പുസ്തക പരിചയം

മുഫീദ് പാലക്കാഴി

2023 നവംബർ 11 , 1445 റ.ആഖിർ 27

ആധുനിക ഫത്‌വകൾ

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ

വില: 120 ₹

കുറഞ്ഞ കാലയളവിനുള്ളിൽ പുസ്തക പ്രസിദ്ധീകരണ രംഗത്ത് ഏറെ നേട്ടങ്ങൾ കൈവരിച്ച ‘വിസ്ഡം ബുക്‌സ്’ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയോടനുബന്ധിച്ച് അഞ്ചു പുതിയ പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

അതിൽ ഒന്നാണ് ‘ആധുനിക ഫത്‌വകൾ.’ മതവിധികൾ സംക്ഷിപ്തമായി വിവരിക്കുന്ന, വിശ്വാസികളുടെ സംശയങ്ങൾക്ക് ലളിതമായും പ്രാമാണികമായും പണ്ഡിതന്മാർ നൽകുന്ന മറുപടികളാണ് ഇതിലുള്ളത്. ഒരു വിശ്വാസി അടിസ്ഥാനപരമായി ഗ്രഹിച്ചിരിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള തെരത്തെടുത്ത ഫത്‌വകളുടെ വിവർത്തനമാണിത്.

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരാണ് ഫത്‌വകളുടെ ക്രോഡീകരണവും ഭാഷാന്തരവും നിർവഹിച്ചിരിക്കുന്നത്.

മതവിധികളെക്കുറിച്ചുള്ള ലഘുവായ വിവരണവും ശൈഖ് അബ്ദുൽ അസീസ് ഇബ്‌നു അബ്ദില്ലാഹ് ഇബ്‌നുബാസ്, ശൈഖ് ഇബ്‌നു ഉസൈമീൻ, ഡോ. ശൈഖ് ജിബ്‌രീൻ, ശൈഖ് സ്വാലിഹ് ഇബ്‌നു ഫൗസാൻ എന്നീ ആധുനികരായ പ്രസിദ്ധ പണ്ഡിതന്മാരെക്കുറിച്ചുള്ള പരിചയപ്പെടുത്തലും ഈ പുസ്തകത്തെ വ്യതിരിക്തമാക്കുന്നു.

മഹാന്മാരോട് ഇസ്തിഗാസ, ശരീഅത്ത് നിയമങ്ങളുടെ പ്രസക്തി, ഭീകരപ്രവർത്തനങ്ങൾ, മുസ്‌ലിം പിന്നാക്കാവസ്ഥയുടെ കാരണം, സ്വതന്ത്രചിന്ത, അറിയില്ല എന്ന പല്ലവി, ശിശുക്കൾ പരലോകത്ത്, ഭക്തി മനസ്സിൽ മാത്രമോ, മൗലികവാദം-തീവ്രവാദം, മർഹൂം എന്ന് പറയാമോ തുടങ്ങി 50ൽപരം വിഷയങ്ങളുമായി ബന്ധപ്പെട്ട ഫത്‌വകളാണ് ഈ പുസ്തകത്തിലുള്ളത്.


ഒരു ഗോത്രവർഗ ആദിവാസിയുടെ സത്യാന്വേഷണത്തിന്റെ അന്ത്യം

പി.എൻ. സോമൻ

വില: 190 ₹

ലോകപ്രശസ്തരായ ധിഷണാശാലികളുടെ ഇസ്‌ലാമാശ്ലേഷണത്തിന്റെ നാൾവഴികൾ രേഖപ്പെയുത്തിയ പുസ്തകങ്ങൾ നിരവധിയുണ്ട്. അവയിൽനിന്നെല്ലാം വ്യത്യസ്തമായ, ഉദ്വേഗ ജനകമായ ഒരു വിവരണമാണ് ഈ പുസ്തകത്തിലുള്ളത്. സഹ്യഗിരിനിരകളിൽ, പുറംലോകവുമായി കൂടുതൽ ബന്ധമില്ലാതെ ജീവിതം നയിക്കുന്ന ഗോത്രവാസികളിലേക്ക് സത്യധർമവ്യവസ്ഥ എങ്ങനെ ഒരു മഴമേഘമായി പെയ്തിറങ്ങി വേരുറപ്പിക്കുന്നു എന്നതിന്റെ നേർചിത്രമാണ് ഈ പുസ്തകത്തിൽ വരച്ചിടുന്നത്. അന്വേഷിക്കുന്നവരിലേക്ക് പ്രപഞ്ചനാഥന്റെ നേർഭാഷണം എങ്ങനെയൊക്കെ എത്തിക്കപ്പെടുന്നു എന്നതിന്റെ അത്ഭുതകരമായ ഒരു ആവിഷ്‌കാരം. ആ ശക്തിക്കു മുമ്പിൽ പണ്ഡിതനെന്നോ പാമരനെന്നോ കറുത്തവനെന്നോ വെളുത്തവനെന്നോ വേർതിരിവുകളില്ല. ആത്മാർഥമായി അന്വേഷിക്കുന്നവൻ സത്യപാതയിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യും എന്നും ഈ അനുഭവവിവരണം വ്യക്തമാക്കിത്തരുന്നു.

ഒരു വ്യാഴവട്ടക്കാലത്തിലധികം നീണ്ടുനിന്ന തന്റെ സത്യാന്വേഷണവീഥിയിൽ ഗ്രന്ഥകാരനനുഭവിച്ച ഉൾവേവുകളാണ് ഈ രചന. സ്വതസിദ്ധമായ, യാതൊരു കൃത്രിമവും ഇല്ലാത്ത, ഹൃദയത്തിന്റെ ഭാഷയിലുള്ള ഈ അനുഭവ വിവരണം, വായിക്കുന്നവർക്ക് ഒരു പുതിയ വായനാനുഭവം തന്നെയായിരിക്കും