തടവറയിൽനിന്ന് പ്രകാശത്തിലേക്ക്

മുബാറക് തിരൂർക്കാട്

2023 ആഗസ്റ്റ് 05 , 1445 മുഹറം 18

പള്ളിയിൽ വെച്ചാണ് അയാളെ കണ്ടുമുട്ടിയത്. സലാം പറഞ്ഞു. വിശദമായി സംസാരിക്കണമെന്ന് തോന്നി. പാലക്കാട് ജില്ലയിലെ ഒരു മലയോര ഗ്രാമത്തിൽ ജനിച്ചു വളർന്നു. ഹൈന്ദവ സമുദായത്തിലായിരുന്നു നാലഞ്ചുവർഷം മുമ്പുവരെ. മാറ്റത്തിന്റെ കഥയറിയാൻ സ്വാഭാവികമായും എനിക്ക് ആകാംക്ഷയുണ്ടായി. അയാൾ പറഞ്ഞു തുടങ്ങി:

“യൗവനം ചീത്ത കൂട്ടുകെട്ടുകളിലായിരുന്നു. ചോരത്തിളപ്പിന്റെ കാലം. അച്ഛൻ ആശാരിയായിരുന്നു. ജീവിതം ആസ്വദിക്കണമെന്ന ചിന്ത. അതിനു പണം വേണം. ലഹരി ആസ്വദിക്കണമെങ്കിലും ചെലവുണ്ട്. അങ്ങനെ കൂട്ടുകാരുടെ കൂട്ടത്തിൽ പല തെറ്റായ വഴികളിലൂടെയും പോയി. അപകടം പിടിച്ച വഴികളായിരുന്നു മിക്കതും. മിടുക്കനായ ഡ്രൈവറായിരുന്നു ഞാൻ. പണം പലവഴിക്കും വന്നു തുടങ്ങി. പലപ്പോഴും പോലീസിന്റെ പിടിയിലായി. അതിനിടയിൽ ഒരു പെണ്ണിനെ കണ്ടു ലോഹ്യത്തിലായി. അവളെ ജീവിതസഖിയാക്കി.

ചുരുക്കിപ്പറയാമല്ലോ, വഴിവിട്ട ജീവിതം ജയിലിലെത്തിച്ചു. സെൻട്രൽ ജയിൽ. അത് മറ്റൊരു ലോകമാണ്. കുറ്റവാളികളുടെ ലോകം. പത്തും ഇരുപതും വർഷമായി അവിടെ കഴിയുന്നവർ ധാരാളം. ഇടയ്ക്കിടെ വന്നുപോകുന്നവരും ഉണ്ട്. ഓരോരോ ബ്ലോക്കുകളാണ്. ഓരോ ബ്ലോക്കിനും ജയിൽ ഉദ്യോഗസ്ഥർക്ക് പുറമെ ജയിൽപുള്ളികളിൽനിന്ന് ഓരോ ലീഡർ ഉണ്ടാകും. സ്‌കൂളിൽ ഓരോ ക്ലാസ്സിനും ഓരോ ലീഡർ ഉണ്ടാകുമല്ലോ, അതുപോലെ. ജയിലിനകത്തെ ആ ബ്ലോക്കിലെ പുള്ളികളുടെ ഒരു മേൽനോട്ടക്കാരനുണ്ട്, ഭക്ഷണവിതരണം അയാളുടെ നേതൃത്വത്തിലാണ്. മരുന്നുകളും അങ്ങനെ. ആഴ്ചയിൽ ഫോൺ വിളിക്കാനനുവാദമുണ്ട്. അതും ലീഡറാണ് കൈകാര്യം ചെയ്യുക. ഓരോ ബ്ലോക്കിനും ഓരോ പാറാവുകാരനുണ്ടാകും. അതിനു ചെറിയ വേതനവും കിട്ടും. അത് സ്വരൂപിച്ച് വീട്ടുകാർക്കയച്ചു കൊടുക്കാം.

