ChatGPT: വിദ്യാഭ്യാസരംഗത്ത് വരുത്തുന്ന മാറ്റങ്ങൾ

മുഹമ്മദ് അജ്മൽ

2023 ഫെബ്രുവരി 11, 1444 റജബ് 19

Kerala, with beauty that’s truly grand,
Green hills and backwaters, a picturesque land,
Coconut trees sway, in the breeze so mild,
A place to relax, and leave worries far behind

കേരളത്തെക്കുറിച്ചുള്ള ഈ നാലുവരി കവിത എഴുതിയത് ഏതെങ്കിലും കവിയല്ല, മറിച്ച് കേരളത്തെ കുറിച്ച് നാലുവരി കവിതയെഴുതാൻ ആവശ്യപ്പെട്ടപ്പോൾ ഏതാനും മില്ലിസെക്കന്റുകൾകൊണ്ട് ChatGPT എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്ട് എഴുതിയ വരികളാണിവ! കവിതയെഴുതുക മാത്രമല്ല, ഏത് കണക്ക് ചോദ്യങ്ങളും ChatGPT നിർദ്ധരിക്കും, ഉപന്യാസങ്ങളെഴുതും, ആവശ്യം പറഞ്ഞാൽ അതിനുള്ള കമ്പ്യൂട്ടർ കോഡെഴുതും, ലോകത്തുള്ള വിവിധ ഭാഷകളിലേക്ക് എന്തും വിവർത്തനം ചെയ്യും! ഇതെല്ലാം ഇംഗ്ലീഷിൽ മാത്രമല്ല, മലയാളമടക്കം വിവിധ ഭാഷകളിൽ ചെയ്യും.

സാം ആൾട്ട്മാൻ നേതൃത്വം നൽകുന്ന OpenAI എന്ന കമ്പനിയാണ് ChatGPT എന്ന കൃത്രിമ ബുദ്ധിയുള്ള ചാറ്റ്‌ബോട്ടിനു പിന്നിൽ. ഒരാൾക്ക് അങ്ങോട്ട് സംസാരിക്കുന്ന എന്തിനും മറുപടി നൽകുന്ന രീതിയിലാണ് ChatGPT സംവിധാനിക്കപ്പെട്ടിട്ടുള്ളത്. എന്ന് മാത്രമല്ല, മുമ്പ് സംസാരിച്ച കാര്യങ്ങളും അത് ഓർമിച്ചു വെക്കും, ഉത്തരങ്ങൾ ആ പശ്ചാത്തലം മനസ്സിലാക്കി നൽകും. ഉദാഹരണത്തിന്, ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതാൻ പറഞ്ഞതിന് ശേഷം ആ കുറിപ്പ് ഒന്ന് സംഗ്രഹിക്കാൻ ആവശ്യപ്പെട്ടാൽ ആശയങ്ങൾ ചോരാതെ ChatGPT അത് ചെയ്യും, കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടാൽ കുറിപ്പിൽ വരാത്ത വിവരങ്ങൾ നൽകും!

പുതിയ ലോകത്ത് ChatGPT പോലെയുള്ള മറ്റനേകം ആർട്ടിഫിഷ്യൽ ഇന്റലിജന്റ് ടൂളുകൾ കടന്നു വരും എന്നത് തീർച്ചയാണ്! നിലവിലുള്ള വിദ്യാഭ്യാസ രീതിയിൽ അവ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരും എന്നത് ഇരുത്തിച്ചിന്തിപ്പിക്കേണ്ട വിഷയമാണ്. നമ്മുടെ അക്കാദമിക വ്യവഹാരങ്ങളിൽ പ്രധാന പ്രവർത്തനങ്ങളിലൊന്ന് എഴുത്താണ്. നമ്മുടെ ക്ലാസ് മുറികളിൽ ഉപയോഗിക്കുന്ന പാഠപുസ്തകങ്ങൾ, നോട്ട് ബുക്കുകൾ, ഹോംവർക്കുകൾ, പരീക്ഷകൾ തുടങ്ങി എല്ലാം എഴുത്തിനെ ആശ്രയിച്ചിരിക്കുന്നു! ChatGPT വന്നതോടുകൂടി ഹോംവർക്കുകൾക്ക് പ്രസക്തിയില്ലാതായി എന്ന അഭിപ്രായങ്ങൾ വന്ന് തുടങ്ങിയിരിക്കുന്നു, എന്ത് ചോദ്യത്തിനും ഉത്തരം കണ്ടെത്താൻ ശേഷിയുള്ള, സ്വയം പഠിക്കുന്ന ഒരു ടൂൾ എളുപ്പത്തിൽ വിരൽത്തുമ്പത്തിരിക്കെ, കുട്ടികളുടെ മൗലികമായ ചിന്തകളെ ഇവ ബാധിക്കും എന്ന് പലരും അഭിപ്രായപ്പെടുന്നു. വീട്ടിലേക്ക് കൊടുത്ത് വിടുന്ന ഒരു ചോദ്യത്തെ സംബന്ധിച്ചും ഗൗരവമായി ചിന്തിച്ച് ഉത്തരം കണ്ടെത്തേണ്ട ഒരാവശ്യം ഇന്ന് വിദ്യാർഥികൾക്കില്ല. അതോടൊപ്പം അവ നൽകുന്ന ഉത്തരങ്ങൾ എല്ലായ്‌പ്പോഴും ശരിയായിക്കൊള്ളണമെന്നുമില്ല.

