സകാത്തിന്റെ ഇനങ്ങളും തോതും
ഇബ്‌നു അബ്ദുല്ല
2026 മാർച്ച് 07, 1447 റമദാൻ 17

സ്വർണം, വെള്ളി
സ്വർണത്തിനും വെള്ളിക്കും സകാത്ത് നിർബന്ധമാകുന്നു: “സ്വർണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവർക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുക’’ (ക്വുർആൻ 9: 34).
ഒരു നിർബന്ധകർമം ഉപേക്ഷിച്ചാലല്ലാതെ ഇത്തരമൊരു ശിക്ഷകൊണ്ട് മുന്നറിയിപ്പു നൽകപ്പെടുകയില്ല. തിരുനബിﷺ പറഞ്ഞു: “സ്വർണത്തിന്റെയും വെള്ളിയുടെയും സകാത്ത് നൽകിവീട്ടാതെയുള്ള അവയുടെ
ഉടമകളിൽ ഒരാളുമില്ല; അന്ത്യനാളായാൽ തീയിൽനിന്നുള്ള കട്ടകൾ അയാൾക്കായി എടുക്കപ്പെടാതെ, ശേഷം നരകത്തീയിൽ അവ ചൂടാക്കപ്പെടും. അതിൽപിന്നെ അവന്റെ പാർശ്വങ്ങളിലും നെറ്റിയിലും മുതുകിലും അവകൊണ്ട് ചൂടുവെക്കപ്പെടുകയും ചെയ്യും. അത് തണുക്കുമ്പോഴെല്ലാം അത് വീണ്ടും ചൂടാക്കി അവനിലേക്ക് മടക്കപ്പെടും. അമ്പതിനായിരം വർഷങ്ങളുടെ ദൈർഘ്യമുള്ള ഒരു ദിനമായിരിക്കും ഇത്. അങ്ങിനെ അടിയാറുകൾക്കിടയിൽ വിധിതീർപ്പ് നടക്കും.’’
ഇരുന്നൂറു ദിർഹമിൽ അഞ്ചു ദിർഹം സകാത്തു നൽകണമെന്നതിലും സ്വർണം ഇരുപതു മിസ്‌ക്വാൽ ഉണ്ടായാൽ (അതിന്റെ വില ഇരുന്നൂറു ദിർഹമാകുന്നു) അതിലും സകാത്തു നിർബന്ധമാകുമെന്നതിലും പണ്ഡിതന്മാരുടെ ഇജ്മാഅ് (ഏകോപിച്ചുള്ള അഭിപ്രായം) ഉണ്ട്.
സകാത്തിന്റെ തോത്
സ്വർണത്തിലും വെള്ളിയിലും സകാത്തിന്റെ തോത് പത്തിലൊന്നിന്റെ നാലിലൊന്ന് (രണ്ടര ശതമാനം) ആകുന്നു. അഥവാ, സ്വർണത്തിന്റെ ഓരോ ഇരുപതു ദീനാറിനും അര ദീനാറുവീതം. ഇരുപതിൽ അധികമുണ്ടായാൽ, അധികമുള്ളത് കുറച്ചായാലും കൂടുതലായാലും അതിന്റെ കണക്കനുസരിച്ചു സകാത്തു നൽകണം. വെള്ളിയുടെ ഓരോ ഇരുന്നൂറു ദിർഹമിനും അഞ്ചു ദിർഹമാകുന്നു സകാത്ത്. ഇരുന്നൂറിൽ അധികമുണ്ടായാൽ അതിന്റെ കണക്കനുസരിച്ചു നൽകണം. സ്വദക്വഃയുടെ വിഷയത്തിൽ നബിﷺ പറഞ്ഞു: “വെള്ളിയിൽ ഓരോ ഇരുന്നൂറു ദിർഹമിനും പത്തിലൊന്നിന്റെ നാലിലൊന്നാകുന്നു (അഞ്ചു ദിർഹം).’’ മറ്റൊരു ഹദീസിൽ: “നിന്റെ പക്കൽ സ്വർണത്തിന്റെ ഇരുപതു ദീനാർ ഉണ്ടാകുന്നതുവരെ നിനക്ക് യാതൊരു സകാത്തുമില്ല. നിനക്ക് ഇരുപതു ദീനാർ ഉണ്ടാവുകയും അതിൽ വർഷം തികയുകയും ചെയ്താൽ അപ്പോൾ അതിൽ അര മിസ്‌ക്വാൽ (രണ്ടര ശതമാനം) ആകുന്നു സകാത്ത്.’’ തിരുനബി സ്വീകരിച്ചിരുന്നതായി ഇപ്രകാരം വന്നിട്ടുണ്ട്: “നബി ﷺ എല്ലാ ഇരുപതു മിസ്‌ക്വാലിൽനിന്നും അര മിസ്‌ക്വാൽ വസൂലാക്കുമായിരുന്നു’’ എന്നും സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്.
