ലൈംഗിക വളർച്ചയും സംസ്‌കരണ വഴികളും

അശ്‌റഫ് ഏകരൂൽ

2023 ഫെബ്രുവരി 11, 1444 റജബ് 19

ലൈംഗിക വളർച്ചയുടെ ഘട്ടത്തിൽ കുട്ടികൾക്ക് പകർന്നു നൽകേണ്ട ചില കാര്യങ്ങൾ നാം ചർച്ചചെയ്യുകയുണ്ടായി. പ്രധാനപ്പെട്ട ചില കാര്യങ്ങൾ കൂടി മനസ്സിലാക്കാം.

അകറ്റി നിർത്തൽ അനിവാര്യം

ആണും പെണ്ണും ഇടകലരുന്നതിൽനിന്നും ലൈംഗിക ഉത്തേജനമേകുന്ന മേഖലകളിൽനിന്നും കുട്ടികളെ സാധ്യമാകുന്നത്ര അകറ്റിനിർത്താൻ സാധിച്ചാൽ ലൈംഗിക വളർച്ച അസാന്മാർഗികതയിലേക്ക് വഴിതെറ്റാതെ കാത്തുസൂക്ഷിക്കാൻ കഴിയും. എന്നാൽ ഇന്ന് നമ്മൾ ജീവിക്കുന്ന സാമൂഹ്യ പരിസരം അതിന്റെ വഴി എളുപ്പമാക്കുന്നിെല്ലന്നു നമുക്കെല്ലാവർക്കും അറിയാം. ഇവിടെ ‘സാധ്യമാകുന്നത്ര അല്ലാഹുവിനെ സൂക്ഷിക്കുക’ എന്ന കൽപനയും ‘അസാധ്യമായതിന് അല്ലാഹു ഒരാളെയും നിർബന്ധിക്കുന്നില്ല’ എന്ന അറിയിപ്പും പരിഗണനയിലുണ്ടാവുക എന്നതാണ് കരണീയം. എന്നാൽ നമ്മുടെ നിയന്ത്രണത്തിലുള്ള മേഖലകളിൽ അനാവശ്യമായ ഇടകലരലുകളും നഗ്‌നതാപ്രകടനങ്ങളും ഉണ്ടായിക്കൂടാ എന്നതിൽ നിർബന്ധബുദ്ധി വേണം. അവയിൽനിന്നും ധാർമികതയുടെയും ദൈവഭക്തിയുടെയും വേലികെട്ടി മക്കളെ സംരക്ഷിക്കുന്നതിൽ വിശ്വാസികളായ മാതാപിതാക്കൾ ജാഗ്രത പുലർത്തേണ്ടതുണ്ട്.

തെറ്റായ രീതിയിൽ ലൈംഗിക താൽപര്യങ്ങൾ വളർത്തുന്ന മാഗസിനുകളും വിനോദ പരിപാടികളും വളരുന്ന മക്കളുടെ കൺവെട്ടത്തിൽ ഉണ്ടാവാതിരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. സ്വയം വളർച്ചയും അവബോധവും എത്തുന്നതിനു മുമ്പേ ലഭിക്കുന്ന പ്രേരണകൾ ലൈംഗികത എന്ന ദൈവാനു ഗ്രഹത്തെ തെറ്റായി ഉൾക്കൊള്ളാനും പ്രയോഗിക്കാനുമുള്ള ഉൾപ്രേരണ തന്മൂലം മക്കളിൽ കടന്നുവരും. അത് ഇല്ലാതിരിക്കാൻ ‘മഹ്‌റമു’കളുമായി മാത്രം ഇടപെടുന്നവരാക്കുകയും അതിനപ്പുറമുള്ളതിന്നു സ്‌നേഹപൂർണമായ നിയന്ത്രണങ്ങൾ നിലനിർത്തി പോരുകയും നല്ല പരിസരങ്ങളിലേക്ക് വഴി കാണിക്കുകയും ചെയ്യുന്ന കടമ തികച്ചും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ചുമലിൽ തന്നെയാണുള്ളത്.

