ഫിർഔന്റെ ജഡം; വസ്തുതയെന്ത്?

ഡോ. ഇ. യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2026 ജൂലൈ 11, 1448 മുഹർറം 26

മുഹർറം മാസത്തിന്റെ പുണ്യവും ചരിത്രവും ഓർമിപ്പിച്ചുകൊണ്ട് ഒട്ടുമിക്ക പള്ളികളിലെയും വെള്ളിയാഴ്ച പ്രഭാഷണങ്ങളിലും മതപ്രസംഗ വേദികളിലുമെല്ലാം നാം സ്ഥിരമായി കേൾക്കുന്ന ഒരു ചരിത്രമുണ്ട്. മൂസാ നബി(അ)യെയും അനുയായികളെയും അല്ലാഹു ചെങ്കടൽ പിളർത്തി രക്ഷപ്പെടുത്തിയതും, ഫിർഔൻ എന്ന അതിക്രമിയായ ഭരണാധികാരിയെ കടലിൽ മുക്കിക്കൊന്നതുമായ ചരിത്രം.

സംശയമില്ല, അതൊരു യാഥാർഥ്യമാണ്; ചരിത്ര സത്യമാണ്. എന്നാൽ, ഇതിനോട് ചേർത്ത് ഇന്ന് ഭൂരിഭാഗം പ്രസംഗകരും തറപ്പിച്ചു പറയുന്ന ഒരു ‘ആധുനിക കണ്ടെത്തൽ’ ഉണ്ട്: ‘കഴിഞ്ഞ നൂറ്റാണ്ടിൽ ഈജിപ്തിൽ ഖനനത്തിനിടയിൽ കണ്ടെടുത്ത ഫിർഔന്റെ മമ്മിയാണ് ക്വുർആൻ പറഞ്ഞ പ്രസ്തുത ദൃഷ്ടാന്തം! ലോകാവസാനം വരെയുള്ളവർക്ക് കാണാൻ വേണ്ടി അല്ലാഹു ആ മൃതശരീരം ചീഞ്ഞുപോകാതെ സൂക്ഷിച്ചുവെച്ചിരിക്കുന്നു...’

വളരെ വികാരഭരിതമായി മതപ്രഭാഷകർ വിളിച്ചുപറയുന്ന ഈ കാര്യത്തിന് എന്തെങ്കിലും വസ്തുതാ പരമായോ പ്രമാണപരമായോ വല്ല തെളിവുകളുമുണ്ടോ? ഇല്ല എന്നതാണ് വസ്തുത. ക്വുർആനും വ്യാഖ്യാന ഗ്രന്ഥങ്ങളും യഥാർഥത്തിൽ പറയുന്നത് എന്താണ്്? “എന്നാൽ നിന്റെ പുറകെ വരുന്നവർക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തിയെടുക്കുന്നതാണ്...’’ (ക്വുർആൻ 10:92).

ഈ വചനത്തിന്റെ പശ്ചാത്തലം മനസ്സിലാക്കാൻ വിഖ്യാതമായ ക്വുർആൻ വ്യാഖ്യാന ഗ്രന്ഥമായ ‘തഫ്‌സീർ ഇബ്‌നു കസീർ’ പരിശോധിച്ചാൽ മതിയാകും: “ഇബ്‌നു അബ്ബാസ്(റ) ഉൾപ്പെടെയുള്ള മുൻഗാമികൾ പറയുന്നു: ഫിർഔന്റെ അധികാരവും ശൗര്യവും കാരണം അവൻ മരിക്കില്ലെന്ന് ബനൂ ഇസ്രാഈല്യരിൽ ചിലർ കരുതിയിരുന്നു. അതിനാൽ, അവൻ മരിച്ചുവെന്ന് അവർക്ക് ഉറപ്പുവരുത്താൻ വേണ്ടി, ജീവനില്ലാത്ത അവന്റെ മൃതശരീരം അവൻ ധരിച്ചിരുന്ന പ്രശസ്തമായ പടച്ചട്ടയോടുകൂടി കരയിലെ ഉയർന്ന ഒരു പ്രദേശത്തേക്ക് തള്ളാൻ അല്ലാഹു കടലിനോട് കൽപിച്ചു.’’

