വിച്ഛേദിക്കാനാവാത്ത ബന്ധം

ദുൽക്കർഷാൻ അലനല്ലൂർ

2023 ജനുവരി 21, 1444 ജുമാദുൽ ഉഖ്റാ 27

പ്രവാസ ജീവിതത്തിന്റെ തുടക്ക നാളുകൾ. അത്യാവശ്യം തിരക്കുള്ള ഒരു ഷോപ്പിൽ താൽക്കാലികമായി ജോലിയിൽ പ്രവേശിച്ചു. രാവും പകലും അറബികളും ബംഗാളികളും ഫിലിപ്പീൻസും ഇംഗ്ലീഷുകാരും ഇന്ത്യക്കാരിൽ തന്നെ പല സംസ്ഥാനത്തുള്ളവരും ആണും പെണ്ണും വലിയവരും ചെറിയവരും ഒക്കെയായി രാവും പകലും ഷോപ്പിൽ കയറിയിറങ്ങും.

ഒരു ദിവസം ഒരു പിതാവ് അദ്ദേഹത്തിന്റെ ആറോ ഏഴോ വയസ്സ് വരുന്ന രണ്ട് മക്കളെയും കൂട്ടി ഷോപ്പിൽ വന്നു. അത്യാവശ്യം വിലപിടിപ്പുള്ള സാധനമാണ് അവർക്ക് വേണ്ടത്. ആ പിതാവ് അവരെ രണ്ടു പേരെയും അവർ ഇഷ്ടപ്പെടുന്ന സാധനങ്ങൾ ഇരിക്കുന്ന ഏരിയയിലേക്ക് പറഞ്ഞുവിട്ടു. എന്നിട്ട് അദ്ദേഹം നേരെ കൗണ്ടറിൽ വന്നുകൊണ്ട് എന്നോട് പറഞ്ഞു:

“രണ്ടുപേരും നല്ല ഭ്രാന്തന്മാരാണ്. അവർ ആവശ്യപ്പെടുന്ന വസ്തുവിന് നല്ല തുകയാകും. അതുകൊണ്ട് സാധനം എടുത്തുവരുമ്പോൾ അവരുടെ മുന്നിൽ വെച്ച് ഞാൻ കുറച്ച് പണം തരാം. നിങ്ങൾ അത് എണ്ണിയിട്ട് പണം തികയില്ലല്ലോ എന്ന് പറയണം.’’

ഞാൻ സമ്മതിച്ചു. പക്ഷെ, എന്റെ മനസ്സിൽ ആ സമയത്ത് ഒരുപാട് ചിന്തകൾ കടന്നുവന്നു. ഏറെ സന്തോഷത്തോടെ പിതാവിന്റെ കൂടെ അവരുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കുമെന്ന പ്രതീക്ഷയിൽ വന്ന രണ്ട് കൊച്ചു മക്കൾ! മക്കളുടെ ആവശ്യം പൂർത്തീകരിക്കാൻ ആവശ്യമായ തുക തന്റെ കൈയിലില്ലെങ്കിലും അവരെ കൂടെ കൊണ്ടുവന്ന് അവർക്ക് സന്തോഷം പകർന്നു നൽകാൻ ശ്രമിക്കുന്ന ദരിദ്രനായ പിതാവ്!

പറഞ്ഞതുപോലെ അവർ അവരുടെ ഇഷ്ട സാധനവുമായി കൗണ്ടറിന്നരികിലെത്തി; കൂടെ പിതാവും. ഞാൻ വില പറഞ്ഞു. പിതാവ് കീശയിൽനിന്നും കാശെടുത്ത് തന്നു. ഞാൻ എണ്ണിനോക്കി അവരോട് പറഞ്ഞു: “ഇത് തികയില്ലല്ലോ. എന്തു ചെയ്യും?’’

അദ്ദേഹം മക്കളോട് പറഞ്ഞു: “എങ്കിൽ നമുക്ക് അടുത്ത തവണ വരാം. തൽക്കാലം നമുക്ക് ഇത് വാങ്ങിക്കാം.’’

