പാലക്കാടിന്റെ പച്ചപ്പിൽ പ്രോജ്വലിച്ച പ്രൊഫ്കോൺ ദിനങ്ങൾ
സ്വന്തം ലേഖകൻ
2026 സെപ്തംബർ 19, 1448 റബീഉൽ ആഖിർ 08

ഹരിതാഭമായ മലനിരകളും നീലാകാശത്തിന്റെ വിശാലതയും അതിരുകൾ തീർക്കുന്ന പാലക്കാടിന്റെ മണ്ണിൽ, പ്രകൃതിയുടെ ശാന്തത തുളുമ്പുന്ന വാളയാർ അഹല്യ ക്യാമ്പസ് ചരിത്രത്തിന്റെ പുതിയൊരു ഏടിലേക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു. മലനിരകളുടെ പശ്ചാത്തലത്തിൽ, കാറ്റിന്റെ കുളിർമയും പക്ഷികളുടെ കളകൂജനവും നിറഞ്ഞ സുന്ദരമായ അന്തരീക്ഷത്തിലാണ് വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ മുപ്പതാം ആഗോള പ്രൊഫഷണൽ വിദ്യാർഥി സമ്മേളനമായ ‘പ്രൊഫ്കോൺ’ (PROFCON 2026) മൂന്ന് ദിവസങ്ങളിലായി അത്യന്തം വിജ്ഞാനപ്രദവും വൈകാരികവുമായ അനുഭവങ്ങളോടെ അരങ്ങേറിയത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള നൂറിലധികം പ്രൊഫഷണൽ സ്ഥാപനങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് യുവപ്രതിഭകളുടെ സംഗമവേദിയായി മാറിയ ആ അഹല്യ ക്യാമ്പസ് അക്ഷരാർഥത്തിൽ ഒരു വിജ്ഞാന മഹോത്സവത്തിന്റെ പ്രാണനായി മാറുകയായിരുന്നു.
സെപ്റ്റംബർ 11, 12, 13 തീയതികളിൽ നടന്ന ഈ മഹാസമ്മേളനം കേവലം ഒരു വിദ്യാർഥി സംഗമം എന്നതിലുപരി, ചിന്തയുടെയും പ്രവൃത്തിയുടെയും പുതിയ ചക്രവാളങ്ങൾ തുറന്നിട്ട ഒന്നായിരുന്നു. വരാൻ സാധിക്കാത്ത ചില വ്യക്തികളെ ഒഴിവാക്കിക്കൊണ്ട്, സമ്മേളനത്തിൽ സജീവമായി സംബന്ധിക്കുകയും തങ്ങളുടെ അമൂല്യമായ ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്ത പ്രമുഖ വ്യക്തികളുടെ പ്രഭാഷണങ്ങളും, ബ്രോഷറുകളിൽ വിഭാവനം ചെയ്യപ്പെടുകയും വിജയകരമായി പൂർത്തീകരിക്കപ്പെടുകയും ചെയ്ത വൈവിധ്യമാർന്ന പരിപാടികളും കോർത്തിണക്കി ഈ ആസ്വാദനക്കുറിപ്പ് വിപുലമായ രീതിയിൽ താഴെ അവതരിപ്പിക്കുന്നു:
1ാം ദിവസം സെപ്തം. 11 വെള്ളി
പ്രഭാതത്തിന്റെ പ്രകാശവും പ്രയാണത്തിന്റെ തുടക്കവും: ‘ദി സർഫേസ്’ എന്ന ആശയത്തിൽ ഊന്നിക്കൊണ്ട് ഒന്നാം ദിവസം പ്രൗഢഗംഭീരമായ തുടക്കമാണ് കുറിച്ചത്. വൈകുന്നേരം അഞ്ചുമണിക്ക് പ്രൊഫ്-പൾസ്’ എന്ന പേരിൽ ആരംഭിച്ച പ്രാരംഭ ചടങ്ങുകൾ ക്യാമ്പസിന് പുതിയൊരു ആവേശമാണു നൽകിയത്.