നിബന്ധനകൾ
സ്വർണത്തിനും വെള്ളിക്കും സകാത്ത് നിർബന്ധമാകുവാൻ താഴെ വരുന്ന നിബന്ധനകളുണ്ട്:
1. നിസ്വാബ് എത്തൽ: ഇരുപത് മിസ്‌ക്വാലാണ് സ്വർണത്തിന്റെ നിസ്വാബ്. അലിയ്യിൽ(റ) നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “സ്വർണത്തിൽ നിന്റെ പക്കൽ ഇരുപതു ദീനാർ ഉണ്ടാകുന്നതുവരെ നിനക്കു യാതൊരു സകാത്തുമില്ല. നിനക്ക് ഇരുപതു ദീനാറുണ്ടാവുകയും അതിൽ വർഷം തികയുകയും ചെയ്താൽ അപ്പോൾ അതിൽ അര മിസക്വാൽ (രണ്ടര ശതമാനം) ആകുന്നു സകാത്ത്.’’ ഇരുപതു ദീനാർ എൺപത്തിയഞ്ചു ഗ്രാമിനു തുല്യമാകുന്നു.
വെള്ളിയുടെ നിസ്വാബ് ഇരുന്നൂറു വെള്ളിനാണയങ്ങളാണ്. നബിﷺ പറഞ്ഞു: “അഞ്ചു ഊക്വിയക്കു താഴെയുള്ള വെള്ളിക്കും സകാത്തില്ല.’’ ഒരു ഊക്വിയ നാൽപതു ദിർഹമാകുന്നു. അപ്പോൾ അഞ്ചു ഊക്വിയ ഇരുനൂറു ദിർഹമിനു തുല്യമാകുന്നു. തിരുനബിﷺ പറഞ്ഞു: “വെള്ളിയിൽ പത്തിലൊന്നിന്റെ നാലിലൊന്നാകുന്നു (രണ്ടര ശതമാനം) സകാത്ത്. നൂറ്റിത്തൊണ്ണൂറ് ദിർഹമു മാത്രമാണുള്ളതെങ്കിൽ അതിൽ യാതൊന്നും സകാത്തായി ഇല്ല; അതിന്റെ ഉടമ നൽകുവാനുദ്ദേശിച്ചാലല്ലാതെ.’’ വെള്ളിയുടെ നിസ്വാബ് അഞ്ചു ഊക്വിയയാണെന്നതിലും സ്വർണത്തിന്റെ നിസ്വാബ് ഇരുപത് മിസ്‌ക്വാലാണെന്നതിലും പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു.
2. സകാത്തു നിർബന്ധമാകുന്നവരുടെ വിഷയത്തിൽ മുമ്പ് പരാമർശിച്ച പൊതുവിലുള്ള മറ്റു ശർത്ത്വു കൾ: ഇസ്‌ലാം, സ്വാതന്ത്ര്യം, സമ്പൂർണ ഉടമസ്ഥത, വർഷം തികയൽ.
സ്വർണവും വെള്ളിയും ഒന്നിനോടൊന്നു ചേർക്കൽ
നിസ്വാബു പൂർത്തിയാക്കുവാൻ സ്വർണവും വെള്ളിയും തമ്മിൽ ഒന്നിലേക്കു ചേർക്കപ്പെടുകയില്ലയെന്നതാണ് പ്രബലമായ അഭിപ്രായം. കാരണം ഒട്ടകം, മാട്, ബാർളി, ചോളം എന്നിവ പോലെ അവ രണ്ടും വ്യത്യസ്ത വർഗങ്ങളാണ്; അവയാലുള്ള ഉദ്ദേശ്യം ഒന്നാണെങ്കിലും ശരി. ഒട്ടകത്തിലും മാടിലും തൻമിയത്തും (വളർച്ച) ബാർലിയിലും ചോളത്തിലും ഭക്ഷണവുമാണ് അത്. തിരുനബിﷺ പറഞ്ഞു: “വെള്ളിയിൽ അഞ്ചു ഊക്വിയക്കു താഴെയുള്ളതിനും സകാത്തില്ല.’’