ഇങ്ങനെ പറഞ്ഞുകൊണ്ട് ചെറിയ തുക വരുന്ന, അവരെ സമാധാനിപ്പിക്കാനെന്നോണം ചില സാധനങ്ങൾ എടുത്തു. അതിന്റെ കാശു തന്ന് മക്കളോടൊപ്പം തിരിച്ചു നടന്നു. മക്കളാകട്ടെ സംതൃപ്തരല്ലെങ്കിലും എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല.

ആ പിതാവും അദ്ദേഹത്തിന്റെ രണ്ട് മക്കളും കണ്ണിൽനിന്ന് അകന്നപ്പോൾ, ഇതുപോലെയായിരിക്കുമല്ലോ ഓരോ പിതാവും തന്റെ മക്കളെ നോക്കി വളർത്തുന്നത് എന്ന ചിന്ത മനസ്സിലേക്ക് കടന്നുവന്നു. ഇല്ലായ്മയിലും ദാരിദ്ര്യത്തിലും മക്കളുടെ സന്തോഷം മാത്രം കാണാൻ കൊതിക്കുന്നവർ. തങ്ങളുടെ വയർ നിറക്കാൻ ഒന്നുമില്ലെങ്കിലും പൊന്നോമന മക്കളുടെ വയർ നിറക്കാൻ തത്രപ്പെടുന്നവർ. ഇന്ന് നാം അനുഭവിക്കുന്ന നേട്ടങ്ങൾക്കു പിന്നിൽ പിതാവ് എന്ന വലിയ മനുഷ്യന്റെ വിയർപ്പും കണ്ണുനീരുമുണ്ടാകും. മാതാവിന്റെ തുല്യതയല്ലാത്ത ത്യാഗത്തിന്റെ, സ്‌നേഹത്തിന്റെ പിന്തുണയുണ്ടാകും. നാമത് അറിയാതെ പോകരുത്.

ആഇശ(റ)യുടെ വീട്ടിൽ വിശന്നുവലഞ്ഞ ഒരു മാതാവും രണ്ട് കുട്ടികളും ചെന്ന് ഭക്ഷിക്കാൻ എന്തെങ്കിലും തരണമെന്ന് പറഞ്ഞപ്പോൾ ആഇശ(റ) തനിക്കും റസൂലിനും കരുതിവെച്ചിരുന്ന മൂന്ന് കാരക്ക എടുത്ത് ആ സ്ത്രീയുടെ കൈകളിൽ വച്ചുകൊടുത്തു. ഓരോ കാരക്ക വീതം അവർ തന്റെ ഇടതും വലതും ഇരിക്കുന്ന മക്കൾക്ക് നൽകി. മൂന്നാമത്തേത് തന്റെ വായിലേക്ക് വെക്കാൻ ഒരുങ്ങിയപ്പോൾ കിട്ടിയ കാരക്ക ഭക്ഷിച്ചുകഴിഞ്ഞ മക്കൾ വീണ്ടും കൈ നീട്ടി. ആ സന്ദർഭത്തിൽ തന്റെ വായിലേക്ക് നീട്ടിയ കാരക്ക രണ്ടായി പകുത്ത് മക്കളുടെ കൈകളിൽ വെച്ചുകൊടുത്തു ആ മാതാവ്. ഇത് ആഇശ(റ)യെ വല്ലാതെ അത്ഭുതപ്പെടുത്തി.

റസൂൽ ﷺ  വന്ന സന്ദർഭത്തിൽ ആഇശ(റ) തനിക്കുണ്ടായ അനുഭവം പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞത് ‘ആ സ്ത്രീക്ക് സ്വർഗമുണ്ട്’ എന്നായിരുന്നു. മാതൃ സ്‌നേഹത്തിന്റെ ആഴവും മക്കളോട് കാണിക്കുന്ന കാരുണ്യത്തിന്റെ പ്രാധാന്യവും പ്രതിഫലവും ഇത് വ്യക്തമാക്കുന്നു.

