ഒളിത്താവളങ്ങളിലെ നോമ്പുതുറ
ഇബ്നു അലി എടത്തനാട്ടുകര
2026 ഫെബ്രുവരി 21, 1447 റമദാൻ 03

ദൂരെ ദിക്കിൽ ജോലി ചെയ്യുന്നവർക്ക് വീടും കുടുംബവും ഏറെ മിസ് ചെയ്യുന്നതാണ് നോമ്പ് കാലം. ജോലി-പഠന ആവശ്യാർഥം വീടും നാടും വിട്ട് താമസിക്കുന്നവർക്ക് ഇത് പെട്ടെന്ന് മനസ്സിലാകും. വ്രതകാലത്ത് രാത്രി ജോലി ചെയ്യേണ്ടിവന്നപ്പോഴത്തെ അനുഭവങ്ങൾ മറക്കാൻ കഴിയില്ല. മൂന്ന് ജില്ലകളിലെ ജോലി, വീട്ടിൽ നിന്നകന്ന നോമ്പനുഭവങ്ങൾ നൽകിയിട്ടുണ്ട്.
വീട്ടിൽനിന്ന് വൈകുന്നേരം ജോലിക്ക് പോകാൻ സാധിച്ചിരുന്ന ദിവസങ്ങളിൽ ഈത്തപ്പഴവും പത്തിരിയും ഇറച്ചിക്കറിയും പാർസൽ കൊണ്ടുപോകും. വാഹന പരിശോധനക്കിടയിൽ നേരം കണ്ടെത്തി വഴിയരികിൽ ഔദ്യോഗിക വാഹനത്തിലോ പുറത്തോ ഇരുന്ന് നോമ്പ് തുറക്കും. ഉള്ള ഭക്ഷണം കഴിക്കും. ചായ, തിരക്കൊഴിഞ്ഞ് വഴിയോര തട്ടുകടയിൽനിന്നോ ചെറുഹോട്ടലിൽ നിന്നോ കുടിക്കും. നേരം വൈകിയിട്ടാണെങ്കിലും ഒരു ഗ്ലാസ് ചുടുചായ കുടിക്കുന്നത്തിന്റ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.
താമസ സ്ഥലത്തിനടുത്ത പള്ളിയിൽനിന്ന് ലഭിക്കുന്ന, കഴിച്ച് പരിചയമില്ലാത്ത ജീരകക്കഞ്ഞി, ചമ്മന്തി തുടങ്ങിയവ മടുക്കുമ്പോൾ, നോമ്പ് തുറക്കാൻ കൂടുതൽ മെച്ചപ്പെട്ട വിഭവങ്ങളുള്ള പള്ളി തെരഞ്ഞു പിടിച്ച് അവിടെ സ്ഥിരം അതിഥിയാവുക പതിവായിരുന്നു.
നികുതി വെട്ടിപ്പ് നടത്തുന്ന വാഹനങ്ങളെ വലയിൽ വീഴ്ത്താൻ വഴിയിൽ ഒളിത്താവളങ്ങളിൽ ചില രാത്രികൾ രഹസ്യമായി കിടക്കാറുണ്ട്. രഹസ്യവിവരം ലഭിക്കുന്ന മുറക്കും ഇത്തരം ഒളിവ് ഉണ്ടാകും. ഏറെനേരം മുമ്പ് ഒളിഞ്ഞുകിടന്ന്, യഥാസമയം പുറത്തിറങ്ങി ഇത്തരം വാഹനങ്ങൾ പിടിച്ച് നികുതിയും പിഴയും അടപ്പിക്കുകയാണ് പതിവ്. ഈ ഒളിവ് കാല അത്താഴം മറക്കാൻ കഴിയില്ല.
ഒളിവുനേരത്ത് കൈയിലുള്ള പാഥേയമായ ഏതാനും ഈത്തപ്പഴം കഴിച്ച് ഒരു കട്ടൻകാപ്പി കൂടി കിട്ടിയിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ച കുറേ പുലരികൾ കഴിഞ്ഞു പോയിട്ടുണ്ട്. കൈയിൽ പണവും വാഹനവും ഓടിക്കാൻ ഡ്രൈവറും ഉണ്ടായിട്ടും ചൂടുള്ള ചായ പോലും കുടിക്കാൻ കിട്ടാത്തതിൽ ആത്മരോഷം തോന്നിയ നിമിഷങ്ങൾ കഴിഞ്ഞ് പോയിട്ടുണ്ട്.
ചൂടുള്ള രണ്ട് ദോശയും ഇത്തിരി ചട്ണിയും രണ്ട് മൂന്ന് ഗ്ലാസ് ചായയും കുടിക്കാനായി കിലോമീറ്ററുകൾ നടന്ന ഓർമകളും മാഞ്ഞിട്ടില്ല. വൈകുന്നേരം പാകം ചെയ്ത ഇഡ്‌ലി പുലർച്ചെ തണുത്ത് മരവിച്ച അവസ്ഥയിൽ കറിയുടെ അകമ്പടിയില്ലാതെ കഴിച്ച് പച്ച വെള്ളവും കുടിച്ച് കുറെ നോമ്പ് നോറ്റിട്ടുണ്ട്.
വിശപ്പിനും ദാഹത്തിനും അറുതി വരാത്ത അന്നേരം വീടിനെയും വീട്ടുകാരെയും കുറിച്ച് ഓർമ വരും. അവിടെ തീൻ മേശയിൽ നിരത്തിവെച്ച പാനീയങ്ങളും പലഹാരങ്ങളും കൊതിപ്പിക്കുന്ന കറികളും അറിയാതെ മനസ്സിൽ തെളിയാറുണ്ട്. പ്രയാസത്തിനനുസരിച്ച് നോമ്പിന്റെ പ്രതിഫലം വർധിക്കുമല്ലോ യെന്ന് ആശ്വസിക്കാറാണ് പതിവ്.
കാലം ഏറെ മാറി. വൈവിധ്യമാർന്ന ഭക്ഷണങ്ങൾ മൂക്കറ്റം തിന്നുന്ന ആചാരമായി നോമ്പുതുറ മാറി. ഓരോ നോമ്പുതുറ പാർട്ടിയിലും പാഴാക്കിക്കളയുന്ന ഭക്ഷണത്തിന്റെ കണക്കെടുത്താൽ മൂക്കത്ത് വിരൽവെച്ചു പോകും. ഈ അവസ്ഥ മാറേണ്ടതുണ്ട്. മാറ്റാൻ ആരും വരാനില്ല; സ്വയം മാറാൻ തയ്യാറാവുക.