നിസ്വാബ് തികക്കുവാൻ സ്വർണവും വെള്ളിയും ഒന്നൊന്നിലേക്കു ചേർക്കണമെന്നത് അഞ്ചു ഊക്വിയക്കു താഴെയുള്ള വെള്ളിക്കും സകാത്തു നൽകൽ നിർബന്ധമാണെന്നതിനെ അനിവാര്യമാക്കും; അവന്റെയടുക്കൽ നിസ്വാബ് തികക്കുന്ന സ്വർണമുണ്ടെങ്കിൽ. ഹദീസാകട്ടെ അഞ്ചു ഊക്വിയ തികക്കുന്ന സ്വർണം അവന്റെ പക്കലുണ്ടെങ്കിലെന്നത് ഉൾകൊള്ളുന്നുമില്ല. അതിനാൽ ഒരാളുടെ അടുക്കൽ പത്തു ദീനാറും നൂറു ദിർഹമുമുണ്ടായാൽ അയാൾക്ക് സകാത്തില്ല. കാരണം സ്വർണത്തിനു തനിച്ചാണ് സകാത്തു നൽകപ്പെടേണ്ടത്. ഇതുപോലെ തന്നെയാണ് വെള്ളിക്കും.
ആഭരണത്തിന്റെ സകാത്ത്
സൂക്ഷിച്ചുവെക്കുവാനും വാടകക്കു നൽകുവാനും ഒരുക്കപ്പെട്ട ആഭരണങ്ങൾക്കും നിഷിദ്ധമായ ആഭരണങ്ങൾക്കും സകാത്തു നിർബന്ധമാണെന്നതിൽ പണ്ഡിതന്മാർക്കിടയിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. പുരുഷൻ തനിക്കുവേണ്ടി സ്വീകരിക്കുന്ന സ്വർണമോതിരവും മൃഗങ്ങളുടെ രൂപത്തിൽ നിർമിച്ചും അല്ലെങ്കിൽ മൃഗങ്ങളുടെ രൂപംവെച്ചും സ്ത്രീ തനിക്കു സ്വീകരിക്കുന്ന ആഭരണവും നിഷിദ്ധമായ ആഭരണങ്ങൾക്ക് ഉദാഹരണമാണ്. എന്നാൽ അനുവദനീയമായ ഉപയോഗത്തിനും വായ്പക്കും ഒരുക്കപ്പെട്ട ആഭരണത്തിൽ സകാത്തു നിർബന്ധമാണെന്നതാണ് പണ്ഡിതന്മാരുടെ രണ്ട് അഭിപ്രായങ്ങ ളിൽ ശരിയായത്; താഴെ വരുന്ന കാരണങ്ങളാലാണ് അത്:
1. സ്വർണത്തിലും വെള്ളിയിലും സകാത്തു നിർബന്ധമാണെന്ന വിഷയത്തിൽ വന്ന പ്രമാണ വചന ങ്ങളുടെ പൊതുതാൽപര്യം. അതിൽ ആഭരണവും അതല്ലാത്തതും ഉൾപ്പെടും.
2. അംറ് ഇബ്‌നു ശുഐബ്(റ) തന്റെ പ്രപിതാവിൽനിന്നു നിവേദനം ചെയ്തതായി സുനനുകളിൽ ഇപ്രകാരമുണ്ട്: “ഒരു സ്ത്രീ തിരുദൂതരുടെ അടുക്കൽവന്നു. അവരോടൊപ്പം അവരുടെ മകളുമുണ്ടായി രുന്നു. മകളുടെ കൈയിൽ കട്ടിയുള്ള രണ്ടു സ്വർണവളകളുണ്ടായിരുന്നു. അപ്പോൾ തിരുമേനിﷺ ചോദിച്ചു: ‘നിങ്ങൾ ഇതിന്റെ സകാത്തു നൽകാറുണ്ടോ?’ അവർ പറഞ്ഞു: ‘ഇല്ല.’ തിരുമേനിﷺ പറഞ്ഞു: ‘ഇവ കാരണത്താൽ തീയിനാലുള്ള രണ്ടു വളകൾ അല്ലാഹു നിങ്ങളെ ധരിപ്പിക്കുന്നത് നിങ്ങൾക്ക് ഇഷ്ടകരമാണോ?’ ഉടൻ അവർ ആ രണ്ടു വളകൾ ഊരി നബിﷺയിലേക്ക് ഇട്ടുകൊടുത്തു.’’ ഈ ഹദീസ് ഈ വിഷയത്തിൽ വ്യക്തമായ പ്രമാണമാണ്. ഇതിന് ഉപോൽബലകമായ വേറേയും ഹദീസുകൾ സ്വഹീഹുൽ ബുഖാരിയിലും മറ്റുമുണ്ട്.
