പരീക്ഷയെ പേടിക്കുകയോ?
ഡോ. സജ്‌ന നവാസ്
2026 ഫെബ്രുവരി 28, 1447 റമദാൻ 10

ഇത് പരീക്ഷയുടെ കാലമാണ്; കുട്ടികളാകട്ടെ പരീക്ഷാപേടിയിലും. വേനലിലെ സൂര്യന്റെ ചൂട് മാത്രമല്ല നമ്മുടെ വീടുകളിലെ ചൂട് കൂട്ടുന്നതിന് കാരണക്കാരൻ. പരീക്ഷകൾ വീട്ടിലും നാട്ടിലും സമൂഹത്തിലുമൊക്കെ ചൂടുകൂട്ടുന്നുണ്ട്. തങ്ങളുടെ ഭാവിയോർത്ത് കുട്ടികളും കുട്ടികളുടെ കാര്യമോർത്ത് രക്ഷിതാക്കളും സ്‌കൂളിന്റെ അന്തസ്സും അഭിമാനവും ഓർത്ത് അധ്യാപകരും ആശങ്കപ്പെടുന്നു.
പേടിയും ടെൻഷനുമൊക്കെ ചെറിയ രീതിയിൽ നല്ലതാണ്. അത് പ്രവർത്തിക്കാനുള്ള ഒരു ഊർജമാണ്. പക്ഷേ, അതിന്റെ അളവ് കൂടിയാലോ? അത് സാരമായി പഠനത്തെയും പരീക്ഷയെയും ബാധിക്കും. പരീക്ഷയുടെ സമയമായാൽ ഉൽക്കണ്ഠയും വിഷാദവുമായി വരുന്ന കുട്ടികളുടെ എണ്ണം വർധിച്ചുവരികയാണ്. പരീക്ഷക്കാലത്ത് വേണ്ടത് പേടിയല്ല, ആത്മവിശ്വാസമാണ്. കൂടാതെ റബ്ബിനോടുള്ള അകമഴിഞ്ഞ പ്രാർഥനയും അനിവാര്യമാണ്. പരീക്ഷയിൽ എനിക്ക് ഉന്നത വിജയം നേടാൻ സാധിക്കും, എന്റെ റബ്ബ് എന്നെ കൈവിടില്ല എന്ന അത്മവിശ്വാസത്തോടെ, പ്രാർഥനാനിർഭരമായ മനസ്സോടെ, നന്നായി പഠിച്ച് പരീക്ഷയെ നേരിടണം.
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്
. കുട്ടികളുടെ ചുമലിലെ ഭാരം കുറയ്ക്കുക എന്നതാണ് നമുക്ക് അവരെ സഹായിക്കാനുള്ള ആദ്യപടി.
. രക്ഷിതാക്കളിൽ മക്കളെ കുറിച്ച് അമിത പ്രതീക്ഷയോ ഉൽക്കണ്ഠയോ വേണ്ട.
. കുറ്റപ്പെടുത്തലുകളും താരതമ്യങ്ങളും പാടില്ല. ഓരോ കുട്ടിയും വ്യത്യസ്തനാണ്. കഴിവ്, താൽപര്യം, പഠിക്കാനെടുക്കുന്ന സമയം, മനസ്സിലാക്കുന്ന രീതി, പ്രകടിപ്പിക്കുന്ന രീതി എന്നിവ ഓരോരുത്തർക്കും വ്യത്യസ്തമാവാം.
. കുട്ടികൾക്ക് അവനവന്റെ കഴിവുകളിൽ വിശ്വസിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക. ഇത് ആത്മവിശ്വാസം വളർത്തും.
വിദ്യാർഥികൾ ശ്രദ്ധിക്കേണ്ടത്
. പഠനം പ്രധാനമാണ്. ചിട്ടയായ ആസൂത്രണവും തയ്യാറെടുപ്പും പരീക്ഷാ കാര്യത്തിൽ വളരെ പ്രധാനമാണ്.
. പഠിക്കാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷം തെരഞ്ഞെടുക്കുക.
. മുൻകൂട്ടി പാഠഭാഗങ്ങൾ പഠിക്കുന്നതിനായി ഒരു ടൈംടേബിൾ നിശ്ചയിക്കണം. ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്ക് മുൻഗണന നൽകി പഠിക്കണം.
. ഒഴിവു സമയങ്ങളിൽ പഠിച്ച പ്രധാന പാഠഭാഗങ്ങൾ ഓർത്തെടുക്കുന്നത് അവ മനസ്സിൽ ഉറപ്പിക്കാൻ നല്ലതാണ്.
. പൊതുവെ പുലർച്ചയാണ് പഠനത്തിന് ഉത്തമമെങ്കിലും ഓരോ വ്യക്തിക്കും ഇത് വ്യത്യസ്തമാവാം.
. പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് അതിരുവിട്ട ഫോൺ ഉപയോഗം. പരീക്ഷക്കാലത്തെങ്കിലും വിദ്യാർഥികൾ Digital Detox മാർഗങ്ങൾ പാലിക്കേണ്ടതാണ്.
പരീക്ഷാസമയത്ത് ഡിജിറ്റൽ ഉപകരണങ്ങളുടെ അധിക ഉപയോഗം ശ്രദ്ധ ചിതറാനും സമയം നഷ്ടപ്പെടാനും ഉറക്കക്കുറവുണ്ടാകാനും കാരണമാകുന്നു. അതിനാൽ Digital Detox എന്നത് പഠനത്തിൽ സ്ഥിരതയും മികച്ച പ്രകടനവും ഉറപ്പാക്കുന്ന ഒരു പ്രധാന ശീലമാണ്.
