കിഴിക്കാനും ഹരിക്കാനുമറിയാത്ത കേരളം!

മുഹമ്മദ് അജ്മൽ

2023 മാർച്ച് 04, 1444 ശഅ്ബാൻ 11

‘പ്രഥം’ എന്ന സന്നദ്ധ സംഘടന റൂറൽ ഇന്ത്യയിൽ സർവേ നടത്തി നമ്മുടെ സ്‌കൂളുകളെ സംബന്ധിച്ചും വിദ്യാർഥികളുടെ പഠനനിലവാരത്തെ കുറിച്ചും തയ്യാറാക്കിയ ASER-Annual Status of Education Report 2022ലെ കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ്! 19060 ഗ്രാമങ്ങളിൽ ഏഴ് ലക്ഷത്തോളം വിദ്യാർഥികളിലാണ് സർവേ നടത്തിയത്.

പൊതുവെ മനുഷ്യവിഭവശേഷി സൂചികകളിൽ രാജ്യത്ത് ഒന്നാമത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ, സാക്ഷര, ആരോഗ്യരംഗങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് മലയാളികൾ. നമ്മുടെ സർക്കാർ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഇന്ന് സ്വകാര്യ മേഖലയോട് കിടപിടിക്കുന്നതാണ്. എന്നാൽ നമ്മുടെ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ പുറംപൂച്ചിലും മോടി പിടിപ്പിക്കലുകളിലും ഒതുങ്ങുന്നോ എന്ന് സംശയം പ്രകടിപ്പിക്കുന്നു ASER!

ASER കണ്ടെത്തലുകൾ

ASER സർവേ പ്രകാരം കേരളത്തിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ 44.4% പേർക്ക്മാത്രമാണ് രണ്ട് സംഖ്യകൾ ഹരിക്കാനറിയുക! അഞ്ചാം ക്ലാസ്സിൽ ഇത് 26.6% ശതമാനം മാത്രം! അതായത് ഹൈസ്‌കൂളുകളിലേക്ക് കടക്കുന്ന കുട്ടികളിൽ പകുതിയിലധികം പേർക്കും കണക്കിന്റെ അടിസ്ഥാന പാഠങ്ങൾ അറിയില്ല എന്നർഥം! ഇതിൽ സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളിൽ ഹരിക്കാനറിയുന്നവർ 54.3% ആണെങ്കിൽ സർക്കാർ സ്‌കൂളുകളിൽ അത് വെറും 39.9% മാത്രം!

സ്വാഭാവികമായും കോവിഡ് കാലഘട്ടത്തിലെ സ്‌കൂളിംഗിന്റെ അഭാവമല്ലേ കാരണം എന്ന് തോന്നാം.എന്നാൽ കണക്കുകൾ സൂചിപ്പിക്കുന്നത് അങ്ങനെയല്ല എന്നാണ്. 2018ൽ ഹരിക്കാനറിയുന്നവരുടെ എണ്ണം 51.8% ആയിരുന്നു. 2014ൽ ഇത് 59.4%, 2012ൽ 75 ശതമാനവും! കഴിഞ്ഞ പത്ത് വർഷംകൊണ്ട് കുട്ടികളുടെ ഗണിതശേഷിയിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട് എന്നു വ്യക്തം! 2012ൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ 52.7% പേർക്ക് കിഴിക്കാൻ അറിയാമായിരുന്നെങ്കിലും 2022ൽ അത് 38.6% ആയി കുറഞ്ഞു.

കണക്കിൽ പിന്നാക്കം പോയാൽ?

കണക്കിൽ പിന്നാക്കം പോകുന്നത് ഉന്നത വിദ്യാഭ്യാസത്തിലും മത്സര പരീക്ഷകളിലും കേരളത്തിലെ കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നു. കാരണം JEE, NEET, CUET തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള എല്ലാ മത്സരപരീക്ഷകളിലും UPSC, SSC തുടങ്ങിയ മികച്ച കേന്ദ്ര ഉദ്യോഗങ്ങളിലേക്കുള്ള പരീക്ഷകളിലും കണക്ക്, മെന്റൽ എബിലിറ്റി, കണക്ക് നന്നായി അറിയേണ്ട ഫിസിക്‌സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങൾ അതിപ്രധാനമാണ്. ഇക്കാരണംകൊണ്ടുതന്നെ ഇടക്കാലത്ത് ഈ പരീക്ഷകളിൽ മലയാളി വിദ്യാർഥികളുടെ പ്രകടനം വളരെ മോശമായി വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ JEE പരീക്ഷ വഴി 16614 കുട്ടികൾ ഐഐടികളിൽ അഡ്മിഷൻ നേടിയപ്പോൾ അതിൽ കേവലം 181 മലയാളികൾ മാത്രമാണുള്ളത്. CUET എന്ന പുതിയ പ്രവേശന പരീക്ഷ ഇക്കഴിഞ്ഞ വർഷം നിലവിൽ വന്നപ്പോൾ കേന്ദ്ര സർവകലാശാലകളിൽ പഠിക്കുന്ന കേരള സിലബസുകാർ മുൻവർഷത്തെ അപേക്ഷിച്ച് നാലിലൊന്നായി കുറഞ്ഞു എന്ന വാർത്ത നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ഇങ്ങനെ കേന്ദ്ര സർവീസുകളിലും സർവകലാശാലകളിലും മലയാളി പ്രാതിനിധ്യം കുറയുന്നു എന്ന അപകടകരമായ സാഹചര്യത്തിന്റെ പല കാരണങ്ങളിൽ ഒന്ന് ഗണിത പഠനത്തിലെ പിന്നാക്കാവസ്ഥയാണ്.