3. ആഭരണത്തിനു സകാത്തു നിർബന്ധമാണെന്ന അഭിപ്രായമാണ് സൂക്ഷ്മതക്ക് ഉചിതവും ഉത്തരവാദിത്തം വീടുവാൻ കരണീയവുമായത്. നബിﷺ പറഞ്ഞു: “നിനക്കു സംശയം ജനിപ്പിക്കുന്നത് വിട്ടു സംശയമുണ്ടാക്കാത്തത് നീ സ്വീകരിക്കുക.’’
നാണയത്തിന്റെ സകാത്ത്
നാണയത്തിന്റെ അഥവാ രുപയുടെ സകാത്ത് കണക്കാക്കുന്നത് വെള്ളിയെ അടിസ്ഥാനമാക്കിയാണ്. വെള്ളിയുടെ നിസ്വാബ് 595 ഗ്രാമാണെന്ന് നാം മനസ്സിലാക്കി. അത്രയും വെള്ളിയുടെ തുക ഒരാളുടെ പക്കൽ ഉണ്ടാവുകയും ഒരു ചന്ദ്രവർഷം പൂർത്തിയാവുകയും ചെയ്താൽ അതിന് സകാത്ത് നിർബന്ധമായി. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് (2026 മാർച്ച് 2) 325 രൂപയാണ് വില. അതനുസരിച്ച് 595 ഗ്രാം വെള്ളിക്ക് 193375 രുപ വരും. അതായത്, ഒരാളുടെ പക്കൽ എല്ലാ ചെലവുകളും കടവും കഴിഞ്ഞ് ഒരു വർഷം തികഞ്ഞ 193375 രുപയോ അതിലധികമോ ഉണ്ടെങ്കിൽ അയാൾ സകാത്ത് കൊടുക്കാൻ ബാധ്യസ്ഥനാണ്. അതിന്റെ രണ്ടര ശതമാനമാണ് സകാത്ത് കൊടുക്കേണ്ടത്.
കച്ചവടച്ചരക്കിന്റെ സകാത്ത്
അർദ്വ്, അറദ്വ് എന്നീ പദങ്ങളുടെ ബഹുവചനമാണ് (ചരക്കുകൾ എന്നർഥമുള്ള) ഉറൂദ്വ്. ഏത് വർഗത്തിൽ പെട്ടതാണെങ്കിലും ഒരു മുസ്‌ലിം കച്ചവടം ചെയ്യുവാൻ ഒരുക്കിയതാണത്. സകാത്തു നൽകേണ്ട സ്വത്തി നെക്കാൾ വിപുലവും അവയെയെല്ലാം ഉൾക്കൊള്ളുന്നതുമാണ് ഉറൂദ്വ്. അതിനെ പ്രദർശിപ്പിക്കുകയും അതു നീങ്ങുകയും ചെയ്യുന്നതിനാൽ അതിനു സ്ഥായീഭാവമില്ലാത്തതിനാലാണ് ഈ പേരു വെക്കപ്പെട്ടത്. കാരണം കച്ചവടക്കാരൻ ഈ ചരക്കിനെ ഉദ്ദേശിക്കുന്നില്ല. പ്രത്യുത നാണയങ്ങളായി അതിന്റെ ലാഭമാണ് ഉദ്ദേശിക്കുന്നത്.
കച്ചവടച്ചരക്കിൽ സകാത്തു നിർബന്ധമാണ്. താഴെ വരുന്ന വിശുദ്ധ വചനങ്ങളുടെ പൊതു താൽപര്യ മാണ് അത് അറിയിക്കുന്നത്. അല്ലാഹു പറഞ്ഞു: “അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും’’ (ക്വുർആൻ 51:19).