Digital Detox പ്രായോഗികമാക്കുമ്പോൾ;
. ഏകാഗ്രത (focus) വർധിക്കുന്നു,
. ഓർമശക്തി മെച്ചപ്പെടുന്നു,
. പഠനസമയം കാര്യക്ഷമമാകുന്നു,
. മാനസിക സമ്മർദം കുറയുന്നു,
. ഉറക്കത്തിന്റെ ഗുണമേന്മ ഉയരുന്നു.
ഇതിനു വിദ്യാർഥികൾ പാലിക്കേണ്ട ഫലപ്രദമായ രീതികൾ:
1. Phone-free study blocks: പഠിക്കുന്ന സമയത്ത് ഫോൺ silent modeൽ വച്ച് കാഴ്ചയിൽനിന്ന് അകറ്റി വയ്ക്കുക.
2. Social media നിയന്ത്രണം: Instagram, YouTube, WhatsApp തുടങ്ങിയ ആപ്പുകൾക്ക് നിശ്ചിത സമയം മാത്രം അനുവദിക്കുക.
3. Structured study method: 25-30 മിനുട്ട് പഠനം, + 5 മിനിറ്റ് break (Pomodoro). Break സമയത്ത് പോലും scrolling ഒഴിവാക്കുക.
4. Notification minimalism: ആവശ്യവുമായ apps മാത്രം notifications on ആക്കുക, മറ്റെല്ലാം ഓഫ് ചെയ്യുക.
5. Night digital detox habit: ഉറങ്ങുന്നതിന് കുറഞ്ഞത് 1 മണിക്കൂർ മുമ്പ് screen ഒഴിവാക്കുക; പകരംrevision / next-day planning ചെയ്യുക.
6. Device as learning tool: ഫോൺ entertainmentന് ഉപയോഗിക്കാതിരിക്കുക, പഠനത്തിനായി മാത്രം ഉപയോഗിക്കുക (doubt clearing, lectures).
ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടത്:
. ഭക്ഷണം, വ്യായാമം, ഉറക്കം എന്നിവയ്ക്ക് കൃത്യമായി സമയക്രമം ഉണ്ടാകണം.
. ധാരാളം വെള്ളം കുടിക്കുക. ദഹിക്കാൻ എളുപ്പമുള്ളതും ജലാംശം കൂടിയതുമായ പഴങ്ങളും പച്ചക്കറികളും കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ബദാം, അണ്ടിപ്പരിപ്പ്, മത്സ്യം തുടങ്ങിയവ ബുദ്ധിവളർച്ചയെ ത്വരിതപ്പെടുത്തുന്ന ഭക്ഷണങ്ങളാണ്.
. ലഘു വ്യായാമങ്ങളിൽ ഏർപ്പെടുക.
പരീക്ഷയ്ക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ടത്:
. പഠനം പോലെ പ്രധാനമാണ് പഠിച്ച കാര്യങ്ങൾ അവതരിപ്പിക്കലും.
. പഠിക്കുമ്പോഴും പരീക്ഷ എഴുതുമ്പോഴും ചിത്രങ്ങളും ചാർട്ടുകളും പട്ടികകളും നന്നായി ഉപയോഗപ്പെടുത്തുക.
. പരീക്ഷയ്ക്ക് ആവശ്യമായ സാധനങ്ങൾ തലേദിവസം തന്നെ എടുത്തു വയ്ക്കുക.
. പരീക്ഷയുടെ തലേന്ന് രാത്രി ഉറക്കമൊഴിച്ച് പഠിക്കരുത്. രാവിലെ ഉണർന്ന്, പഠിച്ചതെല്ലാം ഒന്ന് ഓർക്കുന്നത് നന്നായിരിക്കും.
. പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണം അമിതമാകാതെ കഴിക്കുക.
. പരീക്ഷാസെന്ററിൽ കുറച്ചു നേരത്തെ എത്തുക.
. പരീക്ഷാമുറിയിൽ കയറുന്നതിനു മുമ്പ് ടോയ്‌ലറ്റിൽ പോകുക. ആവശ്യത്തിന് വെള്ളം കുടിക്കുക.
. പരീക്ഷാമുറിയിലെ സ്വന്തം സ്ഥലം കണ്ടെത്തി ഇരുന്നു കഴിഞ്ഞാൽ കുറച്ചുനേരം ശാന്തമായിരുന്നു ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധിക്കുക. ഇത് ടെൻഷൻ കുറയ്ക്കാൻ സാധിക്കും.
. സമയം ക്രമീകരിച്ച് ഉത്തരങ്ങൾ എഴുതുക.
. പരീക്ഷാസമയം തീരുന്നതിന് പത്ത് മിനുട്ട് മുമ്പ് എഴുത്ത് അവസാനിപ്പിക്കണം. എഴുതിയ കാര്യങ്ങൾ, ചോദ്യനമ്പർ എന്നിവ ശരിയാണോ എന്ന് ചെക്ക് ചെയ്യുന്നതിന് ഈ സമയം പ്രയോജനപ്പെടുത്താം.
കൂട്ടുകാരേ, ശ്രദ്ധിക്കൂ!
ഒരു പരീക്ഷക്കും എല്ലാവരെയും ഒരുപോലെ അളക്കാൻ സാധിക്കില്ല. ഒരു പരീക്ഷയിലെ പിഴവോ തെറ്റോ നമ്മെ തളർത്തരുത്. ഏത് പ്രതിസന്ധികളിലും തളരാതെ ഇനിയുള്ള സമയം കൃത്യമായി ഉപയോഗിച്ച് ആത്മവിശ്വാസത്തോടെ, റബ്ബിനോടുള്ള പ്രാർഥനയോടുകൂടി നേരിടുക. വിജയം കൂടെയുണ്ടാകും, അല്ലാഹു ഉദ്ദേശിച്ചാൽ.