മറ്റൊരു പ്രധാന വിഷയം ChatGPT നൽകുന്ന ഉത്തരങ്ങൾ എത്രത്തോളം നിഷ്‌‌പക്ഷമാണ് എന്നതാണ്! ഗൂഗിളിൽ ഒരു കാര്യം നമ്മൾ സെർച്ച് ചെയ്താൽ ഒരേ വിഷയത്തിൽതന്നെ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളിലേക്ക് വിരൽചൂണ്ടുന്ന ഒരുപാട് ലിങ്കുകൾ നമുക്ക് ലഭിക്കും. എന്നാൽ ChatGPT നൽകുന്ന ഉത്തരങ്ങളിൽ പലതിലും വംശീയതയും ന്യൂനപക്ഷ വിരുദ്ധതയുമെല്ലാം ഉണ്ട് എന്ന ആരോപണങ്ങൾ വന്നുകഴിഞ്ഞു.

നമ്മുടെ തൊഴിൽ മേഖലകളെ ChatGPT എങ്ങനെ ബാധിക്കും എന്നത് ആശങ്കാജനകമാണ്. ഓട്ടോമേറ്റ് ചെയ്യപ്പെടാവുന്ന ക്ലറിക്കൽ ജോലികൾ ആർട്ടിഫിഷ്യൽ ഇന്റലിജന്റ് ടൂൾസ് അതിവേഗം പിടിച്ചടക്കും എന്നതിൽ സംശയമില്ല. അതോടൊപ്പം ക്രിയേറ്റിവ് എഴുത്തുകളും ട്രാൻസ്‌ലേഷനുകളുമെല്ലാം വളരെ എളുപ്പം ഇത്തരം ടൂളുകൾക്ക് ചെയ്യാൻ കഴിയും. ഇന്ന് കാണുന്ന പല ജോലികളും ഞൊടിയിടകൊണ്ട് ഇല്ലാതാവും. വിദ്യാഭ്യാസരംഗത്തും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഒരു അധ്യാപകന്റെ ജോലി പഠിപ്പിക്കുക എന്നതിലപ്പുറം കുട്ടികളെ പഠിക്കാൻ സഹായിക്കുന്ന ഒരു ഫെസിലിറ്റേറ്റർ എന്ന രീതിയിലേക്ക്മാറും.

തീർച്ചയായും ഇവയുടെ ദോഷഫലങ്ങൾ നമ്മിൽ ആശങ്കയുളവാക്കുന്നുണ്ട്. ന്യൂയോർക്കിലെയും സീറ്റിലിലെയും സ്‌കൂളുകൾ ChatGPT തങ്ങളുടെ സ്‌കൂളുകളിൽ ബ്ലോക്ക് ചെയ്തു. എന്നാൽ ഇത്തരം ടെക്‌നൊളജികളെ എത്ര കാലത്തേക്ക് നമുക്ക് മാറ്റിനിർത്താൻ സാധിക്കും? കാലത്തിനനുസരിച്ച് നമ്മുടെ ക്ലാസ മുറികളും മാറണം എന്നതാണ് ഏകപരിഹാരം! Teacher Centric ക്ലാസ്‌റൂമുകൾ Student Centric ആക്കാനുള്ള ഒരു സുവർണാവസരം കൂടിയാണ് നമ്മുടെ മുന്നിലുള്ളത്. ക്ലാസ് മുറികൾ ടെക്സ്റ്റ് ബുക്കുകൾ ടീച്ചർ വായിച്ച്, നോട്ട് എഴുതാൻ പറഞ്ഞുകൊടുക്കുന്ന സ്ഥലം എന്നതിലപ്പുറം പുതിയ ചിന്തകൾ രൂപപ്പെടുന്ന, അനുഭവവേദ്യ പഠനം (Experiential Learning) നടക്കുന്ന സ്ഥലങ്ങളായി മാറേണ്ടതുണ്ട്. Flipped Classroomകളെക്കുറിച്ച് ലോകം ചിന്തിച്ചുതുടങ്ങുന്ന കാലമാണിത്.