“സത്യവിശ്വാസികളേ, നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളിൽനിന്നു നിങ്ങൾ ചെലവഴിക്കുവിൻ’’ (ക്വുർആൻ 2:267).
നബിﷺ മുആദ് ഇബ്‌നുജബലി(റ)നോടു പറഞ്ഞു: “...അവരുടെ സമ്പത്തുകളിൽ അല്ലാഹു അവർക്കു സകാത്ത് നിർബന്ധമാക്കിയിരിക്കുന്നുവെന്ന് അറിയിക്കുക. സകാത്ത് അവരിലെ ധനികന്മാരിൽനിന്നു വാങ്ങി അവരിലെ സാധുക്കളിലേക്കു തിരിച്ചുവിടണം.’’
കച്ചവടച്ചരക്കുകൾ സമ്പത്താണെന്നതിൽ യാതൊരു സംശയവുമില്ല. കച്ചവടച്ചരക്കിൽ സകാത്തു നിർബന്ധമാകുവാനുള്ള ശർത്ത്വുകൾ (നിബന്ധനകൾ):
1. വാങ്ങുക, സമ്മാനം സ്വീകരിക്കുകപോലെ തന്റെ പ്രവൃത്തിയിലൂടെ അതിനെ ഉടമപ്പെടുത്തുക. അനന്തരസ്വത്തുപോലെ ക്വഹ്‌റായി വന്നുചേരുന്നത് ഇതിൽ ഉൾപ്പെടുകയില്ല.
2. കച്ചവടം നിയ്യത്താക്കി അത് ഉടമപ്പെടുത്തുക.
3. അതിന്റെ തുകക്ക് നിസ്വാബ് എത്തുക. തുടക്കത്തിൽ സൂചിപ്പിച്ച, സകാത്തിന്റെ അഞ്ചു ശർത്ത്വുകൾ ഇതിലേക്കു ചേർക്കുന്നതോടൊപ്പമാണിത്.
കച്ചവടച്ചരക്കുകൾക്ക് വർഷം തികഞ്ഞാൽ സ്വർണം അല്ലെങ്കിൽ വെള്ളി എന്നീ നാണയങ്ങളിലൊന്നു കൊണ്ട് അവയെ വിലക്കെട്ടുകയും പ്രസ്തുത വില നിസ്വാബ് എത്തിയതാവുകയും ചെയ്താൽ അതിൽ പത്തിലൊന്നിന്റെ നാലിലൊന്ന് (രണ്ടര ശതമാനം) സകാത്ത് നിർബന്ധമായി.
ചരക്കുകൾ വാങ്ങിയപ്പോഴുള്ള വിലനിർണയം പരിഗണനീയമല്ല. കാരണം, സാധനങ്ങളുടെ വില കൂടിയും കുറഞ്ഞും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വർഷം തികയുമ്പോഴുള്ള വില മാത്രമാണ് സകാത്ത് കൊടുക്കുവാൻ പരിഗണിക്കുക.
ഉൽപന്നങ്ങളുടെ സകാത്ത്
ഭൂമിയിലെ ഉൽപന്നങ്ങൾക്കു സകാത്ത് നിർബന്ധമാണെന്നതിനു വിശുദ്ധ വചനമാണ് ഇതിനു തെളിവ്. അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികളേ, നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളിൽനിന്നും, ഭൂമിയിൽനിന്ന് നിങ്ങൾക്കു നാം ഉൽപാദിപ്പിച്ചു തന്നതിൽനിന്നും നിങ്ങൾ ചെലവഴിക്കുവിൻ’’ (ക്വുർആൻ 2:267).
പാലുറക്കുകയും മൂക്കുകയും ചെയ്താൽ ധാന്യങ്ങൾക്കു സകാത്തു നിർബന്ധമായി. ഭക്ഷ്യയോഗ്യമാം വിധം നല്ലനിലയിൽ ഫലങ്ങളായിത്തീരുന്നതിലൂടെ നിലനിൽപ്പ് വെളിപ്പെട്ടാൽ ഫലങ്ങളിലും സകാത്ത് നിർബന്ധമായി. വർഷം തികയൽ അതിൽ ശർത്വാക്കപ്പെടുകയില്ല. കാരണം, അല്ലാഹു പറഞ്ഞു:
“അതിന്റെ വിളവെടുപ്പുദിവസം അതിലുള്ള ബാധ്യത നിങ്ങൾ കൊടുത്തുവീട്ടുകയും ചെയ്യുക’’ (ക്വുർആൻ 6:141).