കാരാഗൃഹവാസത്തിന്റെ മാസങ്ങൾ അഞ്ചു കഴിഞ്ഞു. എന്റെ അവസ്ഥയെപ്പറ്റി ചിന്ത വന്നു. ഒരു ദിവസം രാത്രി ഉറക്കം വരാതെ പായിലിരിക്കുകയാണ് ഞാൻ. കഴിഞ്ഞകാല ജീവിതത്തെപ്പറ്റി ഓർത്തുനോക്കി. സ്‌നേഹമയിയായ ഭാര്യയുടെ അവസ്ഥ മനസ്സിൽ വല്ലാതെ വിഷമമുണ്ടാക്കി. അവൾ ഗർഭിണിയാണ്. ഈ അവസ്ഥയിൽ ഞാൻ ഇവിടെയും. ഇവിടെനിന്ന് ഞാനെന്നു പുറത്തിറങ്ങും? ആർക്കറിയാം! ദൈവമേ! അവൾ പ്രസവിക്കുമ്പോൾ ഞാൻ അടുത്തു വേണ്ടേ?

കടന്നുവന്ന വഴികളെപ്പറ്റിയായി അപ്പോൾ ചിന്ത. പല തെറ്റുകുറ്റങ്ങളും ചെയ്തു. പണമുണ്ടാക്കണമെന്ന ഒരൊറ്റ ചിന്തയേ അന്നുണ്ടായിരുന്നുള്ളൂ. ആപൽക്കരമായ വഴികളിലൂടെ പോകുമ്പോൾ വരുംവരായ്കയെപ്പറ്റി ഓർത്തില്ല. ഇപ്പോൾ കൊടുംകുറ്റവാളിക്കൂട്ടത്തിലും. ഇനിയെന്തു ചെയ്യും? ഞാനൊരു അച്ഛനായിത്തീരുമ്പോൾ... ഭാര്യക്ക് കൂട്ടായിരിക്കേണ്ട ഞാൻ...! എന്തൊരു ദൗർഭാഗ്യം! ചെയ്ത തെറ്റുകളോർത്ത് ആദ്യമായി ഖേദിച്ചു. ആ സങ്കടം മനസ്സിനെ കുത്തിനോവിച്ചു. അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു. വലിയ പശ്ചാത്താപം തോന്നി. പത്രക്കടലാസുകളിലും മറ്റും വരുന്ന ദൈവങ്ങളുടെ ചിത്രങ്ങൾ ഞാൻ കീറിയെടുത്തു. ചോറിൽനിന്ന് കുറച്ച് വറ്റെടുത്ത് തേച്ച് ആ ചിത്രങ്ങൾ ചുമരിൽ ഒട്ടിച്ചു. ആ ചിത്രങ്ങൾക്കുമുന്നിൽ ഇരുന്ന് ഞാൻ കണ്ണടച്ച് പ്രാർഥിച്ചു. നീറുന്ന മനസ്സുമായി ഞാനങ്ങനെ കഴിച്ചുകൂട്ടുകയാണ്.

