ആൺകുട്ടികളുടെ വിവാഹവും രക്ഷിതാക്കളുടെ അവഗണനയും

നൂറുദ്ദീൻ സ്വലാഹി, വെട്ടത്തൂർ

2023 ഒക്ടോബർ 21 , 1445 റ.ആഖിർ 06

എനിക്ക് കെട്ടണമെന്നുണ്ട്, വീട്ടിലുള്ളവർക്ക് കൂടി തോന്നണ്ടേ?’ നീ വിവാഹമന്വേഷിക്കുന്നുണ്ടോ എന്ന് ഒരു സഹോദരനോട് ചോദിച്ചപ്പോൾ അവൻ നിരാശയോടെ പറഞ്ഞ മറുപടിയാണിത്. ഇത് അവന്റെ മാത്രം കാര്യമല്ല, ഇതേ കാരണത്താൽ വിവാഹം ചെയ്യാൻ കഴിയാതെ പ്രയാസപ്പെടുന്ന എത്രയോ യുവാക്കളിൽ ഒരാൾ മാത്രമാണവൻ.

രക്ഷിതാക്കൾ ഏറെ ഗൗരവത്തിൽ കാണേണ്ട കാര്യമാണിത്. പെൺമക്കൾ വളർന്ന് വരുമ്പോൾ അവരുടെ വിവാഹ കാര്യങ്ങളെക്കുറിച്ചുള്ള ആലോചനകളും ആശങ്കകളും പലപ്പോഴും ആൺമക്കളുടെ കാര്യത്തിൽ പല രക്ഷിതാക്കൾക്കും ഉണ്ടാവാറില്ല എന്നത് ഒരു സത്യമാണ്. പ്രായവും ജോലിയും കല്യാണച്ചെലവും മഹ്‌റിനുള്ള കാശും...അങ്ങനെ നൂറുകൂട്ടം കാരണങ്ങൾ പറഞ്ഞുകൊണ്ട് വീട്ടുകാരുണ്ടാക്കുന്ന പ്രതിസന്ധികളാണ് പലരുടെയും വിവാഹത്തിന് തടസ്സം. ‘എനിക്ക് കിട്ടുന്ന 18000 രൂപ ശമ്പളംകൊണ്ട് ഈ ജന്മത്തിൽ വീട്ടുകാർ സ്വപ്നം കാണുന്നപോലെ ഒരു കല്യാണം നടക്കുമെന്ന് തോന്നുന്നില്ല.’ ‘അതെന്താ?’ ‘അവർക്ക് ഓഡിറ്റോറിയത്തിൽ 800 ആളുടെ റിസപ്ഷനാണ് താൽപര്യം. അവർ ഉദ്ദേശിക്കുന്ന ഓഡിറ്റോറിയത്തിന്റെ വാടക കൊടുക്കാൻ മാത്രം എന്റെ നാലുമാസത്തെ ശമ്പളം വേണം.’

പെൺമക്കളുടെ കാര്യത്തിൽ വല്ലാതെ ആശങ്കപ്പെടുന്ന രക്ഷിതാക്കൾ, എല്ലാ വൃത്തികേടുകൾക്കും പ്രേരിപ്പിക്കുന്ന കാര്യങ്ങൾ ഉള്ളംകൈയിൽ പ്രത്യക്ഷപ്പെടുന്ന കാലത്ത് ജീവിക്കുന്ന, തിന്മകളിലേക്ക് പിടിച്ചുവലിക്കുന്ന കൂട്ടുകെട്ടുകളിൽ അകപ്പെടാൻ സാധ്യതയുള്ള, വികാരവിചാരങ്ങളുള്ള മനുഷ്യർ തന്നെയാണ് തങ്ങളുടെ ആൺമക്കളും എന്നത് മറന്നുപോകരുത്. ‘വിവാഹം കഴിക്കാൻ ശേഷിയുള്ളവർ വിവാഹം കഴിക്കട്ടെ, അല്ലാത്തവർ നോമ്പനുഷ്ഠിക്കട്ടെ’ എന്ന പ്രവാചക വചനം എത്രമാത്രം അർഥവത്താണ്! തിന്മകൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ പ്രവാചക വചനത്തിന്റെ പ്രസക്തി വർധിക്കുകയാണ്. മകന്റെ വിവാഹം എല്ലാ നാട്ടാചാരങ്ങളോടും കുടുംബ പോരിശകളോടും ആരവങ്ങളോടും കൂടിത്തന്നെ നടത്തണം എന്ന് എന്തിന് വാശിപിടിക്കണം? മകന്റെ കല്യാണം കേമമായി നടക്കണം എന്ന് ആഗ്രഹിക്കുന്ന സാമ്പത്തിക ശേഷിയുള്ള പിതാക്കൾ വിവാഹത്തിന് ആൺമക്കളെ സഹായിക്കാൻ എന്തിന് മടികാണിക്കണം?