വിസ്ഡം സ്റ്റുഡന്റ്സ് ട്രഷറർ ഖാബിൽ സി.വി സ്വാഗതം പറഞ്ഞ യോഗത്തിൽ വൈസ് പ്രസിഡന്റ് അബ്ബാസ് ഹമീദ് അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മലമ്പുഴ അസംബ്ലി കോൺസ്റ്റിറ്റിയൂൻസി എം.എൽ.എ എ. പ്രഭാകരൻ മുഖ്യാതിഥിയായി സംബന്ധിച്ച് സംസാരിച്ചത് സദസ്സിന് ഏറെ പ്രചോദനമായി. ധാനിഷ് അഹമ്മദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡയറക്ടർ കെ.എ. അക്ബർ ബാഷ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ട്രഷറർ കെ. സജ്ജാദ്, വിസ്ഡം യൂത്ത് വൈസ് പ്രസിഡന്റ് ഡോ. നസീഫ് പി.പി, വിസ്ഡം സ്റ്റുഡന്റ്സ് പാലക്കാട് ജില്ലാ സെക്രട്ടറി അബ്ദുൽ മാജിദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് നടന്ന ‘30 എഡിഷൻസ്, വൺ വിഷൻ’ എന്ന സെഷനിൽ അഷ്കർ ഇബ്റാഹീം സംഘടനയുടെ മൂന്ന് പതിറ്റാണ്ടുകളുടെ ചരിത്രവും ലക്ഷ്യങ്ങളും വിശദീകരിച്ചു. രാത്രിയിൽ നടന്ന ഓപ്പൺ ഡിബേറ്റ് സദസ്സിനെ ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു.
‘ജനറേഷൻ സെഡ്: റേജ്, റെസിസ്റ്റൻസ് ആന്റ് റെവല്യൂഷൻ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ വി.ടി. സൂരജ് എം.എൽ.എ (ബാലുശ്ശേരി അസംബ്ലി കോൺസ്റ്റിറ്റിയൂൻസി), ആദർശ് എം. സജി (പ്രസിഡന്റ്, എസ്.എഫ്.ഐ നാഷണൽ കമ്മിറ്റി), അഡ്വ. സി.കെ. നജാഫ് (മുൻ ജനറൽ സെക്രട്ടറി, എം.എസ്.എഫ് കേരള), ഷിയാദ് ഹസൻ (എക്സിക്യൂട്ടീവ് മെമ്പർ, വിസ്ഡം സ്റ്റുഡന്റ്സ്) എന്നിവർ പങ്കെടുത്തു. ഇന്നത്തെ തലമുറയുടെ അമർഷങ്ങളും പ്രതിരോധങ്ങളും വിപ്ലവങ്ങളും ഏതൊക്കെ ദിശയിലായിരിക്കണം എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനങ്ങൾ ഈ ചർച്ചയിൽ ഉയർന്നുവന്നു. ഒന്നാം ദിവസത്തിന്റെ അവസാനത്തിൽ റഷീദ് കൊടുക്കാട്ട് അവതരിപ്പിച്ച ‘ദി ഗെസ്റ്റ് നോ വൺ ഇൻവൈറ്റ്സ്’ എന്ന സെഷൻ ജീവിത യാഥാർഥ്യങ്ങളെക്കുറിച്ചുള്ള വേറിട്ട ചിന്തകൾ സമ്മാനിച്ചു.
2ാം ദിവസം സെപ്തം 12, ശനി
‘ദി ഡീപ്’- അറിവിന്റെ ആഴങ്ങളിലേക്ക്:
രണ്ടാം ദിവസം പ്രഭാതത്തിൽ തന്നെ ‘ദി മെലഡി ഓഫ് റെവലേഷൻ’ എന്ന ശീർഷകത്തിൽ ശഫീഖ് അൽഹികമി, ഷഹീർ അൽഹികമി എന്നിവരുടെ നേതൃത്വത്തിൽ ക്വുർആൻ പാരായണത്തോടെ തുടക്കമായി. അംജദ് മദനി, ശരീഫ് കാര, ശാഫി അൽഹികമി എന്നിവർ അവതരിപ്പിച്ച ‘ദെയർ സ്റ്റോറീസ്, ഔർ ലെസൺസ്’ എന്ന സെഷൻ മുൻകാല വ്യക്തിത്വങ്ങളുടെ ജീവിതാനുഭവങ്ങളിൽ നിന്നുള്ള വിലയേറിയ പാഠങ്ങൾ വിദ്യാർഥികൾക്ക് പകർന്നുനൽകി.