ആയിടക്ക് എന്നെ മറ്റൊരു സെല്ലിലേക്ക് മാറ്റി. ലീഡറുമായി ഞാൻ ചെറുതായി ഒന്ന് ഉടക്കിയതാണ് കാരണം. ആ സെല്ലിലുള്ളത് എയിഡ്‌സ് രോഗിയാണെന്ന് ഞാൻ അറിഞ്ഞില്ല. അയാളെ പരിചയപ്പെട്ടു. ക്രിസ്ത്യാനിയാണ്, കൊലക്കേസ് പ്രതി. വിവരങ്ങൾ പങ്കുവെക്കുന്നതിനിടയിൽ അയാൾ കരഞ്ഞു. ഞാൻ പറഞ്ഞു: ‘കരയേണ്ട, ശിക്ഷ കഴിഞ്ഞു നമ്മൾ പുറത്തിറങ്ങുമല്ലോ. അപ്പോൾ നമുക്ക് ജീവിതം തുടരാം, അതുവരെ ക്ഷമയോടെ ഇവിടെ കഴിച്ചുകൂട്ടാം.’ അയാൾ പ്രതിവചിച്ചു: ‘സുഹൃത്തേ, നിങ്ങൾ പുറത്തിറങ്ങിയാൽ നിങ്ങൾക്ക് ഒരു ജീവിതമുണ്ട്. ആ പ്രതീക്ഷയിൽ നിങ്ങൾക്കിവിടെ കഴിഞ്ഞുകൂടാം, എനിക്കങ്ങനെ ഒരു പ്രതീക്ഷയില്ല.’ ഞാൻ ചോദിച്ചു: ‘അതെന്താ, നിങ്ങൾക്ക് പ്രതീക്ഷയില്ലേ? കൊല്ലങ്ങൾ കഴിഞ്ഞാലും പുറത്തിറങ്ങാനാവില്ലേ?’ ആ യുവാവ് കരഞ്ഞുകൊണ്ട് പറഞ്ഞു: ‘ഞാനൊരു എയിഡ്‌സ് രോഗിയാണ്, എനിക്കിനി അധികകാലം ജീവിതമില്ല. ഞാൻ ഇടക്ക് വയലന്റാകും. അന്നേരം അടുത്തുള്ളവരെ മാന്തുകയും പിച്ചുകയും കടിക്കുകയുമൊക്കെ ചെയ്യും. ’ ഞാൻ ശരിക്കും ഞെട്ടിത്തരിച്ചു.

അയാൾ തുടർന്നു: ‘എന്നോട് സൗഹൃദത്തിൽ സംസാരിക്കുന്ന ആദ്യത്തെ ആളാണ് നിങ്ങൾ. ഭയപ്പെടേണ്ട, ഞാൻ അറിഞ്ഞുകൊണ്ട് നിങ്ങളെ ഉപദ്രവിക്കില്ല.’ തൽക്കാലം എനിക്കാശ്വാസമായി.

ഞാൻ എന്റെ അവസ്ഥകളെക്കുറിച്ച് പറഞ്ഞു. കൂട്ടത്തിൽ എന്നെ അലട്ടിയിരുന്ന പ്രധാന പ്രശ്‌നം വ്യക്തമാക്കി. “ജീവിതത്തിൽ പല തെറ്റുകളും ചെയ്തു. അന്ന് അതിനെപ്പറ്റി ഗൗരവത്തോടെ മനസ്സിലാക്കിയില്ല. പണമുണ്ടാക്കണമെന്ന ഒറ്റ ചിന്തയേ അന്നുണ്ടായിരുന്നുള്ളൂ. ഇപ്പോൾ അതെല്ലാം തെറ്റുകളും പാപങ്ങളുമാണെന്ന് ഞാൻ തിരിച്ചറിയുന്നു. ദൈവം എനിക്ക് അതെല്ലാം പൊറുത്ത് തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് പശ്ചാതപിക്കണം. ഞാൻ ദൈവങ്ങളുടെ ഫോട്ടോകൾ വെച്ച് പ്രാർഥിക്കുന്നുണ്ട്. ഈ ദൈവങ്ങൾ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ? അറിയുന്നുണ്ടോ? എനിക്ക് ഒരു ഉറപ്പുമില്ല.’

അപ്പോൾ അയാൾ പറഞ്ഞു: ‘അതിനു മാർഗങ്ങളുണ്ട്, നീ ക്രിസ്ത്യാനിയായി മാറുക. എല്ലാ പാപങ്ങളും യേശു പൊറുക്കും. ഞായറാഴ്ച ജയിലിനകത്തെ കനീസയിൽ പാതിരിയും കന്യാസ്ത്രീകളുമൊക്കെ വരും. അവരോട് സംസാരിക്കാം. തീർച്ചയായും പരിഹാരം അവർ പറഞ്ഞു തരും.’ ഞാൻ സമ്മതിച്ചു. ജയിലിലെ വിശാലമായ കോമ്പൗണ്ടിനകത്ത് ക്രിസ്ത്യാനികൾക്ക് പ്രാർഥിക്കാൻ കനീസയും ഹിന്ദുക്കൾക്ക് ആരാധിക്കാൻ ക്ഷേത്രവും മുസ്‌ലിംകൾക്ക് പള്ളിയുമുണ്ട്.

