഡോക്ടറെ കണ്ടാൽ നന്നായിരുന്നെന്നും അങ്ങനെ പലർക്കും അനുഭവമുണ്ടായതിനാൽ മാറ്റം സാധ്യമാണെന്നും നമ്മുടെ മക്കളിലാരെങ്കിലും ഒരുദിനം നമ്മോടു പറഞ്ഞാൽ ഇന്നത്തെ അവസ്ഥയിൽ നാം ആശ്ചര്യത്തിന്റെ കണ്ണുരുട്ടലുകളിൽ അഭയം തേടരുതെന്നർഥം. ‘ആരോഗ്യകരമായ രതി’യെ കുറിച്ചു ചോദ്യങ്ങൾ വന്നേക്കാം, അതിന്റെ സ്വാഭാവികതകളിൽ അവർ ന്യായങ്ങൾ നിരത്തിയേക്കാം. അവിടങ്ങളിലെല്ലാം ശകാരംകൊണ്ട് വാതിലടക്കാതെ, ബഹുമാനക്കേട് പറഞ്ഞ് ഓടിയൊളിക്കാതെ യുക്തിഭദ്രമായി നേരിടുകയാണ് വേണ്ടത്. ലൈംഗികത സ്വാഭാവികമായ ഒന്നാണെന്നും അത് ഉദ്ദേശിക്കുന്ന സമയത്ത് പരസ്പര സമ്മതത്തോടെ ആരുമായിട്ടും എവിടെവച്ചുമാകാം എന്നുമുള്ള ചിന്ത ലിബറലിസ്റ്റുകൾ യുവസമൂഹത്തിൽ വളർത്തിയെടുക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത് നമ്മുടെ മക്കളുടെ കാര്യത്തിൽ നാം നല്ല ശ്രദ്ധാലുക്കളാകേണ്ടതുണ്ട്.. ഇവിടെയും പ്രവാചക മാതൃക മനസ്സിലാക്കി നിലപാട് സ്വീകരിക്കുകയാണ് ഒരു മുസ്‌ലിം രക്ഷിതാവ് ചെയ്യേണ്ടത്.

