സ്‌നേഹത്തിന്റെ നൂലുകൊണ്ട് നെയ്‌തെടുത്ത സമ്മാനം

ഉസ്മാൻ പി എച്ച് തിരുവിഴാംകുന്ന്ത്

2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23

പ്രവാസത്തിലെ റമദാൻ രാവുകൾക്ക് പ്രത്യേകമായൊരു ശാന്തതയുണ്ട്. പകൽ മുഴുവൻ നീളുന്ന ജോലിത്തിരക്കുകൾ കഴിഞ്ഞ് താമസസ്ഥലത്തെ പള്ളിയിലെത്തുമ്പോൾ രാത്രി ഒരുപാടു വൈകാറുണ്ട്. പള്ളിയിലെ വലിയ ലൈറ്റുകളൊക്കെ അണച്ച്, ആളൊഴിഞ്ഞ ശാന്തമായ ആ സമയത്ത് പ്രാർഥനയ്ക്കായി ഒന്നോ രണ്ടോ പേർ മാത്രമാണ് ഉണ്ടാവാറുള്ളത്.

ഒരു റമദാൻ കാലത്താണ് പള്ളിയുടെ ഒരു കോണിൽ എപ്പോഴും പ്രാർഥനാനിമഗ്നനായി ഇരിക്കുന്ന ആ പാകിസ്ഥാനി വയോധികനെ ഞാൻ ശ്രദ്ധിക്കുന്നത്. പിന്നെ പരിചയത്തിലായി. എപ്പോൾ കണ്ടാലും പിശുക്കില്ലാതെ ചിരിക്കുന്ന നിഷ്‌കളങ്കമായ മുഖമായിരുന്നു അദ്ദേഹത്തിന്റെത്. കാണുമ്പോഴൊക്കെ മനസ്സിലെ വ്യകുലതകളെ അലിയിച്ചുകളയുന്ന ആ വൃദ്ധനെ ഞാൻ സ്‌നേഹത്തോടെ ‘ചാച്ചാ’ എന്നു വിളിക്കാൻ തുടങ്ങി.

അങ്ങനെയിരിക്കെ ഒരു രാത്രി പ്രാർഥന കഴിഞ്ഞ് പള്ളിയിൽനിന്ന് ഇറങ്ങാൻ നേരത്ത് ചാച്ച എന്റെ അടുത്തേക്ക് നടന്നുവന്നു. ആ മുഖത്ത് പതിവില്ലാത്ത ഒരു വിഷമവും ആശങ്കയും നിഴലിച്ചിരുന്നു. വിറയ്ക്കുന്ന ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു: ‘മകനേ, നാട്ടിൽ എന്റെ മകന് തീരെ സുഖമില്ല... ഞാൻ നാളെ നാട്ടിലേക്ക് പോവുകയാണ്. സഹായിക്കാൻ കഴിയുന്ന എന്തെങ്കിലും തന്ന് എന്നെ ഒന്ന് സഹായിക്കാമോ?’

നാട്ടിലെ മകനെയോർത്ത് ആവലാതിപ്പെടുന്ന ആ പിതാവിന്റെ കണ്ണുകൾ നിറയുന്നതു കണ്ടപ്പോൾ കൂടുതലൊന്നും ചോദിക്കാതെയും ആലോചിക്കാതെയും പോക്കറ്റിലുണ്ടായിരുന്ന ചെറിയൊരു തുക ഞാൻ അദ്ദേഹത്തിന്റെ കൈകളിൽ വച്ചുകൊടുത്തു. ‘ഇൻശാ അല്ലാഹ്, എല്ലാം ശരിയാകും, ഞാൻ പ്രാർഥിക്കാം, എനിക്കു വേണ്ടിയും പ്രാർഥിക്കണം’ എന്നു പറഞ്ഞ് ആശ്വസിപ്പിച്ച് ഞാൻ യാത്ര പറഞ്ഞിറങ്ങി.

പിന്നീടാണ് ഞാൻ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയുന്നത്. ഒട്ടും സമയം വെറുതെ കളയാൻ ഇഷ്ടപ്പെടാത്ത, അധ്വാനത്തിന്റെ മഹത്ത്വം സ്വന്തം ജീവിതം കൊണ്ട് കാണിച്ചുകൊടുക്കുന്ന ഒരു കഠിനാധ്വാനിയാണ് അദ്ദേഹം! കമ്പനിയിലെ ജോലി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളിൽ അദ്ദേഹം ചെരുപ്പുകൾ റിപ്പയർ ചെയ്യുകയും കൈകൾകൊണ്ട് അതിമനോഹരമായ ചെരുപ്പുകൾ ഉണ്ടാക്കുകയും ചെയ്യും. സമയം വെറുതെ കളയാതെ അധ്വാനിക്കുന്ന ആ കൈകളിൽ ജീവിതത്തോടുള്ള വലിയൊരു പോരാട്ടമുണ്ടായിരുന്നു.