അങ്ങനെ ഞായറാഴ്ചയെത്തി. ഞങ്ങൾ രണ്ടുപേരും കനീസയിലെത്തി. കന്യാസ്ത്രീകൾ ഉപഹാരങ്ങളുമായി ജയിൽപുള്ളികളെ കാത്തിരിക്കുകയായിരുന്നു. ഞാൻ എന്റെ പ്രശ്‌നം ഉന്നയിച്ചു. ഒരു കന്യാസ്ത്രീ പറഞ്ഞു: ‘മകനേ, നമ്മുടെ രക്ഷകൻ യേശുവാണ്. സകല മനുഷ്യരുടെയും പാപങ്ങൾ യേശു ഏറ്റെടുത്തിരിക്കുന്നു. കുരിശിലേറിയത് അതിനാണ്. അതുകൊണ്ട് യേശുവിൽ വിശ്വസിക്കുക, സമാധാനിക്കുക.’

എനിക്ക് വായിക്കാൻ ബൈബിൾ തന്നു. ഞാൻ വായിച്ചു. സത്യാന്വേഷണമായിരുന്നല്ലോ. സന്മാർഗം ഏതാണെന്ന് തിരയുന്ന സമയമായതുകൊണ്ട് എന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം തേടുകയായിരുന്നു ഞാൻ. പല പുതിയ ചോദ്യങ്ങളും സംശയങ്ങളും ഉടലെടുത്തു. എന്റെ മനസ്സിനെ വല്ലാതെ പിടിച്ചുനിർത്തിയ വചനങ്ങൾ ഇതാണ്: ‘ഇപ്പോഴോ ഞാൻ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു. നീ എവിടെ പോകുന്നു എന്ന് നിങ്ങൾ ആരും എന്നോട് ചോദിക്കുന്നില്ല. എങ്കിലും ഇത് നിങ്ങളോട് സംസാരിക്കകൊണ്ട് നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു. എന്നാൽ ഞാൻ നിങ്ങളോട് സത്യം പറയുന്നു, ഞാൻ പോകുന്നത് നിങ്ങൾക്ക് പ്രയോജനം. ഞാൻ പോകാതിരുന്നാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കലേക്ക് അയക്കും. അവൻ വന്ന് പാപത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായവിധിയെ കുറിച്ചും ലോകത്തിന് ബോധം വരുത്തും. അവർ എന്നിൽ വിശ്വസിക്കായ്ക കൊണ്ട് പാപത്തെ കുറിച്ചും ഞാൻ പിതാവിന്റെ അടുക്കൽ പോകുകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കുകയും ചെയ്യുന്നത് കൊണ്ട് നീതിയെ കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്ക കൊണ്ട് ന്യായവിധിയെ കുറിച്ചും തന്നെ. ഇനിയും വളരെ നിങ്ങളോട് പറയുവാൻ ഉണ്ട്. എന്നാൽ നിങ്ങൾക്ക് ഇപ്പോൾ വഹിപ്പാൻ കഴിവില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും. അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കുകയും വരുവാനുള്ളത് നിങ്ങൾക്ക് അറിയിച്ചു തരികയും ചെയ്യും’’ (യോഹന്നാൻ 5-3).

ഈ വചനങ്ങളിൽനിന്ന് വ്യക്തമാകുന്നത് വരാനുള്ള ഒരു കാര്യസ്ഥനും അദ്ദേഹത്തിന്റെ പ്രത്യേകതകളുമാണ്. അതാരാണെന്ന് ഞാൻ എന്റെ കൂട്ടുകാരനോട് ചോദിച്ചു. ‘അതൊന്നും നീയത്ര കാര്യമാക്കേണ്ട. നിനക്ക് നിർബന്ധമാണെങ്കിൽ അടുത്ത പ്രാവശ്യം കന്യാസ്ത്രീകളോടും മറ്റും ചോദിക്കുക’ എന്നായിരുന്നു അവന്റെ പ്രതികരണം.

