മുസ്‌ലിം പിന്നാക്കാവസ്ഥയുടെ കാരണം?

വിവ: കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ

2023 നവംബർ 11 , 1445 റ.ആഖിർ 27

ചോദ്യം: മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥക്ക് കാരണം അവരുടെ മതമാണെന്നും മതം നിരസിച്ചു ജീവിച്ച പാശ്ചാത്യർ നാഗരികതയിലും സുഭിക്ഷതയിലും മുന്നിലാണെന്നും അതിനാൽ മതനിരാസമാണ് പുരോഗതിക്ക് കാരണമെന്നും പറയാമോ?

ഉത്തരം: വിശ്വാസ ദൗർബല്യവും ചരിത്രത്തെപ്പറ്റിയുമുള്ള അജ്ഞതയുമാണ് ഈ സംശയത്തിന് കാരണം. മുസ്‌ലിം സമൂഹം ആദ്യകാലത്ത് അവരുടെ മതനിഷ്ഠ പൂർണമായും പാലിച്ചു ജീവിച്ചപ്പോൾ ജീവിതത്തിന്റെ നിഖില മേഖലകളിലും അവർക്കു പ്രതാപവും ഔന്നിത്യവും ലഭിച്ചിട്ടുണ്ടായിരുന്നു. പാശ്ചാത്യർക്ക് വിജ്ഞാന വെളിച്ചം ലഭിച്ചതുതന്നെ ആദ്യകാല മുസ്‌ലിംകളിൽ നിന്നായിരുന്നു എന്നത് ചരിത്ര വസ്തുതയാണ്.

ഈ സമുദായം പക്ഷേ, പിന്നീട് മതത്തിൽനിന്ന് പിന്നോട്ടു പോയി. മതത്തിലില്ലാത്ത പലതും വിശ്വാസത്തിലും വാക്കിലും പ്രവൃത്തിയിലും അവർ കെട്ടിച്ചമച്ചു. അത് അവരുടെ പിന്നാക്കത്തിന് ഹേതുവായിത്തീർന്നു. അല്ലാഹുവാണ് സാക്ഷി, നമുക്കുറപ്പായിട്ടും പറയാം; മുസ്‌ലിംകൾ അവരുടെ മതത്തിലേക്ക് യഥാവിധം മടങ്ങിയാൽ ആ നഷ്ടപ്രതാപം വീണ്ടെടുക്കാൻ കഴിയും.

പ്രവാചക കാലത്ത് റോമാ സാമ്രാജ്യം ഏറ്റവും വലിയ ശക്തിയായിരുന്നു. അവരുടെ രാജാവായ ഹെറാക്ലീസ് നബിﷺയുടെ അക്കാലത്തെ കഠിന ശത്രുവായിരുന്ന അബൂസുഫ്‌യാനോട് പറഞ്ഞത് കാണുക: ‘താങ്കൾ പറഞ്ഞത് ശരിയാണെങ്കിൽ അദ്ദേഹം (മുഹമ്മദ്) പ്രവാചകൻ തന്നെയാണ്... അദ്ദേഹത്തിന്റെ അംഗീകാരം എന്റെ കാലടിവരെ (ശാം രാജ്യങ്ങൾ) എത്തുമെന്നുറപ്പാണ്.’ അബൂസുഫ്‌യാൻ പിന്നീട് പറഞ്ഞു: ‘ഇബ്‌നു അബീകയുടെ (മുഹമ്മദ് നബിﷺയെ ശത്രുക്കൾ പരിഹസിച്ചു വിളിച്ച പേര്) നിലപാട് ശക്തികൂടി വരികതന്നെയാണ്. ബനൂ അസ്വ‌്ഫറിലെ രാജാവ് (റോമൻ ചക്രവർത്തി) പോലും അവനെ പേടിക്കുന്നുണ്ട്’’ (ബുഖാരി, മുസ്‌ലിം).