പുതിയ സാമൂഹ്യ സംവിധാനങ്ങളിൽനിന്ന് മാറിനിൽക്കാൻ കഴിയാത്ത നിർബന്ധിതാവസ്ഥകളിൽ അന്യ സ്ത്രീപുരുഷൻമാർ തമ്മിൽ ഇടപഴകുമ്പോൾ പാലിക്കേണ്ട ‘ഹിജാബി’നെ കുറിച്ചും എതിർലിംഗത്തിലുള്ളവർ തമ്മിലുള്ള സ്പർശനത്തെ ഇസ്‌ലാം എത്ര ഗൗരവമായി കാണുന്നുവെന്ന കാര്യങ്ങളും പ്രവാചകാധ്യാപനങ്ങളുടെ വെളിച്ചത്തിൽ മക്കൾക്ക് സന്ദർഭോചിതം നൽകിക്കൊണ്ടിരിക്കുക. ഇമാം ത്വബ്‌റാനി ഉദ്ധരിക്കുന്ന ഒരു നബിവചനം ഇവിടെ സ്മരണീയമാണ്: അല്ലാഹുവിന്റെ പ്രവാചകൻ ﷺ പറഞ്ഞു: “തനിക്ക് അനുവദനീയമല്ലാത്ത ഒരു പെണ്ണിനെ സ്പർശിക്കുന്നതിനെക്കാൾ നല്ലത് ഒരു ഇരുമ്പ് സൂചികൊണ്ട് തന്റെ തലയിൽ കുത്തുന്നതാണ്.’

അന്യരായ ആൺ-പെൺ കൈ കൊടുക്കലും ‘തട്ടലും മുട്ടലു’മെല്ലാം ഇസ്‌ലാമിക സംസ്‌കാരത്തിന് നിരക്കാത്തതും അപകടകരവുമാണെന്നർഥം. ഈ തിരിച്ചറിവിന്റെ വെളിച്ചം മക്കളുടെ മനസ്സുകളിൽ സന്നിവേശിപ്പിക്കാൻ സ്‌നേഹപൂർണമായ ഉപദേശത്തിലൂടെ സാധിച്ചാൽ അതാണ് ഭൗതികമായ മറ്റു വിലക്കുകളെക്കാളും കണ്ണുരുട്ടലുകളെക്കാളും സഹായകമാവുന്നതും നിലനിൽക്കുന്നതും. ഒപ്പം അല്ലാഹുവിന്റെ സംരക്ഷണത്തിനായി സദാ അവനോട് പ്രാർഥിച്ചുകൊണ്ടിരിക്കുകയും വേണം.

ഇസ്‌ലാമിലെ ശുദ്ധിയുടെ കർമശാസ്ത്രത്തെക്കുറിച്ചു ബോധ്യം നൽകൽ

മക്കൾ -ആണായാലും പെണ്ണായാലും- പ്രായപൂർത്തിയോടടുക്കുന്നുവെന്നു മനസ്സിലായിത്തുടങ്ങിയാൽ മാതാപിതാക്കൾ അനുയോജ്യമായ ഭാഷയും സമയവും ഉപയോഗപ്പെടുത്തി അവർക്ക് വലിയ അശുദ്ധിയുടെ പാഠങ്ങൾ പകർന്നു നൽകുകയും അതിൽനിന്ന് ശുദ്ധിയാവുന്നതിന്റെ ഫർദുകളും സുന്നത്തുകളും പഠിപ്പിക്കുകയും ചെയ്യൽ അനിവാര്യമാണ്. മാത്രവുമല്ല ഈ പ്രായത്തിൽ ഉണ്ടാകുന്ന ശാരീരികമായ വളർച്ചയുടെ പടവുകളെ കുറിച്ചും പലതരം ഹോർമോണുകളുടെ പുതിയ ഉത്പാദനത്തെ കുറിച്ചും അവർക്ക് വിവരം നൽകുന്നത് മറ്റു വഴികളിൽനിന്ന് തെറ്റായ രീതിയിൽ അത് കെണ്ടത്താതിരിക്കാനുള്ള മാർഗം കൂടിയാണ്. ആർത്തവവും ശുക്ലവുമെല്ലാം എങ്ങനെ നമ്മുടെ മതജീവിതവുമായും ആരാധനകളുമായും ജീവിത വിശുദ്ധിയുമായും ബന്ധപ്പെട്ടു കിടക്കുന്നുവെന്നു മക്കൾ തുടക്കം മുതൽ അറിഞ്ഞു തുടങ്ങിയാൽ അതിനെ ജീവിതചക്രത്തിലെ സ്വാഭാവികതയായി അവർ തിരിച്ചറിയും. അതിനെ ദുരുപയോഗപ്പെടുത്താൻ കാത്തിരിക്കുന്ന പിശാചിന്റെ അനുചരന്മാരിൽനിന്ന് അകലം പാലിക്കാൻ അത് മക്കളെ സഹായിക്കുകയും ചെയ്യും.

