വിശ്വാസിയുടെ ജീവിതത്തിൽ പശ്ചാത്താപത്തിന്റെ പ്രസക്തി
ഉസ്മാൻ പാലക്കാഴി
2026 മാർച്ച് 14, 1447 റമദാൻ 24

ശരീരത്തെയും മനസ്സിനെയും മാലിന്യമുക്തമാക്കുവാൻ ഇസ്‌ലാം ആവശ്യപ്പെടുന്നു. ശരീരത്തിലെ മാലിന്യം കഴുകിക്കളയാം. അങ്ങനെ ശരീരം വൃത്തിയാക്കാം. മനസ്സിലെ മാലിന്യം വൃത്തിയാക്കേണ്ടത് തെറ്റുകുറ്റങ്ങൾ വർജിച്ചുകൊണ്ടും പശ്ചാത്താപിച്ചുകൊണ്ടുമാണ്. അല്ലാഹു പറയുന്നു:
“തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു’’ (2:222).
പാപം മനുഷ്യസഹജമാണ്. പശ്ചാത്താപമാണ് അതിന്ന് പരിഹാരം. പശ്ചാത്തപിക്കുന്നവരാണ് പാപം ചെയ്തവരിലെ ശ്രേഷ്ഠൻമാർ. നബിﷺ പറഞ്ഞു: “ആദമിന്റെ പുത്രന്മാർ എല്ലാവരും തെറ്റുചെയ്യുന്ന വരാണ്. തെറ്റുചെയ്യുന്നവരിൽ ഉത്തമന്മാർ പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്’’ (തിർമിദി, ഇബ്‌നുമാജ, അഹ്‌മദ്).
വിശുദ്ധ ക്വുർആൻ പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങൾ മായ്ച്ചുകളയുകയും താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം. അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തിൽ...’’ (ക്വുർആൻ 66:8).
സത്യവിശ്വാസി ഉൾക്കൊണ്ട തൗഹീദിന്റെ താൽപര്യമാണ് പാപമോചനത്തിനു വേണ്ടി അല്ലാഹുവിനോട് നടത്തുന്ന അവന്റെ പ്രാർഥന. പ്രവാചകന്മാരെ അല്ലാഹു ശീലിപ്പിച്ച സമ്പ്രദായമാണത്. ക്വുർആനത് പഠിപ്പിക്കുന്നുണ്ട്:
“ആകയാൽ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും വേണ്ടിയും (പാപമോചനം തേടുക)’’ (ക്വുർആൻ 47:19).
തനിക്കു വേണ്ടി മാത്രമല്ല, തന്നെപ്പോലെ പശ്ചാത്താപം ആവശ്യമായ എല്ലാ മുസ്‌ലിം സഹോദരങ്ങൾക്കു വേണ്ടിയും പ്രാർഥിക്കാനാണ് ക്വുർആൻ നിർദേശിക്കുന്നത്. ഈ സദ്ഗുണം ഓരോ മുസ്‌ലിമിന്റെയും ജീവിതത്തിലുണ്ടാകണം.
അന്യരുടെ പാപങ്ങളും വീഴ്ചകളുമൊക്കെ ചികഞ്ഞെടുക്കുകയും അവ പർവതീകരിച്ച് സമൂഹമധ്യെ പ്രചരിപ്പിക്കുകയും ചെയ്യുന്ന ചിലരെങ്കിലുമുണ്ട്. അത്തരക്കാർ പാപിക്ക് പശ്ചാത്തപിക്കാൻ സമയം നൽകാറില്ല. വീഴ്ച പറ്റിയവന്റെ പശ്ചാത്താപത്തെ മാനിക്കാനും തയ്യാറല്ല. തെറ്റുപറ്റിയെന്ന് തിരിച്ചറിഞ്ഞ് തൗബ ചെയ്ത സഹോദരന്റെ തൗബയെപ്പോലും കളിയാക്കുന്നവരും സമൂഹത്തിലുണ്ട്! യഥാർഥ വിശ്വാസിയുടെ സ്വഭാവമല്ല ഇതൊന്നും.
ജീവിതത്തിൽനിന്ന് രാപകലുകൾ യാത്രയായിക്കൊണ്ടിരിക്കുന്നു. പ്രഭാതത്തിൽ ഉണരാനാകുന്നതും രാത്രിയാകുവോളം ജീവിക്കാനാകുന്നതും അല്ലാഹുവിന്റെ ഔദാര്യമാണ് എന്ന് തിരിച്ചറിയുക. ഒരുദിവസത്തിലെ ജീവിത കർമങ്ങളിൽ അരുതാത്തവയൊന്നും സംഭവിച്ചിട്ടില്ലെന്ന് പറയാൻ നമുക്കുറപ്പില്ല. എങ്കിൽ, മാപ്പിരന്നുകൊണ്ടാകണം നമ്മുടെ ഉണർച്ചയും ഉറക്കവും.