അങ്ങനെ ഞങ്ങൾ കനീസയിൽ വെച്ച് സുവിശേഷ പ്രവർത്തകരുടെ മുൻപിൽ സംശയമുന്നയിച്ചു. അവിടെനിന്നും കിട്ടിയ മറുപടി ഇപ്രകാരമായിരുന്നു: “അത്രയൊന്നും ആഴത്തിൽ ചിന്തിക്കേണ്ട, പാപം പൊറുക്കുന്നവൻ യേശുവാണ്, എല്ലാം യേശുവിൽ അർപ്പിക്കുക, അതുമാത്രമാണ് ഏക രക്ഷാമാർഗം.’’

ചിന്തിക്കേണ്ട എന്ന് പറഞ്ഞാൽ നടക്കുമോ? ഞാൻ ചിന്തിച്ചു. നമ്മുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്തണം. അവ യുക്തിസഹമായിരിക്കണം അപ്പോഴേ മനസ്സടങ്ങുകയുള്ളൂ

ഞാൻ മുസ്‌ലിം തടവുകാരെ സമീപിച്ചു. അവരുമായി ബന്ധം സ്ഥാപിച്ചു. മുസ്‌ലിംകൾക്ക് വിഗ്രഹങ്ങളോ പ്രതിമകളോ ഇല്ല എന്ന് എനിക്ക് നേരത്തെ അറിയാം. അല്ലാഹുവിനെയാണ് അവർ ആരാധിക്കുന്നത്. ഇതിന്നിടയിൽ കിട്ടിയതൊക്കെ ഞാൻ വായിക്കുന്നുണ്ട്. സനാതന ധർമത്തെക്കുറിച്ചുള്ള ഒരു പുസ്തകം വായിച്ചു. അന്വേഷണവും വായനയും തുടർന്നുകൊണ്ടിരിക്കുകയാണ്.

ഒരു ദിവസം നേരം പുലരാറാകുന്നതേയുള്ളൂ. ഞാൻ ഉണർന്നു കിടക്കുകയാണ്. അകലെനിന്നും ബാങ്കുവിളി കേട്ടു. അതെന്നെ സ്പർശിച്ചു. ഒരു മുസ്‌ലിം തടവുകാരനോട് ഞാൻ അതിന്റെ അർഥമെന്താണെന്ന് ചോദിച്ചു. അയാൾ പറഞ്ഞു: ‘അതൊക്കെ അറിഞ്ഞിരുന്നുവെങ്കിൽ ഞാനൊക്കെ ഇവിടെ എത്തുമായിരുന്നോ?’

മുസ്‌ലിം തടവുകാർ ഒരുമിച്ചുകൂടി നമസ്‌കരിക്കുന്നത് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. എനിക്കും അവരുടെ കൂടെ കൂടാൻ തോന്നി. അവരുടെ നമസ്‌കാരത്തിന്റെ ഒടുവിലാണ് ഞാൻ അവരോടൊപ്പം ചേർന്നത്. അവർ ചെയ്യുന്നത് പോലെ ഞാനും ചെയ്തു. നമസ്‌കാരം കഴിഞ്ഞു. എന്റെ അടുത്തിരുന്നയാൾ ചോദിച്ചു: ‘നീ ബാക്കി നമസ്‌കരിക്കുന്നില്ലേ?’ ‘എന്ത് ബാക്കി’ എന്നായി ഞാൻ. നഷ്ടപ്പെട്ട റക്അത്തുകൾ നമസ് കരിച്ചു പൂർത്തിയാക്കണമെന്നെനിക്കറിയില്ലല്ലോ. അയാളോട് ഞാൻ കാര്യം പറഞ്ഞു: ‘ഞാൻ മുസ്‌ലിമല്ല, നിങ്ങൾ നമസ്‌കരിക്കുന്നത് കണ്ടപ്പോൾ നമസ്‌കരിക്കാൻ തോന്നി നിങ്ങളോടൊപ്പം നിന്നു എന്നേയുള്ളൂ.’