പ്രായപൂർത്തിയുടെ അടയാളങ്ങളുടെ പ്രത്യക്ഷപ്പെടൽ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഭാഗമാണെന്നും നമ്മെ വ്യക്തിത്വത്തിന്റെ പൂർണതയിലേക്ക് അല്ലാഹു വഴിനടത്തുകയാണെന്നും ഇതോടുകൂടി നമ്മുടെ നന്മ-തിന്മകൾക്ക് അല്ലാഹുവിന്റെ അടുക്കൽ നാം ഉത്തരവാദിത്തമുള്ളവരായെന്നും അതിനാൽ മുമ്പത്തേതിൽനിന്നും വ്യത്യസ്തമായി ജീവിതത്തെയും അതിലെ ഇടപാടുകളെയും കൂടുതൽ ഗൗരവത്തിൽ കാണാൻ സമയമായെന്നും നമ്മുടെ കർമങ്ങൾ രേഖപ്പെടുത്തുന്ന പുസ്തകം നമുക്ക് സ്വന്തമായി തുറന്നുതുടങ്ങിയെന്നുമുള്ള വസ്തുത ബോധ്യപ്പെടുത്താൻ ശ്രമങ്ങളുണ്ടായാൽ കാര്യങ്ങൾ കൂടുതൽ സുരക്ഷിതമാവാൻ സഹായകമാണ്. കൂടാതെ വിശ്വാസപരമായ പ്രതിരോധവും മാനസിക സംരക്ഷണവും ലഭ്യമായിക്കൊണ്ടിരിക്കുന്ന കുട്ടികൾക്ക് സ്വന്തം വികാരങ്ങളെ നിയന്ത്രിക്കുവാനും മനസ്സിനെ സമാധാനപ്പെടുത്തുവാനും മ്ലേഛപ്രവൃത്തികളിൽനിന്ന് സ്വയം വിട്ടുനിൽക്കുവാനും ഒരു പരിധിവരെ അല്ലാഹുവിന്റെ സഹായത്താൽ സാധിക്കും.

ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസം നൽകുക

ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തിൽ ആരോഗ്യകരമായതും ധാർമിക ചട്ടക്കൂട്ടിൽ ഒതുങ്ങുന്നതുമായ തരത്തിൽ ലൈംഗിക വിദ്യാഭ്യാസം നമ്മുടെ ഭാഗത്തുനിന്ന് തന്നെ ലഭ്യമാകുമ്പോൾ മാത്രമെ ഇന്നത്തെ ആധുനിക ലൈംഗിക വിദ്യാഭ്യാസ മുറവിളികളുടെ ചതിക്കുഴികളിൽനിന്ന് നമ്മുടെ മക്കളെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ. അതിരുകളില്ലാത്ത അതിഭൗതിക വാദത്തിന്റെയും സ്വതന്ത്ര ലൈംഗികതയുടെയും ആരവങ്ങൾക്ക് മുമ്പിൽ പിടിച്ചുനിൽക്കാൻ കഴിയണമെങ്കിൽ എന്താണ് ഹലാൽ രതി എന്നും വിവാഹത്തിന്നു പുറത്തുള്ളതാണെങ്കിൽ അതെത്ര ആരോഗ്യകരമാണെ (ഹെൽത്തി സെക്‌സ്)ങ്കിലും വ്യഭിചാരം, സ്വവർഗരതി തുടങ്ങിയ വിവാഹബാഹ്യവും പ്രകൃതിവിരുദ്ധവുമായ ബന്ധങ്ങൾ എത്ര വലിയ പാപങ്ങൾ ആണെന്നും എത്ര ഗൗരവമേറിയ ശിക്ഷയാണ് അല്ലാഹു ഇഹത്തിലും പരത്തിലും നൽകുകയെന്നും അവർക്ക് മനസ്സിലാക്കിക്കൊടുക്കലാവണം ലൈംഗിക വിദ്യാഭാസത്തിലൂടെ സാധ്യമാവേണ്ടത്.

