മതലയനമല്ല; മനുഷ്യ സൗഹാർദമാണ് വേണ്ടത്

ടി.കെ.അശ്‌റഫ് / ഉസ്മാൻ പാലക്കാഴി

2023 ഏപ്രിൽ 29, 1444 ശവ്വാൽ 08

ഇന്ത്യയെപ്പോലുള്ള ബഹുമത സമൂഹ രാഷ്ട്രത്തിൽ ജീവിക്കുന്ന മതവിശ്വാസികൾ ഏത് നിലപാടാണ് സ്വീകരിക്കേണ്ടത്? ഈ വിഷയത്തിൽ ഇസ്‌ലാമിന്റെ കാഴ്ചപ്പാട് എന്താണ്?

! മുസ്‌ലിംകൾ സ്വന്തം വിശ്വാസത്തിൽ ഉറച്ച് നിൽക്കുമ്പോൾ തന്നെ മറ്റു മതസ്ഥരോട് നല്ലനിലയിൽ വർത്തിക്കേണ്ടതുണ്ട്. ഇന്ത്യയെപ്പോലുള്ള ബഹുമത സമൂഹ രാഷ്ട്രത്തിൽ ജീവിക്കുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ മതവിശ്വാസം പരസ്പരം പങ്കുവെച്ചുകൊണ്ടല്ല ഈ സൗഹൃദം സാധ്യമാക്കേണ്ടത്. രണ്ട് വിരുദ്ധാശയങ്ങൾ പരസ്പരം ലയിക്കുമ്പോൾ രണ്ടുമല്ലാത്ത മൂന്നാമതൊരാശയമാണ് ഉണ്ടാകുന്നത്. പിന്നീട് സൗഹാർദത്തിന്റെ ആവശ്യം അവിടെ ഉയരുന്നില്ല. രണ്ട് ആശയങ്ങളും സ്വന്തം ചേരിയിൽ ഉറച്ചുനിൽക്കുമ്പോഴാണ് സൗഹൃദത്തിന്റെ സാധ്യതതന്നെ ഉണ്ടാകുന്നത്. ‘നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്കെന്റെ മതം’ എന്നതാണ് ക്വുർആനിക നിലപാട്. മനുഷ്യസൗഹാർദമാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്.

അവിശ്വാസിയാവുക എന്നത് മാനുഷികമായ നീതിക്ക് ഒരാളെ അർഹമല്ലാതാക്കുന്നില്ല. മനുഷ്യൻ എന്ന നിലയിൽ എല്ലാ മനുഷ്യജീവികളോടും നീതിപൂർവം വർത്തിക്കുവാൻ മുസ്‌ലിംകളെല്ലാം ബാധ്യസ്ഥരാണ്. ഇസ്‌ലാം അംഗീകരിക്കാത്തതിന്റെ പേരിൽ ഏതെങ്കിലും വിഭാഗത്തോട് മാനവിക നീതിയാവശ്യമില്ലെന്ന് ക്വുർആൻ പറയുന്നില്ല. ആദർശപരമോ നയപരമോ ആയ ഭിന്നിപ്പുകളുടെ അടിസ്ഥാനത്തിൽ അനീതി കാണിക്കുന്നതിന് ഇസ്‌ലാം എതിരാണ്.

വിശുദ്ധ ക്വുർആൻ പറയുന്നു: “മതകാര്യത്തിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവർക്ക് നൻമ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു’’ (60:8).

“പറയുക എന്റെ രക്ഷിതാവ് നീതി പാലിക്കാനാണ് കല്പിച്ചിരിക്കുന്നത്’’ (7:29).

“തീർച്ചയായും അല്ലാഹു കൽപിക്കുന്നത് നീതിപാലിക്കുവാനും നൻമ ചെയ്യുവാനും കുടുംബ ബന്ധമുള്ളവർക്ക് (സഹായം) നൽകുവാനുമാണ്’’ (16:90).