ആയിടക്കാണ് ഒരു പുതിയ തടവുകാരൻ ജയിലിൽ എത്തിയത്. മുസ്‌ലിമാണെന്ന് മനസ്സിലായി. വിവരമുള്ള ആളാണെന്ന് സംസാരത്തിൽനിന്നും ബോധ്യപ്പെട്ടു. ദൈവം എല്ലാം സൂക്ഷ്മമായി കാണുന്നവനും കേൾക്കുന്നവനും ആണെന്നും അവനോടു മാത്രമെ പ്രാർഥിക്കാൻ പാടുള്ളൂ എന്നും അയാൾ എന്നോട് പറഞ്ഞു. എല്ലാ തരത്തിലുള്ള ആരാധനകൾക്കും യഥാർഥ അവകാശി ആ ഏക ദൈവമാണ്. സകല മനുഷ്യരെയും ജീവജാലങ്ങളെയും സൃഷ്ടിച്ചു സംരക്ഷിക്കുന്ന സ്രഷ്ടാവാണവൻ. സൂര്യനും ചന്ദ്രനും ഭൂമിയും ഈ മഹാപ്രപഞ്ചമാസകലവും അവന്റെ നിയന്ത്രണത്തിലാണ്. നമ്മുടെ ജീവിതവും മരണവും അവന്റെ കൈകളിലാണ്. പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ ആത്മാർഥമായി പശ്ചാതപിക്കണം. ഇനി ആവർത്തിക്കില്ലെന്നുറപ്പിച്ചു സൽകർമങ്ങൾ പ്രവർത്തിച്ചു ജീവിതം മുന്നോട്ട് പോകണം. മരണശേഷം രണ്ടാമതൊരു ജീവിതമുണ്ട്. അതാണ് യഥാർഥ ജീവിതം. കർമങ്ങൾക്ക് കൃത്യമായ പ്രതിഫലം അവിടെ ലഭിക്കും. നല്ലവനായി, ദൈവിക നിർദേശങ്ങൾക്കനുസരിച്ചു ജീവിച്ചാൽ സ്വർഗം, അല്ലെങ്കിൽ നരകം.’

അയാൾ എനിക്ക് ഒരു ക്വുർആൻ പരിഭാഷ തന്നു. ഞാനത് വായിക്കാനാരംഭിച്ചു. പ്രഥമ അധ്യായം തന്നെ എന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി. വായന... വായനതന്നെ! എന്റെ മനസ്സ് തണുത്തു. ഒരു തീരത്തണഞ്ഞതുപോലെ. ക്വുർആനിലെ വൈവിധ്യമാർന്ന വിഷയങ്ങൾ എന്നെ അത്ഭുതപ്പെടുത്തി. വല്ലാത്തൊരു ശൈലി, ദൈവം നമ്മോട് സംസാരിക്കുന്നത് പോലെ...

ക്വുർആൻ പലതവണ ആവർത്തിച്ചു വായിച്ചു, എന്റെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്തി. സംശയങ്ങൾ തീർന്നു. ഞാൻ ശഹാദത്ത് കലിമ ചൊല്ലി. വുദൂഅ് ചെയ്യലും നമസ്‌കാരത്തിൽ ചൊല്ലുന്നതുമൊക്കെ ഞാൻ പഠിച്ചു.

ബൈബിളിലെ ചില വചനങ്ങളെപ്പറ്റി ഞാൻ വിശദീകരണമാരാഞ്ഞിരുന്നല്ലോ. അത് അന്ത്യ പ്രവാചകനായ മുഹമ്മദ് നബി ﷺ യെ കുറിച്ചാണെന്ന് പിന്നീടുള്ള പഠനത്തിൽ എനിക്ക് ബോധ്യപ്പെട്ടു.

ശിക്ഷാ കാലാവധി കഴിഞ്ഞ് ഞാൻ ജയിലറയിൽനിന്ന് പുറത്തു വന്നു. കുടുംബത്തോടൊപ്പം ചേർന്നു. കഴിവനുസരിച്ച് കാരാഗ്രഹത്തിൽനിന്ന് ലഭിച്ച പ്രകാശം സഹജീവികൾക്കെത്തിക്കാൻ ഞാൻ എന്നാലാവുന്നത് ചെയ്യുന്നു, റബ്ബിനു സ്തുതി.’’