മറ്റൊന്ന്, പാശ്ചാത്യനാടുകളിലെ സമൃദ്ധിയും പുരോഗതിയും മതനിരാസം മൂലമുണ്ടായതല്ല. ഇസ്‌ലാം സമൃദ്ധിയെയും പുരോഗതിയെയും ഒരിക്കലും തടസ്സപ്പെടുത്തിയിട്ടില്ല. പക്ഷേ, നാം നമ്മുടെ ബാധ്യത യഥാവിധി നിർവഹിക്കുന്നില്ലെന്നതാണ് പ്രശ്‌നം. നാം ദീനിനെയും ദുൻയാവിനെയും നഷ്ടപ്പെടുത്തുകയാണ്. അല്ലാഹു പറയുന്നത് കാണുക: “അവർക്കുവേണ്ടി നിങ്ങൾ കഴിയുംവിധം ശക്തി സംഭരിക്കുക.’’

വൈജ്ഞാനിക രംഗത്തും വ്യാവസായിക രംഗത്തും തുടങ്ങിയ വിവിധ മേഖലകളിൽ ശക്തിനേടാനുള്ള കൽപനയാണിത് എന്ന് ഇമാം സഅ്ദി ഈ സൂക്തത്തെ വ്യാഖ്യാനിച്ചപ്പോൾ വിവരിച്ചിട്ടുണ്ട്.

“അവനാകുന്നു നിങ്ങൾക്കുവേണ്ടി ഭൂമിയെ വിധേയപ്പെടുത്തിന്നവൻ. അതിനാൽ അതിന്റെ ചുമലുകളിലൂടെ നിങ്ങൾ നടക്കുകയും ഉപജീവനത്തിൽനിന്ന് ഭക്ഷിക്കുകയും ചെയ്യുക. അവങ്കലേക്ക് തന്നെയാണ് ഉയിർത്തെഴുന്നേൽപും’’ (67:15).

“അവനാണ് നിങ്ങൾക്കുവേണ്ടി ഭുമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത്’’ (2:29).

“ഭൂമിയിൽ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്’’ (13:4).

ഇപ്രകാരമുള്ള ക്വുർആൻ വചനങ്ങൾ മനുഷ്യനോട് ഭൂമിയെ പ്രയോജനപ്പെടുത്താനും നമ്മൾ നേടാനും പ്രവർത്തിക്കാനും വ്യക്തമായി ആഹ്വാനം ചെയ്യുന്നുണ്ട്. അത് പക്ഷേ, മതത്തിന്റെ കണക്കിലല്ല എന്നു മാത്രം.

എന്നാൽ കേവല ഭൗതികതയിൽ മാത്രം ജീവിക്കുന്നവർക്ക് മതമില്ല. അവർ നേടുന്ന പുരോഗതികളും സുഭിക്ഷതയും പരീക്ഷണമാണ്. ഇസ്‌ലാമിക വീക്ഷണത്തിൽ അത്തരം സുഖസമൃദ്ധികൾ കാരു ണ്യവാനായ അല്ലാഹു അവർക്കു മുൻകൂട്ടി നൽകിയതാണ്. പരലോകത്ത് ഒരോഹരിയും അവർക്ക് ബാക്കിയുണ്ടാവുകയില്ല.

നബിﷺ കിടന്നെഴുന്നേറ്റ സമയത്ത് ശരീരത്തിൽ ഓലപ്പായയുടെ പാടുകൾ കണ്ടപ്പോൾ ഉമർ(റ) കരഞ്ഞുപോയി. അദ്ദേഹം പറഞ്ഞു: “നബിയേ, പേർഷ്യക്കാരും റോമക്കാരും എത്രയോ വലിയ സുഖസമൃദ്ധിയിലാണ് ജീവിക്കുന്നത്. താങ്കളുടെ സ്ഥിതി ഇതാണല്ലോ!’’ നബി ﷺ പറഞ്ഞു: “നിനക്കും സംശയമാണോ ഉമർ? തങ്ങൾക്കുള്ള സുഖങ്ങളെല്ലാം ഈ ലോകത്തുതന്നെ നൽകപ്പെട്ടവരാണവർ’’ (ബുഖാരി).

അതു മാത്രമല്ല, ക്ഷാമം, മഹാമാരികൾ, ഭൂകമ്പം, സർവനാശിയായ കൊടുങ്കാറ്റുകൾ എന്നിവ അവർക്കും ബാധിക്കുന്നുണ്ട് താനും.