“അതിനാൽ നീ പ്രബോധം ചെയ്തുകൊള്ളുക. നീ കൽപിക്കപ്പെട്ടതുപോലെ നേരെ നിലകൊള്ളുകയും ചെയ്യുക. അവരുടെ തന്നിഷ്ടങ്ങളെ നീ പിന്തുടർന്നു പോകരുത്. നീ പറയുക: അല്ലാഹു അവതരിപ്പിച്ച ഏതു ഗ്രന്ഥത്തിലും ഞാൻ വിശ്വസിച്ചിരിക്കുന്നു. നിങ്ങൾക്കിടയിൽ നീതിപുലർത്തുവാൻ ഞാൻ കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാകുന്നു ഞങ്ങളുടെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും’’ (42/19).

മതത്തിന്റെ പേരിൽ നിങ്ങളോട് യുദ്ധത്തിന് വരാത്തവരും വീട്ടിൽ നിന്ന് പുറത്താക്കാത്തവരുമായ ഏതൊരാൾക്കും നൻമചെയ്ത് കൊടുക്കണമെന്നും അവരോട് നീതിപൂർവം പെരുമാറണമെന്നും പഠിപ്പിക്കുന്ന ക്വുർആനിന്റെ അനുയായികൾക്ക് എങ്ങനെയാണ് ഇതര മതസ്ഥരോട് മനുഷ്യത്വരഹിതമായി പെരുമാറുവാൻ കഴിയുക?

നീതിയും നന്മയും പൊതുവായ ദൈവികാനുഗ്രഹമാണെന്നും ഒരു വിശ്വാസിക്കും അവിശ്വാസിക്കുമിടയിലെ ആദർശ വൈജാത്യം ആ പൊതു അനുഗ്രഹം നിഷേധിക്കാൻ കാരണമല്ലെന്നുമാണ് ക്വുർആൻ പറയുന്നത്. ‘നീതിയുടെ സാർവത്രിക സ്വഭാവവും, നൻമയുടെ സാർവജനീനതയുമാണ് ശുദ്ധ മാനവികതയുടെ അടിസ്ഥാന സ്തംഭങ്ങൾ. ഇവ കണ്ടെത്തുന്നതിലും തിരിച്ചറിയുന്നതിലും ഉൾക്കൊള്ളുന്നതിലും വിവിധ മതങ്ങൾക്കു സംഭവിച്ച പരാജയമാണ് ലോകത്ത് അശാന്തിയുടെയും വിദ്വേഷത്തിന്റെയും വിത്തുവിതച്ചത്. എന്നാൽ ഇസ്‌ലാം ഈ രംഗത്തു സവിശേഷ സമീപനം പ്രകടിപ്പിച്ചു. നന്മയുടെയും നീതിയുടെയും അർഹതയിൽനിന്ന് പൊതുസമൂഹത്തെയോ ഏതാനും വ്യക്തികളെയോ തടയുവാൻ അനിസ്‌ലാമികതയോ, ഇസ്‌ലാമുമായുള്ള വിയോജിപ്പോ അടിസ്ഥാന കാരണങ്ങളല്ലെന്ന് ഇസ്‌ലാമിന്റെ വേദഗ്രന്ഥമായ ക്വുർആൻ മാനവരാശിയെ പഠിപ്പിച്ചിട്ടുണ്ട്’’ തോമസ് ആൽ്രഫഡ്, തന്റെ ‘വേൾഡ് റിലിജ്യൻസ് ആന്റ് സെക്കുലർ ഹ്യൂമനിസം’ എന്ന, 1989ൽ പ്രസിദ്ധീകരിച്ച കൃതിയിൽ എഴുതിയ വരികളാണിത്.

? പല വിമർശകരും മുസ്‌ലിംകളെ ഇതരമതസ്ഥരോട് വെറുപ്പും അകൽച്ചയും വെച്ചുപുലർത്തുന്നവരായി ചിത്രീകരിക്കാറുണ്ട്. അങ്ങനെയുള്ളവർ ഇപ്പോഴുമുണ്ട്. ഇതരമതസ്ഥരോട് അസഹിഷ്ണുത കാണിക്കണമെന്നാണോ ഇസ്‌ലാം ആവശ്യപ്പെടുന്നത്?