വലിയ ജോലിയൊന്നുമില്ല, ജീവിതച്ചെലവ് താങ്ങാനാവില്ല എന്നൊക്കെയാണ് പലരും വിവാഹം കഴിക്കാൻ തടസ്സമായി പറയാറുള്ളത്. അങ്ങനെ പറയുന്ന യുവാക്കളും അവരുടെ രക്ഷിതാക്കളും വിശുദ്ധ ക്വുർആൻ സൂറതുന്നൂറിലെ 32ാം സൂക്തത്തിന്റെ അർഥവും ആശയവുമൊന്ന് പഠിക്കണം: “നിങ്ങളിലുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളിൽനിന്നും അടിമസ്ത്രീകളിൽനിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങൾ വിവാഹബന്ധത്തിൽ ഏർപെടുത്തുക. അവർ ദരിദ്രരാണെങ്കിൽ അല്ലാഹു തന്റെ അനുഗ്രഹത്തിൽ നിന്ന് അവർക്ക് ഐശ്വര്യം നൽകുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സർവജ്ഞനുമത്രെ.’’

തന്റെ രഹസ്യ ജീവിതത്തിൽ അരുതായ്മകൾ സംഭവിക്കാതിരിക്കാനും സൂക്ഷ്മത (തക്വ്‌വ) പാലിച്ചു ജീവിക്കാനും ആഗ്രഹിച്ച് വിവാഹം കഴിക്കുന്നവന് റബ്ബിന്റെ സഹായമുണ്ടാകും എന്നത് അവൻ നൽകുന്ന ഉറപ്പാണ്. ‘വിവാഹം കഴിക്കാൻ കഴിവ് ലഭിക്കാത്തവർ അവർക്ക് അല്ലാഹു തന്റെ അനുഗ്രഹത്തിൽനിന്ന് സ്വാശ്രയത്വം നൽകുന്നതുവരെ സൻമാർഗനിഷ്ഠ നിലനിർത്തട്ടെ’ എന്നും അല്ലാഹു, ശേഷം പറയുന്നുണ്ട്.

എന്നാൽ തനിക്ക് വിവാഹം കഴിക്കണമെന്ന് ആൺമക്കൾ നേരിട്ടും ഇടനിലക്കാർ വഴിയുമൊക്കെ മാതാപിതാക്കളോട് സൂചിപ്പിക്കുന്നുണ്ടെങ്കിൽ അവരുടെ ധാർമിക ജീവിതത്തിന്റെ സുരക്ഷയ്ക്ക് അത് ആവശ്യമായിട്ടാണെന്ന് നാം തിരിച്ചറിയുക. അവരുടെ രഹസ്യ ജീവിതത്തെ ശുദ്ധമാക്കാനും തെറ്റുകളിൽ നിന്ന് വിട്ടുനിൽക്കാനുമുള്ള സാഹചര്യമൊരുക്കാൻ രക്ഷിതാക്കളല്ലേ കൂടുതൽ താൽപര്യപ്പെടേണ്ടത്? അതല്ലേ മക്കൾക്ക് നൽകുന്ന ഏറ്റവും വലിയ സ്‌നേഹം? പലപ്പോഴും നമ്മൾ തടസ്സമായി കാണുന്ന ചെറിയ ചെറിയ കാരണങ്ങൾകൊണ്ട് നഷ്ടപ്പെടുന്നത് മക്കളുടെ ധാർമിക ജീവിതമാണെന്ന് മറന്നു പോകരുത്.