ആധുനിക വിദ്യാഭ്യാസ രംഗത്ത് നാം പാലിക്കേണ്ട മൂല്യങ്ങളെക്കുറിച്ചും സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തുടർന്ന് അർഷദ് അൽഹികമി അവതരിപ്പിച്ച ‘വാട്ട് വിൽ യു ചൂസ്?’ എന്ന വിഷയം വിദ്യാർഥികൾക്ക് ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള ദിശാബോധം നൽകി.
തുടർന്ന് നടന്ന ‘ദ ടെയ്സ്റ്റ് ഓഫ് ഹലാൽ വെൽത്ത്’ എന്ന സെഷൻ സാമ്പത്തിക രംഗത്തെ ഇസ് ലാമിക കാഴ്ചപ്പാടുകളെയും ധാർമികതയെയും കുറിച്ചുള്ള വ്യക്തമായ ചിത്രം നൽകി. പ്രശസ്ത ശരീഅത്ത് സ്കോളറും ഇസ്ലാമിക് ഫിനാൻസ് വിദഗ്ധനുമായ പി.എൻ. അബ്ദുറഹ്മാൻ അബ്ദുൽലത്വീഫ് മദനി, ബിസിനസ് സ്ട്രാറ്റജിസ്റ്റും ഫിനാൻഷ്യൽ അനലിസ്റ്റുമായ ഫവാസ് ഒ.പി എന്നിവർ ഈ സെഷനിൽ സംസാരിച്ചു. സമ്പാദ്യം ഹലാലായ മാർഗത്തിലൂടെയാകേണ്ടതിന്റെയും ബിസിനസ്സ് രംഗത്തെ സദാചാരബോധത്തിന്റെയും പ്രാധാന്യം അവർ വിശദീകരിച്ചു. ഹിലാൽ സലീം സി.പി അവതരിപ്പിച്ച ‘ഉൾട അടിക്കുന്ന പുരോഗമനം’ എന്ന വിഷയം സദസ്സിൽ വലിയ ചർച്ചയായി മാറി.
ഉച്ചയോടടുത്ത സെഷനുകളിൽ പ്രമുഖരുടെ സാന്നിധ്യംകൊണ്ട് വേദി സമ്പന്നമായി. ‘എ ലൈഫ് ഇല്യൂമിനേറ്റഡ് ബൈ റെവലേഷൻ’ എന്ന വിഷയത്തിൽ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ (ചെയർമാൻ, ലജ്നതുൽ ബുഹൂസിൽ ഇസ്ലാമിയ) പ്രഭാഷണം നടത്തി. മുനവ്വർ സ്വലാഹിയും അശ്റഫ് അൽ ഹികമിയും ചേർന്ന് അവതരിപ്പിച്ച ‘എ ലൈഫ് ബിറ്റ്വീൻ സുജൂദ്’ എന്ന സെഷൻ ആത്മീയതയുടെ ഔന്നത്യം വിദ്യാർഥികൾക്ക് പകർന്നുനൽകി.
ഡോ. അബ്ദുല്ല ബാസിൽ സി.പി അവതരിപ്പിച്ച അയ്നിപ്പോ എന്താ കുഴപ്പം?’ എന്ന ചിന്താവിഷയം ഇന്നത്തെ സമൂഹത്തിലെ ധാർമിക അപചയങ്ങളെയും ന്യായീകരണങ്ങളെയും ചോദ്യം ചെയ്യുന്നതായിരുന്നു.
ക്യാമ്പസ് ജീവിതത്തിന്റെ ആരോഗ്യകരമായ വശങ്ങളെക്കുറിച്ചും ഒരു വിദ്യാർഥി സമൂഹത്തോടു പുലർത്തേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഡോ. ഷഹബാസ് കെ. അബ്ബാസ്, സുഹൈൽ അബ്ദുസ്സമദ്, അദിൽ ബിൻ മൊയ്തീൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച ‘ക്യാമ്പസ് ക്രോണിക്കിൾസ്: ദി അൺഫിൽട്ടേർഡ് ഇയേഴ്സ്’ എന്ന സെഷൻ കാമ്പസുകളിലെ നേർക്കാഴ്ചകൾ തുറന്നുകാട്ടി. ഡോ. മുഹമ്മദ് റോഷൻ അവതരിപ്പിച്ച ‘ക്വസ്റ്റ്യൻ എവരിതിങ് - എക്സെപ്റ്റ് യുവർസെൽഫ്’ എന്ന വിഷയം ആത്മപരിശോധനയുടെ പ്രാധാന്യത്തെ ഓർമിപ്പിച്ചു. ശഫീഖ് സ്വലാഹിയുടെ ‘ലോവർ യുവർ വിങ്സ്’ എന്ന പ്രഭാഷണം വിനയത്തിന്റെയും മാനവികതയുടെയും പാഠങ്ങൾ പകർന്നുതന്നു.