എന്താണ് Flipped Classrooms?

നമ്മുടെ സ്‌കൂൾ ക്ലാസ് മുറികളിൽ നടക്കുന്നതെന്താണ് എന്ന് എല്ലാവർക്കും അറിയാമല്ലോ. ടീച്ചർ വരുന്നു, ക്ലാസെടുക്കുന്നു, ഹോം വർക്ക് നൽകുന്നു, പോകുന്നു.

ഈയൊരു മോഡലിന്റെ പ്രശ്‌നം അധികമാർക്കും പറഞ്ഞുതരേണ്ടതില്ലാത്തവിധം വ്യക്തമാണ്. ഓരോ കുട്ടിയും പല വിഷയങ്ങൾ പഠിക്കാൻ വ്യത്യസ്ത സമയങ്ങളാണെടുക്കുക. ചിലർ പെട്ടെന്ന് മനസ്സിലാക്കും. ചിലർ മനസ്സിലാക്കാൻ കൂടുതൽ സമയമെടുക്കും. പെട്ടെന്ന് പഠിക്കുന്നവനും കൂടുതൽ സമയമെടുക്കുന്നവനും ഈ ക്ലാസ്‌റൂം പഠനം waste ആണ്. പ്രധാന പ്രശ്‌നം കൂടുതൽ സമയമെടുക്കുന്നവൻ പിന്തള്ളപ്പെട്ടു പോകും എന്നതാണ്. അവരാണ് ഉഴപ്പന്മാരായി ചിത്രീകരിക്കപ്പെടുക. കാരണം ക്ലാസിൽ പഠിപ്പിക്കുന്നത് മനസ്സിലാകാത്ത അവൻ വീട്ടിൽ പോയി ഹോം വർക്ക് ചെയ്യാൻ ബുദ്ധിമുട്ടും. അടുത്ത ദിവസം ക്ലാസ് ശ്രദ്ധിക്കാൻ അവനൊരു താൽപര്യവും ഉണ്ടാവില്ല. അതോടൊപ്പം ChatGPT അടക്കമുള്ള സംവിധാനങ്ങളുള്ള കാലത്ത് ഹോംവർക്കുകൾ നൽകുന്നതിൽ അഥമില്ലാതായി വരുന്നു.

എന്നാൽ നേരെ തിരിച്ചൊന്ന് ആലോചിച്ചു നോക്കൂ; കുട്ടികൾ ക്ലാസു കേൾക്കേണ്ടത് വീട്ടിൽ നിന്നാവണം. ‘ഹോം’വർക്ക് ചെയ്യേണ്ടത് സ്‌കൂളിൽനിന്നും. പാഠങ്ങൾ നല്ല ക്വാളിറ്റിയിൽ വീഡിയോകൾ ആക്കി കുട്ടികൾക്ക് നൽകുക. പെട്ടെന്ന് മനസ്സിലാവുന്നവന് സ്പീഡ് കൂട്ടി കാണാം. സമയമെടുക്കുന്നവന് നിർത്തി നിർത്തിയോ ഒന്നിലധികം പ്രാവശ്യമോ കാണാം. ആ വീഡിയോയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ വായിക്കാം.

പിറ്റേന്ന് സ്‌കൂൾ ക്ലാസ്‌റൂമിൽ നടക്കേണ്ടത് കഴിഞ്ഞ ദിവസം പഠിച്ചതിന്റെ ഒരു ‘വർക്ക്‌ഷോപ്പ്’ ആണ്. സംശയങ്ങൾ തീർക്കുക, ചോദ്യങ്ങൾ ഉന്നയിക്കുക, ഗ്രൂപ്പ് ഡിസ്‌കഷൻ നടത്തുക, എക്‌സ്പിരിമെന്റുകൾ ചെയ്യുക തുടങ്ങിയവയാണ് ഇവിടെ നടക്കേണ്ടത്! ടീച്ചറുടെ റോൾ ലക്ച്ചർ ചെയ്യുക എന്നതിനപ്പുറം പഠനം Facilitate ചെയ്യുക എന്നതാവണം. ഇതാണ് Flipped Classroom.

പുതിയ ടെക്‌നോളജികൾ വരുമ്പോൾ ആശങ്കകൾ ഏറെയാണെങ്കിലും കാലത്തോട് ചേർന്നുനിന്ന് സമുചിതമായ മാറ്റങ്ങൾ നമുക്ക് കൊണ്ടുവരാം!