! ഒരിക്കലും അങ്ങനെയല്ല. ഇസ്‌ലാം സഹിഷ്ണുതയാണ് പഠിപ്പിക്കുന്നത്. അയൽവാസി പട്ടിണികിടക്കുമ്പോൾ മതം നോക്കിയല്ല ഒരു മുസ്‌ലിം സഹായിക്കേണ്ടത്. തൊട്ടടുത്ത വീട് അഗ്നിക്കിരയാകുമ്പോൾ മതത്തിന്റെ നിറം പരിഗണിച്ചല്ല തീ കെടുത്തേണ്ടത്. ആക്‌സിഡന്റിൽ രക്തം വാർന്നൊലിക്കുന്നവന്റെ ജാതിയന്വേഷിച്ചല്ല അവനെ ആശുപത്രിയിലെത്തിക്കേണ്ടത്. പച്ചക്കരളുള്ള ഏതൊരു ജീവിക്കും കരുണ ചെയ്യണമെന്നാണ് ഇസ്‌ലാമികാധ്യാപനം.

? വിശ്വാസങ്ങളും ആചാരങ്ങളും പരസ്പരം കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ് സൗഹാർദം സാധ്യമാവുക എന്നാണ് പലരും പറയാറുള്ളത്. അതിന് മുസ്‌ലിംകൾ വിമുഖത കാണിക്കുന്നു എന്ന ആക്ഷേപവും ഉയരാറുണ്ട്.

! അതാണ് ഞാൻ നേരത്തെ പറഞ്ഞത്, മതവിശ്വാസം പരസ്പരം പങ്കുവെച്ചുകൊണ്ടല്ല സൗഹൃദം സാധ്യമാക്കേണ്ടത്. രണ്ട് വിരുദ്ധാശയങ്ങൾ പരസ്പരം ലയിക്കുമ്പോൾ രണ്ടുമല്ലാത്ത മൂന്നാമതൊരാശയമാണ് ഉണ്ടാകുന്നത്. ഒരു മുസ്‌ലിം ചന്ദനക്കുറി തൊട്ട് ക്ഷേത്രദർശനം നടത്തുകയും ഹിന്ദു തൊപ്പിവെച്ച് പള്ളിയിൽ കയറി നമസ്‌കരിക്കുകയും ചെയ്യുമ്പോഴാണ് മതസൗഹാർദമുണ്ടാകുന്നതെന്ന വാദം ഭീമാബദ്ധമാണ്. ഓരോ മതവിശ്വാസിയും സ്വന്തം വിശ്വാസത്തിൽ നിലനിന്നുകൊണ്ട് തന്നെ മറ്റുമതസ്ഥരുമായി സൗഹാർദത്തിലും സ്‌നേഹത്തിലും സഹകരണത്തിലും ജീവിക്കാൻ സാധിക്കണം. അതിനു സാധിക്കാത്തവിധം മനസ്സ് കുടുസ്സായിപ്പോകുന്നതാണ് സൂക്ഷിക്കേണ്ടത്.

? മതത്തിൽ തീവ്രനിലപാട് വെച്ചുപുലർത്തുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഇസ്‌ലാം എല്ലാ രംഗത്തുമുള്ള തീവ്ര നിലപാടുകൾക്കെതിരാണ്. മനുഷ്യരെ കഷ്ടപ്പെടുത്തുന്ന ഒരു നിയമവും ക്വുർആനിലും സുന്നത്തിലുമില്ല. മതം എളുപ്പമാണ് ഉദ്ദേശിക്കുന്നത്. തീവ്രതയിലേക്ക് വലിച്ചിഴക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവനെ മതം പരാജയപ്പെടുത്തും. മതത്തിന്റെ പേരിൽ പ്രമാണങ്ങളിലില്ലാത്തത് ചെയ്യുന്നവർ മതത്തെ സങ്കീർണമാക്കുകയാണ് ചെയ്യുന്നത്. നിർബന്ധമായി ചെയ്യേണ്ടതും കഴിവിനനുസരിച്ച് പരമാവധി ചെയ്യാൻ ശ്രമിക്കേണ്ട ഐഛികമായ കാര്യങ്ങളും മതത്തിലുണ്ട്. ഇവ രണ്ടിനോടും ഒരേ സമീപനമല്ല വേണ്ടത്. നിർബന്ധമായതിൽ വീഴ്ച വരുത്തുന്നത് അതീവ ഗൗരവമാണ്. ഐഛികമായ നൻമകളെ നിർബന്ധത്തിന്റെ പിരിധിയിലേക്ക് കൊണ്ടുവന്നാൽ മതം അപ്രായോഗികവും ഭാരമേറിയതുമായി വിലയിരുത്തപ്പെടും. താൻ അനുഷ്ഠിക്കുന്ന മുഴുവൻ ഐഛിക കർമങ്ങളും എല്ലാവരും നിർവഹിക്കണമെന്ന് ആഗ്രഹിക്കാമെങ്കിലും, അതിന് മറ്റുള്ളവരെ നിർബന്ധിക്കുന്നതും അങ്ങനെ ചെയ്യാത്തവരെ കുറ്റക്കാരായി വീക്ഷിക്കുന്നതും ശരിയല്ല.