ഇമാം അഹ്‌മദും ഇമാം ത്വബ്‌റാനിയും അബൂ ഉമാമ(റ)യിൽനിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസിന്റെ ആശയം ഇങ്ങെന വായിക്കാം: “ഒരിക്കൽ ക്വുറൈശികളിൽ പെട്ട ഒരു ചെറുപ്പക്കാരൻ നബി ﷺ യുടെ തിരുസന്നിധിയിൽ വന്നുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, എനിക്ക് വ്യഭിചരിക്കാൻ അനുവാദം നൽകണം.’ ഇതുകേട്ട് പ്രകോപിതരായ ആളുകൾ (നബിയുടെ മുമ്പിൽ അനാദരവ് കാട്ടിയ ചോദ്യം കാരണം) അയാൾക്കുനേരെ ഒച്ചയിട്ടുകൊണ്ടു നടന്നടുത്തു. അയാളെ നിശ്ശബ്ദനാക്കാൻ ഒരുമ്പെട്ടു. പ്രവാചകൻ ﷺ അതിൽനിന്ന് അവരെ വിലക്കുകയും (ആ ചോദ്യത്തിലെ നിഷ്‌കളങ്കത തിരിച്ചറിഞ്ഞ പ്രവാചകൻ) ചെറുപ്പക്കാരനോട് തന്റെ മുമ്പിലേക്ക് കൂടുതൽ അടുത്തുവരുവാൻ ആവശ്യപ്പെടും ചെയ്തു. എന്നിട്ട് നബി ﷺ ചോദിച്ചു: ‘നീ ചോദിച്ച ആ കാര്യം നിന്റെ മാതാവിന്റെ വിഷയത്തിൽ നീ ഇഷ്ടപ്പെടുന്നുണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘ഒരിക്കലുമില്ല പ്രവാചകരേ.’ നബി ﷺ പറഞ്ഞു: ‘എന്നാൽ മറ്റു മനുഷ്യരും അവരുടെ മാതാക്കൾക്ക് ഇത് ഇഷ്ടപ്പെടുന്നില്ല.’ നബി ﷺ വീണ്ടും ചോദിച്ചു: ‘നിന്റെ മകളുടെ കാര്യത്തിൽ നീ ഇഷ്ടപ്പെടുന്നുണ്ടോ?’ ‘ഇല്ല പ്രവാചകരേ, ഒരിക്കലും’ അദ്ദേഹം പറഞ്ഞു. ‘എങ്കിൽ ഒരാളും അവരുടെ പെണ്മകൾക്ക് ഇത് ഇഷ്ടപ്പെടുന്നില്ല’ നബി ﷺ പ്രതിവചിച്ചു. നബി ﷺ വീണ്ടും ചെറുപ്പക്കാരന് നേരെ ചോദ്യമെറിഞ്ഞു: ‘നിന്റെ സഹോദരിക്ക് നീ ഇഷ്ടപ്പെടുന്നുവോ?’ ‘ഇല്ല, ഒരിക്കലുമില്ല.’ ‘എന്നാൽ ജനങ്ങളാരും അവരുടെ സഹോദരിമാർക്ക് ഈ മോശം കാര്യം ഇഷ്ടപ്പെടുന്നില്ല.’ ചോദ്യവും ഉത്തരവും കാതും കരളും തുളച്ചുകയറും വിധം നബി ﷺ തുടർന്നുകൊണ്ടിരുന്നു; ചെറുപ്പക്കാരന്റെ പ്രതികരണവും. ‘നിന്റെ പിതൃസഹോദരിമാർ ഈ മോശം കാര്യത്തിൽ പങ്കാളികളാകുന്നതിൽ നീ തൃപ്തനാണോ?’ ‘അല്ല.’ ‘മാതൃസഹോദരിമാരോ?’ ‘ഒരിക്കലുമില്ല.’ ‘എങ്കിൽ ഒരാളും അവരുടെ പിതൃസഹോദരിമാരോ മാതൃസഹോദരിമാരോ ഇത് ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ല.’ ചെറുപ്പക്കാരന്റെ ഉള്ളം തെളിഞ്ഞു. തെറ്റ് തിരിച്ചറിഞ്ഞു. മനസ്സ് ശാന്തമായി. പക്ഷേ, ഗുണകാംക്ഷിയായ നബി ﷺ അവിടംകൊണ്ട് അവസാനിപ്പിച്ചില്ല. ചെറുപ്പക്കാരന്റെ നെഞ്ചിൽ പ്രവാചകന്റെ തണുത്ത കൈപ്പടം ചേർത്തുവെച്ചുകൊണ്ട് ഇങ്ങനെ പ്രാർഥിക്കുകകൂടി ചെയ്തു: ‘അല്ലാഹുവേ, ഈ വ്യക്തിയുടെ ദോഷം നീ പൊറുത്തുകൊടുക്കേണമേ, അവന്റെ ഹൃദയത്തിന് നീ വിശുദ്ധി നൽകേണമേ, അവന്റെ ജനനേന്ദ്രിയത്തെ നീ വിമലീകരിക്കേണമേ.’

എത്ര മഹത്തരം ഈ മാതൃക! എത്ര ഹൃദ്യമാണ് ഈ അപക്വതയുടെയും പക്വതയുടെയും സന്ധിക്കൽ! അയാൾ ഒരിക്കലും ആ തെറ്റിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യാത്തവിധം നബി ﷺ വിഷയം കൈകാര്യം ചെയ്ത് ശ്രദ്ധിക്കുക.