അതായത്, അന്ന് മൂസാ നബി(അ)യോടൊപ്പം ഉണ്ടായിരുന്ന ജനതയെ ഫിർഔൻ ചത്തൊടുങ്ങി എന്ന് ബോധ്യപ്പെടുത്താൻ വേണ്ടി അല്ലാഹു കാണിച്ച ദൃഷ്ടാന്തമായിരുന്നു ആ മൃതശരീരം കരയ്ക്കടിഞ്ഞ സംഭവം. അല്ലാതെ അത് 3000 വർഷങ്ങൾക്ക് ശേഷം ഈജിപ്തിലെ മ്യൂസിയത്തിൽ വെക്കാനുള്ളതാണെന്ന് ക്വുർആനോ ഹദീസോ പഠിപ്പിക്കുന്നില്ല.

മൃതശരീരം മമ്മിയാക്കൽ ഈജിപ്തിലെ പൊതുരീതിയായിരുന്നു: ഫിർഔൻ മാത്രമല്ല, പുരാതന ഈജിപ്തിലെ രാജാക്കന്മാരെയും പ്രമുഖരെയുമെല്ലാം അവർ പ്രത്യേക രാസവസ്തുക്കൾ ഉപയോഗിച്ച് ‘മമ്മി’യാക്കി സൂക്ഷിച്ചിരുന്നു. ഇന്ന് കൈറോ മ്യൂസിയത്തിലുള്ളത് ഒരു മമ്മി മാത്രമല്ല, ഡസൻ കണക്കിന് മമ്മികളാണ്. മൂസാ നബി(അ)യുടെ കാലത്തെ ഫിർഔൻ രണ്ടാമത്തെ റാംസെസ് ആണോ, അതോ മെർനെപ്ത ആണോ എന്നതിൽ ചരിത്രകാരന്മാർക്കിടയിൽ ഇന്നും തർക്കമുണ്ട്. ആ സ്ഥിതിക്ക് ഇതാണ് ആ ഫിർഔൻ എന്ന് ഖണ്ഡിതമായി പറയാൻ നമുക്ക് യാതൊരു ശാസ്ത്രീയ-പ്രമാണ തെളിവുകളുമില്ല.

ശാസ്ത്രജ്ഞരോ ചരിത്രകാരന്മാരോ നടത്തുന്ന ചില ഊഹങ്ങളെയും നിഗമനങ്ങളെയും വിശ്വാസവുമായി കൂട്ടിക്കുഴച്ച്, അത് അലംഘനീയമായ ഇസ്‌ലാമിക സത്യമാണെന്ന രീതിയിൽ അവതരിപ്പിക്കുന്നത് വലിയ അപകടമാണ്. നാളെ ആ ശാസ്ത്രനിഗമനം തെറ്റാണെന്ന് തെളിയിക്കപ്പെട്ടാൽ, അത് ഇസ്‌ലാമിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന ഗൗരവബോധവും ചിന്തയും പ്രഭാഷകർക്ക് ഉണ്ടാകണം. തീർച്ചയായും ഫിർഔന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടി ചരിത്രത്തിലെ വലിയൊരു ദൃഷ്ടാന്തമാണ്. ജനങ്ങൾക്ക് ബോധ്യപ്പെടാൻ വേണ്ടി അവന്റെ ശവം അല്ലാഹു അന്ന് കരയ്‌ക്കെത്തിച്ചു എന്നതും സത്യമാണ്.

എന്നാൽ ഇന്ന് മ്യൂസിയത്തിലുള്ള മമ്മി തന്നെയാണ് മൂസാ നബി(അ)യെ പീഡിപ്പിച്ച ഫിർഔന്റെത് എന്ന് ഉറപ്പിച്ചു പറയാൻ യാതൊരു തെളിവുമില്ല. തെളിവില്ലാത്ത കാര്യങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത് അബദ്ധമാണ്. ദീൻ അതിന്റെ തനിമയോടെ പ്രമാണബദ്ധമായി പ്രബോധനം ചെയ്യപ്പെടട്ടെ.