സമ്മേളനത്തിലെ ഏറ്റവും ആവേശകരമായ നിമിഷങ്ങളിലൊന്നായിരുന്നു ‘ദി ഗ്രേറ്റ് ഫേസ് ഓഫ് സ്കിൽ വേഴ്സസ് ഡിഗ്രി’ എന്ന, ഉയർന്ന ഊർജസ്വലതയോടെ നടന്ന സംവാദം. എജ്യുക്കേഷനിസ്റ്റും XandY ലേണിംഗ് സ്ഥാപകനുമായ മുഹമ്മദ് അജ്മൽ സി, ബ്രോട്ടോടൈപ്പ് സ്ഥാപകനും സി.ഇ.ഒയുമായ നിഖിൽ കിളിവയിൽ എന്നിവർ തമ്മിൽ നടന്ന ഈ സംവാദം ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെയും തൊഴിൽ വിപണിയെയും കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ മുന്നോട്ടുവെച്ചു.
വൈകുന്നേരത്തോടെ നടന്ന ‘ഡീകോഡിങ് ദി റൈറ്റിങ്സ് ഓൺ ദി വാൾ’ എന്ന സെഷനിൽ ബെംഗളൂരു അൽഫജ്ർ ഇൻസ്റ്റിറ്റ്യൂട്ട് സ്കോളർ കലീം മഹമൂദ് സയ്യിദ് അവതരിപ്പിച്ച ‘ദി നെഗ്ലക്റ്റ് വീ കാനോട്ട് അഫോർഡ്’ എന്ന വിഷയം സമൂഹത്തിന് വലിയൊരു സന്ദേശം നൽകി.
താജുദ്ദീൻ സ്വലാഹി, ഷംജാസ് കെ. അബ്ബാസ്, ഷദീദ് ഹസൻ എന്നിവരുടെ ‘കുക്കിംഗ് സംതിങ്’ എന്ന സെഷനും, ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ (ഓർത്തോപീഡിക് സർജൻ, അൽമാസ് ഹോസ്പിറ്റൽ) അവതരിപ്പിച്ച ‘വൺ ക്രിയേറ്റർ, വൺ കോളിംഗ്’ എന്ന പ്രഭാഷണവും, മുജാഹിദ് അൽഹികമിയുടെ ‘ഐ, മീ & മൈസെൽഫ്’ എന്ന സെഷനും വിദ്യാർഥികളിൽ പുതിയ ഊർജ്ജം നിറച്ചു.
പെൺകരുത്തിന്റെ മികവിൽ വിദ്യാർഥിനി സമ്മേളനം (വേദി: ഫ്ളോറെട്സ്)

പെൺകുട്ടികൾക്കായി മാത്രം ഒരുക്കിയ പ്രത്യേക വേദി പ്രോഫ്കോണിന്റെ മറ്റൊരു പൊൻതൂവലായിരുന്നു. സംഘാടന മികവും തികഞ്ഞ അച്ചടക്കവും പുലർത്തിക്കൊണ്ട് രണ്ടു രാവും മൂന്നു പകലും നീണ്ടുനിന്ന ഈ വൈജ്ഞാനിക മുന്നേറ്റം അങ്ങേയറ്റം ശ്രദ്ധേയമായി. വഫാ ഷെറിയുടെ സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ ചടങ്ങിൽ നുബ്ല എം. അധ്യക്ഷത വഹിച്ചു. വിസ്ഡം വിമൻ പ്രസിഡന്റ് സഹ്റ സുല്ലമിയ്യ ഉദ്ഘാടനം നിർവഹിച്ചു. എസ്.സി, എസ്.ടി, പിന്നോക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി മുഖ്യാതിഥിയായി സംബന്ധിച്ച് സംസാരിച്ചു. സലീന ടി.കെ, മുഫീദ കെ. എന്നിവർ ആശംസകൾ അർപ്പിച്ചു. ഫാത്തിമ ഫഹ്മി ‘ഹെയർ വീ ഗോ!’ എന്ന സെഷന് നേതൃത്വം നൽകി.