സൂറതുന്നൂറിന്റെ തുടക്കത്തിലുള്ള സൂക്തങ്ങൾ ഇവ്വിഷയകമായി നൽകുന്ന അധ്യാപനങ്ങൾ മക്കൾ മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: “വ്യഭിചരിക്കുന്ന സ്ത്രീപുരുഷന്മാരിൽ ഓരോരുത്തരെയും നിങ്ങൾ നൂറ് അടി അടിക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവരാണങ്കിൽ അല്ലാഹുവിന്റെ മതനിയമത്തിൽ (അത് നടപ്പാക്കുന്ന വിഷയത്തിൽ) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളിൽനിന്നുള്ള ഒരു സംഘം സന്നിഹിതരാകുകയും ചെയ്യട്ടെ’’ (ക്വുർആൻ 24: 2). ഈ വിഷയത്തിൽ വന്ന ഹദീസുകളും പാപത്തിന്റെ ഗൗരവം മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കും.

ഇത്തരം മ്ലേഛതകളിൽ ഏർപ്പെടുന്നവരുടെ ഭാവിജീവിതം പോലും പ്രവചനാതീതമായ ദുര്യോഗത്തിലായിരിക്കും ചെന്ന് പതിക്കുകയെന്നും നമുക്കവരെ ബോധ്യപ്പെടുത്താൻ കഴിയണം. ഇത്തരക്കാർക്ക് പരിശുദ്ധിയുള്ള ഇണകൾ ജീവിതത്തിൽ ലഭ്യമായിക്കൊള്ളണമെന്നില്ല. അല്ലാഹു പറയുന്നു: “വ്യഭിചാരിയായ പുരുഷൻ വ്യഭിചാരിണിയെയോ ബഹുദൈവ വിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല, വ്യഭിചാരിണിയായ സ്ത്രീയെ വ്യഭിചാരിയോ ബഹുദൈവ വിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറില്ല. സത്യവിശ്വാസികളുടെ മേൽ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു’’ (ക്വുർആൻ 24: 3).

ഇഹപര ജീവിതത്തിൽ വിജയിക്കുന്ന സത്യവിശ്വാസികളുടെ ലൈംഗിക ജീവിതത്തെ കുറിച്ച് അല്ലാഹു പറയുന്നത് അവർ തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരാണ് എന്നാണ്. അനുവദനീയമായ രീതിയിലല്ലാതെ അവർ തങ്ങളുടെ ലൈംഗിക താൽപര്യങ്ങൾ നിറവേറ്റില്ല എന്നർഥം.

സ്വവർഗരതിയുടെ അപകടവും പാപത്തിന്റെ ഗൗരവവും മനസ്സിലാക്കിക്കൊടുക്കാൻ ലൂത്വ് നബിയുടെ ജനതയെ കുറിച്ചുള്ള ക്വുർആനികാധ്യാപനങ്ങൾ രക്ഷിതാക്കളെ ഏറെ സഹായിക്കും. നമുക്ക് നേരിട്ട് പറയാനുള്ള സംഭാഷണ ചാനലുകൾ ദുർബലമാണെങ്കിൽ തഫ്‌സീറുകളിൽ നിന്ന് ഇത്തരം അധ്യായങ്ങളുടെ വായന പ്രായപൂർത്തിയിലേക്ക് കടക്കുന്ന കുട്ടികൾക്ക് ഗൃഹപാഠമായി നിർദേശിക്കാവുന്നതാണ്.

ഇത്തരം ധാർമിക പരിസരങ്ങളുടെ മനഃപൂർവമുള്ള നിർമിതിയല്ലാതെ വളർന്നുവരുന്ന നമ്മുടെ മക്കളുടെ ലൈംഗിക സംസ്‌കരണവും വിശുദ്ധിയും കാത്തുസൂക്ഷിക്കാൻ മറ്റു വഴികളില്ല.

(തുടരും)