കാരണങ്ങൾ പലത്

എന്തുകൊണ്ട് നമ്മുടെ ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് അടിസ്ഥാന ഗണിതം ചെയ്യാനറിയില്ല? പ്രധാന അപരാധി നമ്മുടെ സിലബസാണ്. കേരള സർക്കാർ ഗണിത പാഠപുസ്തകങ്ങൾ ദേശീയ പാഠപുസ്തകങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയുന്നവയല്ല. ഉള്ളടക്കവും പഠിപ്പിക്കുന്ന രീതിശാസ്ത്രവും അശാസ്ത്രീയമാണ്. ഒരു ചരിത്ര പാഠപുസ്തകം വായിച്ച് പോകുന്ന പോലെ വായിച്ച് പോകേണ്ട ഒന്നല്ല ഗണിത പുസ്തകം. അതോടൊപ്പം നിലവാരം പുലർത്താത്ത സ്‌കൂൾ പരീക്ഷകളും കൈയയച്ചുള്ള മൂല്യനിർണയവും വിഷയ സംബന്ധിയായി കുട്ടികൾക്ക് എത്രത്തോളം അറിവുണ്ട് എന്ന് പരീക്ഷിക്കുന്നതല്ല, മറിച്ച് നല്ല ഗ്രേഡ് നൽകുക എന്നത് മാത്രമാണ് പലപ്പോഴും ലക്ഷ്യം. കുട്ടികൾക്കോ രക്ഷിതാക്കൾക്കോ അവർ എവിടെ എത്തിനിൽക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയാത്തത് സ്വാഭാവികമായ നിലവാരത്തകർച്ചക്ക് കാരണമാകുന്നു.

കുട്ടികൾളെ ചെറിയക്ലാസ്സുകളിലടക്കം കണക്ക് പഠിപ്പിക്കുന്ന അധ്യാപകർ എത്രത്തോളം വൈദഗ്ധ്യമുള്ളവരാണ് എന്നതും ഗൗരവമായി ചിന്തിക്കേണ്ടതാണ്. കണക്കിനെ പോലുള്ള സ്വതവേ ബുദ്ധിമുട്ടുള്ള വിഷയം പഠിപ്പിക്കുന്ന അധ്യാപകരിൽ പലരും സ്വയം ആ വിഷയത്തെ വെറുക്കുന്നവരാണ്, ആ വിഷയത്തിൽ ശാസ്ത്രീയമായ പരിശീലനം സിദ്ധിക്കാത്തവരുമാണ്. ഈ കാരണംകൊണ്ട് തന്നെ കുട്ടികൾ പലപ്പോഴും കണക്ക് എന്ന വിഷയത്തെയല്ല വെറുക്കുന്നത്, അത് പഠിപ്പിക്കുന്ന അധ്യാപകരെയാണ്. ഈ വെറുപ്പ് ഉയർന്ന ക്ലാസ്സുകളിലേക്കും അവർ കൊണ്ടുപോകുന്നു.

പരിഹാര മാർഗങ്ങൾ?

സമൂലമായ പരിഷ്‌കരണങ്ങൾ ഗണിതവിദ്യാഭ്യാസത്തിൽ അനിവാര്യമാണ്, ഇല്ലെങ്കിൽ അത് നമ്മുടെ കുട്ടികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കും എന്ന് ASER പഠനം സൂചിപ്പിക്കുന്നു. കൂടുതൽ പ്രായോഗിക പരിശീലനത്തിലും അടിസ്ഥാനത്തിലുമൂന്നിയുള്ള സിലബസ് പരിഷ്‌കരണം, അധ്യാപകർക്കുള്ള ശാസ്ത്രീയമായ പരിശീലനം, പ്രതിഭകൾക്ക് അധ്യാപനത്തിലേക്കുള്ള വഴി തുറക്കാൻ മാന്യമായ വേതനം ഉറപ്പു വരുത്തൽ തുടങ്ങിയവ പ്രധാനമാണ്. (ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായം നിലവിലുള്ള ഫിൻലാന്റിൽ ഏറ്റവും മികച്ച ശമ്പളം വാങ്ങുന്നത് അധ്യാപകരാണ് എന്നത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്). അതോടൊപ്പം വിവിധ മത്സരപരീക്ഷകളെക്കുറിച്ചുള്ള കൃത്യമായ അവബോധം കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും നൽകുകയും അവയിലേക്കുള്ള പരിശീലനത്തിന് അവസരം നൽകുകയും വേണം!