നന്ദികേട് കാണിച്ച തോട്ടക്കാരന്റെ കഥ

അബൂഫായിദ

2023 ജൂൺ 10 , 1444 ദുൽഖഅ്ദ 21

സ്രഷ്ടാവിനോട് നന്ദികേട് കാണിച്ച ഒരു വ്യക്തിയുടെ കഥ അല്ലാഹു പറഞ്ഞുതരുന്നത് കാണുക:

“നീ അവർക്ക് ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ട് പുരുഷന്മാർ. അവരിൽ ഒരാൾക്ക് നാം രണ്ട് മുന്തിരിത്തോട്ടങ്ങൾ നൽകി. അവയെ (തോട്ടങ്ങളെ) നാം ഈന്തപ്പനകൊണ്ട് വലയം ചെയ്തു. അവയ്ക്കിടയിൽ (തോട്ടങ്ങൾക്കിടയിൽ) ധാന്യകൃഷിയിടവും നാം നൽകി. ഇരു തോട്ടങ്ങളും അവയുടെ ഫലങ്ങൾ നൽകിവന്നു. അതിൽ യാതൊരു ക്രമക്കേടും വരുത്തിയില്ല. അവയ്ക്കിടയിലൂടെ നാം ഒരു നദി ഒഴുക്കുകയും ചെയ്തു. അവന്നു പല വരുമാനവുമുണ്ടായിരുന്നു.

അങ്ങനെ അവൻ തന്റെ ചങ്ങാതിയോട് സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ് നിന്നെക്കാൾ കൂടുതൽ ധനമുള്ളവനും കൂടുതൽ സംഘബലമുള്ളവനും. സ്വന്തത്തോട് തന്നെ അന്യായം പ്രവർത്തിച്ച് കൊണ്ട് അവൻ തന്റെ തോട്ടത്തിൽ പ്രവേശിച്ചു. അവൻ പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ച് പോകുമെന്ന് ഞാൻ വിചാരിക്കുന്നില്ല. അന്ത്യസമയം നിലവിൽ വരും എന്നും ഞാൻ വിചാരിക്കുന്നില്ല. ഇനി ഞാൻ എന്റെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുകയാണെങ്കിലോ, തീർച്ചയായും, മടങ്ങിച്ചെല്ലുന്നതിന് ഇതിനേക്കാൾ ഉത്തമമായ ഒരു സ്ഥലം എനിക്ക് ലഭിക്കുക തന്നെ ചെയ്യും.

അവന്റെ ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു: മണ്ണിൽ നിന്നും അനന്തരം ബീജത്തിൽ നിന്നും നിന്നെ സൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരു പുരുഷനായി സംവിധാനിക്കുകയും ചെയ്തവനിൽ നീ അവിശ്വസിച്ചിരിക്കുകയാണോ? എന്നാൽ (എന്റെ വിശ്വാസമിതാണ്.) അവൻ അഥവാ അല്ലാഹുവാകുന്നു എന്റെ രക്ഷിതാവ്. എന്റെ രക്ഷിതാവിനോട് യാതൊന്നിനെയും ഞാൻ പങ്കുചേർക്കുകയില്ല. നീ നിന്റെ തോട്ടത്തിൽ കടന്ന സമയത്ത്, ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല എന്ന് നിനക്ക് പറഞ്ഞ് കൂടായിരുന്നോ? നിന്നെക്കാൾ ധനവും സന്താനവും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കിൽ. എന്റെ രക്ഷിതാവ് എനിക്ക് നിന്റെ തോട്ടത്തെക്കാൾ നല്ലത് നൽകി എന്ന് വരാം. നിന്റെ തോട്ടത്തിന്റെ നേരെ അവൻ ആകാശത്ത് നിന്ന് ശിക്ഷ അയക്കുകയും, അങ്ങനെ അത് ചതുപ്പുനിലമായിത്തീരുകയും ചെയ്തു എന്ന് വരാം. അല്ലെങ്കിൽ അതിലെ വെള്ളം നിനക്ക് ഒരിക്കലും തേടിപ്പിടിച്ച് കൊണ്ട് വരുവാൻ കഴിയാത്ത വിധം വറ്റിപ്പോയെന്നും വരാം. അവന്റെ ഫലസമൃദ്ധി (നാശത്താൽ) വലയം ചെയ്യപ്പെട്ടു. അവ (തോട്ടങ്ങൾ) അവയുടെ പന്തലുകളോടെ വീണടിഞ്ഞ് കിടക്കവെ താൻ അതിൽ ചെലവഴിച്ചതിന്റെ പേരിൽ അവൻ (നഷ്ടബോധത്താൽ) കൈ മലർത്തുന്നവനായിത്തീർന്നു. എന്റെ രക്ഷിതാവിനോട് ആരെയും ഞാൻ പങ്കുചേർക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന് അവൻ പറയുകയും ചെയ്ത്‌കൊണ്ടിരുന്നു. അല്ലാഹുവിന് പുറമെ യാതൊരു കക്ഷിയും അവന്ന് സഹായം നൽകുവാനുണ്ടായില്ല. അവന്ന് (സ്വയം) അതിജയിക്കുവാൻ കഴിഞ്ഞതുമില്ല’’ (ക്വുർആൻ 18: 32-43).

അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദികാണിക്കുക എന്നത് തന്നെയാണ് ആ അനുഗ്രഹങ്ങൾ നിലനിർത്തിക്കിട്ടുന്നതിനുള്ള മാർഗം. നമുക്ക് ലഭിച്ച അറിവ്, സമ്പത്ത്, ആരോഗ്യം, ഒഴിവ് സമയം തുടങ്ങിയവയെല്ലാം വിലയേറിയ അനുഗ്രഹങ്ങളാണ്. ഏത് അനുഗ്രഹവും -ചെറുതായാലും വലുതായാലും- അതെന്റെ രക്ഷിതാവ് എനിക്ക് തന്നതാണെന്ന ബോധമാണ് അതിപ്രധാനം.

“നിങ്ങൾ നന്ദികാണിച്ചാൽ തീർച്ചയായും ഞാൻ നിങ്ങൾക്ക് (അനുഗ്രഹം) വർധിപ്പിച്ചു തരുന്നതാണ്. എന്നാൽ നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രസ്താവിച്ച സന്ദർഭം ശ്രദ്ധേയമെത്ര’’ (7:14).