‘ഹൂ ഡു യു ലുക്ക് അപ്പ് ടു?’ എന്ന സെഷനിൽ ഹനീന ടി.കെ, ഡോ. ഫിൽഡ ടി.കെ, ഹിബ ഹാരിസ് എന്നിവരും, ‘ദി ഫെമ്പ്ലോയിറ്റേഷൻ പ്ലേബൂക്ക്’ എന്ന വിഷയത്തിൽ ശിഫ ഹാരിസും സംസാരിച്ചു. തുടർന്ന് നടന്ന ‘ഹോം, വർക്ക് & ബിയോണ്ട്’ എന്ന സെഷനിൽ ഡോ. റുക്സാന, അഫ്രീൻ മുഹമ്മദ് (സ്ഥാപക, എൻഡവർ സ്കൂൾ) എന്നിവരും, ‘എബോവ് ദി സെൽഫ്’ എന്ന വിഷയത്തിൽ നൂറുദ്ദീൻ മദീനിയും പ്രഭാഷണം നടത്തി.
ഉച്ചയ്ക്കുശേഷമുള്ള സെഷനുകളിൽ ഡോ. ആബിദ ഫാറൂഖി (മെമ്പർ സെക്രട്ടറി, കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ) ‘എഡ്യൂക്കേറ്റഡ്, ബട്ട് ഫോർ വാട്ട്’ എന്ന ഗൗരവമേറിയ വിഷയം അവതരിപ്പിച്ചു. വിദ്യാഭ്യാസം മനുഷ്യനെ കൂടുതൽ ഉത്തരവാദിത്തമുള്ളവനാക്കണമെന്ന് അവർ ഓർമിപ്പിച്ചു. സി. മുഹമ്മദ് അജ്മലിന്റെ ‘ഡിഗ്രി ടു ഡെസ്റ്റിനി,’ സുബൈർ സലഫിയുടെ ‘ദി ഡെപ്റ്റ് യു കാൻ നെവർ റീപേ’ എന്നീ സെഷനുകളും ഏറെ പ്രശംസ പിടിച്ചുപറ്റി.
അഡ്വ. നജ്മ തബ്ഷീറ (വക്കീലും രാഷ്ട്രീയ പ്രവർത്തകയും) അവതരിപ്പിച്ച ‘ഹർ ഫെയ്ത്ത്, ഹർ ഫിഖ്ഹ്, ഹർ ഫൈറ്റ്’ എന്ന സെഷൻ പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതായിരുന്നു. ഹംസ മദീനി, മുഹമ്മദ് സ്വാദിഖ് മദീനി എന്നിവരുടെ ‘ഡൗട്ട് ടു ക്ലാരിറ്റി,’ ഡോ. റസീല സി, നുബ്ല എം, റോസിൻ അബ്ദുൽ കരീം എന്നിവരുടെ ‘വാട്ട് ക്യാമ്പസ് ഡേസന്റ് ഷോ യു’ എന്നീ സെഷനുകളും നടന്നു. പ്രൊഫ. ഹാരിസ് ബിൻ സലീം, ഡോ. അബ്ദുല്ല ബാസിൽ സി.പി, ശിഹാബ് എടക്കര എന്നിവർ ചേർന്ന് അവതരിപ്പിച്ച ‘ഫെയ്ത്ത്, ഫ്രീഡം ആന്റ് ദി മുസ്ലിമ’ എന്ന സമാപന സെഷനോടുകൂടി പെൺകുട്ടികളുടെ വേദികൾ സമാപിച്ചു. ക്വിസ് മത്സരങ്ങൾ, വീഡിയോ റെക്കോർഡിംഗ്, ഗ്രൂപ്പ് ചർച്ചകൾ, പ്രബന്ധാവതരണങ്ങൾ, ആക്റ്റിവിറ്റികൾ, വളണ്ടിയർ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം കാമ്പസ് വിദ്യാർഥിനികൾ നേരിട്ട് നേതൃത്വം നൽകിയത് ഈ സമ്മേളനത്തിന്റെ വലിയ വിജയമായി മാറി.