പിന്നീട് ചോദ്യകർത്താവിനോട് പറയാനുള്ളത് അപകർഷതാബോധം ഉപേക്ഷിക്കുക എന്നതാണ്. അനുഭവ യാഥാർഥ്യങ്ങളെപ്പറ്റിയുള്ള ധാരണക്കുറവാണ് ഈ ചോദ്യത്തിന്റെ പ്രേരണ. സ്രഷ്ടാവായ റബ്ബിന്റെ മതമെ അന്തിമമായി വിജയിക്കുകയുള്ളൂ. നാം ആ മതത്തിലേക്ക് പൂർണമായും മടങ്ങണം. മതനിരാസമുള്ളവർക്ക് ദുഃഖങ്ങളും സംഘർഷങ്ങളും കെടുതികളും ഇല്ല എന്ന ധാരണ തെറ്റാണ്. സമൃദ്ധി, സുഖം എന്നിവയൊക്കെ പരീക്ഷണങ്ങൾ മാത്രമാണ്. അല്ലാഹു സന്മാർഗത്തിൽ ജീവിക്കാൻ സാധിപ്പിച്ചു തരുമാറാകട്ടെ.

ചോദ്യം: ഇവിടെനിന്ന് യൂറോപ്പിലേക്ക് പഠിക്കാൻ യാത്രപുറപ്പെടുന്ന വിദ്യാർഥിയോട് ഒരാൾ പറയുന്നു: ‘മോനേ, നീ വല്ല തെറ്റും ചെയ്യാൻ വിചാരിക്കുമ്പോൾ ശൈഖിനെ ഓർക്കുക, അല്ലാഹു അതിൽനിന്നും നിന്നെ അകറ്റും.’ ഇത് പറയാമോ?

ഉത്തരം: മഹാ അബദ്ധമാണ് അപ്പറഞ്ഞത്. അത് ശിർക്കുമാണ്. അല്ലാഹുവിനെ ഓർക്കണം എന്നാണ് പറയേണ്ടത്. അല്ലാഹുവിങ്കൽനിന്ന് രക്ഷ ചോദിക്കുകയാണ് വേണ്ടത്. അതിരുവിട്ട സൂഫി വിശ്വാസമാണ് ഇത്തരം ആശയങ്ങളിൽകൂടി മുരീദുകളെയും ശിഷ്യന്മാരെയും പഠിപ്പിക്കുന്നത്. വിഷമഘട്ടങ്ങളിൽ അല്ലാഹുവിൽ അഭയം പ്രാപിച്ച് അവനെ മാത്രം ഭരമേൽപിച്ചു ജീവിക്കണമെന്ന് ജനങ്ങളെ പഠിപ്പിക്കണം. (ശൈഖ് ഇബ്‌നുബാസ്).

ചോദ്യം: മതനിയമങ്ങളെ കാമ്പും തൊലിയുമായി അഥവാ പരിഗണനീയം, അവഗണനീയം എന്നിങ്ങനെ വകതിരിക്കാമോ? ഉദാ: താടി നീട്ടൽ.

ഉത്തരം: മതത്തിലുള്ളതെല്ലാം കാമ്പുതന്നെയാണ്. പ്രയോജനകരവുമാണ്. വസ്ത്രധാരണം, വേഷവിധാനങ്ങൾ, താടി തുടങ്ങിയതെല്ലാം നബിﷺയുടെ ചര്യ പിന്തുടർന്നുകൊണ്ടു ചെയ്താൽ പുണ്യ കർമമാണ്. ആ അർഥത്തിൽ മതത്തിൽ കാമ്പല്ലാത്തതൊന്നും ഇല്ലതന്നെ.

എന്നാൽ ഇസ്‌ലാമിൽ പ്രാധാന്യപൂർവം പരിഗണിക്കേണ്ട കാര്യങ്ങളുണ്ട്. ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങൾ ആ കൂട്ടത്തിൽ പെടുന്നു. എന്നാൽ ഇത്ര പ്രാധാന്യമല്ലാത്ത കാര്യങ്ങളുമുണ്ട്. അതിനർഥം അവയെ അവഗണിക്കണമെന്നല്ല,

താടി നീട്ടൽ നബിചര്യ അനുശാസിക്കുന്ന ആരാധനതന്നെയാണ്. നബിﷺയിൽനിന്ന് സ്ഥിരപ്പെട്ടതാണ്. അതിനെ വെറും അപ്രസക്തമായ ആചാരമായി തള്ളിക്കളയരുത്. (ശൈഖ് ഇബ്‌നു ഉസൈമീൻ, മജ്മൂഉ ഫതാവാ വറസാഇൽ, 3:134-135).