ഗോതമ്പ്, ബാർലി, കമ്പം, നെല്ല്, കാരക്ക, ഉണക്കമുന്തിരി പോലുള്ള ഫലങ്ങളിൽനിന്നും ധാന്യങ്ങളിൽനിന്നും മുദ്ദഖറും (സൂക്ഷിച്ചുവെക്കപ്പെടുന്നത്) മകീലും (അളക്കപ്പെടുന്നത്) ആയതിലെല്ലാം സകാത്ത് നിർബന്ധമാകുന്നു. പഴങ്ങളിലും പച്ചക്കറികളിലും സകാത്തു നിർബന്ധമാവുകയില്ല. അവ ധാന്യങ്ങളും ഫലങ്ങളും മകീലും മുദ്ദഖറുമല്ലാത്ത കാലത്തോളം അവയിൽ സകാത്തില്ല.
കാർഷിക വിളകളിൽ സകാത്തിന്റെ നിബന്ധനകൾ
ധാന്യങ്ങളിലും ഫലങ്ങളിലും സകാത്ത് നിർബന്ധമാകുവാൻ രണ്ടു നിബന്ധനകളുണ്ട്:
1. നിസ്വാബ് എത്തൽ. അഞ്ചു വസ്‌ക്വാണ് അത്. നബിﷺ പറഞ്ഞു: “അഞ്ചു വസ്‌ക്വിനു താഴെയുള്ള കാർഷികോൽപന്നങ്ങൾക്കു സകാത്തില്ല.’’
ഒരു ‘വസ്‌ക്വ്’ ഒരു ഒട്ടകം വഹിക്കുന്ന ഭാരമാകുന്നു. നബിﷺ ഉപയോഗിച്ചിരുന്ന സ്വാഉകൊണ്ട് അറുപതു സ്വാആകുന്നു അത്. അഞ്ചു വസ്‌ക്വ് മുന്നൂറു സ്വാഅ് ആകുന്നു. അപ്പോൾ ഒരു സ്വാഇന്റെ തൂക്കം രണ്ടു കിലോ നാനൂറു ഗ്രാം എന്ന പരിഗണനയിൽ മുന്തിയതരം ഗോതമ്പിന്റെ നിസ്വാബിനുള്ള തൂക്കം ഏകദേശം അറുന്നൂറ്റി പന്ത്രണ്ട് കിലോ ആണ്.
2. സകാത്ത് നിർബന്ധമാകുന്ന സമയത്ത് നിസ്വാബിനെ അയാൾ ഉടമപ്പെടുത്തിയിരിക്കണം.
നിർബന്ധമായി നൽകേണ്ട വിഹിതം:
നനയില്ലാതെതന്നെ വേരുകൾ വലിച്ചെടുത്തോ നദിയിലെ വെള്ളം ഉപജീവിച്ചോ ചെലവുകൂടാതെ വെള്ളം ലഭിച്ചുണ്ടായ ധാന്യങ്ങളിലും കായ്കനികളിലും പത്തിലൊന്നും ബക്കറ്റുകളോ ആധുനിക യന്ത്രങ്ങളോ മൃഗങ്ങളെയുപയോഗിച്ചു തേവിയോ മറ്റോ ചെലവോടുകൂടി വെള്ളം നനച്ചുണ്ടാക്കിയതിൽ ഇരുപതിലൊന്നുമാണ് നിർബന്ധമായ സകാത്ത്. തിരുനബിﷺ പറഞ്ഞു:
“മഴവെള്ളമോ നദികളിലെയും അരുവികളിലെയും വെള്ളമോ ഉപജീവിച്ചുണ്ടായ കൃഷിയുൽപന്ന ങ്ങൾക്കും നനയില്ലാതെതന്നെ വേരുകൾ വലിച്ചെടുത്തുണ്ടാകുന്ന കൃഷിയുൽപന്നങ്ങൾക്കും പത്തിലൊ ന്നാകുന്നു(പത്തുശതമാനം) സകാത്ത്. തേവി നനച്ചുണ്ടാക്കിയ കൃഷിയുൽപന്നങ്ങൾക്ക് പത്തിലൊന്നിന്റെ പകുതിയും (അഞ്ചു ശതമാനവും)’’

