നയം വ്യക്തമാക്കാതെ പാഠപുസ്തക രചനയിലേക്ക് പ്രവേശിച്ചത് ആശങ്കാജനകം

ടി.കെ അശ്‌റഫ്

2023 ആഗസ്റ്റ് 05 , 1445 മുഹറം 18

സ്‌കൂൾ പാഠപുസ്തക രചന തുടങ്ങിയതായി വാർത്ത കണ്ടു. 2024-25 അധ്യയന വർഷത്തേക്കുള്ള 1, 3, 5, 7 ,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളുടെ രചനക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ പൊതുസമൂഹവുമായി നടത്തിയ ജനകീയ ചർച്ചയ്ക്ക് ശേഷമാണ് പുതിയ പാഠ്യപദ്ധതിയും പുസ്തകങ്ങളും സർക്കാർ തയ്യാറാക്കുന്നത്.

സാമൂഹ്യ ചർച്ചയ്ക്ക് വേണ്ടി സമർപ്പിച്ച കരട് രേഖയിൽ ജെൻഡർ സാമൂഹിക നിർമിതിയാണ് എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ആശയങ്ങൾ വികസിപ്പിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം വിവാദമായിരുന്നു. സ്‌കൂൾ ജെൻഡർ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും എൽ.ജി.ബി.ടി.ക്യു പോലുള്ള വിഭാഗങ്ങളെ നിരുപാധികം ഉൾച്ചേർക്കണമെന്നും യുക്തിചിന്തക്ക് പ്രോത്സാഹനം നൽകണമെന്നും അടക്കമുള്ള നിർദേശങ്ങൾ സാമൂഹിക ചർച്ചയിൽ വൻവിമർശനങ്ങൾ നേരിട്ടതാണ്. ലിംഗനീതി എന്നതിന് പകരം ലിംഗസമത്വം എന്ന അപ്രായോഗികമായ ആശയവും പ്രതിഷേധം വിളിച്ചുവരുത്തിയതാണ്.

എതിർവർഗ ലൈംഗികതയാണ് സ്വാഭാവികത എന്ന യാഥാർഥ്യത്തെ പൊതുബോധത്തിൽനിന്നും ഇല്ലായ്മ ചെയ്യാനും ഇതല്ലാത്ത ഒട്ടേറെ ലൈംഗിക പരികല്പനകളും സ്വാഭാവികം തന്നെയാണ് എന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് കരട് രേഖയിൽ കടന്നുകൂടിയിരുന്നത്. ഹെറ്ററോനോർമേറ്റീവിറ്റി എന്ന നിലവിലുള്ള കുടുംബജീവിത കാഴ്ചപ്പാടിനെ അട്ടിമറിച്ച് ഹോമോസെക്ഷ്യാലിറ്റിയിലേക്ക് പറിച്ചുനടുന്നതിന്റെ തെളിവായി മന്ത്രി ആർ. ബിന്ദുവിന്റെ ട്വീറ്റും വലിയ ചർച്ചയായതാണ്. എന്നാൽ ഇന്നുവരെയും മന്ത്രി വിവാദ ആശയം തിരുത്തിയതായി എവിടെയും കണ്ടിട്ടില്ല. നിയമസഭയിൽ ഇക്കാര്യം ചർച്ചയ്ക്ക് വന്നപ്പോഴും ജെൻഡർ സാമൂഹിക നിർമിതിയാണ് എന്ന നിലപാട് തന്നെയാണ് എഴുതി വായിച്ച മറുപടിയിൽ വിദ്യാഭ്യാസ മന്ത്രി അഡ്വ.ഷംസുദ്ദീൻ എം.എൽ.എക്ക് നൽകിയതും.

ഈ ആശയക്കുഴപ്പങ്ങളെല്ലാം നിലനിർത്തിക്കൊണ്ടാണ് പാഠ്യപദ്ധതി രചനയിലേക്ക് വിദ്യാഭ്യാസ വകുപ്പ് പ്രവേശിക്കുന്നത്! 850 പേർ സംഘങ്ങളായി തിരിഞ്ഞുള്ള പുസ്തക രചന ഒക്ടോബറിൽ പൂർത്തിയാകുമെന്നും നവംബറിൽ അച്ചടി ആരംഭിക്കുമെന്നും പറയുന്നുണ്ട്.

വിവാദ വിഷയങ്ങളിൽ സർക്കാറിന് ലഭിച്ച വിമർശനങ്ങളോട് എന്ത് നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് പുസ്തകം പ്രിന്റ് ചെയ്യുന്നതിന് മുമ്പുതന്നെ വ്യക്തമാക്കണം. അല്ലാത്തപക്ഷം, ജനകീയ ചർച്ച പ്രഹസനമായിരുന്നു എന്ന മുൻ ആക്ഷേപത്തെ സത്യപ്പെടുത്തലാകും സംഭവിക്കുക. വിവാദവിഷയങ്ങൾ ഉൾപ്പെടുത്തി പുസ്തകം പ്രസിദ്ധീകരിച്ച ശേഷം സമരങ്ങൾ വിളിച്ചുവരുത്തുന്നതും മാറ്റം വരുത്തുന്നതും വിദ്യാഭ്യാസ മേഖലയ്ക്ക് കനത്ത പ്രഹരമേൽപിക്കും. കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുകയും ചെയ്യും. അതിനാൽ ഈ വിഷയത്തിൽ എത്രയും വേഗം വിദ്യാഭ്യാസ മന്ത്രി നയം വ്യക്തമാക്കണമെന്ന് അഭ്യർഥിക്കുന്നു. അധ്യാപക സംഘടനകളും വിദ്യാഭ്യാസ വിചക്ഷണരും ഇക്കാര്യത്തിൽ ജാഗ്രത കൈകൊള്ളുകയും വേണം.