ഓരോ മാതാവും പിതാവും തങ്ങളുടെ വളർച്ചയിലും ഉയർച്ചയിലും ആനന്ദിക്കുന്നവരാണ്. അവർക്കെന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്ന് ഭയപ്പെടുന്നവരും ഒന്നും വരാതിരിക്കാൻ പ്രാർഥിക്കുന്നവരുമാണ്. മക്കൾക്ക് രോഗം വരുമ്പോൾ ഉറക്കമിളച്ച് കാവലിരിക്കുന്നവരാണ്. ഇതൊന്നും മക്കൾ വിസ്മരിച്ചുകൂടാ. മാതാപിതാക്കളോട് കരുണ കാണിക്കുവാനും അവരോട് മാന്യമായി പെരുമാറുവാനും കരുണാനിധിയായ റബ്ബ് കൽപിക്കുന്നതിന്റെ പ്രാധാന്യം മക്കൾ മനസ്സിലാക്കണം.

അല്ലാഹു പറയുന്നു: “മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തിൽ നാം അനുശാസനം നൽകിയിരിക്കുന്നു-ക്ഷീണത്തിനുമേൽ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗർഭം ചുമന്ന് നടന്നത്. അവന്റെ മുലകുടി നിർത്തുന്നതാകട്ടെ രണ്ടുവർഷം കൊണ്ടുമാണ്- എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്റെ അടുത്തേക്കാണ് (നിന്റെ) മടക്കം.’’ (31:14).

“തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും, മാതാപിതാക്കൾക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരിൽ (മാതാപിതാക്കളിൽ) ഒരാളോ അവർ രണ്ടുപേരും തന്നെയോ നിന്റെ അടുക്കൽവെച്ച് വാർധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട് നീ ‘ഛെ’ എന്ന് പറയുകയോ, അവരോട് കയർക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക’’ (17:23).

“തന്റെ മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കാൻ മനുഷ്യനോട് നാം അനുശാസിച്ചിരിക്കുന്നു. നിനക്ക് യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കുചേർക്കുവാൻ അവർ (മാതാപിതാക്കൾ) നിന്നോട് നിർബന്ധപൂർവം ആവശ്യപ്പെട്ടാൽ അവരെ നീ അനുസരിച്ചുപോകരുത്. എന്റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി ഞാൻ നിങ്ങളെ വിവരമറിയിക്കുന്നതാണ്’’ (29:8).

മാതാപിതാക്കളെ അല്ലാഹുവും റസൂലും പഠിപ്പിച്ചതുപോലെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യാതെ അവരോട് ധിക്കാരം കാണിക്കുകയും അവരെ ഉപേക്ഷിക്കുകയും ചെയ്യുന്നത് സ്വർഗം നഷ്ടപ്പെടാൻ കാരണമാകും.

നബി ﷺ  പറഞ്ഞതായി അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്നു: “തന്റെ മാതാപിതാക്കളെ ഒരാളെയോ രണ്ടാളെയും തന്നെയോ (അവരുടെ) വാർധക്യകാലത്ത് തനിക്ക് കിട്ടിയിട്ട് സ്വർഗത്തിൽ പ്രവേശിക്കാൻ സാധിക്കാത്തവൻ നിന്ദ്യനാണ്! നിന്ദ്യനാണ്! നിന്ദ്യനാണ്!’’ (മുസ്‌ലിം).

തങ്ങളുടെ മക്കൾ അല്ലാഹുവിനെ മാത്രം ആരാധിച്ചും നിർബന്ധവും ഐച്ഛികവുമായ കർമങ്ങൾ അനുഷ്ഠിച്ചും പ്രബോധന പ്രവർത്തനങ്ങളിൽ നിരതരായും സൽകർമങ്ങളിൽ മത്സരിച്ചും ജീവിക്കുന്നത് കാണുന്ന മാതാപിതാക്കൾക്ക് എന്തുമാത്രം സന്തോഷമുണ്ടായിരിക്കും! അവർക്ക് മക്കളിൽനിന്നും ലഭിക്കുന്ന കൺകുളിർമയല്ലേ അതെല്ലാം. എന്നാൽ മക്കൾ സത്യനിഷേധത്തിലും വഴികേടിലും ജീവിക്കുമ്പോൾ അത് മാതാപിതാക്കളെ എത്രമാത്രം വേദനിപ്പിക്കും! എത്രയോ കൗമാരക്കാർ നിത്യേന മയക്കുമരുന്ന് കേസുകളിലും ലൈംഗിക പീഡന കേസുകളിലും പിടിക്കപ്പെടുന്നുണ്ട്. അതിന്റെ വാർത്തകൾ ഫോട്ടോ സഹിതം പത്രങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വരുന്നത് അവരുടെ മാതാപിതാക്കളും കാണുമല്ലോ. അന്നേരം അവർ അനുഭവിക്കുന്ന മാനസിക വേദനയോളം വരുമോ മറ്റു വേദനകൾ?