3ാം ദിവസം സെപ്തം 13, ഞായർ
‘ദി റൂട്ട്’-മൂല്യങ്ങളുടെ വേരുകൾ തേടി
സമ്മേളനത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച പ്രകൃതിയുടെ പച്ചപ്പിൽ അറിവിന്റെ പുതിയ സന്ദേശങ്ങൾ നൽകിക്കൊണ്ട് സജീവമായി ആരംഭിച്ചു. പ്രഭാതത്തിൽ ഉമ്മുകുൽസു (46ാമത് കിങ് അബ്ദുൽ അസീസ് ഇന്റർനാഷണൽ ക്വുർആൻ പാരായണ മത്സര ഫൈനലിസ്റ്റ്), അഫ്രീഹ എന്നിവരുടെ ക്വുർആൻ പാരായണത്തോടെ തുടക്കമായി. ‘ദി പീസ് പ്രൊജക്റ്റ്’ എന്ന സെഷനിൽ താജുദ്ദീൻ സ്വലാഹി, അബ്ദുറഹ്മാൻ ചുങ്കത്തറ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന ‘ദി ഗ്രേറ്റ് ഇന്ററോഗേഷൻ’ എന്ന ഓപ്പൺ മൈക്ക് സെഷനിൽ എം.പി വി.കെ. ശ്രീകണ്ഠൻ മുഖ്യാതിഥിയായി സംബന്ധിച്ചു. ഫൈസൽ മൗലവി (ഡയറക്ടർ, ജാമിഅ അൽഹിന്ദ് അൽ ഇസ്ലാമിയ്യ), അബ്ദുൽ മാലിക് സലഫി, സി.പി. സലീം എന്നിവർ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. തുടർന്ന് നടന്ന ‘ബ്രേക്കിംഗ് ദി ലൂപ്പ്’ എന്ന സെഷനിൽ എം.എൽ.എ കെ.പി. നൗഷാദ് അലി സംബന്ധിച്ചു. പ്രൊഫ. ഹാരിസ് ബിൻ സലീം ‘നോ മോർ എക്സ്ക്യൂസസ്’ എന്ന വിഷയത്തിലും, മൃദുൽ എം. മഹേഷ് ‘ഹുക്ക്ഡ്’ എന്ന വിഷയത്തിലും സംസാരിച്ചു.
മറ്റൊരു പ്രധാന സെഷനായ ‘ദി സോഷ്യൽ ട്രാപ്പ്’ എന്ന വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ മുഖ്യാതിഥിയായി സംസാരിച്ചു. സമൂഹത്തിലെ ദൂഷ്യവശങ്ങൾക്കെതി രെയും സോഷ്യൽ മീഡിയയുടെ ചതിക്കുഴികളെക്കുറിച്ചും അദ്ദേഹം വിദ്യാർഥികൾക്ക് മുന്നറിയിപ്പു നൽകി. മൃദുൽ എം. മഹേഷിന്റെ ‘ബി.ഐ.ടി.എം-ബീയിംഗ് ഇൻ ദി മൊമന്റ്’ എന്ന സെഷനും ശ്രദ്ധേ യമായി.
തൂഫാൻ ഐക്യദാർഢ്യം: ലഹരിക്കെതിരെയുള്ള ശക്തമായ പ്രതിരോധം
സമ്മേളനത്തിന്റെ ഏറ്റവും നിർണായകവും പ്രാധാന്യമർഹിക്കുന്നതുമായ ഒരു ഏടായിരുന്നു സംസ്ഥാന സർക്കാരിന്റെ ‘തൂഫാൻ’ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രഖ്യാപിച്ച പൂർണ ഐക്യദാർഢ്യം. ഇന്ത്യയിലെ വിവിധ ക്യാമ്പസുകളിൽ നിന്നെത്തിയ ആയിരക്കണക്കിന് വിദ്യാർഥികൾ ലഹരിയുടെ വിപത്തുകൾ വിളിച്ചോതുന്ന പ്ലക്കാർഡുകളുയർത്തി കാമ്പസിൽ അണിനിരന്നു. ‘ലഹരിക്കെ തിരെ കേരളത്തിനകത്തും പുറത്തും നടക്കുന്ന ബോധവൽക്കരണ പദ്ധതികളിൽ വിദ്യാർഥികൾ പൂർണ പങ്കാളികളാകും എന്ന പ്രഖ്യാപനം സമൂഹത്തിന് നൽകിയ സന്ദേശം വളരെ വലുതാണ്. വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്ത ഈ ഐക്യദാർഢ്യ സമ്മേളനത്തിൽ വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ യുവതീയുവാക്കളും പ്രൊഫഷണൽ വിദ്യാർഥികളും ഒന്നടങ്കം കൈകോർക്കുമെന്ന പ്രതിജ്ഞയാണ് അവിടെ ഉയർന്നുകേട്ടത്.