നാട്ടിലേക്ക് പോയ ചാച്ച മകന്റെ അസുഖമൊക്കെ മാറി തിരിച്ചുവന്നോ എന്ന് പള്ളിയിൽ പോകുമ്പോഴൊക്കെ ഞാൻ ആലോചിക്കാറുണ്ടായിരുന്നു. ദിവസങ്ങൾ അങ്ങനെ കടന്നുപോയി. ഒരു ദിവസം അപ്രതീക്ഷിതമായി പള്ളിയുടെ കോണിപ്പടിയിൽ വെച്ച് ആ മുഖം വീണ്ടും എന്റെ മുന്നിലെത്തി! എന്നെ കണ്ട മാത്രയിൽ ആ വയോധികന്റെ മുഖം പ്രസന്നമായത് ഞാൻ ശ്രദ്ധിച്ചു. ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ച ശേഷം അദ്ദേഹം മകന്റെ അസുഖമൊക്കെ ഭേദമായെന്ന് സന്തോഷത്തോടെ പറഞ്ഞു.

‘നാളെ സുബ്ഹി നമസ്‌കാരത്തിന് നീ പള്ളിയിൽ വരുമല്ലോ?’ അദ്ദേഹം ചോദിച്ചു. ‘ഇൻ ശാ അല്ലാഹ്, ഉണ്ടാകും ചാച്ചാ’ ഞാൻ മറുപടി നൽകി.

‘എന്നാൽ നാളെ നമസ്‌കാരം കഴിഞ്ഞ് നമുക്കൊന്ന് കാണണം’ എന്നു പറഞ്ഞ് അയാൾ ഇറങ്ങി നടന്നു.

പറഞ്ഞതുപോലെ തന്നെ അടുത്ത ദിവസം സുബ്ഹി നമസ്‌കാരം കഴിഞ്ഞ് ഞാൻ പുറത്തിറങ്ങിയപ്പോൾ ചാച്ച എന്നെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ ഒരു സമ്മാനപ്പൊതിയുണ്ടായിരുന്നു. അത് അദ്ദേഹം എനിക്കു നേരെ നീട്ടി.

സന്തോഷത്തോടെ അവിടെവച്ചുതന്നെ ഞാൻ അതു തുറന്നു; അത്ഭുതത്തോടെ അതിലേക്കു നോക്കിനിന്നു. അയാൾ സ്വന്തം കൈകൾകൊണ്ട് തുന്നിയുണ്ടാക്കിയ അതിമനോഹരമായ ഒരു ജോഡി പുതിയ ചെരുപ്പുകളായിരുന്നു അതിലുണ്ടായിരുന്നത്!

ഞാൻ വിസ്മയത്തോടെ അതിലേക്കു നോക്കവെ അയാളുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറയുന്നുണ്ടായിരുന്നു. മകന് സുഖമില്ലാതിരുന്ന ആ പ്രയാസഘട്ടത്തിൽ നൽകിയ ചെറിയൊരു സഹായത്തിന്, അയാൾ നൽകിയ സമ്മാനം, ഉറക്കമിളച്ച് സ്വന്തം കൈകൾകൊണ്ട് നിർമിച്ച ചെരുപ്പുകൾ.

ചില ബന്ധങ്ങൾ അങ്ങനെയാണ്; സ്‌നേഹത്തിനുമപ്പുറം മനുഷ്യത്വത്തിന്റെ വലിയൊരു കടലായി അത് നമ്മെ പൊതിഞ്ഞുനിൽക്കും, രാജ്യങ്ങളുടെ അതിരുകളോ ഭാഷയുടെ വേലിക്കെട്ടുകളോ ഇല്ലാതെ. ആ പാകിസ്ഥാനി ചാച്ചയുടെ കൈകൾ എനിക്കായി തുന്നിയെടുത്ത ഈ ചെരുപ്പുകൾ ജീവിതത്തിൽ എനിക്കു കിട്ടിയ ഏറ്റവും പ്രിയപ്പെട്ട സ്‌നേഹസമ്മാനമാണ്.