സ്വന്തം മാതാപിതാക്കളെ വേദനിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്യുന്നത് ഗുരുതരമായ തെറ്റാണ്. ഒരു നബിവചനം കാണുക;നബി ﷺ  പറഞ്ഞതായി അബ്ദുല്ലാഹിബ്‌നു അംറുബ്‌നുൽ ആസ്വ്(റ) ഉദ്ധരിക്കുന്നു: “മഹാപാപങ്ങൾ എന്നാൽ, അല്ലാഹുവിനോട് പങ്കുചേർക്കലും മാതാപിതാക്കളെ വെറുപ്പിക്കലും ആളെ കൊലപ്പെടുത്തലും കള്ളസത്യം ചെയ്യലുമാകുന്നു’’ (ബുഖാരി, മുസ്‌ലിം).

വിശ്വാസികളായ മക്കൾ മാതാപിതാക്കൾക്ക് താങ്ങാണ്, തണലാണ്, തുണയാണ്, സംരക്ഷണമാണ്.

അബൂഹുറയ്‌റ(റ) നിവേദനം, നബി ﷺ  പറഞ്ഞു: “സ്വാലിഹായ ഒരാളുടെ പദവി സ്വർഗത്തിൽ അല്ലാഹു ഉയർത്തി നൽകുന്നതാണ്. അപ്പോൾ അയാൾ തന്റെ റബ്ബിനോട് ചോദിക്കും: ‘എന്റെ റബ്ബേ, എങ്ങനെയാണ് ഇതെനിക്ക് ലഭിച്ചത്?’ അപ്പോൾ അല്ലാഹു പറയും: ‘നിന്റെ സന്താനം നിനക്കുവേണ്ടി പാപമോചനത്തിന് തേടിയതുകൊണ്ട്’’ (അഹ്‌മദ്).

അബൂഹുറയ്‌റ(റ) നിവേദനം, നബി ﷺ  പറഞ്ഞു: “ഒരു മനുഷ്യൻ മരണപ്പെടുന്നതോടുകൂടി അവന്റെ കർമങ്ങൾ മുറിഞ്ഞുപോകും. മൂന്ന് കാര്യങ്ങളൊഴികെ: നിലനിൽക്കുന്ന ദാനധർമം, ഉപകാരപ്രദമായ അറിവ്, അവന് വേണ്ടി പ്രാർഥിക്കുന്ന സ്വാലിഹായ സന്താനം’’ (മുസ്‌ലിം).

മാതാപിതാക്കൾ മക്കളെ പോറ്റി വളർത്തുന്നത് പല പരീക്ഷണങ്ങളും ത്യാഗങ്ങളും സഹിച്ചും ക്ഷമിച്ചും പ്രതിസന്ധികളോട് ഏറ്റുമുട്ടിയും പ്രയാസങ്ങളെ തരണം ചെയ്തുമാണ്. അവരുടെ ഈ പ്രയാസവും വേദനയുമൊന്നും അവർ മക്കളെ അറിയിക്കാറില്ല.

മാതാപിതാക്കളെ സ്‌നേഹിക്കുക, സംരക്ഷിക്കുക. അവർക്കു വേണ്ടി നിരന്തരം പ്രാർഥിക്കുക. ഇത് മക്കളുടെ കടമയാണ്. ഇതാണ് മാതാപിതാക്കൾ മക്കളിൽനിന്ന് ആഗ്രഹിക്കുന്നത്.

അല്ലാഹു പറഞ്ഞു: “...എന്റെ രക്ഷിതാവേ, ചെറുപ്പത്തിൽ ഇവർ ഇരുവരും എന്നെ പോറ്റിവളർത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക’’ (17:24).