അല്ലാഹു അനുഗ്രഹിച്ചവർ

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

2023 ജനുവരി 21, 1444 ജുമാദുൽ ഉഖ്റാ 27

നിന്റെ അനുഗ്രഹം ലഭിച്ചവരുടെ മാർഗത്തിൽ (വഴി നടത്തേണമേ). നിന്റെ കോപത്തിന് വിധേയരായവരുടെയോ വഴിപിഴച്ചവരുടെയൊ മാർഗത്തിലല്ല’ (ക്വുർആൻ 1:7).

അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചവരുടെ മാർഗത്തിലാവാനാണ് വിശ്വാസി എപ്പോഴും ആഗ്രഹിക്കേണ്ടത്. ആരാണ് അവർ? ക്വുർആൻ തന്നെ പറഞ്ഞു തന്നു: “ആർ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവർ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകൻമാർ, സത്യസന്ധർ, രക്തസാക്ഷികൾ, സച്ചരിതർ എന്നിവരോടൊപ്പമായിരിക്കും. അവർ എത്ര നല്ല കൂട്ടുകാർ!’’ (ക്വുർആൻ 4:69).

ഒന്ന്) പ്രവാചകൻമാർ: ലോകത്ത് കഴിഞ്ഞുപോയ ഓരോ സമൂഹത്തിലേക്കും അല്ലാഹു അവരിൽ നിന്നുതന്നെയുള്ള ഏറ്റവും യോഗ്യനായ, സത്യസന്ധനായ ഒരാളെ തെരഞ്ഞെടുത്തു പ്രവാചകത്വം നൽകി പ്രബോധനത്തിനുളള ഉത്തരവാദിത്തം ഏൽപിച്ച് നിയോഗിക്കുന്നു. ആ പ്രവാചകൻ സമൂഹത്തിന്റെ മാർഗദർശിയും അവരിലെ ഏറ്റവും വലിയ ജ്ഞാനിയും പിൻപറ്റേണ്ട മാതൃകാ ജീവിതത്തിനുടമയുമായിരിക്കും.

നാം ജീവിക്കുന്ന തലമുറ ഉൾപ്പെടുന്ന ലോകസമൂഹത്തിലേക്ക് ആ രീതിയിൽ 1450 വർഷങ്ങൾക്ക് മുമ്പ് മക്കയിൽ നിയോഗിക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ് ﷺ . അദ്ദേഹത്തിലൂടെ മാനവർക്ക് ലഭിച്ച വേഗ്രന്ഥമാണ് ക്വുർആൻ. ക്വുർആനും പ്രവാചക ചര്യയുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ. ലളിതവും പ്രായോഗികവുമാണ് ഇസ്‌ലാം എന്ന് സ്വജീവിതത്തിലൂടെ കാണിച്ചുതന്ന പ്രവാചകന്റെ പാതയാണ് അന്ത്യനാൾവരെയുമുള്ളവർ പിന്തുടരേണ്ടത്.

രണ്ട്) സത്യസന്ധർ: സത്യവിശ്വാസം ഉൾകൊണ്ട്, കർമങ്ങൾ കൊണ്ട് സുതാര്യജീവിതം സാധ്യമാക്കിയ ഏതൊരു വിശ്വാസിക്കും എത്തിപ്പിടിക്കാവുന്ന പദവിയാണിത്. ക്വുർആൻ ചില പ്രവാചകൻമാരെ പ്രത്യേകമായി സ്വിദ്ദീക്വ് (സത്യസന്ധൻ) എന്ന വിശേഷിപ്പിച്ചതായി കാണാം.

നബി ﷺ  അബൂബക്‌റി(റ)നെ സ്വിദ്ദീക്വ് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. നബി ﷺ  ബൈത്തുൽ മുക്വ‌്ദിസിലേക്ക് രാപ്രയാണവും അവിടുന്ന് ആകാശയാത്രയും നടത്തി എന്നത് ക്വുറൈശി സമൂഹത്തിലെ ഒരാൾക്കും വിശ്വസിക്കാനായില്ല. അവർ അത് നിഷേധിച്ച ഘട്ടത്തിൽ ലവലേശം സംശയമോ ആലോചനയോ ഇല്ലാതെ എന്റെ പ്രവാചകനെ ഞാൻ സത്യപ്പെടുത്തിയിരിക്കുന്നു എന്ന പ്രഖ്യാപനമാണ് അതിനു കാരണം. അപ്പോൾ, പ്രവാചക ദർശനത്തെ ആപേക്ഷികമായി തോന്നിയേക്കാവുന്ന ന്യായാന്യായങ്ങളുടെ മൂശയിലേക്ക് മാറ്റാതെ ദൈവിക കൽപനകളാണെന്ന ദൃഢബോധ്യം കൊണ്ട് ഒരാൾക്ക് എത്തിപ്പിടിക്കാവുന്ന പദവിയാണത്. ജീവിതത്തിൽ മുഴുനീളം സത്യസന്ധത പാലിക്കുന്ന ഒരാൾക്ക് ലഭിക്കാവുന്ന പദവിയാണത്.

മൂന്ന്) രക്തസാക്ഷികൾ: കേൾവികൊണ്ട് പരിചിതമായ പദം. നിർവഹണം കൊണ്ട് പ്രയാസകരമായ ഉത്തരവാദിത്തം. ഇസ്‌ലാമിക ആദർശം നിലനിർത്തുന്നതിന് വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ച മഹാൻമാർ. ശത്രുവിനോടുള്ള പോരാട്ടത്തിലാണത് സാധ്യമാകുന്നത്. ഇങ്ങോട്ട് ആക്രമണത്തിന് വരാത്ത നിരപരാധികളായ മനുഷ്യരെ ആക്രമിച്ച് സ്വയം മരണത്തിന് കീഴടങ്ങുന്നവർക്ക് അത്തരം പദവി ഇസ്‌ലാം നൽകുന്നില്ല.

നാല്) സച്ചരിതർ: പേര് സൂചിപ്പിക്കുന്ന പോലെ തന്നെ വിശാലമായ പദം. വിശ്വാസം ഉൾകൊണ്ട്, സൽക്കർമങ്ങൾ ചെയ്ത്, ദൈവഭയത്തോടെ ജീവിക്കുന്ന ആർക്കും എത്തിച്ചേരാവുന്ന പദവി. അല്ലാഹുവിന്റെ കോപത്തിനു വിധേയരായവരുടെ (യഹൂദികൾ) മാർഗത്തിൽനിന്നും പ്രവാചകൻമാരുടെ വഴിയിൽനിന്ന് തെറ്റിപ്പോയവരുടെ (നസ്വാറാക്കൾ) മാർഗത്തിൽ നിന്നും ശരിയായ ദൈവിക മാർഗത്തിലേക്ക് ഞങ്ങളെ വഴിനടത്തേണമേ എന്ന പ്രാർഥനയോടെയാണ് ക്വുർആനിലെ ഈ അധ്യായം അവസാനിക്കുന്നത്.