ആരാധനകളിൽ പോലും തീവ്രത പാടില്ലെന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്‌ലാം. അല്ലാഹുവിനോടുള്ള മുഖ്യമായ ബാധ്യത വിസ്മരിച്ചുകൊണ്ട് മറ്റുള്ളവർക്ക് വേണ്ടി ജീവിതം മുഴുവൻ നീക്കിവെക്കുകയും മെഴുകുതിരിപോലെ കത്തിത്തീരുകയും ചെയ്യുന്നവരും, അല്ലാഹുവിലേക്ക് അടുക്കാനായി ആരാധനകളിൽ മുഴുകി സ്വന്തത്തെയും കൂടെയുള്ളവരെയും വിസ്മരിച്ച് സമൂഹത്തിൽനിന്ന് അകന്ന് ജീവിക്കുന്നവരും മതത്തിൽ അതിരുകവിഞ്ഞവരാണ്. കഴിവും പ്രാപ്തിയുമുണ്ടെങ്കിൽ മതാനുഷ്ഠാനങ്ങളിൽ പരമാവധി മുൻകടക്കാൻ പരിശ്രമിക്കണം. അതോടൊപ്പം സൃഷ്ടികളോടുള്ള ബാധ്യതകൾ നിറവേറ്റുകയും വേണം.

ഒറ്റക്ക് നമസ്‌കരിക്കുമ്പോൾ (പ്രത്യേകിച്ച് രാത്രിയിൽ) ദീർഘിപ്പിക്കുന്നത് നല്ലതാണ്. എന്നാൽ വൃദ്ധരും കുട്ടികളുമടങ്ങുന്നവർക്ക് ഇമാമായി നമസ്‌കരിക്കുമ്പോൾ അവരെക്കൂടി പരിഗണിക്കണം. പ്രവാചകൻ ﷺ കുട്ടികളുടെ കരച്ചിൽ കേട്ടപ്പോൾ നമസ്‌കാരം ലഘൂകരിച്ചത് ഇതിനുദാഹരണമാണ്. ഭർത്താവ് വീട്ടിലുണ്ടെങ്കിൽ അദ്ദേഹത്തിന്റെ അനുവാദത്തോടെയാവണം ഭാര്യ സുന്നത്ത് നോമ്പനുഷ്ഠിക്കേണ്ടതെന്ന നിർദേശത്തിലും ഈ ആശയം തന്നെയാണ് വ്യക്തമാവുന്നത്. ജുമുഅ ഖുത്വുബ, നിക്കാഹ് ഖുത്വുബഃ എന്നിവയുടെ ദൈർഘ്യം അതിൽ പങ്കെടുക്കുന്നവരുടെ സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ടാവാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടതുണ്ട്. മതം ജീവിതത്തിൽ നിലനിൽക്കണമെങ്കിൽ അവധാനതയോടെ ഉൾകൊള്ളുകയും ആത്മാർഥമായി അനുഷ്ഠിക്കുകയും വേണം. ആവേശത്തിന്റെ പേരിൽ ആരംഭിക്കുന്ന നൻമകൾക്ക് അൽപായുസ്സ് മാത്രമെ ഉണ്ടാവാറുള്ളൂ. കഴിവിൽ പെടാത്തത് വൈകാരികമായി ഏറ്റെടുത്ത് ചുരുങ്ങിയകാലം അനുഷ്ഠിച്ച ശേഷം ഉപേക്ഷിക്കുകയും നിർബന്ധകർമങ്ങൾ പോലും വിസ്മരിക്കുകയും ചെയ്യുന്ന പ്രവണത അപകടത്തിലേക്കാണ് നയിക്കുക.