വിവാഹംതന്നെ പ്രതിരോധം

ലൈംഗിക സുരക്ഷക്കും സംസ്‌കരണത്തിനും ഇസ്‌ലാം പ്രകൃതിപരമായ ആത്യന്തിക പരിഹാരമായി മനുഷ്യവർഗത്തിന് മുമ്പിൽ സമർപ്പിക്കുന്ന ലളിതവും പ്രായോഗികവുമായ മാർഗം വിവാഹമാണ്. മലിനാത്മകമായ ലൈംഗിക കൊടുങ്കാറ്റിൽ മക്കൾ അശ്ലീലതയുടെ അഴുക്കിൽ കാലിടറി വീഴാതിരിക്കാൻ, ശാരീരികവും മനസികവുമായി വളർച്ച പ്രാപിച്ചു കഴിഞ്ഞാൽ മക്കളെ ഒട്ടും വൈകാതെ വിവാഹം ചെയ്യിക്കുകയെന്നതാണ് മാതാപിതാക്കൾക്ക് മുമ്പിലുള്ള ഏറ്റവും ശക്തമായ പ്രതിരോധം.

ശാരീരികമോ സാമൂഹികമോ ആയ ആവശ്യപൂർത്തീകരണം എന്ന നിലയ്ക്ക് മാത്രമല്ല ഇസ്‌ലാം വിവാഹത്തെ കാണുന്നത്, മറിച്ച് ദൃഷ്ടിയുടെയും ജനനേന്ദ്രിയത്തിന്റെയും ഭൗതികവും ആത്മീയവുമായ സുരക്ഷയുടെ കവചമായിക്കൂടിയാണ്.

അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)ൽനിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസ് കാണുക; നബി ﷺ പറഞ്ഞു: “യുവാക്കളേ, വിവാഹത്തിനുള്ള പ്രാപ്തിയെത്തിയാൽ നിങ്ങൾ (ഒട്ടും വൈകാതെ) വിവാഹിതരാവുക. കാരണം (അനുവദനീയമല്ലാത്തതിൽനിന്ന്) ദൃഷ്ടി താഴ്ത്തുവാനും ലൈംഗികാവയവത്തെ സംരക്ഷിക്കുവാനും അത് ശക്തി നൽകും.’’

നബി ﷺ പറഞ്ഞു: “നിങ്ങളുടെ മകൾക്ക് മതവിഷയത്തിലും സ്വഭാവത്തിലും തൃപ്തനായ ഒരാൾ വിവാഹാന്വേഷണം നടത്തി വന്നാൽ അവന്നു വിവാഹം ചെയ്തു നൽകുക, അല്ലാത്തപക്ഷം ഭൂമിയിൽ കുഴപ്പമുണ്ടാവുകയും വ്യാപകമായ അരാചകത്വമുണ്ടാവുകയും ചെയ്യും.’’

മതബോധവും ഗുണകാംക്ഷയും നിലനിൽക്കുന്ന സമൂഹം മുസ്‌ലിം യുവതികൾക്കും യുവാക്കൾക്കും രക്ഷിതാക്കൾക്കും തത്‌വിഷയത്തിൽ തുണയും പ്രേരണയുമായി ഉണ്ടാകേണ്ടതുണ്ടെന്നാണ് വിശുദ്ധ ക്വുർആനിന്റെ ഉൽബോധനം. കാരണം കാര്യത്തിന്റെ കാതലും ഗൗരവവും തിരിച്ചറിയാത്ത യൂവസമൂഹവും കാര്യബോധം കുറഞ്ഞ അളവിൽ മാത്രമുള്ള ചില രക്ഷിതാക്കളും സാമ്പത്തികവും മറ്റു നിസ്സാര ഭൗതിക സൗകര്യക്കുറവുകളും തടസ്സമായി പറഞ്ഞു വിവാഹം അനാവശ്യമായി നീട്ടിക്കൊണ്ട് പോകുന്നതിൽ മടിയില്ലാത്തവരാണ്.

