വെളിച്ചത്തിലേക്ക് നയിക്കുന്ന വേദഗ്രന്ഥം

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

2023 ഫെബ്രുവരി 18, 1444 റജബ് 27

അതാകുന്നു വേദഗ്രന്ഥം. അതിൽ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവർക്ക് നേർവഴി കാണിക്കുന്നതത്രെ അത്’’ (ക്വുർആൻ 2:1).

വേദഗ്രന്ഥം; അല്ലാഹു മനുഷ്യർക്ക് മാർഗദർശനം കാണിക്കാൻ പ്രവാചകൻമാർക്ക് ദിവ്യബോധനത്തിലൂടെ നൽകുന്ന ഗ്രന്ഥം. സബൂർ, ഇഞ്ചീൽ, തൗറാത്ത്, ക്വുർആൻ എന്നിവ ക്വുർആൻ വ്യക്തമായി പേരെടുത്ത് പരാമർശിക്കുന്ന വേദഗ്രന്ഥങ്ങളാണ്. ഇബ്‌റാഹീം(അ), മൂസാ(അ) എന്നീ പ്രവാചകൻമാരുടെ ഏടുകളെക്കുറിച്ചും ക്വുർആൻ പരാമർശിക്കുന്നുണ്ട്.

ഇവയിൽ ക്വുർആനല്ലാത്ത വേദഗ്രന്ഥങ്ങളിൽ അതത് പ്രവാചകൻമാരുടെ കാലശേഷം ജനങ്ങൾ കൈകടത്തി. അവയിൽ പലതും കൂട്ടിച്ചേർക്കപ്പെട്ടു. അങ്ങനെ അവ മാറ്റത്തിരുത്തലുകൾക്ക് വിധേയമായി.

ക്വുർആനിൽ മാറ്റത്തിരുത്തലുകൾ സാധ്യമാകില്ലേ? ഇല്ല! ക്വുർആൻ അല്ലാഹു സംരക്ഷിക്കുമെന്നത് അവന്റെ വാഗ്ദാനമാണ്: “തീർച്ചയായും നാമാണിത് ഇറക്കിയത്. നാം തന്നെ ഇതിനെ സംരക്ഷിക്കുകയും ചെയ്യും’’ (സൂറതുൽ ഹിജ്ർ: 9).

ക്വുർആൻ മുഹമ്മദ് നബി ﷺ ക്ക് അവതരിപ്പിക്കപ്പെട്ടതും നേരത്തെ അവതരിച്ച ഗ്രന്ഥങ്ങളുടെ സാരാംശങ്ങൾ ഉൾകൊള്ളുന്നതും അന്ത്യനാൾവരെയുള്ള മനുഷ്യസമൂഹത്തിന് ദിശാബോധം നൽകുന്നതുമായ ഗ്രന്ഥമാകുന്നു. അത് മാനവരാശിയെ അന്ധകാരങ്ങളിൽനിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നു. ക്വുർആനിലൂടെ അല്ലാഹു തന്നെ വ്യക്തമായി ഇത് പറയുന്നുണ്ട്:

“...മനുഷ്യരെ അവന്റെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളിൽനിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാൻ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യർഹനും ആയിട്ടുള്ളവന്റെ മാർഗത്തിലേക്ക്’’ (ക്വുർആൻ: 14:1).

പ്രവാചകന്റെ കാലത്ത് ഈ ഗ്രന്ഥത്തിന്റെ തണലിൽ ഒരു ഉത്തമസമുദായം രൂപപ്പെട്ടു. അവർ ലോകത്തിനുതന്നെ ഒരു മാതൃകയായി. ഇന്നും ലോകത്താകമാനമുള്ള മുസ്‌ലിം സമൂഹങ്ങൾ ഈ ഗ്രന്ഥത്തിന്റെ വെളിച്ചത്തിൽ ജീവിതം നയിച്ചുവരുന്നു.

‘ക്വുർആനിന്റെ പ്രതിപാദ്യ വിഷയങ്ങളിലോ, സന്ദേശങ്ങളിലോ, ലക്ഷ്യങ്ങളിലോ ഒന്നും തന്നെ സംശയത്തിന് പഴുതില്ല. എല്ലാം സുവ്യക്തമായ യാഥാർഥ്യങ്ങളാകുന്നു’ എന്നതാണ് ‘അതിൽ സംശയമേയില്ല’ എന്നു പറഞ്ഞതിന്റെ താൽപര്യം. എല്ലാ മനുഷ്യർക്കും അതിന്റെ മാർഗദർശനം പ്രയോജനപ്പെടുകയില്ല; അതിന്റെ മാർഗദർശനം സ്വീകരിക്കുവാനുള്ള സന്മനസ്സും ഉദ്ദേശ്യവുമുള്ളവർക്കല്ലാതെ. അതുകൊണ്ടാണ് ‘സൂക്ഷ്മത പാലിക്കുന്നവർക്ക് നേർവഴി കാണിക്കുന്നതത്രെ അത്’ എന്ന് പറഞ്ഞിരിക്കുന്നത്.

വിശുദ്ധ ക്വുർആൻ സത്യവിശ്വാസികളുടെ മനസ്സിന്റെ കുളിർമയാണ്. അത് പാരായണം ചെയ്യുന്നതിലും മനഃപാഠമാക്കുന്നതിലും അതിന്റെ അർഥവും ആശയവും പഠിക്കുന്നതിലും അവർ അനുഭവിക്കുന്ന അനുഭൂതി ചെറുതല്ല.