പ്രൗഢഗംഭീരമായ സമാപനം: ‘ദി ഫൈനൽ ചാപ്റ്റർ’:
ഉച്ചയോടുകൂടി പ്രൊഫ്കോണിന്റെ സമാപന സമ്മേളനം അത്യന്തം ഗാംഭീര്യത്തോടെ അരങ്ങേറി. ഷാമിൽ കെ.എം (വൈസ് പ്രസിഡന്റ്, വിസ്ഡം സ്റ്റുഡന്റ്സ്) സ്വാഗതം പറഞ്ഞ ചടങ്ങിൽ റിഷാദ് അൽ ഹികമി അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്വീഫ് മദനി സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രൊഫഷണൽ സ്ഥാപനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ അതിനൂതന കോഴ്സുകൾ ആരംഭിക്കണമെന്നും പി.ജി ഉൾപ്പെടെയുള്ള കോഴ്സുകളുടെ സീറ്റുകൾ വർധിപ്പിക്കണമെന്നും സ്വകാര്യ പ്രൊഫഷണൽ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി അക്കാദമിക നിലവാരം ഉയർത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമാപന സമ്മേളനം ശക്തമായി ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. പി.കെ. ഷെരീഫ് എലങ്കോട് (വൈസ് പ്രസിഡന്റ്), നാസിർ ബാലുശ്ശേരി (സെക്രട്ടറി), ഡോ. ബഷീർ വി.പി (ജനറൽ സെക്രട്ടറി, വിസ്ഡം യൂത്ത്) എന്നിവർ ആശംസകൾ അർപ്പിച്ചു. നുഷാൻ രണ്ടത്താണി (സെക്രട്ടറി, വിസ്ഡം സ്റ്റുഡന്റ്സ്) നന്ദി രേഖപ്പെടുത്തി.
ഹൃദയത്തിൽ പതിയുന്ന അനുഭവങ്ങൾ
മൂന്നു ദിവസങ്ങളിലായി പാലക്കാടിന്റെ മണ്ണിൽ വിസ്ഡം സ്റ്റുഡന്റ്സ് സംഘടിപ്പിച്ച പ്രോഫ്കോൺ 2026 കേവലം ഒരു സമ്മേളനം എന്നതിലുപരി, വരുംതലമുറയ്ക്ക് കരുത്തുപകരുന്ന ഒരു വൈജ്ഞാനിക വിപ്ലവമായി മാറി. അഹല്യ ക്യാമ്പസിന്റെ ഹരിതാഭമായ പ്രകൃതിയും, പ്രമുഖരുടെ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങളും, വിദ്യാർഥികളുടെ ആവേശവും ചേർന്നപ്പോൾ അതൊരു സുവർണ അധ്യായമായി മാറുകയായിരുന്നു.
അറിവും ധാർമികതയും കൈകോർക്കുന്ന ഒരു പുതിയ സമൂഹത്തെ വാർത്തെടുക്കു ന്നതിൽ ഇത്തരം സമ്മേളനങ്ങൾ വലിയൊരു വഴിവിളക്കാണെന്നതിൽ സംശയമില്ല. ഹൃദയത്തിൽ മായാത്ത ഓർമകളും ഉന്നതമായ ലക്ഷ്യങ്ങളുമായി ആയിരക്കണക്കിനു പ്രൊഫഷണൽ വിദ്യാർഥികൾ തങ്ങളുടെ കർമമേഖലകളിലേക്ക് തിരികെ നടക്കുമ്പോൾ, ‘പ്രൊഫ്കോൺ 2026’ കേരളീയ വിദ്യാഭ്യാസ ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതപ്പെട്ട പ്രോജ്വല രേഖയായി തലയുയർത്തി നിൽക്കുന്നു.