അല്ലാഹു പറയുന്നു: “നിങ്ങളിലുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളിൽനിന്നും അടിമ സ്ത്രീകളിൽനിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങൾ വിവാഹബന്ധത്തിൽ ഏർപ്പെടുത്തുക. അവർ ദരിദ്രരാണെങ്കിൽ അല്ലാഹു തന്റെ അനുഗ്രഹത്തിൽനിന്ന് അവർക്ക് ഐശ്വര്യം നൽകുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സർവജ്ഞനുമത്രെ’’ (ക്വുർആൻ 24: 32).

വിശുദ്ധ ക്വുർആനിന്റെയും പ്രവാചകാധ്യാപനത്തിന്റെയും പ്രകാശം സ്വീകരിച്ചവർ ‘നാടോടുമ്പോൾ നടുക്കോടുന്ന’വരായിക്കൂടാത്തതാണ്. ലിബറൽ സമൂഹത്തെപോലെ മനുഷ്യജീവിതത്തിന്റെ അവസാനത്തെ അജണ്ടയല്ല വിവാഹം. അത് ഉത്തരവാദിത്തത്തിലേക്കുള്ള കാൽവയ്പാണ്. ശാരീരിക വളർച്ചയും മാനസിക ശക്തിയും സാമ്പത്തിക പ്രാപ്തിയും നിലനിൽക്കുന്ന ഒരു കുടുംബാംഗത്തിന്ന് പഠനം, ജോലി, പുതിയ വീട് തുടങ്ങിയവ തടസ്സവാദങ്ങളായി കൊണ്ടുവരാവതല്ല. വിവാഹത്തിന് ഇസ്‌ലാം പ്രായപരിധി നിശ്ചയിക്കാതിരുന്നത് തന്നെ അതിന്റെ ശാസ്ത്രീയതക്കും പ്രായോഗികതക്കും ഏറ്റവും വലിയ തെളിവാണ്. വിവാഹത്തിന് പാകപ്പെടുന്നത് കേവലം ജനനത്തീയതി അനുസരിച്ചല്ല. മറിച്ച് ശാരീരിക, മാനസിക വളർച്ചയുടെ തോതനുസരിച്ചുകൂടിയാണ്. സമയമായാൽ ഒട്ടും വൈകാതെ മുസ്‌ലിം യുവതീ യുവാക്കൾക്ക് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാവുന്നതാണ്. (ജീവിക്കുന്ന ഇടങ്ങളിലെ നിയമം പരിഗണിക്കേണ്ടതില്ല എന്നല്ല ഇപ്പറഞ്ഞതിനർഥം). ഇന്ത്യയിൽ ആണിന് 21 വയസ്സും പെണ്ണിന് 18 വയസ്സുമാണ് വിവാഹ പ്രായമായി ഇപ്പോൾ നിലനിൽക്കുന്ന നിയമത്തിലുള്ളത്. മറ്റു രാജ്യങ്ങളിൽ ഏറിയും കുറഞ്ഞും നിലനിൽക്കുന്നുണ്ട്.

ചുരുക്കത്തിൽ, ലൈംഗിക വളർച്ചക്കനുസരിച്ച് അതിന്റെ സംസ്‌കരണത്തിന് വിവാഹത്തോളം സുരക്ഷിതമായ മറ്റു മാർഗങ്ങൾ മുസ്‌ലിമിന്റെ മുമ്പിൽ ഇല്ല. അതിന്നു പ്രയാസം നേരിടുന്ന അവസ്ഥയിൽ വ്രതമനുഷ്ഠിക്കാനാണ് പ്രവാചകന്റെ കൽപന. അമിതമായ ലൈംഗിക സമ്മർദങ്ങളിൽനിന്ന് ആശ്വാസം നേടാൻ വ്രതം മുസ്‌ലിമിന് സഹായകമാണ് എന്നർഥം.

(തുടരും)