? പ്രവാചക ചര്യകളോട് അഥവാ ഹദീസുകളോട് വിമുഖത കാണിക്കുന്ന പ്രവണതയെക്കറിച്ച് എന്താണ് പറയാനുള്ളത്?

! അങ്ങനെയൊരു പ്രവണത അപകടകരമാണ്. ഹദീസുകൾ ക്വുർആനിന്റെ വിശദീകരണമാണ്. പ്രവാചക ചര്യകൾ പരമാവധി ജീവിതത്തിൽ പകർത്തേണ്ടവരാണ് മുസ്‌ലിംകൾ. താടിയെ തീവ്രവാദത്തിന്റെ അടയാളമായി മാധ്യമങ്ങൾ ഉയർത്തിക്കാട്ടുകയും ഇസ്‌ലാംവിരോധികൾ അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാൽ താടി വളർത്താതിരിക്കലാണ് നല്ലതെന്ന് ചിലർ കരുതുന്നു. മറ്റു ചിലർ മതപരമായി അതിന് യാതൊരു പ്രാധാന്യവുമില്ലെന്ന് പറയുന്നു. സലാം പറയൽ, സ്ത്രീകൾ ശിരോവസ്ത്രം ധരിക്കൽ, നെരിയാണിക്ക് താഴെയിറങ്ങാത്ത പുരുഷവസ്ത്രം തുടങ്ങിയവയെയൊക്കെ തീവ്രതയുടെ അടയാളമായി ആക്ഷേപിക്കുന്നവരുണ്ട്. അതുകൊണ്ട് ഇതെല്ലാം ഒഴിവാക്കി ‘നിരപരാധിത്വം’ തെളിയിക്കാൻ വിശ്വാസിക്ക് സാധിക്കുമോ?

കച്ചവടം, ഭൗതികമായ പുരോഗതികൾ, ധനസമ്പാദനം, പ്രശസ്തി എന്നിവയ്ക്കായി ദീർഘയാത്ര നടത്തുകയും വർഷങ്ങളോളം വീട്ടിൽനിന്ന് വിട്ടുനിൽക്കുകയും രാത്രി വൈകി വീട്ടിലെത്തുകയും കുടുംബത്തെ കാണാൻപോലും സമയം ലഭിക്കാതെ തിരക്കുപിടിച്ച ജീവിതം നയിക്കുകയും ചെയ്യുന്നവരെ ആരും അതിന്റെ പേരിൽ ആക്ഷേപിക്കാറില്ല. ധനസമ്പാദനം നിർത്തിവെക്കണമെന്ന് ഉപദേശിക്കാറില്ല.

എന്നാൽ മതരംഗത്ത് ശ്രദ്ധിക്കുകയും കൃത്യമായി പള്ളിയിൽ പോകുകയും പ്രബോധനത്തിനായി സമയം നീക്കിവെക്കുകയും അതിനായി ദീർഘയാത്രനടത്തുകയും ധനം ചെലവഴിക്കുകയും സുന്നത്തിൽ നിഷ്ഠ പാലിക്കുകയും ചെയ്യുന്നവരെ മതത്തിൽ തീവ്രതയുള്ളവരായി ചിത്രീകരിക്കുന്നവരും അനുഷ്ഠാന തീവ്രതയുള്ളവരായി കാണുകയും പരിഹസിക്കുകയും ചെയ്യുന്നവരുണ്ട്. അത്തരക്കാർ അവരുടെ നിലപാടിലാണ് മാറ്റം വരുത്തേണ്ടത്.