ഫിത്വ‌്‌ർ സകാത്ത്

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

2026 മാർച്ച് 14, 1447 റമദാൻ 24

1. ഫിത്വ‌്‌ർ സകാത്ത് കൊണ്ടുള്ള വിവക്ഷ എന്ത്?

റമദാനിന്റെ അവസാനത്തോട് കൂടി ഒരാൾക്ക് ഒരു സ്വാഅ് എന്ന തോതിൽ പാവപെട്ടവർക്കായി ഒരുവിശ്വാസിവിതരണം ചെയ്യുന്ന ഭക്ഷണത്തിനാണ് ഫിത്വ‌്‌ർ സകാത്ത് (സകാത്തുൽ ഫിത്വ‌്‌ർ) എന്നു പറയുന്നത്.

2. ഫിത്വ‌്‌ർ സകാത്ത് ആർക്കാണ് നിർബന്ധം?

എല്ലാ മുസ്‌ലിംകൾക്കും നിർബന്ധമാണ്. തന്റെയും തന്റെ ചെലവിന് കീഴിൽ ജീവിക്കുന്നവരുടെയും സകാത്തുൽ ഫിത്വ‌്‌ർ ഒരു വിശ്വാസി നൽകൽ നിർബന്ധമാണ്. അബ്ദുല്ലാഹിബ്‌നു ഉമർ(റ) പറഞ്ഞു: ‘മുസ്‌ലിംകളിൽ പെട്ട സ്വതന്ത്രൻ, അടിമ, സ്ത്രീ, പുരുഷൻ, ചെറിയവൻ, വലിയവൻ എന്നിവരുടെ മേൽ ഒരു സ്വാഅ് കാരക്ക, അല്ലെങ്കിൽ ഒരു സ്വാഅ് ബാർലി എന്ന തോതിൽ നബിﷺ ഫിത്വ‌്‌ർ സകാത്ത് നിർബന്ധമാക്കി’ (ബുഖാരി, മുസ്‌ലിം). റമദാനിന്റെ അവസാന ദിവസം സൂര്യൻ അസ്തമിക്കുമ്പോൾ ജീവിച്ചിരിക്കുന്നവർക്കാണ് ഇത് നിർബന്ധം. അതിനാൽ ഗർഭസ്ഥശിശുവിന് സകാത്തുൽ ഫിത്വ‌്‌ർ നിർബന്ധമില്ല. അതുപോലെ അസ്തമയത്തിന് മുമ്പ് മരണപ്പെട്ടവർ, അസ്തമയത്തിന് ശേഷം പിറന്ന കുഞ്ഞ് എന്നിവരുടെമേലും നിർബന്ധമില്ല.

3. സകാത്തുൽ ഫിത്വ്‌റിലെ യുക്തിയെന്താണ്?

പെരുന്നാൾ ദിവസം ദരിദ്രർ യാചിക്കാതെ തന്നെ സന്തോഷത്തിലും ആനന്ദത്തിലും സമ്പന്നരോടെപ്പം പങ്കെടുക്കേണ്ടതുണ്ട്. അതിനാൽ ദരിദ്രരോടുള്ള അനുകമ്പയാണ് സകാത്തുൽ ഫിത്വ‌്‌ർ. നോമ്പി ൽ സംഭവിച്ച ന്യൂനതകൾ ഇവ മൂലം പരിഹരിക്കപ്പെടുന്നു. പിശുക്ക് പോലുള്ള മാനസിക ദുർഗുണങ്ങളെ അത് ഇല്ലാതാക്കുന്നു. റമദാനിലെ നോമ്പ് പരിപൂർണമാവാനും രാത്രി നമസ്‌കാരങ്ങളും മറ്റു സൽകർമങ്ങളും ചെയ്യുവാനും അല്ലാഹു അനുഗ്രഹിച്ചതിനാൽ അല്ലാഹുവോടുള്ള ഒരു നന്ദിപ്രകടനവുമാണിത്. മുസ്‌ലിം സമൂഹത്തിനിടയിൽ ഇതുമൂലം ഐക്യവും സ്‌നേഹവും ഉടലെടുക്കുന്നു.

4. ഫിത്വ‌്‌ർ സകാത്തായി എന്താണ് നൽകേണ്ടത്? എത്രയാണ് നൽകേണ്ടത്?

സാധാരണയായി മനുഷ്യർ ഭക്ഷിക്കുന്ന ആഹാര വസ്തുക്കളാണ് സകാത്തുൽ ഫിത്വ്‌റായി നൽകേണ്ടത്. അബൂസഈദിൽ

ഖുദ്‌രി(റ) പറഞ്ഞു: ‘ഞങ്ങൾ നബിﷺയുടെ കാലത്ത് ഒരു സ്വാഅ് ഭക്ഷണമാണ് സകാത്തുൽ ഫിത്വ്‌റായി നൽകിയിരുന്നത്. ഞങ്ങളുടെ ഭക്ഷണം ബാർലി, ഉണക്കമുന്തിരി, കാരക്ക, പാൽക്കട്ടി എന്നിവയായിരുന്നു’’(ബുഖാരി).

പെരുന്നാൾ ദിവസത്തെ ചെലവുകഴിച്ച് മിച്ചമുള്ള ആളുകളാണ് ഇത് നിർവഹിക്കേണ്ടത്. ഒരാൾക്ക് ഒരു സ്വാഅ് എന്ന തോതിലാണ് സകാത്തുൽ ഫിത്വ‌്‌ർ നൽകേണ്ടത്. ഒരു സാധരണക്കാരൻ ഇരുകൈകൾ കൊണ്ടും നാല് പ്രാവശ്യം കോരിയാൽ കിട്ടുന്നതാണ് ഒരു സ്വാഅ്. അരിയാണെങ്കിൽ ഏകദേശം രണ്ടര കിലോ വരും. (കിലോയിലേക്ക് മാറ്റുമ്പോഴുള്ള തൂക്കത്തിൽ പണ്ഡിതൻമാർ വ്യത്യസ്ത അഭിപ്രായം പറഞ്ഞിട്ടുണ്ട്).

5. സകാത്തുൽ ഫിത്വ‌്‌ർ വിതരണം ചെയ്യേണ്ട സമയം എപ്പോഴാണ്?

ശ്രേഷ്ഠമായ സമയം, അനുവദനീയമായ സമയം എന്നീ രണ്ട് സമയങ്ങൾ ഉണ്ട്. റമദാനിന്റെ അവസാന ദിവസം സൂര്യൻ അസ്തമിച്ചത് മുതൽ പെരുന്നാൾ നമസ്‌കാരം വരെയാണ് ഉത്തമമായ സമയം.

ഇബ്‌നു ഉമറിൽ(റ) നിന്നും മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീഥിൽ ജനങ്ങൾ നമസ്‌കാരത്തിന് പോകുന്നതിന് മുമ്പായി സകാത്തുൽ ഫിത്വ‌്‌ർ വിതരണം ചെയ്യാൻ നബി(സ) കൽപിച്ചതായി കാണാം. പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് വിതരണം ചെയ്യുന്നതാണ് അനുവദനീയമായ സമയം.

ഇബ്‌നു ഉമർ(റ) പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പുതന്നെ വിതരണം ചെയ്തിരുന്നുവെന്ന് സ്വഹീഹുൽ ബുഖാരിയിൽ കാണാം. പെരുന്നാൾ നമസ്‌കാര ശേഷം വിതരണം ചെയ്താൽ അത് സ്വീകാര്യയോഗ്യമാവില്ല.